ദുരൂഹതയേറുന്നു
ഭാഗം (2) : 3
പ്രതിയാരാണെന്നോ ലക്ഷ്യമെന്താണെന്നോ എന്നതിനെ പറ്റി ഒരു വിദൂര സൂചന പോലും നമ്മുടെ മുന്നിലില്ല. ആരെയും സംശയിക്കാനുള്ള ഒരു എവിഡൻസും നമുക്ക് കിട്ടിയിട്ടുമില്ല. ഇനി ആകെ ഒരേ ഒരു വഴിയേ ഉള്ളൂ. എല്ലാവരെയും സംശയിക്കുക. നാട്ടുകാരെയും , സ്ഥിരം ക്രിമിനൽസിനേയും, പുതുതായി കേസിൽ പെടുന്നവരേയും , സ്റ്റേഷനിൽ വരുന്നവരെയും അങ്ങനെ മുന്നിൽ കാണുന്ന എല്ലാവരേയും സംശയിക്കുക. സംശയത്തോടെ നിരീക്ഷിക്കുക.
സുരേഷ് പറഞ്ഞത് അവർക്ക് അത്ര തൃപ്തി ആയില്ല . പക്ഷേ വേറെ മാർഗ്ഗമില്ലാത്തതിനാൽ ഒരു ഭാഗ്യപരീക്ഷണം പോലെ അത് തന്നെ ചെയ്യാൻ അവർ തീരുമാനിച്ചു. സ്റ്റേഷനിലെ മറ്റുള്ളവരെയും ഇത് അറിയിച്ചു.
അന്ന് വൈകിട്ട് ഉണ്ണി സന്തോഷത്തോടെ സുരേഷിന് മുന്നിലെത്തി.
സർ ... ഒരു ചെറിയ സാദ്ധ്യത കിട്ടിയിട്ടുണ്ട്.
ഉണ്ണി പറഞ്ഞത് കേട്ട് കയ്യിലിരുന്ന ഫയൽ മേശപ്പുറത്ത് വെച്ച് സുരേഷ് തലയുയർത്തി.
സർ .. നമ്മൾ ഈ പ്രദേശത്തെ വീട്ടുകാരെ പറ്റി അന്വേഷിച്ചില്ലേ.. അതിൽ ചെന്നൈയിൽ പോയ ഒരു വീട്ടുകാരെ പറ്റി പറഞ്ഞില്ലേ ..
ഉം ... ആ കരാട്ടേ മത്സരത്തിന് ... അതല്ലേ .. സുരേഷ് ഓർത്തെടുത്തു.
ആ... അത് തന്നെ ... ചന്ദ്രബോസ് എന്നയാളുടെ വീടാണ് ... അയാളെ കഴിഞ്ഞ വർഷം ഒരു തല്ല് കേസിൽ ഇവിടെ കൊണ്ട് വന്നിരുന്നു. വന്നപ്പൊ നല്ല വെള്ളമായിരുന്നു. ഇവിടെ കിടന്ന് അലമ്പുണ്ടാക്കിയപ്പോൾ നമ്മുടെ രാജീവ് അയാൾക്കിട്ട് രണ്ട് പെരുക്കിയിരുന്നു.
അതിന്... സുരേഷ് അൽപം അവജ്ഞയോടെയാണ് ചോദിച്ചത്.
അല്ല സാർ.. അയാളുടെ മോള് ... അത് MSc ക്ക് പഠിക്കുന്നതാ. അവൾ കരാട്ടേ , ജിംനാസ്റ്റിക് ചാമ്പ്യനാണ്. അവളായിക്കൂടേ ജയന്തി ആയി വന്നത്. അവൾക്കാവുമ്പോൾ സ്റ്റേഷന്റെ ഉയരമുള്ള മതിൽ സിമ്പിളായി ചാടിക്കടക്കാം.
