കിണറ്റിലെ പ്രേതം

 

പ്രേതം വരാൻ ചിലപ്പോൾ കുറച്ചു സമയം എടുത്തേക്കാം. പ്രിയപ്പെട്ട വായനക്കാർ ക്ഷമയോടെ വായിക്കുക.
 
 
 
എന്റെ ഒരു സുഹൃത്തിന്റെ സിസ്റ്ററിന്റെ കല്യാണം. സുഹൃത്ത് എന്ന് പറഞ്ഞാൽ അടുത്ത സുഹൃത്ത് ഒന്നും അല്ല. ഒപ്പം പഠിച്ച ഒരുത്തൻ. ഞങ്ങൾ ചങ്ക്‌സ് ചേർന്നു കല്യാണത്തിന് പോയി. അവിടെ ചെന്നപ്പോഴാണ് രസം. കല്യാണവീട്ടിൽ എല്ലാം നല്ല പറ്റ്. പറ്റ് എന്ന് പറഞ്ഞാൽ വന്നവനും നിന്നവനും പോയവനും ഒക്കെ പറ്റ്, പെണ്ണിന്റെ അച്ഛൻ വരെ പറ്റ്. 
 
 
 
പാമ്പിൻകൂട്ടിലേക്കാണല്ലോ ദൈവമേ വലതുകാൽ വെച്ച് കേറിയത് എന്ന് ചിന്തിച്ചുകൊണ്ട് ഞങ്ങൾ സുഹൃത്തിനെ അന്വേഷിച്ചു. പക്ഷെ അവൻ ആ നാട്ടിലെങ്ങും ഇല്ല. ഇനിയിപ്പോ ആരോടെങ്കിലും ചോദിക്കാം എന്ന് വെച്ചാൽ സ്വന്തം പേര് പോലും ഓർത്തെടുക്കാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുന്നവരിൽ ആരോട് ചോദിക്കും. അവസാനം കല്യാണപ്പെണ്ണിനെ തേടി കണ്ടു പിടിച്ചു. ഭാഗ്യം ആള് പറ്റല്ല. 
 
 
 
സുമിചേച്ചീ ഷിബു എവിടെ... ഞങ്ങൾ ചോദിച്ചു. 
 
 
അവൻ അടിച്ചു പറ്റായി തൊഴുത്തിന്റെ പിന്നിൽ കിടപ്പുണ്ട്.
 
 
ആ അടിപൊളി വാ പൂവാം... ഞങ്ങൾ തിരിച്ചു പോരാൻ നിൽക്കുമ്പോൾ ഷിബുവിന്റെ അമ്മ ടെൻഷൻ അടിച്ചു ഓടിവരുന്നു. 
 
 
മക്കളെ ഇവിടെ ബോധം ഉള്ള ഒരുത്തൻ പോലും ഇല്ല.. എല്ലാം പാമ്പായി നടക്കുന്നു. ഒന്നും സെറ്റായിട്ടില്ല, ചെക്കനും കൂട്ടരും ഇപ്പൊ എത്തും.. നിങ്ങൾ ഒന്ന് സഹായിക്കൂ, പ്ലീസ് ...
 
 
 
അവരുടെ റിക്വസ്റ്റ് കേട്ടപ്പോൾ വിഷമം തോന്നി. എന്നാൽ പിന്നെ നമുക്ക് മുൻകൈ എടുത്തു എല്ലാം സെറ്റ് ആക്കാം. അങ്ങനെ കല്യാണം കൂടാൻ തേച്ചു വടിപോലെ ആക്കിയ ഷർട്ടും മടക്കിപിടിച്ചു പോലും ചുളിവ് വീഴ്ത്താതെ ശ്രദ്ധിച്ച മുണ്ടും ഒക്കെ മടക്കിക്കുത്തി ഞങ്ങൾ സ്റ്റേജും ബാക്കി സംഭവങ്ങളും ഒക്കെ റെഡി ആക്കി. ചെക്കൻ വന്നു കെട്ടും കഴിഞ്ഞു. പാമ്പുകളെ ഒരുവിധം പിടിച്ചു കൊണ്ട് വന്നു സ്റ്റേ ഒക്കെ കൊടുത്തു നിർത്തിയിരുന്നു. കെട്ട് കഴിഞ്ഞു സദ്യ തുടങ്ങണം. പക്ഷെ പാമ്പുകൾ എല്ലാം വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. വീണ്ടും ഷിബുവിന്റെ അമ്മ ഞങ്ങളുടെ അടുത്തെത്തി. അങ്ങനെ അതും ഞങ്ങളുടെ തലയിൽ. 
 
