പ്രേത കഥകൾ അന്വേഷിച്ച് നടന്നപ്പോൾ ഒരു സുഹൃത്ത് പറഞ്ഞ അനുഭവം. അവന്റെ വാക്കുകളിലൂടെ.
ഒരു ദിവസം ഞാനും പിന്നെ സുഹൃത്ത് ആദിയും കൂടി ഒരു കെട്ടിടത്തിലെ പണികൾക്കായി അന്തിക്കാട് വഴി പോയി. ചാലക്കുടിയിൽ നിന്ന് ഇരിങ്ങാലക്കുട, കാട്ടൂർ വഴിയാണ് പോയത്. പോകുന്ന വഴി പെരിങ്ങോട്ട് കര എത്തി.പെരിങ്ങോട്ട് കരയെ പറ്റി അറിയാത്തവർ ഉണ്ടാവില്ല. പ്രസിദ്ധമായ അവണേങ്ങാട് വിഷ്ണുമായ ക്ഷേത്രം, കാനാടി കാവ്, പെരിങ്ങോട്ട്കര ദേവസ്ഥാനം ഒക്കെ ഈ സ്ഥലത്താണ്. ഈ ഭാഗത്ത് എത്തിയാൽ ഒരു പ്രത്യേക കാലാവസ്ഥയാണ്. എത്ര ചൂട് കാലമായാലും ഇവിടെ ഒരു പ്രത്യേക പോയിന്റ് മുതൽ തണുപ്പ് ആയിരിക്കും. ഈ ഭാഗത്ത് ഒരു പ്രത്യേക പോസിറ്റിവ് വൈബ് ആണ്. ഒരു പക്ഷേ ഈ ക്ഷേത്രങ്ങളുടെ സാന്നിദ്ധ്യമാവാം അതിന് കാരണം.
ഞങ്ങൾ പോകുന്ന വഴി പെരിങ്ങോട്ട് കര വെച്ച് അവിചാരിതമായി ഒരു സുഹൃത്തിനെ കണ്ടു. അവൻ നിർബദ്ധിച്ച് അവന്റെ വീട്ടിൽ കൊണ്ട് പോയി. അവിടെ അവന്റെ പ്രായമായ മുത്തശ്ശി മാത്രമേ ഉള്ളൂ. കുറച്ച് സമയം സംസാരിച്ചിരുന്ന ശേഷം ഇറങ്ങാൻ നേരത്ത് അവന്റെ മുത്തശ്ശി ഒരു പൊതിയിൽ കുറച്ച് പലഹാരം തന്നു. ഒരു സ്പെഷൽ പലഹാരം ആണെന്നാണ് പറഞ്ഞത്. ഞങ്ങൾ കാറിൽ കയറി റോഡിലേക്കിറങ്ങി.ഞാനായിരുന്നു ഡ്രൈവ് ചെയ്തത്. ആ പലഹാരം കഴിച്ച് കൊണ്ട് പോകാം എന്ന് കരുതി പൊതി അഴിച്ചു. നടുക്കായി മുറുക്കിത്തുപ്പിയ പോലെ ചുവന്ന പാടുള്ള വെളുത്ത കട്ട പോലെ ഉള്ള ഒരു സാധനം. ഞങ്ങൾ അത് കഴിച്ചു നോക്കി. അതിന്റെ രുചിയും ഒരു പാൻ മസാലയിട്ട മുറുക്കാന്റെ തന്നെ ആയിരുന്നു. ആ തള്ള മുറുക്കിത്തുപ്പിയതാണോ എന്ന് ഞങ്ങൾ തമാശ പറഞ്ഞു.
