തെണ്ടൻ... 
 
 
ഞാൻ മുമ്പ് സൂചിപ്പിച്ചിരുന്ന ഒരു കഥാപാത്രമാണ് തെണ്ടൻ. മാടനും മറുതയും ഒടിയനും തേർവാഴ്ചയും പോലെ അത്ര ഫേമസ് ആവാത്ത ഒരാളാണ് തെണ്ടൻ. ഞാനൊരു പ്ലസ് ടു പഠിക്കുന്ന സമയത്താണ് തെണ്ടനെ പറ്റി കേൾക്കുന്നത്.
ഇവിടെ ഒരു ബാർബർ ഉണ്ടായിരുന്നു, ശശി (യഥാർത്ഥ പേരല്ല). ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ ആൾ ഇപ്പോൾ ഇല്ല. ബോംബെയിലെ വെട്ട് പഠിച്ച ആളാണ്, മുടി വെട്ടിക്കഴിഞ്ഞാൽ മസാജ് ഉണ്ട്. മസാജ് ഒക്കെ കഴിയുമ്പോൾ വെട്ടാൻ വന്നവൻ ജീവനോടെ ഉണ്ടെങ്കിൽ ഭാഗ്യം. അത് കൊണ്ട് തന്നെ ഒരു തവണ വെട്ടാൻ പോയവർ പിന്നെ ആ ഭാഗത്തേക്കേ പോകാൻ നിൽക്കാറില്ല. ഞങ്ങൾ നാല് സുഹൃത്തുക്കൾ മാത്രം മസാജ് ചെയ്യില്ല എന്ന ഉറപ്പിൻമേൽ അവിടെ മുടി വെട്ടാൻ പോകും. അയൽക്കാരനായത് കൊണ്ട് പോകാതിരിക്കാനും പറ്റില്ല.
അങ്ങനെ ആയത് കൊണ്ട് ശശിയേട്ടന് ഫ്രീ ടൈമാണ് കൂടുതൽ. അത് കൊണ്ട് തന്നെ ഞങ്ങൾ മുടി വെട്ടാൻ പോയാൽ കുറെ സമയം സംസാരിച്ചിരുന്നേ പോരൂ. ശശിയേട്ടന്റെ തള്ളി മറക്കലുകൾ ഞങ്ങൾക്ക് അടുത്ത തവണത്തെ മുടി വെട്ടൽ വരെ പറഞ്ഞ് ചിരിക്കാനുള്ള വകയാണ്. ശശിയേട്ടൻ ഒരു മുറി മന്ത്രവാദിയാണ്, അതായത് ഒരു പ്രമുഖ മന്ത്രവാദിയുടെ അസിസ്റ്റൻറ് ആണ് (എന്നാണ് പുള്ളി ഞങ്ങളോട് പറഞ്ഞത്). ഓരോ തവണ ചെല്ലുമ്പോഴും മാലയും മോതിരവും പല കളറിലുള്ള ചിരടുകളും ഒക്കെ എടുത്ത് കാണിക്കും. ഇതൊക്കെ ഓരോന്ന് അടുക്കാതിരിക്കാനുള്ള രക്ഷകളാണ് എന്നൊക്കെ തട്ടി വിടും. ഇങ്ങനെ 50 പൈസയും ഒരു രൂപയും ഒക്കെ വിലയുള്ള ഈ വക വസ്തുക്കൾ ഇരുപതും മുപ്പതും രൂപക്ക് ഒക്കെ ശശിയേട്ടൻ വിറ്റിരുന്നു. ഒരു പ്രത്യേകതരം മുത്ത് മാല ഇതേ പോലെ ശശിയേട്ടൻ എന്റെ സുഹൃത്തുക്കൾക്കടക്കം 100 രൂപക്ക് വിറ്റിരുന്നു. അത് പിന്നീട് ഫാൻസി കടകളിൽ 15 രൂപക്ക് വിൽപനക്ക് വന്നിരുന്നതും ചരിത്രം.
