അന്വേഷണം മുന്നോട്ട്
ഭാഗം (2) : 1
സർ ... ഉണ്ണികൃഷ്ണൻ വേഗം സുരേഷിനടുത്തെത്തി. സുരേഷ് ഫാൻ തന്നെ സൂക്ഷിച്ച് നോക്കി നിൽക്കുകയാണ്.
ഉണ്ണീ.. രാജീവും മാത്യുവും മരിച്ചത് 24 നാണ് . അതിന്റെ തലേന്ന് ... അതായത് 23 ന് ശരിയാക്കി കൊണ്ട് വന്നതല്ലേ ഈ ഫാൻ.
' അതേ സർ ... അവർ പിറ്റേന്ന് വന്ന് ഫിറ്റ് ചെയ്യാമെന്ന് പറഞ്ഞ് കൊണ്ട് വെച്ച് പോയതാണ്.
കാറ്റ് കുറവായത് കൊണ്ട് സീലിംഗിൽ നിന്ന് കുറച്ച് കൂടി താഴ്ത്തിയിടാൻ വേണ്ടി നീളം കൂടിയ പൈപ്പും കൊണ്ട് വെച്ചിരുന്നു ' ... ഉണ്ണികൃഷ്ണൻ ഓർത്തെടുത്ത് പറഞ്ഞു.
' എന്നിട്ട് ആ പൈപ്പ് എവിടെ ' ... സുരേഷ് പെട്ടെന്ന് ചോദിച്ചു.
'അത് പിന്നെ സാർ ... ഉണ്ണി അവിടെയെല്ലാം പരതാൻ തുടങ്ങി.
ഒന്നരയടി നീളമുള്ള അയൺ ഫാൻ ഹാങ്ങിംഗ് റോഡ്. അത് മിസ്സിംങ്ങാണ്..
സുരേഷ് പറഞ്ഞത് മനസ്സിലായ ഉണ്ണികൃഷ്ണൻ തിരച്ചിൽ നിർത്തി അയാളെ നോക്കി.
അതെ ഉണ്ണീ... ആ ഇരുമ്പ് പൈപ്പ് വെച്ചാണ് മാത്യുവിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഐ ആം ഷുവർ... സെന്റ് പേഴ്സന്റ് ഷുവർ.
അപ്പോൾ ആ പൈപ്പ് കൊലയാളി കൊണ്ട് പോയിരിക്കും അല്ലേ സർ .
യെസ്... തെളിവ് നശിപ്പിക്കാൻ അക്രമിക്ക് അത് കൊണ്ട് പോകേണ്ടി വന്നു.
അത് വരെ നിലയില്ലാക്കടലിൽ ഒഴുകിയിരുന്ന സുരേഷിന് ചെറിയൊരു ആശ്വാസമായി ഈ കണ്ടെത്തൽ . പക്ഷേ ഇത് കൊണ്ട് കൂടുതലൊന്നും കിട്ടാനില്ല.
രാജീവിന്റെയും മാത്യുവിന്റെയും ഹിസ്റ്ററി പരിശോദിച്ചതിലും പ്രത്യേകിച്ചൊന്നും കിട്ടാനുണ്ടായിരുന്നില്ല. അതിനിടയിൽ സുരേഷ് അജിതൻ കേശുമ്മാൻ ജോജിക്കുട്ടൻ ടീമിനെയും ചോദ്യം ചെയ്തിരുന്നു.
സുരേഷ് ഉണ്ണികൃഷ്ണനേയും കൂട്ടി പോലീസ് ഡോഗ് മണം പിടിച്ചോടിയ സ്റ്റേഷന് പിന്നിലെ മതിൽക്കെട്ടിനടുത്തേക്ക് പോയി. പോലീസ് നായ മണം പിടിച്ച് അവിടെ എത്തി നിൽക്കുകയായിരുന്നു.
ഉണ്ണീ ഈ മതിലിനപ്പുറത്തെ ഒരു കിലോമീറ്റർ പരിധിയിലുള്ള വീടുകളുടെ ഡീറ്റയിൽസ് എടുക്കണം. എന്നിട്ട് അന്ന് രാത്രി സംശയാസ്പദമായി എന്തെങ്കിലും കണ്ടോ എന്ന് ഓരോ വീട്ടിലും പ്രത്യേകം അന്വേഷിക്കണം. അന്ന് രാത്രി മാത്രമല്ല പകലോ സമീപ ദിവസങ്ങളിലോ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടോ എന്ന് പ്രത്യേകം തിരക്കണം.
ശരി സർ ... ഉണ്ണികൃഷ്ണൻ പറഞ്ഞു.
തിരിച്ചു നടക്കുമ്പോൾ സുരേഷ് ഗാഢമായ ചിന്തയിലായിരുന്നു. അദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് ഉണ്ണികൃഷ്ണന് മനസ്സിലായി. കൊലപാതകം നടന്ന ശേഷം സ്റ്റേഷൻ സീൽ ചെയ്തത് കൊണ്ട് എതിർ വശത്തെ ഒഴിഞ്ഞു കിടക്കുന്ന ഒരു ചെറിയ വീടാണ് താൽക്കാലികമായി സ്റ്റേഷനാക്കിയിരിക്കുന്നത്. സുരേഷും ഉണ്ണിയും ആ വീട്ടിലെത്തി.
" ഉണ്ണീ... മരിക്കുന്നതിന് തൊട്ടു മുമ്പ് രാജീവ് എന്നെ വിളിച്ച് പറഞ്ഞത് ജയന്തി കാണാൻ വന്നിരിക്കുന്നു എന്നാണ്. അങ്ങിനെ നോക്കിയാൽ അന്ന് വന്നത് ഒരു സ്ത്രീ ആയിരിക്കണം.
അപ്പോൾ നമ്മൾ തേടുന്ന കൊലയാളി ഒരു സ്ത്രീ ആയിരിക്കാം ... അല്ല അതൊരു സ്ത്രീ തന്നെയാണ്.. അല്ലേ സർ .. ഉണ്ണി ആകാംഷയോടെ ചോദിച്ചു. സുരേഷ് ഒന്നും പറയാതെ ഒന്നിരുത്തി മൂളുക മാത്രം ചെയ്തു.
പിറ്റേന്ന് ഉച്ചക്ക് മുൻപ് ഉണ്ണിയും വനിതാ കോൺസ്റ്റബിൾ സന്ധ്യയും കൂടി സുരേഷ് പറഞ്ഞത് പ്രകാരം എല്ലാ വീടുകളുടെയും ഡീറ്റയിൽസ് ശേഖരിച്ചു തിരിച്ചെത്തി. അവർ നേരെ സുരേഷിന്റെ അടുത്തെത്തി.
'സർ പറഞ്ഞ വിവരങ്ങളെല്ലാം കളക്റ്റ് ചെയ്തിട്ടുണ്ട്. അവരാരും പ്രത്യേകിച്ചൊന്നും കണ്ടതായി പറഞ്ഞില്ല. ചില വീട്ടുകാർ സ്റ്റേഷൻ മതിലിന് പിന്നിലെ വഴിയിൽ കൂടി പകലും വൈകിട്ടും നടക്കാൻ പോകാറുണ്ട്. അവർ അന്നും നടന്നിരുന്നു. പക്ഷേ പ്രത്യേകിച്ചൊന്നും കണ്ടിട്ടില്ല എന്ന് പറയുന്നു. ഉണ്ണി പറഞ്ഞു
ഒ കെ ... വീട്ടുകാരെ പറ്റി അന്വേഷിച്ചോ .. സുരേഷ് ചോദിച്ചതിന് സന്ധ്യയാണ് മറുപടി പറഞ്ഞത്.