 
 
അങ്ങനെ സദ്യ തുടങ്ങി. അതിനിടയിൽ ചെക്കന്റെ കൂടെ വന്ന ഏതോ ഒരു അമ്മാവൻ ഇടങ്കോലിട്ടു. അയ്യേ ഇതെന്താ പഴംചോറോ, സാമ്പാറിൽ മുങ്ങി നോക്കിയിട്ട് പോലും ഒരു കഷ്ണം കിട്ടാനില്ല. ഇങ്ങനെ ഓരോ ലോക്കൽ ചളികൾ അടിച്ചു അമ്മാവൻ സ്കോർ ചെയ്തങ്ങു കയറിപ്പോകുകയാണ്. പെണ്ണിന്റെ അച്ഛൻ കുറച്ചു സമയം ഇത് കേട്ട് നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ അമ്മാവന്റെ അടുത്തെത്തി. 
 
 
 
അതെയ് സദ്യ ഉണ്ടാക്കിയ ബാക്കി പച്ചക്കറികൾ പുറകിൽ ഇരിപ്പുണ്ട്. മാമൻ പോയി സ്വയം ഉണ്ടാക്കി തിന്നോ.
 
 
 
അതെന്താടാ അങ്ങനെ ഒരു ടോക്ക്... ആത്മാഭിമാനം മുറിപ്പെട്ട അമ്മാവന് അത് ഒട്ടും രസിച്ചില്ല. 
 
 
 
ഉടൻ അമ്മാവൻ ഭക്ഷണം മതിയാക്കി എഴുന്നേറ്റു. ഇതോടെ അമ്മാവന്റെ സിൽബന്ദികളും പിന്തുണ പ്രഖ്യാപിച്ചു എഴുന്നേറ്റു. 
 
 
 
പെണ്ണിന്റെ ഭാഗത്തെ ബോധം ഉള്ളവരും ഞങ്ങളും പെണ്ണിന്റെ അമ്മയും ഒക്കെ അവരെ അനുരഞ്ജിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അമ്മാവൻ വഴങ്ങിയില്ല. ചെറിയൊരു കശപിശ ഉടലെടുത്തു...ഉടൻ തന്നെ പെണ്ണിന്റെ അച്ഛൻ വീണ്ടും രംഗത്തെത്തി...
 
 
 
പോകുന്ന *&#%കളൊക്കെ പോട്ടെ... അല്ലാത്ത @*#%കളൊക്കെ ഇരുന്നു തിന്ന്... അയ്യാൾ ഉറക്കെ പ്രഖ്യാപിച്ചു.
 
 
 
ഇത് കേട്ടതോടെ ഭക്ഷണം കഴിക്കാൻ ഇരുന്നവരെല്ലാം എഴുന്നേറ്റു. പിന്നെ എല്ലാം ചടപടെ ചടപടെ എന്നായിരുന്നു. ചെക്കൻ കെട്ടിയ താലി ചെക്കൻ തന്നെ അഴിച്ചു മാറ്റുന്നു. ഷിബുവും ചെക്കനും തമ്മിൽ നിന്നെ ഞാൻ എടുത്തോളാം, വേണ്ട ഞാൻ നടന്നോളാം തുടങ്ങിയ ചില ക്ളീഷേ ഡയലോഗുകൾ അടിക്കുന്നു. വന്നവർ വന്നപോലെ തന്നെ പോകുന്നു. സദ്യ കാക്ക കൊത്തുന്നു. ശുഭം.
 
