സൈക്കോ എന്ന് പറഞ്ഞാൽ പോര... ഒരു എക്സ്ട്രീം സൈക്കോ...
പറഞ്ഞു വന്നത് എന്റെ ഒരു സുഹൃത്തിനെ പറ്റിയാണ്. നേരിട്ടുള്ള സുഹൃത്തല്ല എന്റെ നാട്ടുകാരൻ അത്രയേ ഉള്ളൂ.. അല്ലെങ്കിലും ഇത് പോലുള്ള വട്ടൻമാരെ ഒന്നും ഞാൻ കൂട്ടുകാരാക്കാറില്ല.
ആളെ നമുക്ക് തൽക്കാലം ശ്രീജു എന്ന് വിളിക്കാം. പറഞ്ഞ പോലെ തന്നെ തന്നെ അങ്ങേയറ്റം സൈക്കോ. നമ്മളെയൊക്കെ കൊതുക് കുത്തിയാൽ എന്ത് ചെയ്യും... ടപ്പേ.. ഒറ്റയടി അല്ലേ. പക്ഷേ ഈ പറഞ്ഞവനെ ഗതികേട് കൊണ്ട് ഏതെങ്കിലും കൊതുക് കുത്തിയാൽ അപ്പൊ ഇവന്റെ സൈക്കോ മോഡ് ഓണാവും. പിന്നെ കൊതുക് ചോര കുടിച്ച് തീരുന്നവരെ കാത്തിരിക്കും. അവസാനം ചോര കുടിച്ച് വീർത്ത് ഒരടി നടക്കാൻ പോലും പറ്റാതെ കൊതുക് തളർന്നിരിക്കുമ്പോൾ അതിനെ പിടിച്ച് അര മണിക്കൂർ തെറി വിളിച്ച ശേഷം സൂചി കൊണ്ട് തിരിച്ച് കുത്തി കൊല്ലും. അത് കൊണ്ട് ചോര കിട്ടാതെ ചത്താൽ പോലും നാട്ടിലെ ഒരു കൊതുകും ഇവനെ തൊടാൻ ധൈര്യപ്പെടില്ല. ഒരു ദിവസം ഈ പ്രാന്തനെ കുളത്തിൽ വെച്ച് ഒരു പാവം നീർക്കോലി കടിച്ചു. അതിന്റെ പ്രതികാരത്തിന് ഇവൻ കുളത്തിൽ മുഴുവൻ മുങ്ങിത്തപ്പി അതിലെ സകല നീർക്കോലികളെയും പിടിച്ച് കടിച്ചു കൊന്നു.
അതാണ് ഐറ്റം.. സെക്കോ എന്ന് പറഞ്ഞാൽ പോര അതു ക്കും മേലെ.
നല്ല മികച്ച തള്ളൽ കലാകാരൻ കൂടിയാണ് ശ്രീജു. വയലിന്റെ കരയിലാണ് ഇവന്റെ വീട്. ഒരു മഴക്കാലത്ത് വയലിലെ വെള്ളത്തിൽ ഡോൾഫിനെ കണ്ടു എന്നൊക്കെ ചുമ്മാതങ്ങ് പറഞ്ഞു കളയും. അത് പോലെ തന്നെ പ്രാങ്കിന്റെ കുഞ്ഞമ്മേടെ മോനാണ് ഇവൻ. കൊച്ച് പിള്ളാരെ പ്രേത വേഷം കെട്ടി പ്രാങ്ക് കാണിച്ച് പേടിപ്പിച്ച് ആസ്വദിക്കുന്നത് ഈ സൈക്കോ തെണ്ടിയുടെ സ്ഥിരം പരിപാടിയാണ്. അത് പോലെ തന്നെ പെൺകുട്ടികളുടെ പിന്നാലെ നടന്ന് ശല്യം ചെയ്യുക, മതിലിന് പിന്നിൽ ഒളിച്ച് നിന്ന് അവരുടെ മുന്നിലേക്ക് ചാടി പേടിപ്പിക്കുക ഇതൊക്കെയാണ് പരിപാടി.
