ഒരു ഇരുപത്തഞ്ച് മുപ്പത് വർഷം മുമ്പാണ്. അന്നെനിക്ക് അഞ്ച് ആറ് വയസ്സ് ഉണ്ടാവും. അത് കൊണ്ട് തന്നെ അധികവും പറഞ്ഞ് കേട്ട അറിവുകളാണ്. ചിലതെല്ലാം കണ്ടും കേട്ടും ഓർമ്മയുണ്ട്. ഒരു ദിവസം രാത്രി ആഡ് വർക്ക് ചെയ്യുന്ന സുധീർ എന്ന സുധി ചേട്ടൻ രാത്രി ജംഗ്ഷനിലെ ഒരു ഷട്ടറിൽ ആഡ് വർക്ക് (കടയുടെ പരസ്യം എഴുതൽ )ചെയ്യുകയായിരുന്നു. രാവിലെ കട തുറന്നിടുന്നതിനാൽ സാധാരണ രാത്രി അടച്ച ശേഷമാണ് ഷട്ടറിൽ പടം വരക്കൽ ചെയ്യാറ്. അങ്ങനെ സുധി ചേട്ടൻ ഷട്ടറിൽ ആട് തോമയുടെ ആഡ് വരച്ച് കൊണ്ട് നിൽക്കുമ്പോൾ ആ കടയുടെ വരിയിൽ അങ്ങേ അറ്റത്ത് ആരോ പതുങ്ങുന്നത് കണ്ടു. എന്തോ ഉടായിപ്പ് കേസ് മണത്ത സുധി ചേട്ടൻ വെളിച്ചത്തിന് വെച്ചിരുന്ന പെട്രോമാക്സ് എടുത്ത് പിടിച്ച് അങ്ങോട്ട് ചെന്ന് നോക്കി. പക്ഷേ അവിടെ ആരും ഉണ്ടായിരുന്നില്ല. വല്ല പൂച്ചയോ വവ്വാലോ ആവും എന്ന് കരുതി സുധി ചേട്ടൻ തിരിച്ച് വന്ന് പടം വര തുടർന്നു. പക്ഷേ വീണ്ടും എന്തോ മറയുന്നത് പോലെ ഒരു തോന്നൽ. പടം വരച്ച് തീർത്ത് രാവിലെ ആവുമ്പോഴേക്കും പെയിന്റ് ഉണങ്ങണം. അത് കൊണ്ട് പിന്നെ അത് ശ്രദ്ധിക്കാതെ സുധിച്ചേട്ടൻ വര തുടർന്നു.
വരക്കുന്നതിനിടയിൽ പല തവണ അങ്ങേ അറ്റത്തായി എന്തോ മറയുന്നതായ തോന്നൽ ഉണ്ടായി. പടം വര ഒക്കെ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ നേരമായപ്പോൾ സുധിച്ചേട്ടന് ചെറിയ പേടി തോന്നിത്തുടങ്ങി. നേരത്തേ വരയുടെ തിരക്കിൽ അത്ര ശ്രദ്ധിച്ചില്ല. പക്ഷേ ഇപ്പോൾ നല്ല പേടി. അന്നാണെങ്കിൽ ഇന്നത്തെ പോലെ രാത്രി തുറന്നിരിക്കുന്ന കടകളോ വണ്ടികളോ ഒന്നും ഇല്ല. പകൽ തന്നെ വളരെ കുറച്ച് വണ്ടികളേ പോകാറുള്ളൂ. മെയിൽ റോഡിൽ നിന്ന് ഇടവഴിയിലേക്കിറങ്ങിയാൽ കുറച്ച് വീടുകളുണ്ട്. പക്ഷേ എല്ലാവരും ലൈറ്റുകൾ അണച്ച് നല്ല ഉറക്കമായിരിക്കും. മെയിൻ റോഡിൽ കൂടി അരക്കിലോ മീറ്റർ നടന്നാൽ പടിഞ്ഞാറോട്ട് ഒരു ഇടവഴിയുണ്ട്. ഈ വഴി അര കിലോമീറ്റർ കൂടി നടന്നാൽ വീട്ടിലെത്താം.