'ഉവ്വ് സർ .. ഒരു കിലോമീറ്റർ പരിധിയിൽ പതിനാറ് വീടുകളുണ്ട്. പിന്നെ കുറെ ഒഴിഞ്ഞ പറമ്പുകളും. ഇതിൽ മൂന്നു വീടുകളിൽ ആരും ഉണ്ടായില്ല. അതിലൊരു വീട്ടിലെ പെൺകുട്ടി എന്തോ കരാട്ടേ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഫാമിലിയുമായി ഇന്നലെ ചെന്നൈയിൽ പോയി . നാല് ദിവസം കഴിഞ്ഞേ വരൂ. പിന്നെ ഒരു വീട് പഴയ ജയന്തി കേസിലെ ജോജിക്കുട്ടന്റെ അമ്മ വീടാണ്. ജോജി ജയിലിൽ ആയതോടെ നാണക്കേട് കാരണം അവർ താൽക്കാലികമായി വീട് വിട്ട് മാറി താമസിക്കുന്നു. പിന്നെ ഒരു വീട് .... സന്ധ്യ ഒന്ന് നിർത്തി. തുടർന്ന് പറഞ്ഞത് ഉണ്ണിയാണ്.
'ആ വീട് പഴയ നക്സൽ രഘുവിന്റെയാണ് '
അയാളിപ്പോൾ ഭക്തിമാർഗ്ഗമല്ലേ .. സുരേഷ് ഇടക്ക് കയറി ചോദിച്ചു.
അതേ സർ ... ആളങ്ങനെ എപ്പോഴും വീട്ടിൽ ഉണ്ടാവില്ല. ചിലപ്പൊ ഒറ്റ പോക്കാണ്. പിന്നെ തീർത്ഥാടനം ഒക്കെ കഴിഞ്ഞ് വരുമ്പോൾ ചിലപ്പൊ ഒന്ന് രണ്ട് മാസം ഒക്കെ കഴിയും ...
അയാളെ സംശയിക്കാൻ എന്തെങ്കിലും ഉണ്ടോ ... സുരേഷ് ഉണ്ണിയെ നോക്കി നെറ്റിചുളിച്ചു.
നിലവിൽ ആളൊരു സന്യാസിയാണ്.. പക്ഷേ സർ ... ഈ ഓവർ ഭക്‌തൻമാരെ സൂക്ഷിക്കണം. ഉണ്ണി ചിരിച്ചുകൊണ്ടാണ് പറഞ്ഞത്.
പിന്നെ സർ ... ഉണ്ണി തുടർന്നു.. അയൽക്കാരുടെ മൊഴി പ്രകാരം നക്സൽ രഘു തീർത്ഥാടനത്തിന് പോയത് രാജീവും മാത്യുവും കൊല്ലപ്പെട്ട അന്ന് വൈകിട്ടാണ്.
ഓഹ്... സുരേഷ് ആകാംഷയോടെ ഉണ്ണിയെ നോക്കി. അതൊരു ക്ലൂ ആണല്ലോ. പക്ഷേ അപ്പോൾ രാജീവ് കണ്ട ജയന്തി.
അത് പിന്നെ സർ ... ഉണ്ണി പരുങ്ങി ..
നമുക്ക് നോക്കാം ... എന്തായാലും നമുക്കൊന്ന് സ്റ്റേഷൻ വരെ പോയി വരാം.
സുരേഷ് അവരെ കൂട്ടി സ്റ്റേഷനിലെത്തി. അവിടെ രാജീവും മാത്യുവും മരിച്ചു കിടന്ന സ്ഥലങ്ങൾ മാർക്ക് ചെയ്തത് അദ്ദേഹം വീക്ഷിച്ചു.
ഉണ്ണീ രാജീവ് എനിക്ക് ഫോൺ ചെയ്യുന്നതിനിടയിൽ കോൾ കട്ടായി . പക്ഷേ അതിന് മുമ്പ് അസ്വാഭാവികമായ ഒന്നും എനിക്ക് കേൾക്കാനായില്ല. അപ്പോൾ കൃത്യം ചെയ്തയാൾ ഫോൺ അതിന് മുമ്പേ ഡിസ്കണക്ട് ചെയ്തിട്ടുണ്ട്. അതിന് ശേഷം രാജീവിന്റെ ശരീരത്തിൽ സയനൈഡ് പ്രയോഗിച്ചു. മാത്യു മരിച്ചത് ടോയ് ലറ്റിന് മുന്നിൽ വെച്ച് തലക്കടിയേറ്റും. അന്ന് നടന്നത് എന്റെ ഭാവനയിൽ ഞാനൊന്ന് പറയട്ടെ.
