നമ്മൾ സദാ നിരീക്ഷിക്കപ്പെടുന്നുണ്ടോ ?
 
 
 
 
ദൈവം മുതൽ സാറ്റലൈറ്റുകൾ വരെ എല്ലാം കാണുന്നു എന്ന് വിശ്വസിക്കുന്നവരുണ്ട്. സ്വന്തം ഫോണിന്റെ ക്യാമറയെ വരെ സംശയിക്കുന്നവരും ഉണ്ട് . പക്ഷേ ഇതൊന്നും അല്ലാതെ ആരെങ്കിലും നമ്മളെ നിരീക്ഷിക്കുന്നുണ്ടോ ?
 
 
 
അത് പറയും മുമ്പ് വേറെ ഒരു കാര്യം പറയാം. നമ്മൾ ഇടക്കിടക്ക് മാൻ മിസ്സിംഗ് വാർത്തകൾ കാണാറുണ്ട്. അതിൽ ചിലത് ഒരിക്കലും കണ്ടെത്തപ്പെടാതെ അവസാനിക്കുന്നു. ഇത്രയൊക്കെ സൗകര്യമുള്ള, എവിടെയും ഏത് സൂചിക്കുഴലിലും കടന്ന് പരിശോദിക്കാനുള്ള സംവിധാനമുള്ള റോഡിലെയും കടകളിലെയും CCTV മുതൽ കൃത്രിമ ഉപഗ്രഹങ്ങൾ വരെ ഇമവെട്ടാതെ ഭൂമി മുഴുവൻ നിരീക്ഷണം നടത്തുന്ന ഈ കാലത്തും മിസ്സിംഗ് കേസുകളിൽ ഒരു തുമ്പ് പോലും കിട്ടുന്നില്ല എന്നത് അത്ഭുതമായി തോന്നിയേക്കാം.
 
 
ഇനി വേറെ ഒരു സംഭവം പറയാം. 1999 ൽ ഫിൻലന്റിലെ ഒരു മൃഗശാലയിൽ നിന്ന് ഒരു ചീറ്റയെ കാണാതായി. ഏതാണ്ട് അതേ സമയത്ത് അമേരിക്കയിലെ ഒരു സർക്കസ് കമ്പനിയിലെ ആനയും മിസ്സിംഗ് ആയി . 
 
 
ഇനിയാണ് ദുരൂഹമായ ഒരു സംഭവം വരുന്നത്. പസഫിക്ക് കടലിന് മുകളിലൂടെ പറന്ന ഒരു വ്യോമസേനാ വിമാനത്തിലെ പൈലറ്റ് അന്തരീക്ഷത്തിൽ ഒരു കാഴ്ച കണ്ടു. ഒരിക്കലും വിശ്വസിക്കാനാവാത്ത ഒരു അത്ഭുതക്കാഴ്ച . തന്റെ വിമാനത്തിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെ മേഘങ്ങൾക്കിടയിൽ ഒരു നിഴൽ. ഒരു ആനയുടെ നിഴൽ. സൂക്ഷിച്ച് നോക്കിയപ്പോൾ ആന മാത്രമല്ല ഒരു ചീറ്റപ്പുലിയും കംഗാരുവും ഹിമക്കരടിയും രണ്ട് മനുഷ്യരും കൂടി ഉണ്ട് എന്ന് കണ്ടു. അവ മേഘങ്ങൾക്കിടയിലൂടെ ഒഴുകി നീങ്ങുന്നു. പൈലറ്റ് വിമാനം അങ്ങോട്ട് തിരിച്ചു. പെട്ടെന്ന് തന്നെ ആ ജീവികൾ മേഘങ്ങൾക്കിടയിൽ മറഞ്ഞു. അടുത്ത നിമിഷം എന്തോ ഒന്ന് മേഘത്തിന്റെ മറവിൽ നിന്ന് കണ്ണഞ്ചിക്കുന്ന വേഗത്തിൽ പാഞ്ഞു പോയി. എന്താണെന്ന് പോലും മനസ്സിലാക്കാനാകാത്ത അത്ര വേഗതയിലാണ് അത് പോയത് എന്നാണ് പൈലറ്റ് മൊഴി നൽകിയത്. പക്ഷേ അപ്പോഴും മേഘപടലത്തിനുള്ളിൽ അദൃശ്യമായ എന്തോ നിൽക്കുന്ന ഫീൽ ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
 
 
പിന്നീട് നടന്ന അന്വേഷണത്തിൽ ആനയും ചീറ്റയും മിസ്സിംഗ് ആയ അതേ ദിവസം തന്നെ വേറെ പല സ്ഥലങ്ങളിൽ നിന്നായി ഒരു കംഗാരുവും രണ്ട് മനുഷ്യരും കൂടി മിസ്സിംഗ് ആയതായി കണ്ടെത്തി. 
 
