എന്റെ ഒരു സുഹൃത്താണ് പ്രതീഷ് . പക്ഷേ ഞങ്ങൾ അവനെ പ്രേതേഷ് എന്നാണ് വിളിക്കുക. അതിനുള്ള കാരണവും അവൻ തന്നെ ഉണ്ടാക്കിത്തന്നതാണ്. ഉള്ളതാണോ തള്ളാണോ എന്നൊന്നും അറിയില്ല. എന്നാലും കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു.
കലാനിനിലയം ഡ്രാമാ വിഷന്റെ രക്തരക്ഷസ് എന്ന നാടകം കണ്ടിട്ടുണ്ടോ ? അതൊരു സംഭവമാണ്. കൺചിമ്മുന്ന വേഗത്തിൽ സ്റ്റേജിലെ ദൃശ്യങ്ങൾ മിന്നിമറയുന്നതും വിമാനം സ്റ്റേജിലേക്ക് വരുന്നതും അത് പോലെ ബാക്ക്ഗ്രൗണ്ടിൽ തെളിയുന്ന ചിത്രങ്ങളും ... അതിലെ എടുത്ത് പറയേണ്ട ഘടകമാണ് രക്ഷസ് വരുന്ന ഭാഗങ്ങൾ . വവ്വാൽ വന്ന് ബാഗ് എടുത്ത് കൊണ്ട് പോകുന്നതും പിന്നെ നോക്കുമ്പോൾ ബാഗ് പഴയ സ്ഥാനത്ത് തന്നെ ഇരിക്കുന്നതും. മുകളിൽ നിന്നിറങ്ങി വരുന്ന കൈകളും . അതിൽ രക്തരക്ഷസ് എന്നൊരു കഥാപാത്രമുണ്ട്. കണ്ടാൽ തന്നെ പേടി തോന്നുന്ന ഒരു ഒരു ആറ് ആറര ഏഴടി പൊക്കം വരുന്ന വലിയ രൂപം. അത് സ്റ്റേജിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഭാഗം ഒക്കെ ഭയങ്കര അത്ഭുതമാണ്.
ഇനിയാണ് പ്രേതേഷിന്റെ കഥ വരുന്നത്. പ്രതീഷ് ദുബായിൽ ജോലി ചെയ്യുന്ന കാലം. അന്ന് ഈ രക്തരക്ഷസ് ദുബായിൽ പ്രദർശനത്തിനെത്തി. നാടകത്തിനെ പറ്റി ഭയങ്കര അഭിപ്രായം വരുന്ന സമയമാണ്. എന്നാൽ പിന്നെ ഒന്ന് കണ്ട് കളയാം. അങ്ങനെ പ്രതീഷും സുഹൃത്തുക്കളും കൂടി നാടകത്തിന് പോയി. നാടക സംഘാടകരിൽ പ്രതീഷിന്റെ ഒരു സുഹൃത്തും ഉണ്ടായിരുന്നു. ടിക്കറ്റ് എടുത്ത് അകത്ത് കയറാൻ നിൽക്കുമ്പോഴാണ് ഈ സുഹൃത്ത് വരുന്നത്. മറ്റുള്ളവരെ ഹാളിലേക്ക് വിട്ട് പ്രതീഷും സുഹൃത്തും ആർട്ടിസ്റ്റുകൾ മേക്കപ്പ് ചെയ്യുന്ന സ്ഥലത്തേക്ക് പോയി. അങ്ങനെ അതിലെ ചില കഥാപാത്രങ്ങളെ ഒക്കെ പരിചയപ്പെട്ട് സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ പ്രതീഷിന് മൂത്ര ശങ്ക തുടങ്ങി. സുഹൃത്ത് അവനെ നാടക പ്രവർത്തകർക്ക് വേണ്ടി ഉണ്ടാക്കിയ യൂറിനൽ കാണിച്ച് കൊടുത്തു. അങ്ങനെ പ്രതീഷ് മൂത്രം ഒഴിച്ചു കൊണ്ട് നിൽക്കുമ്പോൾ പെട്ടെന്ന് നാടകത്തിൽ രക്ഷസ് ആയി വേഷമിടുന്ന നടൻ കോസ്റ്റ്യൂമിൽ അങ്ങോട്ട് മൂത്രമൊഴിക്കാൻ കടന്ന് വന്നു.
ആറേഴടി പൊക്കമുള്ള ഭീകര രൂപം കണ്ട പ്രതീഷ് യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമയിൽ ശ്രീനിവാസൻ യക്ഷിയെ കണ്ട സീനിലെ പോലെ "പ്രേതം " എന്നും പറഞ്ഞ് ദേ കിടക്കുന്നു താഴെ.
പ്രതീഷ് ഒരു രസകരമായ സംഭവമായി ആണ് ഇത് ഞങ്ങളോട് പറഞ്ഞത്. പക്ഷേ അത് ഞങ്ങൾക്ക് അവനെ കളിയാക്കാൻ കിട്ടിയ അവസരമായി. അങ്ങനെ ഇരട്ടപ്പേരിടുന്നതിൽ മാസ്റ്റർ ഡിഗ്രി എടുത്ത ഞാൻ അവന്റെ പേര് പ്രേതേഷ് എന്നാക്കിക്കൊടുത്തു. ആ പേര് ക്ലിക്ക് ആവുകയും ചെയ്തു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