സുരേഷ് പറയുന്നത് കേൾക്കാൻ ഉണ്ണിയും സന്ധ്യയും ആകാംഷയോടെ കാത് കൂർപ്പിച്ചു. സുരേഷ് പറഞ്ഞു തുടങ്ങി.
ജയന്തി എന്ന് പരിചയപ്പെടുത്തിയ സ്ത്രീ രാജീവിനോട് എന്നെ വിളിക്കാൻ ആവശ്യപ്പെടുന്നു. രാജീവ് എന്നെ വിളിച്ച് സംസാരിക്കുന്നതിനിടയിൽ പ്രതി കോൾ കട്ട് ചെയ്യുന്നു. അടുത്ത നിമിഷം രാജീവിനെ കുത്തുന്നു. ഈ സമയമത്രയും മാത്യു ടോയ്ലെറ്റിലാണ്. കൊല നടത്തിയ ശേഷം കത്തി തന്റെ ബാഗിൽ വെച്ച് തിരികെ പോകാനോ അല്ലെങ്കിൽ എന്തെങ്കിലും കൈവശപ്പെടുത്താനോ പ്രതി ശ്രമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മാത്യു ടോയ്ലറ്റിൽ നിന്ന് വരുന്നത്. രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ കണ്ണിൽ പെട്ട ഫാൻ ഹാങ്ങിംഗ് റോഡ് എടുത്ത് പ്രതി മാത്യുവിനെ അടിക്കുന്നു. അങ്ങിനെയാണെങ്കിൽ പ്രതിയുടെ ലക്ഷ്യം ഒന്നുകിൽ രാജീവ് അല്ലെങ്കിൽ ഈ സ്റ്റേഷനിലെ വിലപ്പെട്ട മറ്റെന്തോ ഒന്ന്.
സുരേഷ് പറഞ്ഞത് ശരിയാണെന്ന് അവർക്ക് തോന്നി. എന്നാലും അങ്ങിനെ ഒരു ഉദ്ദേശത്തിൽ വന്ന പ്രതി എന്തിന് രാജീവിനെ കൊണ്ട് ഫോൺ ചെയ്യിക്കണം. അതായിരുന്നു സന്ധ്യയുടെ സംശയം അവർ അത് സുരേഷിനോട് ചോദിക്കുകയും ചെയ്തു.
ഒരു പക്ഷേ ജയന്തി എന്ന് കേട്ട് രാജീവ് പകച്ച് സാറിനെ വിളിച്ചതായിക്കൂടേ... ഉണ്ണി ചോദിച്ചു.
സുരേഷ് ഒന്നാലോചിച്ച ശേഷം മറുപടി പറഞ്ഞു.
അങ്ങിനെയെങ്കിൽ പ്രതി രാജീവ് ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്ത് കോൾ കണക്ടായി ഇത്ര സംസാരിക്കുന്നത് വരെ കാത്ത് നിൽക്കുമോ ...
ഇല്ല സർ , അത് ശരിയാണ് അപ്പോൾ പിന്നെ ..ഉണ്ണിക്ക് സംശയം വർദ്ധിച്ചു.
അറിയില്ല ... നമ്മളിപ്പോൾ അനുഭവിക്കുന്ന കൺഫ്യൂഷനില്ലേ .. നമുക്ക് മുന്നിലെ ഏറ്റവും വലിയ സമസ്യയായി നിൽക്കുന്നത് ജയന്തി എന്ന പേരല്ലേ . ആ കൺഫ്യൂഷൻ ഉണ്ടാക്കൽ തന്നെയാവാം പ്രതിയുടെ ലക്ഷ്യം.
(തുടരും )

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