 
 
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഈ വിഷയത്തിൽ അന്വേഷണം നടത്തിയത് രഹസ്യമായായിരുന്നു. അങ്ങനെ രണ്ട് വർഷത്തിനുള്ളിൽ ലോകം മുഴുവൻ റിപ്പോർട്ട് ചെയ്യപ്പെട്ട മിസ്സിംഗ് കേസുകളുടെ കണക്കെടുത്ത് പരിശോദിച്ചു. അതിൽ 80 ശതമാനത്തിന് മുകളിൽ മിസ്സിംഗുകളും പെട്ടെന്ന് സംഭവിച്ചതാണ്. അതായത് തൊട്ട് മുന്നിൽ അല്ലെങ്കിൽ ഒരേ വീട്ടിൽ , ഒരേ സ്ഥലത്ത് ഒക്കെ ഒരുമിച്ചിരുന്നവരുടെ ഇടയിൽ നിന്ന് ഏതാനും സെക്കന്റുകൾക്കുള്ളിൽ അപ്രത്യക്ഷമാകുകയായിരുന്നു. അതിൽ തന്നെ ഒരു കേസ് അവിശ്വസനീയമായതായിരുന്നു. വാഷിംഗ്ടൺ ഡിസിയിലെ ഒരു പൂന്തോട്ടത്തിൽ കൂടി നടക്കുകയായിരുന്നു സ്കോട്ട് വാൻഗോഗും ഭാര്യ മിലീന മെർക്കലും . അതിനിടയിൽ എന്തോ കാലിൽ തടഞ്ഞ് സ്കോട്ട് പെട്ടെന്ന് താഴേക്ക് നോക്കി. അടുത്ത സെക്കന്റിൽ മുഖമുയർത്തുമ്പോൾ മിലീന അവിടെ ഉണ്ടായിരുന്നില്ല. 
 
 
 
മനുഷ്യർ മാത്രമല്ല, ആനയും കടുവയും ഒട്ടകവും കുതിരയും നായയും പൂച്ചയും കിളികളും മുതൽ അലങ്കാര മത്സ്യങ്ങൾ വരെ ഇത് പോലെ കാണാതായവരുടെ പട്ടികയിലുണ്ട്. 
 
 
 
ഇത്ര കൃത്യമായും രഹസ്യമായും വേഗതയിലും ജീവികളെ കടത്തുന്നതാര് എന്ന ചോദ്യത്തിന് അപ്പോഴും ഉത്തരമുണ്ടായില്ല. പിന്നീട് 2001 ൽ ഇഷിതോ ഹിമൂച്ചി എന്ന ജപ്പാൻ ശാസ്ത്രജ്ഞൻ കുറെ നിരീക്ഷണങ്ങളിലൂടെ ചില കാര്യങ്ങൾ കണ്ടെത്തി. 
 
 
 
അതായത് നമ്മൾ പല മൃഗങ്ങളെയും പിടിച്ച് വളർത്താറുണ്ട് അത് പോലെ പരീക്ഷണങ്ങൾക്ക് മൃഗങ്ങളെയും പക്ഷികളെയും ഉപയോഗിക്കാറുണ്ട്. എന്നാൽ നമ്മളെ പോലെ മറ്റാരൊക്കെയോ ഇത്തരം പരീക്ഷണങ്ങൾ നടത്താറുണ്ട്. അതിന് വേണ്ടി അവർ ഭൂമിയിൽ നിന്ന് ജീവികളെ കടത്തുന്നു. അത് പോലെ കൂട്ടിലിട്ടോ കെട്ടിയിട്ടോ പെറ്റ് ആയി വളർത്താനും ഇത്തരം ജീവിക്കടത്ത് നടക്കുന്നു. അത് ചെയ്യുന്നവർ ബാഹ്യ പ്രപഞ്ചത്തിലെ ഏതോ ഗ്രഹത്തിൽ നിന്ന് വരുന്നവരാണ്. അതായത് ഏലിയൻസ് ആണ് ഈ കാണാതാവലുകൾക്ക് പിന്നിൽ. 
 
 
 
എന്നാൽ ഇഷിതോയുടെ ഏലിയൻ തിയറി അത്ര സ്വീകരിക്കപ്പെട്ടില്ല. ഏതോ രാജ്യത്തിന്റെ പദ്ധതിയാണ് ഇത് എന്ന് പറഞ്ഞാണ് ചില ഗവേഷകർ ഇഷിതോയെ എതിർത്തത്. രഹസ്യമായ ഏതോ ടെക്നോളജി ഉപയോഗിച്ച് അസാമാന്യ വേഗമുള്ള ആദൃശ്യ പേടകങ്ങൾ വഴി ജീവികളെ തട്ടിയെടുത്ത് ബഹിരാകാശ നിലയങ്ങളിൽ അല്ലെങ്കിൽ കൃത്രിമ ഉപഗ്രഹങ്ങളിൽ എത്തിച്ച് പരീക്ഷണം നടത്തുകയാണ് എന്നാണ് അവർ വാദിച്ചത്. ബഹിരാകാശത്തെ വൻ ശക്തികളായ രാജ്യങ്ങളെല്ലാം സംശയത്തിന്റെ പട്ടികയിൽ വന്നു. ന്യായമായും എല്ലാവരും ഏറ്റവും കൂടുതൽ സംശയിച്ചത് ചൈനയെ ആയിരുന്നു. 
 
