അടുത്ത സുഹൃത്തുക്കളാണ് രഞ്ചുവും നിവിനും. രണ്ട് പേരും അയൽക്കാരും ഒരേ ക്ലാസിൽ പഠിക്കുന്നവരും ഒരേ ഹോസ്റ്റലിലെ റൂം മേറ്റ്സും ആണ്. ഹോസ്റ്റൽ ഫുഡും റൂമും ഒക്കെ മോശമായത് കൊണ്ട് അവർ കുറഞ്ഞ ചിലവിൽ ഒരു താമസ സ്ഥലം അന്വേഷിച്ചു. അങ്ങനെ ചില ഫ്രണ്ട്സ് വഴി ഒരു വീടിനെ പറ്റി അറിഞ്ഞു. കോളജിൽ നിന്ന് കുറച്ച് മാറിയുള്ള ഒരു വീടാണ്. ന്യൂസിലന്റിൽ നിന്ന് പ്രവാസം നിർത്തി നാട്ടിൽ വന്ന ഒരാളുടെ വീടാണ് അവിടെ അയാളും ഭാര്യയും മാത്രമേ താമസമുള്ളൂ. ക്ലിൻറ് എന്നായിരുന്നു അയാളു പേര് ഭാര്യ മെഴ്സി. താഴെ നിലയിൽ അവർ താമസിക്കുന്നു. മുകൾ ഭാഗം വാടകക്ക് കൊടുക്കാനായി ലോഡ്ജ് മുറികൾ പോലെ പണിതിരിക്കുന്നു. ആകെ ഏഴ് മുറികളുണ്ട്. അതിൽ ആറെണ്ണം വാടകക്ക് കൊടുത്തിരിക്കുന്നു. അതിലൊരു മുറി ഒഴിവ് വന്നപ്പോൾ കൂട്ടുകാർ വഴി അറിഞ്ഞ രഞ്ചുവും നിവിനും അവിടെ താമസം തുടങ്ങി. താമസിക്കാൻ ചെല്ലുമ്പോൾ തന്നെ ഏഴാമത്തെ മുറിയുടെ അടുത്തേക്ക് ചെല്ലരുത് എന്ന് ക്ലിന്റ് അവരെ വിലക്കിയിരുന്നു. പണ്ട് മരണപ്പെട്ട അവരുടെ മകളുടെ വസ്തുക്കൾ അവിടെ സൂക്ഷിച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്. ഈ മുറി മറ്റ് മുറികളിൽ നിന്ന് വിട്ട് ഒറ്റക്കാണ് നിൽക്കുന്നത്.
അവർ രണ്ട് പേരും അവിടെ താമസം തുടങ്ങി. തൊട്ടടുത്ത മുറികളിൽ അവിടത്തെ വേറെ ഒരു കോളജിലെ സ്റ്റുഡന്റ്സ് ആയിരുന്നു. അതിനപ്പുറത്ത് രണ്ട് മുറികളിൽ അടുത്ത കമ്പനികളിലെ ജോലിക്കാരും അവസാന മുറിയിൽ ഒരു രാഷ്ട്രീയക്കാരനും ആയിരുന്നു താമസം. ചെന്നപ്പോൾ മുതൽ രഞ്ചുവിനും നിവിനും ഈ മുറി തുറന്ന് കാണണം എന്ന് അഗ്രഹം ഉണ്ടായിരുന്നു. കുറച്ച് ദിവസം കൊണ്ട് അവിടത്തെ താമസക്കാരെ പരിചയപ്പെട്ടപ്പോൾ ഈ അഗ്രഹത്തിന്റെ കാര്യം അവരോടും പറഞ്ഞു. ഇതേ ആഗ്രഹം എല്ലാവർക്കും ഉണ്ടായിരുന്നു. ഒന്ന് രണ്ട് പ്രാവശ്യം ചിലർ അങ്ങോട്ട് പോകാനും ശ്രമിച്ചു. പക്ഷേ ആ മുറിയുടെ അടുത്ത് എത്തിയപ്പോൾ പെട്ടെന്ന് ക്ലിന്റ് പ്രത്യക്ഷ്യപ്പെട്ട് അവരെ തടഞ്ഞു. അയാൾ എവിടെ നിന്ന് ആ സമയത്ത് പെട്ടെന്ന് അവിടെ എത്തി എന്ന് അവർക്ക് അതിശയം തോന്നി.
താമസം തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞാണ് അവർ മെഴ്സിയെ കാണുന്നത്. അവരെ കണ്ടതും രണ്ടു പേരുടെയും കണ്ണ് തള്ളിപ്പോയി. തീരെ പ്രായം കുറഞ്ഞ നല്ല സുന്ദരി . മുതുക്കനായ ക്ലിന്റിന് എങ്ങനെ ഇവരെ ഭാര്യയായി കിട്ടി എന്ന് അവർ അത്ഭുതപ്പെട്ടു.