അങ്ങനെ ഞങ്ങളെക്കാൾ പ്രായം കുറഞ്ഞ കുറച്ച് പേർ ചേർന്ന് സൈക്കോ ശ്രീജുവിനെ ഒതുക്കാൻ പ്ലാനിട്ടു. അവർ ഞങ്ങളുടെ സഹായം തേടി.
ആ പ്രാന്തനെ ഒതുക്കാൻ ഒരു കാരണം നോക്കി നിൽക്കുകയായിരുന്നു ഞങ്ങളും. എന്തായാലും ശ്രീജു നെ ഒതുക്കണം, സാധാരണ പരിപാടി ഒന്നും പോര. നല്ല ടോപ് ക്ലാസ് പണി വേണം, അതിന് വ്യക്തമായ മാസ്റ്റർ പ്ലാൻ വേണം. ഈ വരുന്ന ഏപ്രിൽ ഒന്നിന് തന്നെ പണി കൊടുക്കാം. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഫൂൾ ആക്കിയതാണെന്ന് പറഞ്ഞ് രക്ഷപ്പെടാം. മാത്രമല്ല ഏപ്രിൽ 1ന് ആ പ്രാന്തനും എന്തെങ്കിലും ഒപ്പിക്കുന്നത് ഒഴിവായിക്കിട്ടും.
പ്രേത വേഷം കെട്ടി കുട്ടികളെ പേടിപ്പിക്കുന്നവന് അതേ നാണയത്തിൽ വേണം പണി കൊടുക്കാൻ.
ആദ്യം പ്രേതം വേണം, പിന്നെ തീ, പുക അങ്ങനെ കുറെ ഐറ്റംസ്. സയൻസിലും
ഇലക്ട്രോണിക്സിലും താൽപര്യമുള്ള ഞാൻ ആണ് ഇതൊക്കെ സെറ്റ് ആക്കേണ്ട ആൾ. അതൊക്കെ നിസ്സാര കാര്യമാണ് എല്ലാം ശരിയാക്കാം. നല്ല അടിപൊളി പ്രേതമാസ്ക് ഒരെണ്ണം തൃശ്ശൂർ പോയി വാങ്ങി, ഒപ്പം വേണ്ട കെമിക്കലുകളും ഇലക്ട്രോണിക്സ് വസ്തുക്കളും.
പ്രേതത്തിന് വേണ്ട ഡ്രസ് ഞാൻ തുണി വെട്ടി തയ്ച്ചു റെഡിയാക്കി, അതിനുള്ളിൽ വേണ്ട അറേഞ്ച് മെൻറ് ഒക്കെ ചെയ്തു.പ്രേതത്തിന്റെ ഒരു കൈ ഫേക്ക് ഹാന്റ് വെച്ചു. നിക്രോം വയറിൽ തീപ്പെട്ടി മരുന്ന് തേച്ച് ആ കയ്യിൽ പിടിപ്പിച്ച് വെച്ചു ബാറ്ററിയിൽ കണക്ഷൻ കൊടുത്തു. മാസ്കിന്റെ കണ്ണിൽ LED ബൾബ് വെച്ചു തിളങ്ങുന്ന കണ്ണ് ആക്കി. കാലിന്റെ ഭാഗത്ത് ഒരു ചെറിയ പുക അടിക്കുന്ന മോട്ടോർ സംവിധാനം ഉണ്ടാക്കി വെച്ചു.
അങ്ങനെ എല്ലാം സെറ്റായി, അവൻമാരെ വേഷം കെട്ടിച്ച് ഫേക്ക് ഹാന്റിൽ തിന്നർ മുക്കി പിന്നെ പുക സംവിധാനത്തിൽ പേപ്പർ കത്തിച്ച് വെച്ച് വിട്ടു. ഈ പുക പ്രേതകോസ്റ്റ്യൂമിന്റെ ഉള്ളിൽ കൂടി വന്ന് പുറത്ത് വരും, ആകെLED യുടെ തിളക്കവും പുകയുന്ന വസ്ത്രവും ഒക്കെക്കൂടി നല്ല അസ്സൽ പ്രേതം. അവർ ശ്രീജുവിന്റെ വീട്ടിൽ ചെന്ന് പേടിപ്പിച്ച് തൂ... അല്ലെങ്കിൽ അത് വേണ്ട.. പേടിപ്പിച്ച് അടപ്പിളക്കി വിട്ടു.. പിറ്റേന്ന് ശ്രീജുവിന് പേടിച്ച് പനിപിടിച്ചു. അവന് മാത്രമല്ല പേടിപ്പിക്കാൻ പോയവൻ മാർക്കും പിറ്റേന്ന് പനി.
