നിഴൽ … ഭാഗം 3
"വാഴ് വിന്റെ നിഴൽ മൂടിയ ഉള്ളറകളിൽ വാക്കുകൾക്കതീതമായി ഓർമ്മയുടെ ഏകാന്തമായ കൂടുകളുണ്ട്. പകലിൽ അലഞ്ഞുതിരിഞ്ഞ ആശകൾ നിശബ്ദമായി രാത്രി തിരികെ വന്ന് എന്റെ ഹൃദയത്തെ മുട്ടി വിളിക്കുന്നു എനിക്ക് കേൾക്കാം ".
' ഘനശ്യാമ ചന്ദ്രികേ നീ മായവേ
ഇരുളിൽ ഞാനേകനായി '
FM റേഡിയോയിൽ പാട്ടും കേട്ട് വല്യച്ഛന്റെ ചാരു കസേരയിൽ ഞാൻ മലർന്ന് കിടന്നു. വല്യമ്മയും വല്യച്ഛനും പുലർച്ചെ തന്നെ അത്യാവശ്യമായി ഇളയ മകളുടെ വീട്ടിലേക്ക് പോയി. അവളുടെ ഭർത്താവിന്റെ അച്ഛന് പെട്ടെന്ന് സുഖമില്ലാതെ ഹോസ്പിറ്റലിൽ ആക്കിയിരിക്കുകയാണ്. അവർ ഇനി തിരിച്ച് വരാൻ സന്ധ്യയാവും. കുറച്ചുനേരം അങ്ങനെ കിടന്ന ശേഷം ഞാൻ എഴുന്നറ്റു കുളിച്ച ശേഷം പ്രാതൽ കഴിക്കാനായി അടുത്ത ചായക്കടയിലേക്ക് പോയി.
ഇവിടെ നിന്ന് ഒരു രണ്ട് കിലോമീറ്റർ മാറി ഒരു ചെറിയ ഓല മേഞ്ഞ ചായക്കടയുണ്ട്. രാവിലെയും വൈകിട്ടും മാത്രമേ തുറക്കൂ. പ്രഭാത , അന്തി ചർച്ചക്കൾക്കായി നാട്ടുകാർ കൂടുന്നത് ഇവിടെയാണ്. ഞാൻ ചെല്ലുമ്പോൾ അവിടെ ആറേഴു പേർ ചർച്ചയും പത്രപാരായണവും ചായകുടിയും ഒക്കെയായി ഇരിക്കുന്നുണ്ട്. അതിൽ ഒന്നുരണ്ട് പേരെ ഞാൻ പരിചയപ്പെട്ടതാണ്. ഒരാൾ വല്യച്ഛന്റെ പച്ചക്കറിതോട്ടത്തിന്റെ തൊട്ടടുത്ത പറമ്പിൽ ഉള്ള മാത്തൻ, പിന്നെ ഒരാൾ വീട്ടിൽ പാൽ കൊണ്ട് വരുന്ന ഗോപി . ഗോപി തന്നെയാണ് അവിടെയൊക്കെ പത്രവും ഇടുന്നത്.
ഞാൻ വരുന്നത് കണ്ട് ടേബിളിന് മുന്നിൽ ഇരുന്നിരുന്ന ചെറുപ്പക്കാരൻ എഴുന്നേറ്റ് മാറിത്തന്നു. അവനോട് ചിരിച്ചു കാണിച്ച് കൊണ്ട് ഞാൻ അവിടെയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാൻ അവരുടെ സംസാരം ശ്രദ്ധിച്ചു. എല്ലാവരും മുഖ്യമായും പറയുന്നത് സ്ഥലം വിറ്റ് പോകുന്നതിനെ കുറിച്ചാണ്. അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായത് അവരെല്ലാം തന്നെ ഏത് നിമിഷം വേണമെങ്കിലും വീടും സ്ഥലവും വിറ്റ് പോകാൻ തയ്യാറാണ് എന്നാണ്, പക്ഷേ ആരും സ്ഥലം വാങ്ങാൻ തയ്യാറാവുന്നില്ല. എത്ര കുറഞ്ഞ വില പറഞ്ഞിട്ടും വാങ്ങാനാളെ കിട്ടുന്നില്ല. വെറുതെ കൊടുത്താൽ പോലും ആർക്കും വേണ്ട എന്നാണ് അവരുടെ അഭിപ്രായം. അയൽക്കാർ പോകുന്നത് പേടിച്ച് നാട്ടു കാരും മറ്റുള്ളവരുടെ സ്ഥലം വാങ്ങാൻ തയ്യാറല്ല.