എന്തായാലും നല്ല രുചിയുള്ള ആ പലഹാരം ഞങ്ങൾ മുഴുവൻ കഴിച്ചു. കഴിച്ച് കഴിഞ്ഞ് ആദി വെറുതെ ആ പലഹാരം പൊതിഞ്ഞ് തന്ന പേപ്പർ ചുളിവ് നിവർത്തി വായിച്ചു നോക്കി. അത് മനോരമ പേപ്പറിലെ നിര്യാതരായി എന്ന പേജായിരുന്നു. അതിലെ ഒരു ചിത്രം കണ്ട് അവൻ ഞെട്ടി ഞാനും. ദേവകിയമ്മ (88) എന്ന പേരിന് മുകളിൽ ഉള്ള ഒരു പ്രായമായ സ്ത്രീയുടെ ചിത്രം. കുറച്ച് മുമ്പ് ഞങ്ങൾ പോയ വീട്ടിലെ സുഹൃത്തിന്റെ മുത്തശ്ശി, ഞങ്ങൾക്ക് പലഹാരം തന്ന അതേ മുത്തശ്ശി. ഞങ്ങൾ വീണ്ടും വീണ്ടും അത് നോക്കി ഉറപ്പിച്ചു.
ന്യൂസ് വന്നതിൽ വന്ന മിസ് ടേക്ക് ആവും എന്ന് കരുതി ഞാൻ വണ്ടി മുന്നോട്ടെടുത്തു. കുറച്ച് മുന്നോട്ട് പോയപ്പോൾ തല കറങ്ങുന്നത് പോലെ തോന്നി. കാഴ്ചകളെല്ലാം ഒരു അവ്യക്തത പോലെ. എല്ലാം കാണാം എന്നാൽ ഒന്നും മനസ്സിലാവുന്നില്ല. ഞാൻ ആദിയോട് ഡ്രൈവ് ചെയ്യാൻ പറയാം എന്ന് കരുതി അവനെ നോക്കുമ്പോൾ അവൻ ആകെ കിളി പോയി ഇരിക്കുന്നു. പലഹാരം കൂടുതൽ തിന്നത് അവനാണ്.
ഞാൻ ഒരു ഓളം വെട്ടിൽ വണ്ടി ഓടിച്ചു കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞ് നോക്കുമ്പോൾ ഞങ്ങളുണ്ട് ഇരിങ്ങാലക്കുട എത്തിയിരിക്കുന്നു. അതായത് ഞങ്ങൾ തിരിച്ചു പോന്നിരിക്കുന്നു. അപ്പോഴേക്കും ഞങ്ങൾക്ക് പോയ കിളി തിരിച്ച് വന്നിരുന്നു. എന്നാലും ഭയങ്കര ക്ഷീണം, നല്ല വിശപ്പും. നേരെ അടുത്ത ഹോട്ടലിൽ കയറി മുഖം കഴുകി ഫ്രഷ് ആയി ഭക്ഷണം ഓർഡർ ചെയ്തു.
അങ്ങനെ ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ ഫോൺ ബെല്ലടിച്ചു. ഞങ്ങൾ പോകേണ്ടിയിരുന്ന കെട്ടിടത്തിന്റെ ഉടമയാണ്. കാണാത്തത് കൊണ്ട് വിളിക്കുകയാവും എന്ന് കരുതി ഫോൺ എടുത്തു. ഞാൻ ഹലോ പറയും മുമ്പ് അയാൾ പരിഭ്രമത്തിൽ നിങ്ങളെവിടെ എന്ന് അന്വേഷിച്ചു. ഞാൻ തിരിച്ചു പോന്ന കാര്യം പറഞ്ഞു. മറ്റേ സംഭവം പറഞ്ഞില്ല.
അത് കേട്ടതും അയാൾ സമാധാനത്തോടെ 'ഭാഗ്യം.. നിങ്ങൾ വരാത്തത് നന്നായി എന്ന് പറഞ്ഞു ' . അത് കേട്ട് ഞാൻ കാര്യം തിരക്കി.