 
 
അസ്തമയസൂര്യൻ ആഴക്കടലിൽ മറഞ്ഞു... അതായത് രാത്രി ആയി.. അയിനാണ്. 
 
 
 
മകളുടെ കല്യാണം മുടങ്ങിയ വിഷമത്തിൽ ഷിബുവും അച്ഛനും ഒന്നിച്ചിരുന്നു അടിക്കുന്നു. അടിച്ചു പാമ്പായ അച്ഛൻ ആ ദേഷ്യം മുഴുവൻ മകളെ കുറ്റം പറഞ്ഞു തീർക്കുന്നു. ഒരു പൈന്റ് വാങ്ങി തന്ന നന്ദി കാണിക്കാൻ ഷിബു അച്ഛനെ സപ്പോർട്ട് ചെയ്യുന്നു. ഒരു രണ്ടു മിനുട്ട് കഴിഞ്ഞു കിണറ്റിൽ എന്തോ വീണ ശബ്ദം. 
 
 
 
എടാ ഷിബൂ വാടാ കിണറ്റിൽ മരപ്പട്ടി വീണെടാ, ഇന്ന് മരപ്പട്ടി ഫ്രൈ കൂട്ടി രണ്ടെണ്ണം കൂടി അടിച്ചിട്ട് തന്നെ കാര്യം. 
 
 
അച്ഛൻ വിളിച്ചു പറഞ്ഞുകൊണ്ട് കിണറ്റിന്കരയിലേക്ക് ഓടി പിന്നാലെ ഷിബുവും. കിണറ്റിലേക്ക് ടോർച്ച് അടിച്ചു നോക്കിയ ഷിബു വിളിച്ചു പറഞ്ഞു
 
.
അച്ഛാ ദേ മരപ്പട്ടി ചുരിദാർ ഇട്ടിരിക്കുന്നു. 
 
 
മരപ്പട്ടി നിന്റെ കുഞ്ഞമ്മ, എടാ സാധാ പട്ടീ ഞാൻ നിന്റെ ചേച്ചിയാടാ.. കിണറ്റിൽ നിന്നും പച്ചത്തെറി...
 
 
ആ നീയാണോ നിനക്ക് ഈ രാത്രി കിണറ്റിൽ എന്താ പരിപാടി ?
കുറച്ചു വെള്ളം കുടിക്കാൻ ചാടിയതാടാ... എടാ മയില്പീലിത്തലയാ ഞാൻ ചാവാൻ വേണ്ടി ചാടിയതാടാ...
 
 
 
ആഹാ, എന്നാൽ ശരി... വാ അച്ഛാ നമുക്ക് പോകാം. ഷിബു തിരിച്ചു നടക്കാൻ തുടങ്ങി.
 
 
 
ഒരാവേശത്തിനു ചാടിയതാടാ എന്നെ രക്ഷിക്കടാ വൃത്തികെട്ടവനേ...
 
 
 
അങ്ങനെ അയൽക്കാർ ഓടിക്കൂടി ഒരുവിധം കിണറ്റിൽ വീണതിനെ പൊക്കി കരയിലിട്ടു.
 
 
 
ഇനി കിണർ ക്ളീൻ ചെയ്തിട്ട് ഉപയോഗിച്ചാൽ മതി കേട്ടോ. എഴുന്നേറ്റു നിന്നപാടേ ഷിബുവിന്റെ പെങ്ങൾ പറഞ്ഞു. 
 
 
 
അതെന്താ. .?
 
 
അത് പറയാൻ പറ്റൂല്ല...
 
 
ആ വേണ്ട കാര്യം മനസ്സിലായി. നാളെ തന്നെ ക്ളീൻ ചെയ്തേക്കാം.
 
 
പിറ്റേന്ന് രാവിലെ തന്നെ കിണർ പണിക്കരൻ ബാബുവിന്റെ നേതൃത്വത്തിൽ വെള്ളം വറ്റിക്കൽ ആരംഭിച്ചു. 
 
 
ഇനിയാണ് കഥ മാറുന്നത്.
 