മുമ്പ് ഞാൻ കരുതിയത് പോലെ ഇത് ഏതെങ്കിലും ഭൂമാഫിയയുടെ കളിയാണ് എന്ന ചിന്ത തെറ്റാണ് എന്ന് എനിക്ക് തോന്നി. ഞാനും വെറുതെ അവരുടെ ചർച്ചയിൽ പങ്ക് ചേർന്നു.
ഇരുളൻ കൊല്ലിയെ പറ്റിയാണ് അവർക്ക് പറയാനുണ്ടായിരുന്നത്. പേര് പോലെ തന്നെ മുളങ്കൂട്ടങ്ങൾ അതിരിടുന്ന അവയുടെ നിഴൽ വീണ് ഇരുണ്ട് കിടക്കുന്ന താഴ് വര. ചോരയുടെ മണമുള്ള അന്ധവിശ്വാസങ്ങളുടെയും ദുരാചാരങ്ങളുടെയും കഥയാണ് അവിടെ എനിക്ക് കേൾക്കാനായത്.
നൂറ്റാണ്ടുകൾക്ക് മുമ്പാണ് സംഭവം നടക്കുന്നത്. അന്ന് ഈ കൊല്ലിയിൽ എവിടെ നിന്നോ കുറെ നാടോടികൾ താമസത്തിനെത്തി. ദുർമന്ത്രവാദവും ചികിത്സയും ആയിരുന്നു അവരുടെ ജോലി. വളരെ വേഗം അവരുടെ രോഗശാന്തി നാട്ടിൽ പ്രസിദ്ധമായി. ഏത് അസുഖവും അവർ വളരെ പെട്ടെന്ന് സുഖപ്പെടുത്തുമായിരുന്നു. മാറാ രോഗങ്ങൾ ദുർമന്ത്രവാദം വഴി വേറൊരാളുടെ ശരീരത്തിലേക്ക് തിരിച്ചു വിടാനും അവർക്ക് കഴിവുണ്ടായിരുന്നു. അത് പോലെ രൂപം മാറൽ പരകായപ്രവേശം തുടങ്ങിയവയിലും അവർ അഗ്രഗണ്യരായിരുന്നു. അതിനിടയിൽ അവർ ചികിത്സിച്ചു വിട്ട ഒരു കുട്ടി പെട്ടെന്ന് മരണപ്പെട്ടു. അതോടെ നാട്ടുകാർ രോക്ഷാകുലരായി കൊല്ലിയിൽ തീയിട്ടു. നാടോടി കുടുംബങ്ങളും അവരുടെ വളർത്ത് മൃഗങ്ങളും എല്ലാം തീയിൽ വെന്ത് മരിച്ചു. മൂന്ന് ദിവസം ആ തീ പടർന്ന് കത്തിയെന്നാണ് വിശ്വാസം. തീ കെടാതായപ്പോൾ അത് അണക്കാനായി പോയവർ കണ്ടത് ഭീകരമായ കാഴ്ചയായിരുന്നു. പാതി കരിഞ്ഞ ശരീരവുമായി കൊല്ലി കയറി വരുന്ന ഭീകര രൂപികൾ . രണ്ട് കാലിലും, നാല് കാലിലും നടക്കുന്ന മനുഷ്യ ശരീരവും മൃഗത്തിന്റെ ശിരശ്ശുമുള്ള വിചിത്രജീവികൾ , അവ കൊല്ലി കയറി വന്നു നാട്ടുകാരെ മുഴുവൻ കൊന്നൊടുക്കാൻ തുടങ്ങി. നാട്ടുകാർ ജീവൻ രക്ഷിക്കാൻ മായാനഗരം എന്ന മാന്ത്രിക ദേശത്തെ മാന്ത്രികരെ കൊണ്ട് വന്നു. അവർ ഈ വിചിത്രജീവികളെ എതിരിട്ട് വകവരുത്തി. പക്ഷേ അതിൽ ചില ജീവികൾ ഓടി രക്ഷപ്പെട്ട് ഒളിച്ചെന്നും അവ ഇപ്പോഴും ആ കൊല്ലിയിൽ എവിടെയോ ജീവിക്കുന്നു എന്നും നാട്ടുകാർ വിശ്വസിക്കുന്നു. അന്ന് നാട്ടിൽ ജീവനോടെ ശേഷിച്ചവർ മരിച്ച് പോയവരുടെ സ്ഥലം കൂടി കൈവശപ്പെടുത്തി. അങ്ങനെ ഈ നാട്ടിൽ വലിയ പുരയിടങ്ങൾ മാത്രമായി.
പലതരം ഹൊറർ സ്റ്റോറികൾ കേട്ടിട്ടുണ്ട് എങ്കിലും ഇത് കുറച്ച് വ്യത്യസ്ഥമായി തോന്നി. തലേന്ന് രാത്രി ഞാൻ കണ്ട നിഴലും മുമ്പ് വല്യച്ഛൻ കണ്ടതായി പറഞ്ഞ രൂപവും ഈ കഥയിൽ പറഞ്ഞ ഭീകര ജീവികളുടെ രൂപവും തമ്മിൽ സാമ്യമുണ്ട്. ഒന്നുകിൽ അന്ധവിശ്വാസം മുതലെടുത്ത് ആരോ വേഷം കെട്ടി നാടകം കളിക്കുന്നതാവാം. അല്ലെങ്കിൽ ….
അല്ലെങ്കിൽ അത് വെറും അന്ധമായ വിശ്വാസമല്ല എന്നുമാവാം. ഞാൻ ഉച്ചത്തേക്കുള്ള ഭക്ഷണം പാഴ്സൽ വാങ്ങി തിരിച്ച് വീട്ടിലേക്ക് നടന്നു. ഈ പട്ടാപ്പകലും ഇവിടെ വഴികളെല്ലാം വിജനമാണ്. എങ്ങും തവിട്ട് നിറമുള്ള മണ്ണുള്ള വരണ്ട ഭൂമി. ഒരു മടുപ്പിക്കുന്ന നരച്ച ചിത്രം പോലെ ഈ പ്രദേശം എനിക്കനുഭവപ്പെട്ടു. കുറച്ച് നടന്ന് കഴിഞ്ഞപ്പോൾ ആരോ പിന്നിലുള്ളതായി ഒരു തോന്നൽ. തിരിഞ്ഞു നോക്കിയപ്പോൾ ശൂന്യം. ഒരു പൂച്ചക്കുഞ്ഞു പോലും ഇല്ല. കണ്ണെത്താദൂരം നീണ്ട് പോകുന്ന വഴി മാത്രം. ഞാൻ വീണ്ടും നടന്നു. വീണ്ടും അതേ തോന്നൽ. അദ്യശ്യമായതെന്തോ പിൻതുടരുന്ന പോലെ . ഞാൻ നടപ്പ് വേഗത്തിലാക്കി. സത്യം പറഞ്ഞാൽ അതൊരു ഓട്ടമായിരുന്നു. വീട്ടിന്റെ ഗേറ്റ് കടന്ന ശേഷമാണ് ഞാൻ നിന്നത്.