സുരേഷിന് അത് അത്ര പൊസിബിളായി തോന്നിയില്ല. എന്നാലും അയാളാ സാദ്ധ്യത വിട്ട് കളഞ്ഞില്ല. ഇപ്പോഴത്തെ കാലത്ത് പിള്ളേരൊക്കെ എങ്ങിനെ ചിന്തിക്കും എന്ത് പ്രവർത്തിക്കും എന്ന് പറയാൻ പറ്റില്ല. ചെറിയ പ്രശ്നങ്ങൾ വരെ കൊന്ന് തീർക്കുന്നതാണ് ഇപ്പോഴത്തെ യുവാക്കളുടെ ശൈലി. അതൊക്കെ പോട്ടെ മറ്റേ നക്സൽ രഘു നാട്ടിലെത്തിയാൽ ഉടനെ ഒന്ന് പൊക്കണം.
ഇതിനിടയിൽ സുരേഷ് സന്ധ്യയെ വിളിച്ച് എല്ലാ സ്റ്റേഷനിലും സയനൈഡ് അകത്ത് ചെന്ന് മരണപ്പെട്ട കേസുകളുടെ ലിസ്റ്റ് എടുക്കാൻ പറഞ്ഞേൽപ്പിച്ചു. ഒപ്പം സമീപപ്രദേശങ്ങളിൽ ഗോൾഡ് പ്ലേറ്റിംഗ് ചെയ്യുന്നവരെ പറ്റിയും അന്വേഷിക്കാൻ ഉണ്ണിയെയും പറഞ്ഞു വിട്ടു.
പിറ്റേന്ന് രാവിലെ സുരേഷ് സ്റ്റേഷനിലെത്തുമ്പോൾ അവിടൊരാൾ കാത്തുനിൽപ്പുണ്ടായിരുന്നു.
'നക്സൽ രഘു ' .. ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അയൽക്കാർ പറഞ്ഞേൽപ്പിച്ച പോലെ സ്റ്റേഷനിലേക്ക് അറിയിച്ചതിനെ തുടർന്ന് ഉണ്ണി രാവിലെ തന്നെ രഘുവിനെ സ്റ്റേഷനിൽ എത്തിച്ചിരുന്നു.
സുരേഷ് രഘുവിനെ അകത്തേക്ക് വിളിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സുരേഷിന്റെ ചോദ്യങ്ങൾക്ക് രഘുവിന് ഒറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളൂ.
സാറേ .. ഞാനിപ്പൊ എല്ലാം വിട്ട് ആത്മീയ പാതയിലാണ്. എന്നാലും പണ്ടത്തേപ്പോലെ ഇപ്പോഴും ഒരാളെ തല്ലാനോ കൊല്ലാനോ തോന്നിയാല് ഞാനത് പരസ്യമായി നേരിട്ട് ചെന്ന് ചെയ്യും. അല്ലാതെ ഒളിച്ചും പാത്തും വന്ന് ചെയ്യില്ല.
രഘുവിന്റെ ഉറച്ച വാക്കുകൾ കേട്ടപ്പോൾ അയാൾ പറയുന്നത് സത്യമാണെന്ന് സുരേഷിന് തോന്നി.
അന്ന് ഉച്ചക്ക് സുരേഷ് ഉണ്ണിയെയും കൂടി അവിടെ അടുത്തുള്ള രണ്ട് ഗോൾഡ് പ്ലേറ്റിംഗ് സ്ഥാപനത്തിൽ എത്തി. പക്ഷേ അവിടെ നിന്നൊന്നും പ്രത്യേകിച്ചൊന്നും കിട്ടിയില്ല.
സന്ധ്യ സുരേഷാവശ്യപ്പെട്ട സയനൈഡ് മരണങ്ങളുടെ ലിസ്റ്റ് എത്തിച്ചു.
സർ ..ഇരുപത് വർഷത്തിനുള്ളിൽ ആകെ എട്ട് മരണങ്ങളാണ് നടന്നിട്ടുള്ളത്. അതിൽ നാലെണ്ണം അബദ്ധത്തിൽ സംഭവിച്ചതും മൂന്നെണ്ണം ആത്മഹത്യയും ഒരെണ്ണം കൊലപാതകവുമാണ്. എറണാകുളത്തെ ഒരേ സ്ഥാപനത്തിലെ നാല് പേർ അറിയാതെ സയനൈഡ് അകത്ത് ചെന്ന് മരണപ്പെട്ടു. സന്ധ്യ ഡീറ്റയിൽസ് അടങ്ങിയ ഫയൽ സുരേഷിന് നീട്ടിക്കൊണ്ട് പറഞ്ഞു. സുരേഷ് അത് വാങ്ങി പരിശോദിച്ചു.