 
രാജേട്ടാ ...ഏതാണ്ട് ഉച്ചയോടു കൂടി കിണറ്റിന്കരയിൽ നിന്നും ബാബു കൂകിവിളിച്ചു...അത് കേട്ട് ഷിബുവും അച്ഛൻ രാജനും കിണറ്റിൻ കരയിലെത്തി. അവിടെ ബാബുവും പണിക്കാരും കിണറ്റിൽ നോക്കി നിൽക്കുന്നു. ഓടി വന്ന് കാല് തെറ്റി കിണറ്റിൽ വീഴാൻ പോയ രാജേട്ടനെ പിടിച്ച് നിർത്തിക്കൊണ്ട് ബാബു കിണറ്റിലേക്ക് കൈ ചൂണ്ടികാണിച്ചു. രാജേട്ടനും ഷിബുവും കിണറ്റിലേക്ക് നോക്കി. കിണറ്റിൽ പെട്ടി പോലെ എന്തോ കിടക്കുന്നു. 
 
 
 
ഇന്നലെ ലവൾ ചാടിയപ്പോൾ കൂടെക്കൊണ്ട് പോയതാണോ ? ... സുമി കിണറ്റിൻ കരയിലേക്ക് വിളിക്കപ്പെട്ടു. 
 
 
 
ചാവാൻ പോകുന്ന ഞാനെന്തിനാ പെട്ടിയും ചുമന്ന് കൊണ്ട് പോകാൻ അത് ശവപ്പെട്ടിയൊന്നും അല്ലല്ലോ ... സുമി കൈമലർത്തി
 
 
അത് ശരിയാ ... അപ്പൊ പിന്നെ ഈ പെട്ടി ഏത് പെട്ടി . 
 
 
ഇനി വല്ല നിധിപ്പെട്ടിയുമാണോ . ഷിബു സംശയം പ്രകടിപ്പിച്ചു.
 
 
നിധിപ്പെട്ടിയല്ലടാ ... നിധി പേടകം. ബാബു തിരുത്തിക്കൊടുത്തു.
 
 
എട ബാബേ... നീയവന് മലയാളം ക്ലാസെടുക്കാതെ പെട്ടി പൊക്കിയെട് . രാജേട്ടൻ കലിപ്പായി
 
 
 
പെട്ടിയൊക്കെ പൊക്കാം പക്ഷേ നിധിയുടെ 30% എനിക്ക് വേണം. ബാബു വിലപേശൽ തുടങ്ങി. അതോടെ മറ്റുള്ളവരും പങ്ക് ചോദിച്ചു. 
 
 
 
അങ്ങനെ എല്ലാവരുടെയും വീതം പറഞ്ഞ് ഉറപ്പിച്ച് പെട്ടി പുറത്തെടുത്തു. ഒരടി ക്യൂബ് അളവിലുള്ള തടിപ്പെട്ടിയാണ് . പക്ഷേ മരം കേടാവാതെ ഇരിക്കാൻ പുറത്ത് എന്തോ ഒരു കോട്ടിംഗ് കൊടുത്തിരിക്കുന്നു. കണ്ടാൽ നല്ല പഴക്കം തോന്നും. കിണർ ചേറെടുത്തിട്ട് അഞ്ചെട്ട് കൊല്ലമായി. അപ്പൊ അതിന് ശേഷം ആരോ കൊണ്ടിട്ടതാണ്. എന്തായാലും പെട്ടി തുറന്ന് നോക്കുക തന്നെ. അധികം ബുദ്ധിമുട്ടില്ലാതെ തന്നെ പെട്ടി തുറന്നു കിട്ടി. അതിൽ ഒരു ചെമ്പട്ടിൽ എന്തോ പൊതിഞ്ഞ് വെച്ചിരിക്കുന്നു. പട്ട് അധികം ദ്രവിച്ചിട്ടില്ല. 
 