സുധി ചേട്ടൻ രണ്ടും കൽപ്പിച്ച് അവിടെ നിന്നിറങ്ങി. അങ്ങനെ നടന്ന് ഇടവഴി എത്താറായപ്പോൾ മറുഭാഗത്ത് നിന്ന് ആരോ ഇടവഴിയിലേക്ക് തിരിഞ്ഞു. അയാൾക്കൊപ്പം പോകാം എന്ന് കരുതി സുധിച്ചേട്ടൻ ഓടി ഇടവഴിയിലേക്ക് തിരിഞ്ഞു. അയാൾ കുറച്ച് മുന്നിലായുണ്ട്. സുധിച്ചേട്ടൻ വേഗം നടന്നു. പക്ഷേ എത്ര സ്പീഡിൽ നടന്നിട്ടും ഓടിയിട്ടും അയാളുടെ അടുത്ത് എത്തുന്നില്ല. അയാളാണെങ്കിൽ വളരെ പതുക്കെയാണ് നടക്കുന്നത്. അവസാനം ഗതികെട്ട് സുധി ചേട്ടൻ അയാളെ കൂക്കി (പൂയ് ) വിളിച്ചു. വിളി കേട്ട് അയാൾ നിന്നു . സുധിച്ചേട്ടന് സമാധാനമായി. പക്ഷേ പെട്ടെന്ന് അയാൾ തിരിഞ്ഞ് സുധിച്ചേട്ടന് നേരെ നടന്നു അടുത്ത് വന്നു. നടന്നു വന്നു എന്ന് പറഞ്ഞാൽ ഒരു അര സെക്കന്റിനുള്ളിൽ ആൾ അടുത്തെത്തി. അയാളുടെ വേഗത കണ്ട് പേടിച്ച് സുധി ചേട്ടൻ ഞെട്ടി പിന്നിലേക്ക് മാറി. അയാളുടെ മുഖം കണ്ട് സുധിച്ചേട്ടൻ പിന്നെയും ഞെട്ടി. അയാളുടെ തല സാധാരണ മനുഷ്യരെ പോലെ ആയിരുന്നില്ല. അയാളുടെ കണ്ണുകൾ തലയുടെ വശങ്ങളിലേക്ക് നീങ്ങി ആയിരുന്നു , വലിയ നീണ്ട് കൂർത്ത മൂക്കും കവിളിലേക്ക് നീണ്ട വലിയ വായയും . അത് പോലെ ചെവികൾ നീണ്ട് കൂത്ത് തലയുടെ വശങ്ങളിൽ ഉയർന്ന് നിൽക്കുന്നു. രണ്ട് തോളുകളും ഉയർന്ന് മുഴച്ച് നിൽക്കുന്നു. കൈകളിൽ നീണ്ട് കൂർത്ത കറുത്ത നഖങ്ങൾ. കാലുകൾ പരന്ന് മൂന്ന് വിരലുകൾ. സുധിച്ചേട്ടൻ രണ്ട് സെക്കന്റ് അയാളെ അടിമുടി നോക്കി. പിന്നെ ധൈര്യം സംഭരിച്ച് പെട്രോമാക്സ് അയാളുടെ നേരെ എറിഞ്ഞ് ഓടി. വീട്ടിലെത്തിയാണ് പിന്നെ നിന്നത്. അതും വേണം എന്ന് വിചാരിച്ച് നിന്നതല്ല. ശരീരം കോച്ചിവലിച്ച് താഴെ വീണു പോയി. അങ്ങനെ അനങ്ങാനോ സംസാരിക്കാനോ കഴിയാതെ ശരീരം മുഴുവൻ കോച്ചിപ്പിടിച്ച് കടുത്ത വേദന സഹിച്ച് സുധി ചേട്ടൻ മുറ്റത്ത് കിടക്കുമ്പോൾ അതാ ആ ഭീകര രൂപം വീണ്ടും മുന്നിൽ . അതിന്റെ കയ്യിൽ തന്റെ പെട്രോമാക്സും. അത് അടുത്ത് വന്നു പെട്രോമാക്സ് താഴെ വെച്ച ശേഷം കൂർത്ത നഖം സുധിച്ചേട്ടന്റെ നാഭിക്ക് മുകളിൽ കുത്തിയിറക്കി. എന്നിട്ട് ആ ദ്വാരത്തിൽ കൂടി അതിന്റെ നീണ്ട ചെറിയ പാമ്പിന്റെ നാവ് പോലെയുള്ള നാവ് അകത്ത് കടത്തി. കുറച്ച് കഴിഞ്ഞ് അത് എഴുന്നേറ്റ് പോയി. സുധിച്ചേട്ടൻ രാത്രി മുഴുവൻ പേടിച്ച് വിറച്ച് വേദനയും സഹിച്ച് ആ കിടപ്പ് കിടന്നു. പിറ്റേന്ന് രാവിലെ വീട്ടുകാർ പുറത്തിറങ്ങുമ്പോഴാണ് കാണുന്നത്. പ്രശ്നം അവിടെയും തീർന്നില്ല. സുധിച്ചേട്ടന്റെ ശരീരം മുഴുവൻ ചുമന്ന തടിപ്പുകൾ വന്ന് നിറഞ്ഞു.