അങ്ങനെ പോകുമ്പോൾ ഒരു ദിവസം രാത്രി നിവിൻ ഒരു സിഗരറ്റും വലിച്ച് റൂമിന് പുറത്ത് വരാന്തയിൽ നിൽക്കുമ്പോൾ ക്ലിന്റ് തന്റെ പഴയ അംബാസിഡർ കാർ എടുത്ത് പുറത്ത് പോകുന്നത് കണ്ടു. ക്ലിൻറ് ഇല്ലാത്ത തക്കത്തിന് ഏഴാം നമ്പർ മുറിയിൽ പോയി നോക്കാം എന്ന് കരുതി നിവിൻ രഞ്ചുവിനെ വിളിക്കാൻ മുറിയിലേക്ക് കയറി. പക്ഷ രഞ്ചു ആ സമയം ബാത്ത്റൂമിലായിരുന്നു. മറ്റ് മുറികളിൽ ഉള്ളവരൊന്നും ആ സമയം അവിടെ ഉണ്ടായിരുന്നില്ല. അത് കൊണ്ട് നിവിൻ തനിയെ പോയി നോക്കാൻ തീരുമാനിച്ചു. അങ്ങനെ നിവിൻ ആ മുറിയുടെ മുന്നിലെത്തി. അവിടെ ജനാലകളെല്ലാം ഉള്ളിൽ നിന്ന് മറച്ച നിലയിലായത് കൊണ്ട് അകത്ത് ഒന്നും കാണാൻ വയ്യ. ആകെയുള്ളത് താക്കോൽ പഴുതാണ്.
നിവിൻ താക്കോൽ പഴുതിൽ കണ്ണ് ചേർത്ത് അകത്തേക്ക് നോക്കി. എല്ലാവരും കരുതിയത് പോലെ അത് ഒരു മുറി ആയിരുന്നില്ല. താഴെ നിന്ന് മുകളിലേക്കുള്ള ഗോവണി വന്ന് കയറുന്ന റൂം ആയിരുന്നു അത്. നിവിൻ അങ്ങനെ നിൽക്കുമ്പോൾ സോഫി ഒരു ബാസ്കറ്റുമായി താഴെ നിന്ന് കോണിപ്പടി കയറി മുകളിലേക്ക് വരുന്നത് കണ്ടു. ഒന്ന് തല ഉയർത്തി ചുറ്റും നോക്കിയ ശേഷം നിവിൻ വീണ്ടും താക്കോൽ പഴുതിലൂടെ നോക്കി. അകത്തേക്ക് നോക്കിയ നിവിൻ ഞെട്ടി പിന്നിലേക്ക് ചാടി . താക്കോൽ പഴുതിനപ്പുറം മേഴ്സിയുടെ മുഖം. അവൾ പഴുതിലൂടെ പുറത്തേക്ക് നോക്കാൻ തുടങ്ങുന്നു.
നിവിൻ വേഗം ഓടി മുറിയിലെത്തി. അവൾ തന്നെ കണ്ട് കാണുമോ . ഏയ് അതിന് സാദ്ധ്യതയില്ല. നിവിൻ അങ്ങനെ ചിന്തിച്ച് കൊണ്ടിരിക്കുമ്പോൾ രഞ്ചു മുറിയിലേക്ക് കയറി വന്നു.
നീയെവിടെ പോയതാ .. നിവിൻ ചോദിച്ചു.
അത് കൊള്ളാം ... ഞാൻ സോപ്പ് വാങ്ങാൻ .. നിന്നോട് പറഞ്ഞിട്ടല്ലേ പോയത്.
ഏ..എപ്പൊ ..
നീ സിഗരറ്റും വലിച്ച് പുറത്ത് നിൽക്കുമ്പോ .
അപ്പൊ ഞാൻ അകത്ത് വന്നപ്പൊ നീ ബാത്ത് റൂമിൽ ഉണ്ടായല്ലോ.
എഴിച്ച് പോടേ... കടയിൽ പോയ ഞാൻ ബാത്ത്റൂമിലോ നീ വലിച്ചത് സിഗററ്റ് തന്നെ ആണോ ... അതോ മറ്റവനോ .
അവർ സംസാരിക്കുന്നതിനിടയിൽ അടുത്ത റൂമിലെ പ്രജീഷ് അങ്ങോട്ട് വന്നു.
നീയെപ്പൊ വന്നു ... പ്രജീഷിനെ കണ്ട് നിവിൻ ചോദിച്ചു.
അയിന് ഞാനെവിടെയും പോയില്ലല്ലോ.
നിങ്ങളൊക്കെ നാട്ടിൽ പോയില്ലേ .. നിവിൻ ചോദിച്ചു.