 
 
എന്നാൽ പിന്നീട് ഈ വാദം പിൻവലിക്കേണ്ടി വന്ന ഒരു സംഭവ പരമ്പര തന്നെ ഉണ്ടായി. മെക്സിക്കോയിലെ ഒരു ബാലൻ തന്നെ നിലം മുട്ടുന്ന അത്ര നീളമുള്ള കൈകളുള്ള രണ്ട് ജീവികൾ പിൻതുടർന്നതായി വീട്ടിലറിയിച്ചു. ഏകദേശം മനുഷ്യ രൂപമുള്ള അവക്ക് പക്ഷേ കണ്ണുകൾ മുഖത്തിന്റെ രണ്ട് വശങ്ങളിലും ആയി ആയിരുന്നു. മുഖത്തിന്റെ ഒത്ത നടുവിൽ വായയും താടിയോട് ചേർന്ന് മൂക്കും. ഇതാണ് കുട്ടി പറഞ്ഞ രൂപം.
 
 
 
പക്ഷേ അവന്റെ വീട്ടുകാർ അത് നുണയാണെന്ന് കരുതി. എന്നാൽ പിറ്റേന്ന് അവൻ മിസ്സിംഗ് ആയതോടെ സംഭവം സീരിയസായി. ആറ് മാസത്തിനുള്ളിൽ ഒളറാഡോ , ഗ്രീൻലാന്റ്, കെനിയ, തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം ജീവികളെ കണ്ടതായ വാർത്തകൾ വന്നു. ബ്രസീലിലെ ബ്രെറ്റ് കാൻവാരോ എന്ന സ്ത്രീ ഇതേ പോലെയുള്ള ഒരു ജീവി രാത്രി തന്റെ അരുമ നായയെ പിടിച്ച് കൊണ്ട് പോകുന്നത് കണ്ടതായി അറിയിച്ചു. ഇതോടെ ഇഷി തോ തിയറി വീണ്ടും ശ്രദ്ധിക്കപ്പെട്ടു. 
 
 
 
ഒന്നര വർഷത്തിന് ശേഷം തായ് ലന്റ് പട്ടാളം ഇത്തരം ഒരു ജീവിയെ വെടിവച്ചിട്ടു. പക്ഷേ അതിനെ പിടികൂടും മുമ്പ് ഒരു അദൃശ്യ വാഹനം വന്ന് ആ ജീവിയെ റാഞ്ചി മിന്നൽ വേഗത്തിൽ പറന്ന് പോയി.
ഇഷി തോ വീണ്ടും പുതിയ കണ്ടെത്തലുകൾ നടത്തി. എന്ത് കൊണ്ടാണ് ചിലരെ മാത്രം ലക്ഷ്യം വെച്ച് ഈ കിഡ്നാപ്പിംഗ് നടക്കുന്നത് എന്നാണ് ഇഷി തോ പഠിച്ചത്. അവർ ചില ഗുണഗണങ്ങൾ ഉള്ളവരെ മാത്രം ലക്ഷ്യമിടുന്നു എന്നാണ് അദ്ദേഹം കണ്ടെത്തിയത്. നമ്മൾ വളർത്താൻ ജീവികളെ തിരഞ്ഞെടുക്കുന്ന പോലെ അവരും അവർക്ക് വേണ്ട ഗുണങ്ങളുള്ള ജീവികളെ തിരഞ്ഞെടുക്കുന്നു. 
 
 
 