 
 
ഇത് നിധി തന്നെ രാജേട്ടൻ സന്തോഷത്തോടെ പട്ട് അഴിച്ചു. കെട്ടഴിച്ചതും രാജേട്ടൻ അത് താഴേക്കെറിഞ്ഞു പിന്നിലോട്ട് ചാടി. അവിടെ കൂടി നിന്നവരെല്ലാം അത് കണ്ടു രണ്ട് ചുവട് പിന്നിലേക്ക് മാറി. 
 
 
 
അതിലൊരു തലയോട്ടി ആയിരുന്നു. പോത്തോ കാളയോ പോലെ ഏതോ ഒരു നാൽക്കാലി മൃഗത്തിന്റെ തലയോട്ടി . അതിൽ ഒരു മരകുരിശ് ഒരു കറുത്ത ചിരട് കൊണ്ട് കുറെ ചുറ്റുകളിട്ട് കെട്ടിയിരിക്കുന്നു.
 
 
 
അയ്യോ ...കൂടോത്രം. ഷിബുവിന്റെ അമ്മ തലയിൽ കൈ വെച്ചു. 
 
 
ബാബുവേ 30 ശതമാനം ആക്കണ്ട മുഴുവൻ നീയെടുത്തോ. രാജേട്ടൻ ബാബുവിനെ നോക്കി.
 
 
വേണ്ട .. ഇത് ചേട്ടൻ തന്നെ വെച്ചോ.
 
 
നീയെടുത്തോ ബാബുമോനേ
 
 
വോ.. വേണ്ട... വേണ്ടാഞ്ഞിട്ടാ . അതും പറഞ്ഞ് ബാബുവും പണിക്കാരും അവിടന്ന് മുങ്ങി.
 
 
ശെടാ .... ബാബുമോനേ ...
 
 
രാജേട്ടൻ അത് കളയാൻ ഷിബുവിനെ ഏൽപ്പിച്ചു. ഷിബു തലയോട്ടിയും കുരിശും എടുത്ത് കൊണ്ട് കളഞ്ഞു. പെട്ടി എടുത്ത് വീട്ടിൽ കൊണ്ട് വെച്ചു. ചില CDകൾ എടുത്ത് വെക്കാൻ പറ്റിയ പെട്ടി.
 
 
 
പിന്നെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. അന്ന് രാത്രി ഏകദേശം ഒമ്പത് മണി ഒക്കെ ആയിക്കാണും . എല്ലാവരും ടി വി കണ്ടിരിക്കുന്നു. അപ്പോഴാണ് മുറ്റത്ത് പട്ടിയുടെ നിർത്താതെയുള്ള കുര. ഷിബു വാതിൽ തുറന്ന് നോക്കി. പട്ടി വീടിന്റെ വേലിയുടെ കവാടത്തിലേക്ക് നോക്കി കുരയോട് കുര. ഷിബു അങ്ങോട്ട് സൂക്ഷിച്ച് നോക്കി. അവിടെ ഒരാൾ പതുങ്ങി നിൽക്കുന്നു. ഷിബുവിന് ആളെ മനസ്സിലായി. സുമേഷ്.. വീട്ടിൽ ആരും ഇല്ലാത്തത് കൊണ്ട് CD വാങ്ങാൻ വന്നതാണ്.
 
 
സുമേഷേ ഇപ്പൊ പറ്റില്ല. എല്ലാവരും ഇവിടെ ഉണ്ട്. നീ പോയി പത്ത് മണി കഴിഞ്ഞ് വാ. ഷിബു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
 
 
 പക്ഷേ സുമേഷ് മിണ്ടാതെ നിൽക്കുകയാണ്. അവൻ കേട്ടു കാണില്ല എന്ന് കരുതി ഷിബു കുറച്ച് കൂട്ടി ശബ്ദത്തിൽ വീണ്ടും പറഞ്ഞു. അത് കേട്ട് രാജൻ ഇറങ്ങി വന്നു.
 
 
ആരാടാ ... രാജൻ ഷിബു നോക്കുന്നത് കണ്ട് ഗേറ്റിലേക്ക് നോക്കി ചോദിച്ചു. ഇരുട്ടത്ത് നിൽക്കുന്ന സുമേഷിനെ രാജനും കണ്ടു. 
 
