കഴിഞ്ഞ പോസ്റ്റിൽ ഒരു മനയെ പറ്റി പറഞ്ഞിരുന്നു. അതിനു മുൻപ് ഒരു ശശിയേട്ടനെ പറ്റിയും. ഈ കഥയിൽ ഇത് രണ്ടും ഉണ്ട്.
ഞങ്ങളുടെ മുടി വെട്ടാൻ പോക്കും ശശിയേട്ടന്റെ കഥകളും ഒക്കെ തുടർന്നു കൊണ്ടിരുന്നു. അതിനിടയിൽ ശശിയേട്ടൻ ഞങ്ങളുടെ അടുത്ത് നിന്നും വീട് മാറിപ്പോയി. അധികം അകലേക്ക് ഒന്നുമല്ല ഒരു ഇരുന്നൂറ്റി അമ്പതു മീറ്റർ അകലേക്ക്. ശശിയേട്ടന്റെ കടയിൽ നിന്നും പുതിയ വീട്ടിലേക്ക് ഏകദേശം അര കിലോമീറ്റർ വഴി ഉണ്ടാവും. മുൻപ് പറഞ്ഞ മനയുടെയും അടുത്തുള്ള ഒഴിഞ്ഞ പറമ്പുകളുടെ മുന്നിലൂടെയാണ് ഈ വഴി. ഒമ്പതു ഒമ്പതര ഒക്കെ ആവുമ്പോൾ ശശിയേട്ടൻ കടയും പൂട്ടി വീട്ടിലേക്ക് പോകും.
ഒരു ദിവസം ഞങ്ങൾ മുടി വെട്ടാൻ ചെല്ലുമ്പോൾ ശശിയേട്ടൻ പതിവിൽ കവിഞ്ഞ സന്തോഷത്തോടെ ഞങ്ങളെ സ്വാഗതം ചെയ്തു. ഇന്ന് വലിയ എന്തോ തള്ളുകഥ കിട്ടിയിട്ടുണ്ട് എന്ന് ഞങ്ങൾ അടക്കം പറഞ്ഞു. അങ്ങനെ മുടിവെട്ടിനിടയിൽ ശശിയേട്ടൻ കഥ തുടങ്ങി.
ഇനി ശശിയേട്ടന്റെ ഭാഷയിൽ ...
കഴിഞ്ഞ ദിവസം ഒരു സംഭവം ഉണ്ടായി. ഞാൻ കട പൂട്ടി പോകുന്ന വഴി ഏകദേശം മനപ്പറമ്പ് എത്താറായപ്പോൾ പിന്നിൽ ആരോ നടക്കുന്ന ശബ്ദം. പക്ഷെ ഞാൻ തിരിഞ്ഞു നോക്കിയില്ല.
പേടിച്ചിട്ടാണോ.
പേടിയോ ഈ എനിക്കോ... ഉവ്വ ..ഉവ്വേ.. ഇത് മറ്റേതാ.
മറ്റേതോ ഏതു മറ്റേത് പാടത്തെ കല്യാണിയോ.. അവരും ചേട്ടനും തമ്മിൽ.. അയ്യേ...
എടാ പിള്ളേരെ.. നിനക്കൊക്കെ ഈ ഒറ്റ ഒരു വിചാരമേ ഉള്ളോ... മറ്റേത് എന്ന് പറഞ്ഞാൽ ആത്മാവ്.
ആത്മാവോ...
അതെ മനയിൽ നിന്നും ഒഴിപ്പിച്ചു. പക്ഷെ അവർക്ക് പിടിച്ചു കെട്ടാൻ പറ്റിയില്ല. അത്ര കൂടിയ ഇനമാ..
എന്ത് കൂടിയത്..
ഡാ ചെക്കന്മാരെ മിണ്ടാതിരുന്നു കേൾക്ക്.. ഇടയ്ക്കു ഇട്ടു ഇളക്കാൻ നിൽക്കല്ലേ...
ശരി.. ചേട്ടൻ തള്ള്.... അല്ല പറയ് ...
ആ.. കേൾക്ക്... മനക്കാർ നല്ല മന്ത്രവാദികൾ ഒക്കെ തന്നെ പക്ഷെ എല്ലാത്തിനെയും അവർക്ക് പിടിച്ചു കെട്ടാൻ പറ്റില്ല. ചിലവന്മാർ പിടി കൊടുക്കില്ല. അവർ കണ്ണുവെട്ടിച്ചു ഇറങ്ങിപ്പോരും. എന്നിട്ട് രാത്രി ഇറങ്ങിനടക്കും. ഒറ്റയ്ക്ക് കിട്ടുവരുടെ ചോര കുടിക്കും. പക്ഷെ ഞാൻ ആരാ മോൻ. എനിക്കറിയാത്ത വിദ്യ ഉണ്ടോ. ഞാൻ തിരിഞ്ഞു നോക്കാതെ നിന്നു. നടന്നു വന്ന ആത്മാവ് എന്റെ തൊട്ടു പിന്നിൽ വന്നു നിന്നു, ഞാൻ ഒരു മന്ത്രം അങ്ങ് ചൊല്ലി. ആൾക്ക് മനസ്സിലായി ഞാൻ നിസ്സാരക്കാരനല്ല എന്ന്. ആള് മുന്നിൽ വന്നു എന്റെ കാൽക്കൽ വീണു. ഞാൻ അടുത്ത പറമ്പിൽ കയറി ഒരു കൂവ പറിച്ചെടുത്തു എന്നിട്ടു അതിലേക്ക് ആവാഹിച്ചു നേരെ മനക്കുളത്തിൽ കൊണ്ടിട്ടു. ഇനി ആ കുളം വിട്ടു രക്ഷപെടാൻ പറ്റില്ല.