ഇങ്ങനെയൊരു കഥ കേട്ടാൽ ഞാൻ കൊല്ലിയിൽ പോയി നോക്കും എന്നറിയാമായിരുന്നത് കൊണ്ടാവും വല്യമ്മയും വല്യച്ഛനും ഇതൊന്നും എന്നോട് പറയാതിരുന്നത്. സംഭവം ശരിയാണ്, ഇത് കേട്ടാൽ ഞാൻ ഏത് ഭയവും അതിജീവിച്ച് അവിടെ പോകാതിരിക്കില്ല. അന്ന് നേരത്തേ തന്നെ ഉച്ചഭക്ഷണം കഴിച്ച് ഞാൻ കൊല്ലിയുടെ ഭാഗത്തേക്ക് തിരിച്ചു.
പൊരി വെയിലിലുള്ള നടപ്പ് എന്നെ ശരിക്കും ക്ഷീണിപ്പിച്ച് കളഞ്ഞു. കൊല്ലിയുടെ ഭാഗം എത്താറായപ്പോഴേക്കും ഞാൻ വിയർത്ത് കുളിച്ചിരുന്നു. കുറെ ദൂരം നടന്നു കഴിഞ്ഞപ്പോൾ കൊല്ലി എത്താറായതിന്റെ സൂചനയായി അകലെ മുളം കൂട്ടങ്ങൾ കണ്ട് തുടങ്ങി. എന്റെ ഹൃദയമിടിപ്പിന് വേഗം കൂടി .
ഞാനിപ്പോൾ നിൽക്കുന്നത് തവിട്ട് മണ്ണ് നിറഞ്ഞ മരുഭൂമിപോലെയുള്ള ഒരു സ്ഥലത്താണ് . ഇനി കഷ്ടിച്ചൊരു അര കിലോമീറ്റർ കൂടി നടന്നാൽ കൊല്ലി എത്തും.
ഇവിടെ പൊതുവെ അന്തരീക്ഷം ശാന്തമാണ് ഇതടവില്ലാതെ വീശുന്ന കാറ്റിന്റെ മുരൾച്ച മാത്രമാണ് കേൾക്കാനാവുന്നത്. ഞാൻ അകലേക്ക് ദൃഷ്ടി പായിച്ചു. അവിടെ കാറ്റിലാടുന്ന മുളം കൂട്ടങ്ങൾ . അവ ഒരു ഭീകര രൂപം പോലെ എനിക്കനുഭവപ്പെട്ടു. കാറ്റിന്റെ ശബ്ദം ആ ഭീകര ജീവിയുടെ മുരളലായി എനിക്ക് തോന്നി. ഞാൻ പതിയെ വലത്തു കാൽ മുന്നോട്ട് വെച്ചു.
നടന്നു നടന്നു ഞാൻ മുളം കൂട്ടങ്ങൾക്കടുത്തെത്തി. അവിടെ എനിക്ക് നല്ല തണുപ്പ് അനുഭവപ്പെട്ടു. മെത്ത പോലെ വീണ് കിടക്കുന്ന ഉണങ്ങിയ ഇലകളിൽ ചവിട്ടി ഞാൻ കൊല്ലിയിലേക്ക് നടന്നു. എന്റെ കാലടികളിൽ കരിയില കരകര ശബ്ദത്തോടെ ഞെരിഞ്ഞമർന്നു, അതിനകമ്പടിയായി കാറ്റിൽ മുളകൾ പൊട്ടുന്ന ശബ്ദം മുഴങ്ങി. മുന്നോട്ട് നടക്കവേ കരിയിലകളിൽ മറ്റാരുടെയോ കാൽപാദം അമരുന്ന ശബ്ദവും ഞാൻ കേട്ടു.
(തുടരും )

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