'എടാ ഇവിടെ തീ പിടിച്ചു. ആകെ കത്തി തവിട് പൊടിയായി , നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ തീർന്നേനേ '
ഞങ്ങൾ പോകേണ്ടിയിരുന്ന കെട്ടിടം തീ പിടിച്ച് കത്തിനശിച്ചു എന്ന്. കിളി പോയില്ലായിരുന്നെങ്കിൽ ഞങ്ങൾ അവിടെ ഉണ്ടാവേണ്ടതാണ്.
ഞാൻ ഫോൺ കട്ട് ചെയ്ത് ആദിയോട് വിവരം പറഞ്ഞു.
'എടാ നിന്റെ കൂട്ടുകാരൻ കാരണം നമ്മൾ രക്ഷപ്പെട്ടു'
ഞാൻ പറഞ്ഞത് കേട്ട് ആദി അമ്പരപ്പോടെ എന്നെ നോക്കി.
'എന്റെ കൂട്ടുകാരനോ.. അവൻ നിന്റെ കൂട്ടുകാരനല്ലേ '
ങ്ങേ.. ആദിക്ക് വട്ടായോ.. ഞാൻ ആ മനുഷ്യനെ ആദ്യമായി കാണുകയാണ്. ഞങ്ങൾ അതും പറഞ്ഞ് തർക്കിച്ചു. ആദി പറയുന്നു എന്റെ ഫ്രണ്ടാണെന്ന്, ഞാൻ പറയുന്നു അവന്റെയാണെന്ന്.
എന്തായാലും ഞങ്ങൾ അവന്റെ വീട്ടിൽ പോയി നോക്കാൻ തീരുമാനിച്ചു. അങ്ങനെ നേരെ വന്ന വഴി പെരിങ്ങോട്ട്കരക്ക് വിട്ടു. ഞങ്ങൾ ആ ലൊക്കേഷനിൽ എത്തി. പക്ഷേ, അവിടെ വീടിന് പകരം ഒരു ചെറിയ കോഫീ ഷോപ്പ്.
'എന്ത് പറ്റി എന്തെങ്കിലും വെച്ച് മറന്നോ'
ഞങ്ങളെ കണ്ട് കടയുടമ ചോദിച്ചു
' അതിന് ചേട്ടൻ ഞങ്ങളെ മുമ്പ് കണ്ടിട്ടുണ്ടോ'
'ആ.. പിന്നെ നിങ്ങളല്ലേ രാവിലെ വന്ന് ചായ കുടിച്ച് കോക്കനട്ട് ബർഫിയും വാങ്ങി പോയത് '
അയാൾ കണ്ണാടിക്കൂട്ടിലെ വെളുത്ത കട്ട പോലെ ഉള്ള പലഹാരം ചൂണ്ടിക്കാണിച്ചു. അതിൽ മുറുക്കിത്തുപ്പിയ പോലെ പാട് എന്താണെന്ന് ഞങ്ങൾ ചോദിച്ചു. അത് കാരറ്റ് ഹൽവ കൂടി ചേർത്ത് ബർഫി ഉണ്ടാക്കുന്നതാണ്.
ആ ബർഫി ഇഷ്ടപ്പെട്ടത് കൊണ്ട് വീണ്ടും വാങ്ങാൻ വന്നതാണെന്ന് പറഞ്ഞു രണ്ടെണ്ണം കൂടി വാങ്ങിക്കഴിച്ചു നോക്കി. പക്ഷേ ഇപ്പോൾ മുറുക്കാൻ രുചി ഇല്ല. ഇത്തവണ തലയും കറങ്ങിയില്ല. ഞങ്ങൾ തിരിച്ച് പോന്നു. അതിനിടയിൽ ആദി സീറ്റിനടിയിൽ നിന്ന് ആ പേപ്പർ കഷ്ണം തപ്പിയെടുത്തു. 2018 വരെ അവൻ അത് സൂക്ഷിച്ച് വെച്ചിരുന്നു. പക്ഷേ പ്രളയത്തിൽ അത് ചാലക്കുടിപ്പുഴ കൊണ്ട് പോയി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