 
 
ദൈവമേ എല്ലാം തീർന്നു. വേഗം ഇവനെ ഓടിക്കണം. സുമേഷാണ് എന്നും പറഞ്ഞ് ഷിബു അങ്ങോട്ട് ഓടാനാഞ്ഞു. പെട്ടെന്ന് കറന്റ് പോയി. അടുത്ത നിമിഷം അവിടെ അതിശക്തമായ കാറ്റ് വീശി. കാറ്റ് വീശി എന്ന് പറഞ്ഞാൽ ഒരു ട്രെയിൻ അതിവേഗം പാഞ്ഞ് പോയ പോലെ ഒരു രേഖയിൽ കൂടി രണ്ട് സെക്കന്റ് മാത്രം നീണ്ടു നിന്ന ഒരു കാറ്റ്. കാറ്റ് നിന്നതും കറന്റ് വന്നതും ഒപ്പമായിരുന്നു. വേലിക്കൽ നിന്ന സുമേഷിനെ കാണാനില്ല. അവൻ പോയിക്കാണും എന്ന് കരുതി അവർ അകത്ത് കയറി. 
 
 
 
അങ്ങനെ അന്ന് രാത്രി ഷിബു ഉറങ്ങാൻ കിടക്കുന്നു. അപ്പോഴാണ് ജനലിന്റെ ഗ്ലാസിൽ ഒരു നിഴൽ ഷിബു കണ്ടത്. സുമേഷ് ... അവൻ വീണ്ടും വന്നു, ശല്യം എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് ഷിബു എഴുന്നേറ്റു . സുമേഷ് ജനലിനടുത്തു വന്നു കൈ ജനൽ പാളിയുടെ ഗ്ലാസിൽ വെച്ച് നിൽക്കുകയായിരുന്നു. ബെഡിനടിയിൽ നിന്ന് CD എടുത്ത് ജനലിന് നേരെ തിരിഞ്ഞ ഷിബു ഒരു നിമിഷം അമാന്തിച്ച് നിന്നു. സുമേഷിന്റെ കൈക്ക് എന്തോ വ്യത്യാസം പോലെ . ഷിബു സൂക്ഷിച്ച് നോക്കി.
 
 
ഷിബു എണ്ണി. ഒന്ന്, രണ്ട് ,മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്.
 
 
ങേ...സുമേഷിന്റെ കയ്യിൽ ഏഴ് വിരൽ. 
 
 
ഷിബു നോക്കി നിൽക്കെ കൈ മുഴുവൻ വിരലുകളുള്ള ഭീകര സത്വമായി സുമേഷ് ...
 
 
 
ഷിബു ആകെ പകച്ച് നിന്നു. അപ്പുറത്തെ നിഴൽ സാവധാനം അടുത്ത് വന്ന് അതിന്റെ മുഖം ഗ്ലാസിലമർത്തി. പേടിച്ച് പോയ ഷിബു പതുക്കെ പുറത്തിറങ്ങി ഹാളിൽ കിടന്നിരുന്ന രാജനെ വിളിച്ചു കൊണ്ട് വന്ന് ഈ രംഗം കാണിച്ചു.
 
 
 
നീയോ കണ്ടത് കണ്ടു എന്നെക്കൂടി എന്തിനാടാ വിളിച്ച് കാണിച്ചത്. 
 
 
എന്തായാലും വാ പോയി നോക്കാം . രാജനും സുമേഷും കൂടി ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തിറങ്ങി. അവിടെ ശൂന്യമായിരുന്നു. അവർ ലൈറ്റിട്ട് വീടും പരിസരവും വിക്ഷിച്ചു. ഒരൊറ്റ കുഞ്ഞു പോലും ആ പറമ്പിലില്ല. ഷിബു കരുതി സുമേഷ് നൈസായി മുങ്ങിയതാണെന്ന്. അങ്ങനെ തിരച്ചിൽ മതിയാക്കി അവർ അകത്ത് കയറി. ഷിബു ഒരു ഗ്ലാസ് വെള്ളവും കുടിച്ച് ബെഡ് റൂമിലേക്ക് പോയി. 
 