വീട്ടുകാർ സുധിച്ചേട്ടനെ കുറെ ഡോക്ടറെ കാണിച്ചു. പക്ഷേ ഒരു മാറ്റവും ഉണ്ടായില്ല. ആ സമയത്താണ് വേറൊരു സംഭവം നടക്കുന്നത്.
തെക്കേ വളപ്പിലെ ശ്രീകുമാറും താഴത്തെ ഉണ്ണിയും അടുത്ത സുഹൃത്തുക്കളാണ്. ഇവർക്ക് ഉണ്ണിയുടെ ലാമ്പിയിൽ ( ലാമ്പി സ്കൂട്ടർ ) ഇടക്ക് രാത്രി സിനിമക്ക് പോകുന്ന പതിവുണ്ട്. ഒരു ദിവസം ഇവർ രാത്രി സിനിമ കഴിഞ്ഞ് കടത്തിണ്ണയിൽ ഇരുന്ന് സിഗരറ്റൊക്കെ വലിച്ച് കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് വരുന്നു. ഇടവഴി തിരിഞ്ഞ് കുറച്ചു വരുമ്പോൾ ഒരു ബദാം മരം ഉണ്ട് അതിനടുത്ത് പാർട്ടി കൊടിമരവും ചെറിയ ഷെഡും . ഇവർ ഈ ഭാഗത്ത് എത്തിയപ്പോൾ ആരോ ഷെഡിന് മുന്നിലെ മരപ്പലക കെട്ടി ഉണ്ടാക്കിയ ബെഞ്ചിൽ ഇരിക്കുന്നത് കണ്ടു. ആരെങ്കിലും അടിച്ച് കിളി പോയി ഇരിക്കുന്നതാവും എന്ന് കരുതി ഇവർ അവിടെ വണ്ടി നിർത്തി.
ആരാടാ പാർട്ടിടെ ഷെഡ്ഡിൽ കയറിയിരിക്കുന്നത് ...ബ്ലാങ്കറ്റ് പോലെ തുണി പുതച്ച് കുനിഞ്ഞിരിക്കുന്ന അയാളെ നോക്കി അവർ ദേഷ്യത്തോടെ ചോദിച്ചു. അവരുടെ ചോദ്യം കേട്ട് അയാൾ എഴുന്നേറ്റ് അടുത്ത് വന്നു. ആ ഭീകര രൂപം കണ്ട് പേടിച്ച അവർ വേഗം വണ്ടി വിട്ടു. പക്ഷേ അയാൾ ആ വണ്ടിയുടെ ഒപ്പം ഓടിയെത്തി. എന്നാലും ഇവർ വണ്ടി നിർത്താതെ കത്തിച്ച് വിട്ടു. ഇതിനിടയിൽ പിന്നിലിരുന്ന ശ്രീകുമാറിന് അയാളുടെ മാന്തലേറ്റു. അവർ ഒരു വിധം രക്ഷപ്പെട്ട് വീട്ടിലെത്തി. പക്ഷേ അപ്പോഴേക്കും ശ്രീകുമാർ തളർന്ന് വീണിരുന്നു. എന്നാൽ ഉണ്ണിക്ക് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല.
