ജയന്തി വീണ്ടും

ഭാഗം (2) : 1
പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കൂട്ടുന്ന ജനക്കൂട്ടം . ഗേറ്റിനു മുന്നിൽ അവരെ തടയാൻ പാട് പെടുന്ന പോലീസുകാർ. സ്റ്റേഷനകത്ത് ഫോറൻസിക് , ഫിംഗർ പ്രിന്റ് വിദഗ്ദ്ധർ പരിശോദന നടത്തുന്നു.
PC രാജീവിന്റെ മൃതദേഹത്തിന് മുന്നിൽ നിർവികാരനായി നിൽക്കുന്ന Cl സുരേഷ് കുമാർ. അൽപ സമയം ആ നിൽപ് നിന്ന ശേഷം അദ്ദേഹം ടോയ്ലറ്റിലേക്കുള്ള ഇടനാഴിയിലേക്ക് നടന്നു. അവിടെ ടോയിലറ്റ് വാതിലിന് കുറച്ച് മുൻപിലായി കിടക്കുന്ന മറ്റൊരു മൃതശരീരം . PC മാത്യു .
രണ്ട് കൊലപാതകങ്ങളാണ് ഇന്നലെ രാത്രി ഈ സ്റ്റേഷനുള്ളിൽ നടന്നിരിക്കുന്നത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാർ ദുരൂഹമായി കൊല്ലപ്പെട്ടിരിക്കുന്നു. മരിക്കുന്നതിന് തൊട്ട് മുൻപ് രാജീവ് തന്നോട് പറഞ്ഞ പേര് സുരേഷ് കുമാർ വീണ്ടും മനസ്സിൽ ആവർത്തിച്ചു.
ജയന്തി ....
ഒരിക്കൽ താൻ തിരശ്ശീലയിട്ട ആ ദുരൂഹത വീണ്ടും പുനർജനിച്ചിരിക്കുന്നു. പക്ഷേ എങ്ങിനെ. നൂറായിരം സംശയങ്ങൾ മനസ്സിൽ തിങ്ങി നിറഞ്ഞ് ഭ്രാന്ത് പിടിച്ച അവസ്ഥയിലായി അദ്ദേഹം.
[ നാടിനെ ഞെട്ടിച്ച് വീണ്ടും ജയന്തി , ഇത്തവണ കൊല്ലപ്പെട്ടത് രണ്ടു പോലീസുകാർ ]
[പഴയ ജയന്തി കേസ് റീ ഓപ്പൺ ആയിരിക്കുന്നു. അന്വേഷണ ചുമതല Cl സുരേഷ് കുമാറിന് തന്നെ. ]
[ മരിക്കുന്നതിന് മുൻപ് PC രാജീവ് അവസാനമായി പറഞ്ഞ പേര് ...ജയന്തി ]
ചാനലുകളിൽ ന്യൂസ് കത്തിപ്പടർന്നു. അന്വേഷണം ഒരെത്തും പിടിയും കിട്ടാതെ ദിവസങ്ങൾ പിന്നിട്ടു. ഉന്നതങ്ങളിൽ നിന്നുള്ള പ്രഷർ സുരേഷ് കുമാറിനെ ശരിക്കും വലച്ചു.
അതിനിടയിൽ ഫോറൻസിക് , ഫിംഗർ പ്രിന്റ് , പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വന്നു. നിരവധി പേർ വന്ന് പോകുന്ന സ്റ്റേഷനിൽ നിന്ന് പ്രത്യേകിച്ച് തുമ്പൊന്നും കിട്ടിയില്ല. ഓട്ടോപ്സി റിപ്പോർട്ടിൽ സയനൈഡ് പുരട്ടിയ കത്തി കൊണ്ട് നെഞ്ചിലേറ്റ കുത്തായിരുന്നു രാജീവിന്റെ മരണകാരണം. മുന്നിൽ നിന്ന് തലക്ക് അടിയേറ്റാണ് മാത്യു മരിച്ചിരിക്കുന്നത്. ഇതിൽ കൂടുതലായി മറ്റൊരു തെളിവും ഭാക്കിയില്ല.
ജയന്തി വീണ്ടും ചർച്ചയായതോടെ നാട് മുഴുവൻ ഭീതി പരന്നു. പകൽ സമയങ്ങളിൽ തന്നെ തനിച്ച് പുറത്തിറങ്ങാൻ ജനങ്ങൾ ഭയപ്പെട്ടു. പുറത്തിറങ്ങാൻ പോയിട്ട് സ്വന്തം വീട്ടിൽ തന്നെ തനിച്ചിരിക്കാൻ പലർക്കും പേടിയായി. ഇനിയും മരണങ്ങൾ ആവർത്തിക്കാം. ആ സാദ്ധ്യത മുന്നിൽ കണ്ട് ഗ്രാമത്തിൽ സ്ഥിരം പോലീസ് കാവലും റോന്ത് ചുറ്റലും ഏർപ്പെടുത്തി.
സുരേഷ് കുമാർ മൃതദേഹങ്ങളുടെ ചിത്രവും റിപ്പോർട്ട് കളും പല തവണ തിരിച്ചും മറിച്ചും നോക്കി. രാജീവ് കൊല്ലപ്പെട്ടത് വളരെ പ്ലാൻഡ് ആയാണ് . പ്രതി നേരത്തെ തയ്യാറാക്കി കൊണ്ടുവന്ന കൊടിയ വിഷം പുരട്ടിയ കത്തി ഉപയോഗിച്ചുള്ള കൊല. പക്ഷേ എന്ത് കൊണ്ട് അതേ മാർഗ്ഗം തന്നെ മാത്യുവിന്റെ ശരീരത്തിൽ ഉപയോഗിച്ചില്ല? അതിന് പകരം മറ്റൊരു ആയുധം ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തിയത് എന്തിന്?
സുരേഷ് ഇങ്ങനെ ഓരോന്ന് ചിന്തിച്ച് സ്റ്റേഷനിൽ ചുറ്റി നടന്നു. അയാൾ ചുറ്റുപാടും സൂഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്നു. പെട്ടെന്നാണ് സ്റ്റേഷന്റെ ഒരു മൂലക്കിരുന്ന സീലിംഗ് ഫാൻ അയാളുടെ കണ്ണിൽ പെട്ടത്. സുരേഷ് വേഗം അവിടെ ചെന്ന് കുന്തക്കാലിൽ ഇരുന്ന് സൂഷ്മമായി പരിശോദിച്ച ശേഷം എഴുന്നേറ്റു കൊണ്ട് തന്റെ സഹായിയായ PC ഉണ്ണികൃഷ്ണനെ വിളിച്ചു.
(തുടരും )
(മുൻപ് ഞാൻ എഴുതിയ കഥയുടെ തുടർച്ചയാണിത്. ആദ്യഭാഗങ്ങൾ വായിച്ചിട്ടില്ലാത്തവർ ആദ്യം അത് നോക്കുക. കഴിഞ്ഞ തവണ നൽകിയ പ്രോത്സാഹനവും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്.......)

അഭിപ്രായങ്ങള്‍