അതെന്താപ്പാ.. അങ്ങനെ.
ഇനി അവർ പറഞ്ഞുള്ള അറിവ് പറയാം.
തലേന്ന് രാത്രി അവർ നേരെ ശ്രീജുന്റെ ജനലിൽ ചെന്ന് തട്ടി, അവൻ ജനൽ തുറന്ന് നോക്കിയപ്പോൾ പുകയുമായി തിളങ്ങുന്ന പ്രേതം. പ്രേതം ഫേക്ക് ഹാന്റ് അവന്റെ നേരെ നീട്ടി. അതേ സമയം ബാറ്ററി സ്വിച്ച് ഓൺ ചെയ്തു. നിക്രോം വയർ ചൂടായി തീപ്പെട്ടി മരുന്ന് കത്തി തിന്നർ തീപിടിച്ച് കൈ ആളിക്കത്തി. ഇതോടെ പേടിച്ച് സമനില തെറ്റിയ ശ്രീജു ഒരു വിധം ജനലടച്ചു. പേടിപ്പിക്കലും കഴിഞ്ഞ് ഇവർ നേരെ കോസ്റ്റും നശിപ്പിക്കാനും മേക്കപ്പ് കഴുകാനും വയലിന് അറ്റത്തെ കുളത്തിലേക്ക് പോയി. അവിടെ പോയി എല്ലാം റെഡിയാക്കി തിരിച്ചു വരുന്ന വഴി അകലെ വയലിന്റെ വരമ്പിൽ കൂടി ഒരാൾ നടന്ന് പോകുന്നു. നടന്നു പോകുന്നു എന്ന് പറഞ്ഞാൽ ഒഴുകുന്നു. അയാളുടെ കയ്യിൽ ഒരു വലിയ വടിയും. വടിയുടെ മുകളിലെ അറ്റത്ത് ഒരു പ്രത്യേക ജീവി ഇരിക്കുന്നു. നീണ്ട ചെവിയും കൂർത്ത മുഖവും വലിയ വാലും ഒക്കെ ഉള്ള ഒരു ജീവി. ഇവൻമാരുടെ കൂട്ടത്തിലൊരുവൻ അയാളെ ഒരു കല്ലെടുത്ത് എറിഞ്ഞു. ഗതികേട് കൊണ്ട് അന്ന് ജീവിതത്തിൽ ആദ്യമായി അവന്റെ ഉന്നം കൃത്യമായി, കല്ല് ശരീരത്തിൽ കൊണ്ട അയാൾ പെട്ടെന്ന് തിരിഞ്ഞു. ഇവൻമാർ അയാളുടെ മുഖത്തേക്ക് ടോർച്ചടിച്ചു നോക്കി, അപ്പോഴാണ് ശരിക്കും അവരുടെ കിളി പോയത്, അയാൾക്ക് തലയില്ല അവിടെ ഒരു ശിരോവസ്ത്രം മാത്രം. പെട്ടെന്ന് ആ വടിയിലിരുന്ന ജീവി ഒരു വികൃത ശബ്ദം ഉണ്ടാക്കി ഇവരുടെ നേരെ ഓടി വന്നു. അത് കണ്ട് പേടിച്ച് ഇവർ എങ്ങിനെയൊക്കെയോ ഓടി രക്ഷപ്പെട്ടു.
ഇത് ഉള്ളതാണോ, അവൻ മാർ തള്ളിയതാണോ, ഇനി സൈക്കോ ശ്രീജു ഇവരെ തിരിച്ച് പേടിപ്പിച്ചതാണോ, അതോ മറ്റാരെങ്കിലുമാണോ എന്നൊന്നും അറിയില്ല. എന്തായാലും എല്ലാത്തിനും പനിപിടിച്ചു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