പത്ത് വർഷത്തിനിടെ ലോകമാകെ നിന്നായി ഇത്തരം പതിനായിരക്കണക്കിന് മിസ്സിംഗുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വന്യമൃഗങ്ങളുടെ കണക്കുകൾ കൂടി നോക്കിയാൽ ഇത് അനേക മടങ്ങാകും എന്നാണ് വിദഗ്ദർ പറയുന്നത്. ഇന്ത്യയിലും ഇത്തരം നൂറു കണക്കിന് കേസുകൾ ഉണ്ട്. തുറസ്സായ സ്ഥലങ്ങളിൽ മാത്രമല്ല അടച്ചുറപ്പുള്ള വീടുകൾക്കുള്ളിൽ നിന്നും ഇരുമ്പ് കൂടുകൾക്കുള്ളിൽ നിന്നും എല്ലാം ഇങ്ങനെ കാണാതാവലുകൾ ഉണ്ടായിട്ടുണ്ട്.
അദ്യശ്യരായ ചില ജീവികൾ സദാ നമ്മളെ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു എന്ന് പണ്ട് കാലം മുതലേ ഒരു വിശ്വാസം നിലനിൽക്കുന്നുണ്ട്. പ്രാചീന സംസ്കാരങ്ങളുടെ ഗുഹാചിത്രങ്ങളിൽ ഈ ആശയം കാണാം. ഇത് സത്യമാണ് എന്നാണ് ഒരു വിഭാഗം ഗവേഷകർ കരുതുന്നത്. അങ്ങിനെ വരുമ്പോൾ നമ്മളും ആരുടെയൊക്കെയോ നിരീക്ഷണത്തിലാണ്. അടച്ചുറപ്പുള്ള കോൺക്രീറ്റ് കെട്ടിടങ്ങളിൽ സുരക്ഷിതർ എന്ന് സ്വയം വിശ്വസിച്ച് കഴിയുന്ന നമ്മൾ എവിടെയും സുരക്ഷിതരല്ല. ഇഷി തോ തന്നെ പറഞ്ഞത് വെച്ച് നോക്കുമ്പോൾ രാത്രികാലങ്ങളിൽ അവർ നമ്മുടെ ജനാലക്കൽ കാത്ത് നിൽപുണ്ട് നമ്മൾ ഉറങ്ങുന്ന സമയത്ത് അവർ അടുത്ത് വന്ന് നിരീക്ഷിക്കും. അവർക്ക് ഇഷ്ടപ്പെട്ടാൽ കൊണ്ട് പോകും. ഇന്ന് വരെ കാണാതായവരെല്ലാം ഏതോ ലോകത്ത് പരീക്ഷണമേശയിലോ ഇരുമ്പ് കൂട്ടിലോ ചങ്ങലയിലോ ബന്ധിക്കപ്പെട്ട് നരകിച്ച് ജീവിക്കുന്നുണ്ടാവാം. നാളെ ഒരു പക്ഷേ നമ്മളും.
ഇനി ഈ കണ്ടുപിടുത്തങ്ങൾ നടത്തിയ ഇഷി തോ ക്ക് എന്ത് സംഭവിച്ചു എന്നറിയേണ്ടേ. ഇഷി തോ ഈ നിരീക്ഷണങ്ങളിൽ വളരെ ദൂരം മുന്നോട്ട് പോയി. ഒരു തവണ ജർമ്മനിയിൽ ഇങ്ങനെയൊരു മിസ്സിംഗ് സാദ്ധ്യത മുൻകൂട്ടി പ്രവചിക്കാനും പോലീസിന്റെ സഹായത്തോടെ അത് തടയാനും ഇഷിതോയ്ക്ക് കഴിഞ്ഞു. സ്റ്റീഫൻ മെക് മില്ലൻ എന്ന ഒരു പതിനൊന്നു വയസ്സുകാരൻ അങ്ങനെ ഏലിയൽ റാഞ്ചലിൽ നിന്ന് രക്ഷപ്പെട്ടു. പിറ്റേന്ന് ജർമ്മനിയിൽ നിന്ന് ഇഷി തോ മിസ്സിംഗ് ആയി. കൃത്യം പതിനേഴ് മിനുട്ടിന് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ജർമ്മനിയിൽ നിന്ന് 1500 കിലോമീറ്റർ അകലെ അയർലണ്ടിലെ ഒരു ജനവാസമേഖലയിൽ വന്ന് വീണു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു . അത് വെച്ച് ഏതാണ്ട് 40,000 അടി മുകളിൽ നിന്നാണ് അദ്ദേഹം വീണതെന്ന് കണ്ടെത്തി. അതായത് ഒരു വിമാനത്തിന് പറക്കാവുന്നതിനേക്കാൾ മുകളിൽ . മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. 
 
 

 
ഈ സംഭവങ്ങൾക്ക് ശേഷം സ്റ്റീഫന് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു . പക്ഷേ തൊട്ട് പിറ്റേ ദിവസം രാവിലെ ടോയ് ലറ്റിൽ പോയ സ്റ്റീഫനെ പിന്നെ ആരും കണ്ടില്ല. ആ സമയത്ത് സ്റ്റീഫന്റെ വീടിനു മുകളിൽ അപ്രതീക്ഷിതമായി മേഘപടലം രൂപപ്പെട്ടിരുന്നതായും അവ്യക്തമായ ഇടിമുഴക്കം പോലെ എന്തോ ശബ്ദം കേട്ടിരുന്നതായും ദൃക്‌സാക്ഷികൾ പറയുന്നു.

അഭിപ്രായങ്ങള്‍