ഉണ്ണിയുടെ വായിൽ നിന്നാണ് ആ അജ്ഞാതമനുഷ്യനെ പറ്റി നാട്ടിൽ അറിയുന്നത്. ആദ്യം നാട്ടുകാർ അത് അത്ര കാര്യമാക്കിയില്ല. പക്ഷേ രണ്ട് ദിവസം കഴിഞ്ഞ് നാക്കൊന്ന് അനങ്ങിത്തുടങ്ങിയപ്പോൾ സുധിയും ഇതേ കഥ പറഞ്ഞതോടെ നാട്ടുകാർ കൺഫ്യൂഷനിലായി. അടുത്ത ദിവസങ്ങളിൽ മൂന്ന് പേർ കൂടി ഈ മനുഷ്യനെ കണ്ടു. ദേവിക ചേച്ചി രാത്രി വീടിന് മുന്നിലെ വഴിയിൽ കൂടി പോകുന്ന രൂപത്തെ ജനലിൽ കൂടി കണ്ടു. ശിവദാസൻ എന്നൊരാൾ പുലർച്ചെ ചെത്താൻ പോകുന്ന വഴി ഒരാൾ ഓടിപ്പോകുന്നത് കണ്ടു. വീട്ടിന് മുന്നിലെ കോക്കർണിയിലെ വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് നോക്കിയ രജീന്ദ്രൻ വെള്ളത്തിൽ നിന്ന് കയറി വരുന്ന ഭീകര രൂപത്തെ വ്യക്തമായി കണ്ടു. കണ്ടപാടെ പെട്ടെന്ന് ഓടി അകത്ത് കയറിയത് കൊണ്ട് ഭാഗ്യത്തിന് രക്ഷപ്പെട്ടു. നനഞ്ഞിരുന്നതിനാൽ ആ ഭീകര ജീവിക്ക് പിറകെ ഓടാൻ പറ്റിയില്ല.
ഇതോടെ നാട്ടിലാകെ ഭീതി പടർന്നു. ഇരുട്ട് വീഴുന്നതിന് മുൻപേ എല്ലാവരും വീട്ടിൽ കയറാൻ തുടങ്ങി. ഒരു ഏഴ് മണി ആകുന്നതിന് മുമ്പ് എല്ലാവരും ജനലുകളും വാതിലുകളുമെല്ലാം നന്നായി അടച്ച് വീട്ടിലിരിക്കാൻ തുടങ്ങി. പക്ഷേ അന്നത് അത്ര പൊസിബിൾ ആയിരുന്നില്ല. ഭൂരിപക്ഷം വീടുകളിലും അന്ന് ടോയ്ലറ്റ് പുറത്ത് വേറൊരു കെട്ടിടം ആയിട്ടായിരുന്നു. അറ്റാച്ച്ഡ് ബാത്ത്റൂം ഒക്കെ ആകെ ഒന്ന് രണ്ട് വീട്ടിലൊക്കെയേ ഉണ്ടാവൂ. അത് പോലെ വാതിലും ജനലും ഇല്ലാത്ത വീടുകളും ഓലക്കുടിലുകളും ഉള്ളവരും പെട്ടു. ഇതിനിടയിൽ ചില അടച്ചുറപ്പില്ലാത്ത വീടുകളിൽ അജ്ഞാതൻ കൈയ്യിടുകയും എത്തിച്ച് നോക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായി. ഇതോടെ നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെട്ടു. നാട്ടിൽ ആ ജീവിക്ക് ഒരു പേരും വീണു.
 
ഉടുമ്പൻ. 
 
ഈ ജീവി ഉടുമ്പ് നടക്കും പോലെ നടന്നു പോകുന്നത് കണ്ടതായി ചില ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. അതിൽ നിന്നാണ് ഈ പേര് വീണത്. പക്ഷേ സത്യത്തിൽ ഇതിനെ കണ്ടു എന്ന് പറയുന്നതിൽ അധികവും നുണക്കഥകളായിരുന്നു. സംഭവം പ്രശ്നമായതോടെ പോലീസ് കേസെടുത്ത് നാട്ടിൽ ഇറങ്ങി ചോദ്യം ചെയ്തപ്പോളാണ് വ്യാജ ദൃക്സാക്ഷികൾ പെട്ടത്.