അങ്ങനെ ആ കഥയും കേട്ട് ഞങ്ങൾ തിരിച്ചു പൊന്നു. അന്ന് വൈകുന്നേരം ഞങ്ങൾ സ്ഥിരം മീറ്റിംഗ് പ്ലേസ് ആയ മതിലിൽ ശശിയേട്ടന്റെ തള്ളൽ കഥയും പറഞ്ഞു ഇരിക്കുകയായിരുന്നു. അന്ന് എനിക്ക് പഴയ നോക്കിയ 3310 ഫോൺ ഉണ്ട്. ആ ഫോൺ ഉപയോഗിച്ചവർക്ക് അറിയാം അത് കൊണ്ട് രണ്ടു ഉപയോഗം ഉണ്ട് , ഫോണും ചെയ്യാം അത്യാവശ്യം പട്ടിയെയും ഏറിയാം. ഞാൻ ഈ ഫോൺ എക്സെർസൈസ് ചെയ്യാൻ ഡംബൽ ആയും ഉപയോഗിച്ചിരുന്നു പിന്നീട് അത് വീട് പണിതപ്പോൾ ഒരു ഇഷ്ടിക കുറവിന് പകരം വെച്ചു അഡ്ജസ്റ്റ് ചെയ്തു.
അതെന്തെങ്കിലും ആവട്ടെ. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങൾ എവിടെ ഉണ്ടെന്നു ചോദിച്ചു കൊണ്ട് എനിക്ക് ശശിയേട്ടന്റെ ഫോൺ. അടുത്ത ഷോപ്പിലെ ലാൻഡ് ഫോണിൽ നിന്നാണ് വിളിക്കുന്നത് . സ്ഥിരം സ്ഥലത്തു ഉണ്ടെന്നു പറഞ്ഞപ്പോൾ അവിടെ തന്നെ കാത്തുനിൽക്കാൻ പറഞ്ഞു. കുറെ സമയം കഴിഞ്ഞപ്പോൾ അതാ ശശിയേട്ടൻ വരുന്നു.
ശശിയേട്ടന്റെ കടയിൽ നിന്നും ഇവിടേക്ക് മനപ്പറമ്പ് വഴി ആണെങ്കിൽ ആകെ 700 മീറ്റർ ഒക്കെ വഴി ഉണ്ടാവൂ. അതിനു പകരം സെന്റർ കൂടി ഒന്നര കിലോമീറ്ററിൽ അധികം ചുറ്റിയാണ് ശശിയേട്ടൻ വന്നത്. നിങ്ങൾ എന്നെ ഒന്ന് വീട്ടിൽ കൊണ്ടാകണം. ശശിയേട്ടൻ പറഞ്ഞു.
അങ്ങനെ ഞങ്ങൾ ശശിയേട്ടനെ കൊണ്ടാക്കാൻ പോയി. പോകുന്ന വഴി ഞങ്ങൾ കാര്യം അന്വേഷിച്ചു. കുറെ നിര്ബന്ധിക്കേണ്ടി വന്നു കാര്യം പറയാൻ.
സംഭവം ഇതാണ്. രാവിലെ പുള്ളി ഞങ്ങളോട് ആത്മാവിനെ കണ്ട കഥ തള്ളിവിട്ടു, അത് തന്നെ അന്ന് കടയിൽ വന്ന പലരോടും പറഞ്ഞു. അങ്ങനെ പറഞ്ഞു പറഞ്ഞു ശശിച്ചേട്ടന് തന്നെ ഉള്ളിൽ ഭയം കയറി. രാത്രി കട അടച്ചു ഇടവഴിയിലേക്ക് കടന്നപ്പോൾ ആ കഥ ഓർമ്മ വന്നു. പിന്നെ എന്തോ മനപ്പറമ്പ് വഴി വരാൻ പുള്ളിക്കൊരു പേടി. ഇനി ഇപ്പൊ ശരിക്കും അവിടെ എങ്ങാൻ വല്ല ആത്മാവും ........ഏത്...
അങ്ങനെ സ്വന്തം കഥ കേട്ട് സ്വയം പേടിച്ച ശശിയേട്ടൻ അത് വരെ ഉണ്ടാക്കി വെച്ചിരുന്ന വീരപരിവേഷം ഒക്കെ അതോടെ തീർന്നു. പിന്നെ മുടി വെട്ടാൻ പോകുമ്പോൾ ശശിയേട്ടൻ വായ തുറക്കില്ല എന്ന അവസ്ഥ ആയി. ഈ തള്ളലും ഒപ്പം മുൻപ് പറഞ്ഞ മസാജിങ്ങും നിർത്തിയതോടെ പുള്ളിയുടെ കടയിൽ വീണ്ടും തിരക്കായി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