 
 
മുറിയിലെത്തിയ ഷിബുവിന് തന്റെ പിന്നിൽ ആരോ വന്ന പോലെ തോന്നി. അവൻ വെട്ടിത്തിരിഞ്ഞ് നോക്കി. പിന്നിലാരും ഇല്ല , പക്ഷേ ഇപ്പോൾ മുന്നിലാരോ ഉള്ള പോലെ . ഷിബു വീണ്ടും മുന്നിലേക്ക് തിരിഞ്ഞു. ദേണ്ടെടാ മുന്നിൽ നിന്നവൻ വീണ്ടും പിന്നിൽ. 
 
 
കുറച്ച് കൺഫ്യൂഷൻ ഉണ്ടല്ലേ. വ്യക്തമാക്കാം.
 
 
 
ലതായത് ഷിബുവിന് ആരോ തന്റെ കൂടെ ഉള്ള ഒരു ഫീൽ. ഷിബു നേരെ ഹാളിലെത്തി, അവിടെ കിടന്ന അലമാരിയിലെ നിലക്കണ്ണാടിയിൽ നോക്കി. ആ കാഴ്ച കണ്ട് ഷിബു ഞെട്ടിപ്പോയി. തന്റെ പിന്നിൽ വേറൊരു ഷിബു.
ഇതെന്ത് മറിമായം രണ്ട് ഞാനോ ? ഷിബു പിന്നെ ഒന്നും നോക്കിയില്ല അലറി വിളിച്ച് ബോധം കെട്ട് വീണു. അത് കേട്ട് മറ്റുള്ളവർ ഓടി വന്നു. അവരോട് അവൻ രണ്ട് ഷിബു കഥ പറഞ്ഞു. 
 
 
 
ഇവിടെ ഒരുത്തനെ കൊണ്ട് ശല്യം സഹിക്കാൻ വയ്യ അപ്പോഴാ രണ്ടെണ്ണം. അച്ഛനും അമ്മയും പെങ്ങളും ഒറ്റ സ്വരത്തിലാണ് അത് പറഞ്ഞത്. 
 
 
അതിനിടയിലാണ് സുമി കണ്ണാടിയിലേക്ക് വെറുതെ നോക്കിയത്. അപ്പൊ ദേണ്ട കണ്ണാടിയിൽ രണ്ട് സുമി . അവൾ മാത്രമല്ല അവർ നാല് പേർക്കും രണ്ട് രൂപം വീതം.
 
 
പിന്നെ ക്ലീഷേ സീൻ ....
 
 
സ്ഥലത്തെ സ്ഥിരം മന്ത്രവാദി വിളിക്കപ്പെട്ടു. അയാൾ മന്ത്രവാദികളുടെ സ്ഥിരം കലാ പരിപാടി തുടങ്ങി. ആദ്യം കുറെ കുങ്കുമം വാരി വിതറി പിന്നെ ചൂരൽ വെച്ച് വീട്ടിന്റെ ചുമരിലും നിലത്തും അടുക്കളയിലെ പാത്രങ്ങളിലും ഒക്കെ അടിച്ച് നോക്കി , ഇടക്ക് രാജൻ ചേട്ടന്റെ അഭ്യർത്ഥന പ്രകാരം സുമേഷിനും ചൂരൽ വെച്ച് രണ്ടെണ്ണം കീച്ചി. എല്ലാം കഴിഞ്ഞ് അയാൾ പ്രഖ്യാപിച്ചു.
 
 
 കൂടോത്രമാണ് .... ഇപ്പൊ ശെര്യാക്കിത്തരാം.
 
 
 
കുറെ എന്തൊക്കെയോ എടുത്ത് എന്തൊക്കെയോ കാണിച്ച് പറമ്പിൽ കുഴിച്ചിടാൻ പറഞ്ഞ് 1000 ക യും വാങ്ങി മന്ത്രവാദി പോയി.
വീട്ടുകാർ എല്ലാം പറഞ്ഞ പോലെ ചെയ്ത് വീണ്ടും കണ്ണാടിക്ക് മുന്നിലെത്തി. സമാധാനം ഇപ്പൊ എല്ലാവരും ഒറ്റക്കേ ഉള്ളൂ.
 