രാത്രി ഒന്ന് മൂത്രമൊഴിക്കാൻ പോലും പുറത്തിറങ്ങാൻ പറ്റാതായതോടെ നാട്ടുകാർ സംഘടിച്ച് തിരച്ചിൽ ആരംഭിച്ചു. ചെറിയ സംഘങ്ങളായി തിരിഞ്ഞ് രാത്രി പെട്രോമാക്സും ചൂട്ടുകളും റാന്തലും ഒക്കെയായി നാട്ടുകാർ പല സ്ഥലങ്ങളിലായി തമ്പടിച്ചു. ഇടക്ക് ഉടുമ്പൻ നാട്ടുകാരുടെ മുന്നിൽ നിഴൽ പോലെ പ്രത്യക്ഷപ്പെട്ടു. പക്ഷേ മിന്നൽ പോലെ ഓടി മറയുന്ന ഉടുമ്പനെ പിടിക്കാൻ കഴിഞ്ഞില്ല. അതിനിടയിൽ കിഴുപ്പിള്ളിയിലെ നാരായണന്റെ വീട്ടിന്റെ രണ്ടാം നിലയിൽ ഉടുമ്പൻ കയറി. തിരച്ചിൽ സംഘങ്ങളെല്ലാം ഓടി അവിടെയെത്തി. പോലീസും നാട്ടുകാരും വീട് വളഞ്ഞതോടെ ഉടുമ്പന് രക്ഷപ്പെടാൻ പറ്റാതായി. അതോടെ ഉടുമ്പൻ ടെറസ്സിൽ നിന്ന് താഴേക്ക് ചാടി. താഴെ തലയിടിച്ച് വീണ അത് അപ്പോൾ തന്നെ മരിച്ചു.
ഭീകര മുഖമുള്ള ഒരു രൂപം . എല്ലാവരും അതിന്റെ ചുറ്റും കൂടി . പോലീസ് എത്തി ഉടുമ്പനെ തിരിച്ച് കിടത്തി. അവർ അതിന്റെ മുഖം മൂടി അഴിച്ചെടുത്തു. ഒരു കറുത്ത മനുഷ്യൻ, പോലീസുകാർക്ക് വേഗം ആളെ പിടികിട്ടി. പെരിയാൻ .
പെരിയാൻ എന്ന പേരിൽ അറിയപ്പെടുന്ന ഒരു കുറ്റവാളി. തമിഴ്നാട്ട്കാരനാണ്. നിരവധി കേസുകൾ ഇയാളുടെ പേരിൽ ഉണ്ട്. പെരിയാനാണ് ഉടുമ്പൻ എന്നറിഞ്ഞതോടെ നാട്ടുകാർക്ക് ആശ്വാസമായി. പക്ഷേ പ്രശ്നം അവിടെ തീർന്നില്ല. ഉടുമ്പനെ നേരിൽ കണ്ടവരെ മൃതദേഹം തിരിച്ചറിയാൻ വിളിച്ചു. പക്ഷേ അവർ പറഞ്ഞ രൂപവും പെരിയാന്റെ മുഖം മൂടിയും തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. ഒരു പക്ഷേ പെരിയാൻ പലതരം മുഖം മൂടികൾ മാറി ഉപയോഗിക്കുന്നതാവാം എന്നായി പോലീസ് . എന്നാലും ദുരൂഹതകൾ ഭാക്കിയുണ്ട്. ആദ്യമായി ഇത്ര വേഗമുള്ള സഞ്ചാരം. പിന്നെ ഉടുമ്പൻ മാന്തിയവർക്ക് ഉണ്ടായ കോച്ചിപ്പിടുത്തവും തളർച്ചയും ശരീരം തടിപ്പും . പക്ഷേ പോലീസ് പെരിയാൻ തന്നെയാണ് ഉടുമ്പൻ എന്നു പറഞ്ഞ് അവരുടെ ജോലി അവസാനിപ്പിക്കാനാണ് ശ്രമിച്ചത്. നാട്ടുകാർ സംഘടിച്ച് തിരച്ചിൽ നടത്തുന്നതും വിലക്കി.