ഇങ്ങനെ മുടി വെട്ടാൻ പോയ ഒരു ദിവസമാണ് ശശിയേട്ടൻ തെണ്ടനെ പറ്റി പറയുന്നത്. ശശിയേട്ടന്റെ ഒക്കെ ചെറുപ്പത്തിൽ രാത്രി കിടക്കുമ്പോൾ ചങ്ങല ശബ്ദം കേൾക്കാം, വീടിനു മുന്നിലെ ചെറിയ ഇടവഴിയിലൂടെ ചങ്ങല വലിച്ച് പോകുന്ന ശബ്ദം മുഴങ്ങും. ഇങ്ങനെ കേട്ടാൽ കണ്ണടച്ച് ശബ്ദം ഉണ്ടാക്കാതെ കിടക്കണം. ഒരിക്കലും പുറത്തിറങ്ങി നോക്കരുത്. ശശിയേട്ടൻ ആ പറഞ്ഞതിൽ പകുതി ശരിയുണ്ട് എന്ന് എനിക്ക് ഒരിക്കൽ ബോധ്യപ്പെട്ടു.
ഒരു ദിവസം രാത്രി ഞാൻ ഉറക്കം വരാതെ കിടക്കുമ്പോൾ അതാ വഴിയിൽ ചങ്ങല വലിക്കുന്ന ശബ്ദം. എന്നാൽ പിന്നെ തെണ്ടനെ ഒന്ന് കണ്ട് കളയാം എന്ന് കരുതി ഞാൻ എഴുന്നേറ്റു. വീട്ടിലെ മറ്റുള്ളവർ ഉണരാതിരിക്കാൻ ഞാൻ ലൈറ്റ് ഇടാതെ പതുക്കെ വാതിൽ തുറന്നു, ഞാൻ വീട്ടിലെ പഴയ മോഡൽ നീളമുള്ള ടോർച്ച് എടുത്തു കയ്യിൽ വെച്ചു. ടോർച്ചിന് ഒന്നരയടി നീളമുണ്ടെങ്കിലും ഒരു മിന്നാമിനുങ്ങിനേക്കാൾ കുറച്ച് കൂടുതൽ വെളിച്ചം അത്രേയേ കാണൂ . പഴയ ഫിലമെൻറ് ബൾബ് ടോർച്ച് ഉപയോഗിച്ചവർക്കറിയാം.
അങ്ങനെ ഞാൻ മുറ്റത്തിറങ്ങി ചങ്ങല ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു. ഏകദേശം അടുത്തെത്തിയ ഞാൻ ടോർച്ചിലെ മിന്നാമിനുങ്ങിനെ തെണ്ടന് നേരെ അടിച്ചു. പെട്ടെന്ന് കറുത്ത ഒരു ഭീകരരൂപം എന്റെ നേരെ പാഞ്ഞു വന്നു. തള്ളിനിൽക്കുന്ന നാല് കോമ്പല്ലുകളും തിളങ്ങുന്ന രണ്ട് കണ്ണുകളും മാത്രമേ ഞാൻ കണ്ടുള്ളൂ. കരാട്ടേയുടെ ബാലപാഠങ്ങൾ പറഞ്ഞു തന്ന ബിജേഷ് ക്വാഷിയെ മനസ്സിൽ ധ്യാനിച്ച് ഞാൻ ടോർച്ച് ആഞ്ഞു വീശി. ദേ കിടക്കുന്നുന്നു തെണ്ടൻ വേലിപ്പൊത്തിൽ. മറിഞ്ഞ് വീണ തെണ്ടൻ കൈ.. കൈ.. കൈ എന്ന് കരഞ്ഞുകൊണ്ട് ഓടിപ്പോയി. പാവത്തിന്റെ കൈ ഒടിഞ്ഞ് കാണും എന്ന് കരുതി ഞാൻ തിരിച്ച് വീട്ടിൽ കയറി.