 
 
അന്ന് സന്ധ്യക്ക് സുമി വെള്ളം കോരാനായി കിണറ്റിൻ കരയിലെത്തി. തൊട്ടി കിണറ്റിലിട്ട് വെള്ളം നിറച്ച് മുകളിലേക്ക് വലിച്ചു. തൊട്ടിക്ക് നല്ല ഭാരം . ഇതെന്ത് പറ്റി സുമി കിണറ്റിലേക്ക് എത്തി നോക്കി. അവിടെ ദോണ്ടെ തൊട്ടിയിൽ പിടിച്ച് ഒരാൾ കിടക്കുന്നു. വേറെ ആരുമല്ല സുമി തന്നെ. അത് മുകളിലെ സുമിയെ നോക്കി പല്ലിളിച്ചു. തൊട്ടി കിണറ്റിലിട്ട് സുമി ഓടി. പിന്നെ സുമി എവിടെ നോക്കിയാലും വേറൊരു സുമിയെ കൂടി കാണാൻ തുടങ്ങി. വീണ്ടും പഴയ മന്ത്രവാദി വന്നു. 
 
 
അപ്പൊ മറ്റേ സുമിയെ ഓടിക്കണം , അല്ലേ ... ശരിയാക്കാം , ഏഴ് ദിവസത്തെ കർമ്മം വേണം. പതിനേഴായിരം ആവും . 
 
 
കുഴപ്പമില്ല കല്യാണത്തിന് വാങ്ങിയ സ്വർണ്ണം കുറച്ച് ഉണ്ട്. അത് പണയം വെക്കാം. 
 
 
അങ്ങനെ മന്ത്രവാദം തുടങ്ങി. എന്നും ഉച്ചതിരിഞ്ഞ് 3 മണി മുതൽ 6 മണി വരെ കഠിനമായ കർമ്മങ്ങൾ. ഏഴാം ദിവസം മന്ത്രവാദി എല്ലാവരെയും വിളിച്ച് നിർത്തി കുങ്കുമം വാരിവിതറി. കുങ്കുമം മുഖത്തായവർ കണ്ണ് തിരുമ്മാൻ തുടങ്ങി. 
 
 
എന്താ കർമ്മീ കുങ്കുമത്തിന് ഒരു എരിച്ചിൽ
 
 
 രാജൻ ചോദിച്ചു. പക്ഷേ മറുപടി കിട്ടിയില്ല. അവർ ഒരു വിധം കണ്ണ് തുറന്ന് നോക്കുമ്പോൾ മറ്റെ സുമി അപ്രത്യക്ഷമായിരിക്കുന്നു. ഒപ്പം ഒറിജിനൽ സുമിയും മന്ത്രവാദിയും കൂടി അപ്രത്യക്ഷമായിരിക്കുന്നു. പകരം ഒരു കത്ത്.
 
 
അച്ഛാ ,അമ്മേ , ഷിബു തെണ്ടീ ...
 
ഞാൻ മന്ത്രവാദിച്ചേട്ടന്റെ കൂടെ പോകുന്നു. ഇപ്പൊ നിങ്ങളുടെ കണ്ണിലിട്ടത് കുങ്കുമമല്ല കാശ്മീരി മുളക് പൊടിയാണ്. ആ പിന്നെ എന്റെ കല്യാണത്തിന് വാങ്ങിയ സ്വർണ്ണം ഞാൻ കൊണ്ട് പോകുന്നു. ഞങ്ങളിനി വല്ല മന്ത്രവാദവും നടത്തി ജീവിച്ചോളാം. പിന്നെ ഇവിടത്തെ പ്രശ്നം തീർക്കാൻ അറിയാവുന്ന വല്ല നല്ല മന്ത്രവാദിയെ വിളിക്കുക. 
 
 
... എന്ന് സുമി ഒപ്പ്

അഭിപ്രായങ്ങള്‍