രണ്ട് ദിവസത്തിനുള്ളിൽ ഉടുമ്പൻ വീണ്ടും എത്തി ,അതും പോലീസിന് മുന്നിൽ തന്നെ. രാത്രി പതിനൊന്ന് മണിക്ക് വീട്ടിലേക്ക് പോകുകയായിരുന്നു കോൺസ്റ്റബിൾ അബു . മഴ ചാറിത്തുടങ്ങിയത് കൊണ്ട് വേഗത്തിലായിരുന്നു സൈക്കിൾ ചവിട്ടിയത്. പെട്ടെന്ന് അബുവിന്റെ മുന്നിൽ ഉടുമ്പൻ ചാടി വീണു. നിയന്ത്രണം വിട്ട് താഴെ വീണ അബു ചാടിപ്പിടഞ്ഞെഴുന്നേറ്റ് ഓടാൻ ശ്രമിച്ചു. പക്ഷേ കാലുളുക്കിയ അബുവിന് ഓടാനായില്ല. അപ്പോഴേക്കും മഴ ശക്തിയായിരുന്നു. അബു വേച്ച് വേച്ച് കഴിയുന്നത്ര സ്പീഡിൽ നടന്നു. കുറച്ചു നടന്ന് തിരിഞ്ഞ് നോക്കിയപ്പോൾ ഉടുമ്പനും വളരെ ബുദ്ധിമുട്ടി നടക്കുന്നു. അബു അടുത്ത വീട്ടിൽ കയറി ആളെ വിളിച്ചുണർത്തി. അങ്ങനെ നാട്ടുകാർ കൂടി. പക്ഷേ ഉടുമ്പനെ കണ്ടെത്താനായില്ല. അത് തുലാവർഷത്തിന്റെ ആരംഭമായിരുന്നു. പിറ്റേന്നും രാത്രി നല്ല മഴ പെയ്തു . അന്നും ഉടുമ്പൻ ഇറങ്ങിയില്ല. എന്നാൽ അതിനടുത്ത ദിവസം ഉടുംബൻ ഒരു കുടിലിൽ കയറിയ സംഭവം ഉണ്ടായി. അന്ന് മഴ പെയ്തിരുന്നില്ല. അങ്ങനെ മഴയുള്ള ദിവസങ്ങളിൽ ഉടുമ്പന്റെ ഉപദ്രവം ഉണ്ടാവാത്തത് ചിലർ ശ്രദ്ധിച്ചു. അതിനൊപ്പം മുമ്പ് രജീന്ദ്രന്റെ വീട്ടിലെ കോക്കർണ്ണിയിൽ വീണപ്പോഴും ഉടുമ്പൻ നടക്കാൻ ബുദ്ധിമുട്ടിയതും കൂട്ടി വായിച്ചപ്പോൾ ഉടുമ്പന് വെള്ളം പറ്റില്ല എന്ന് നാട്ടുകാർ മനസ്സിലാക്കി. അതിനിടയിൽ മഴ വിട്ടു നിന്ന ഒരു ദിവസം ഉടുമ്പൻ വീണ്ടും ഇറങ്ങി. ഇത്തവണ പക്ഷേ നാട്ടുകാർ വൻ പ്ലാനിംഗിൽ ആയിരുന്നു. അവർ ബലൂണുകളിൽ വെള്ളം നിറച്ച് (പണ്ട് ഇന്നത്തെ വാട്ടർ ബലൂണിനോട് സാമ്യമുള്ള കനം കുറഞ്ഞ ചെറിയ ബലൂണുകൾ ഉണ്ടായിരുന്നു അഞ്ച് പൈസക്ക് അഞ്ചെണ്ണം ഒക്കെ കിട്ടിയിരുന്നു എന്നാണ് ഓർമ്മ) വലിയ സഞ്ചികളിലാക്കി വെച്ചിരുന്നു. ഉടുമ്പൻ ഇറങ്ങിയതായി സിഗ്നൽ കിട്ടിയതോടെ വെള്ളം നിറച്ച ബലൂണുകളുമായി നാട്ടുകാർ ഇറങ്ങി. സംഭവം പന്തിയല്ല എന്ന് തോന്നിയ ഉടുമ്പൻ രക്ഷപ്പെട്ടാൻ ശ്രമിച്ചു. പക്ഷേ നാട്ടിലെ ചില ഉന്നക്കാർ കൃത്യമായി ബലൂൺ ഉടുമ്പന്റെ ശരീരത്തിൽ പ്രയോഗിച്ചു. വെള്ളം നനയും തോറും ഉടുമ്പന്റെ വേഗത കുറഞ്ഞു കൊണ്ടിരുന്നു. അവസാനം ഉടുമ്പൻ ഗതികെട്ട് പുഴയിൽ ചാടി . പുഴവെള്ളം നനഞ്ഞതോടെ ഉടുമ്പൻ തളർന്നു . അങ്ങനെ കുറെ നാൾ നാടിനെ വിറപ്പിച്ച അജ്ഞാത ഭീകരൻ പുഴയിൽ ഒഴുകി കടലിൽ അലിഞ്ഞ് ചേർന്നു. കുറച്ചു നാൾ ഈ കഥ വാർത്തകളായി ന്യൂസ് പേപ്പറുകൾ ആഘോഷിച്ചു. പിന്നെ എല്ലാവരും മറന്നു.

അഭിപ്രായങ്ങള്‍