പിറ്റേന്ന് രാവിലെ പുറത്ത് ആകെ ഒച്ചയും ബഹളവും കേട്ടാണ് ഞാൻ ഉണരുന്നത്. മുറ്റത്തിറങ്ങി നോക്കുമ്പോൾ നാട്ടുകാരെല്ലാം കൂടി റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. എന്താണ് കാരണം എന്നറിയാൻ ഞാൻ റോഡിലേക്കിറങ്ങി. അതിലൊരാളുടെ ഒപ്പം ഓടിക്കൊണ്ട് കാര്യം തിരക്കി. അയാൾ കാര്യം പറയാതെ വാ.. വാ എന്നും പറഞ്ഞ് എന്നെയും കൂട്ടി എന്റെ രണ്ട് വീട് അപ്പുറത്തുള്ള ശിവൻ ചേട്ടന്റെ വീടിനടുത്ത് എത്തി. ശിവൻ ചേട്ടന്റെ മുറ്റത്തും വഴിയിലും നിറയെ ആൾക്കൂട്ടം. ദൈവമേ ശിവൻ ചേട്ടൻ തട്ടിപ്പോയോ എന്നും കരുതി ഞങ്ങൾ ആൾക്കൂട്ടത്തെ വകഞ്ഞ് മാറ്റി മുന്നിലെത്തി. അവിടെ ശിവേട്ടന്റെ വേലിക്കൽ നമ്മുടെ ശശിയേട്ടന്റെ പട്ടി ടുട്ടുമോൻ ചങ്ങല കുടുങ്ങി കിടക്കുന്നു. ശശിയേട്ടനും കൂട്ടരും ആവുന്നത്ര അതിനെ പിടിക്കാനും അഴിക്കാനും ശ്രമിക്കുന്നുണ്ട്. പക്ഷേ അവൻ ആരെയും അടിപ്പിക്കാതെ നല്ല കലിപ്പിലാണ്. കുറെ പേർ ചാക്കും വടിയും കയറും ഒക്കെ കൊണ്ട് ഓടി നടക്കുന്നു. നാലഞ്ച് പേർ കടി വാങ്ങി മാറിയിരിക്കുന്നു. അവരെ ആശുപത്രിയിലാക്കാൻ വണ്ടി അന്വേഷിച്ച് ഓടുന്നവർ. അതിനിടയിൽ നിന്ന് ഞാൻ ടുട്ടുമോനെ സൂക്ഷിച്ച് നോക്കി. ടുട്ടുമോന്റെ മുഖം ചതഞ്ഞ് നീരു വെച്ച് വീർത്ത് ഇരിക്കുന്നു.
എനിക്ക് ഏതാണ്ട് കാര്യങ്ങൾ മനസ്സിലായി. ഇന്നലെ അടിച്ച് പരത്തി പറപ്പിച്ച തെണ്ടന്റെ പേര് ടുട്ടുമോൻ എന്നാണ്. ആ തെണ്ടനാണ് ഇപ്പൊ എന്റെ മുന്നിൽ നിൽക്കുന്നത്. നാടു മുഴുവൻ ഇളക്കിമറിച്ച, കുറെയെണ്ണത്തിന് പൊക്കിളിന് ചുറ്റും ഇഞ്ചക്ഷൻ എടുക്കാൻ അവസരം ഉണ്ടാക്കിക്കൊടുത്ത ആ മഹാൻ ഈ ഞാൻ ആണെന്ന കാര്യം ആരോടും പറയാൻ നിന്നില്ല.
അടിപൊളി വാ പൂവാം... ഞാൻ പതുക്കെ വീട്ടിലേക്ക് വലിഞ്ഞു. തിരിച്ചു നടക്കുമ്പോൾ പിന്നിൽ നിന്നും ടുട്ടുമോന്റെ കൈ കൈ കൈ എന്ന കരച്ചിൽ മുഴങ്ങുന്നുണ്ടായിരുന്നു.
ആ സംഭത്തിന് ശേഷം ടുട്ടുമോൻ എന്നെ കാണുമ്പോൾ കൈ കൊണ്ട് മുഖം തടവി പിന്നിലേക്ക് പതിഞ്ഞ് ഇരിക്കും.
ഗുണപാഠം: രാത്രി ചങ്ങല ശബ്ദം കേട്ട് തെണ്ടനെ കാണാൻ ഇറങ്ങിപ്പോയാൽ തെണ്ടിപ്പോകും... ജാഗ്രതൈ

അഭിപ്രായങ്ങള്‍