സന്ധ്യയോടെ സുരേഷ് വീട്ടിലേക്ക് പോകാനിറങ്ങി. പോകും വഴി വെറുതെ രാജീവിന്റെ വീട്ടിൽ കയറി.
രണ്ട് ദിവസം കൂടി കഴിഞ്ഞ് പോയി. ഒരു ദിവസം രാവിലെ ഉണ്ണി രണ്ട് പ്രധാന വാർത്തകളുമായി സുരേഷിന് മുന്നിലെത്തി. ഒന്ന് ചെന്നൈയിൽ പോയിരുന്ന വീട്ടുകാർ തിരിച്ചെത്തി എന്നതായിരുന്നു. രണ്ടാമത്തെ ന്യൂസ് കുറച്ച് ഗൗരവമുള്ളതായിരുന്നു.
സർ .. രാജീവും നക്സൽ രഘുവും തമ്മിൽ കുറച്ച് വർഷം മുമ്പ് ഒരു പ്രശ്നം നടന്നിരുന്നു. രാജീവ് ഗുരുവായൂരിൽ ടെമ്പിൾ പോലിസിൽ ഉണ്ടായിരുന്ന സമയത്ത് ഒരു പ്രശ്നത്തിന് രഘുവിനെ പിടിച്ചിരുന്നു. രഘു നിരപരാധി ആയത് കൊണ്ട് കേസ് തള്ളിപ്പോയി. അന്ന് പക്ഷേ അയാൾ രാജീവ് മരിച്ച ശേഷമേ വീണ്ടും ഗുരുവായൂർ വരൂ എന്ന് ശപഥം ചെയ്തിരുന്നു. ടെംപിൾ പോലീസിലെ വിനീത് പറഞ്ഞതാണ് ഇത് . രാജീവ് ഈ സ്റ്റേഷനിൽ വന്നത് നാല് മാസം മുമ്പാണ്. സ്വന്തം നാട്ടിൽ സൗകര്യത്തിന് കിട്ടിയപ്പോൾ ഇനി അവൻ പ്രതികാരം ചെയ്തതാണോ സർ ... രാജീവ് മരിച്ച ശേഷം രഘു ആദ്യം പോയതും ഗുരുവായൂർ ക്ഷേത്രത്തിലേക്കാണ്.
ഉണ്ണി പറഞ്ഞത് കേട്ട് സുരേഷ് ചാടിയെഴുന്നേറ്റു.
വാ നമുക്ക് ഇപ്പൊ തന്നെ അയാളെ കാണണം.
സുരേഷും ഉണ്ണിയും രഘുവിന്റെ വീട്ടിലെത്തി. പക്ഷേ അത് അടഞ്ഞു കിടക്കുകയായിരുന്നു. രഘു വന്നാൽ ഉടനെ സ്റ്റേഷനിലെത്തണം എന്നറിയിക്കാൻ അടുത്ത വീട്ടുകാരെ പറഞ്ഞേൽപ്പിച്ച് അവർ തിരിച്ചു പോന്നു. ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആ വീട്ടുകാരുടെ ഫോൺ വന്നു. രഘു വന്നപ്പോൾ അവർ അത് അറിയിച്ചു. പക്ഷേ അൽപ സമയത്തിനുള്ളിൽ രഘു വലിയ ബാഗുമെടുത്ത് തിരക്കിട്ട് പുറത്ത് പോയി.
സർ ... അവൻ രക്ഷപ്പെട്ടല്ലോ.. ഉണ്ണി നിരാശയോടെ പറഞ്ഞു.
വേഗം എല്ലാ സ്റ്റേഷനിലേക്കും ഇൻഫർമേഷൻ പാസ് ചെയ്യണം. അവനെ ഉടനെ പൊക്കണ്ണം. ഉണ്ണീ.. വേഗമാകട്ടെ ... സുരേഷ് പറഞ്ഞതും ഉണ്ണി വേഗം കാര്യങ്ങൾ നീക്കാൻ തുടങ്ങി.
തുടരും

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