ഏത് നിങ്ങൾ .. നിന്റെ കിളി മൊത്തം പോയോ . . രഞ്ചു ദേഷ്യത്തോടെ നിവിനെ തട്ടി. നിവിൻ ചാടിയെഴുന്നേറ്റ് പുറത്തിറങ്ങി നോക്കുമ്പോൾ എല്ലാ മുറികളിലും ആളുണ്ട്. ഇതെന്ത് മറിമായം. ഇനി എല്ലാം തന്റെ തോന്നലാണോ . നിവിൻ അപ്പൊ തന്നെ രഞ്ചുവിനെ കൂട്ടി ഏഴാമത്തെ മുറിയുടെ മുന്നിലെത്തി . അവിടെ നേരത്തെ കണ്ട താക്കോൽ പഴുതിലൂടെ അവൻ വീണ്ടും നോക്കി . പക്ഷേ അതിൽ കൂടി ഒന്നും കാണാനാവുന്നില്ല. പഴുതിന്റെ അപ്പുറം എന്തോ വെച്ച് മറച്ചിരിക്കുന്നു. എല്ലാം തന്റെ തോന്നലാണ് എന്ന് സമാധാനിച്ച് നിവിൻ മുറിയിലെത്തി.
അന്ന് രാത്രി നിവിന് ഉറക്കം വന്നില്ല. അങ്ങനെ കിടക്കുമ്പോൾ അംബാസിഡർ തിരിച്ചു വരുന്ന ശബ്ദം. നിവിൻ പതുക്കെ പുറത്തിറങ്ങി എത്തി നോക്കി. ക്ലിന്റ് കാറിന്റെ ഡിക്കി തുറന്ന് ഒരു ബാസ്കറ്റ് പുറത്തെടുക്കുന്നു. ആ ബാസ്കറ്റ് കണ്ട് നിവിൻ ഞെട്ടിപ്പോയി. കുറച്ച് മുമ്പ് മേഴ്സിയുടെ കയ്യിൽ കണ്ട അതേ ബാസ്ക്കറ്റ്. നിവിൻ വേഗം ഏഴാം മുറിയുടെ മുന്നിലെത്തി . അവൻ പേടിച്ച് പേടിച്ച് താക്കോൽ പഴുതിലൂടെ നോക്കി. അതാ മേഴ്സി ബാസ്കറ്റുമായി കോണിപ്പടി കയറി വരുന്നു. പെട്ടെന്ന് ആരോ നിവിന്റെ തോളിൽ കൈ വെച്ചു.
നിവിൻ ഞെട്ടി തലയുയർത്തി നോക്കുമ്പോൾ തൊട്ടു മുന്നിൽ ക്ലിന്റ്. അവിടേക്ക് വരരുത് എന്ന് പറഞ്ഞിട്ടില്ലേ എന്ന് ചോദിച്ച് ക്ലിൻറ് ദേഷ്യപ്പെട്ടു. നിവിൻ സോറി പറഞ്ഞ് മുറിയിലേക്ക് പോയി.
ആ രാത്രി നിവിന് ഉറങ്ങാനായില്ല. അത് കൊണ്ട് പിറ്റേന്ന് അവൻ ക്ലാസിൽ പോയില്ല. എന്നാൽ കോളജിലെ തന്റെ കാമുകിയെ കാണാനുള്ള ആഗ്രഹം കാരണം രഞ്ചു ലീവെടുക്കാതെ ക്ലാസിൽ പോയി . രഞ്ചു പോകുമ്പോൾ നിവിൻ നല്ല ഉറക്കത്തിലായിരുന്നു. അവൻ അങ്ങനെ കിടക്കുമ്പോൾ എന്തോ ശരീരത്തിൽ സ്പർശിക്കുന്നതായി ഒരു തോന്നൽ. കൂർത്ത എന്തോ ശരീരത്തിൽ അമരുന്നത് പോലെ . ആരോ നിവിനെ പിടിച്ച് മലർത്തിക്കിടത്തി മുടി കോതി മാറ്റി. ഇപ്പോൾ ആ കൂർത്ത വസ്തു തലയിൽ അമർന്നിരിക്കുന്നു. ആരോ മുടിയിൽ പിടിച്ച് തല ഉയർത്തുന്നത് പോലെ ഒരു തോന്നൽ. രണ്ട് സെക്കന്റ് കഴിഞ്ഞപ്പോൾ പെട്ടെന്ന് നിവിന്റെ തല ശക്തിയായി ബെഡിലേക്ക് പതിച്ചു. അതോടെ അവൻ ഞെട്ടി ഉണർന്നു. അപ്പോഴാണ് താൻ സ്വപ്നം കണ്ടതാണെന്ന് അവന് മനസ്സിലായത്. പക്ഷേ അത് സ്വപ്നം തന്നെയാണോ എന്ന് നിവിന് സംശയം തോന്നി. അവന് അപ്പോഴും മുടി വലിഞ്ഞതിന്റെയും കൂർത്ത വസ്തു തലയിൽ അമർന്നതിന്റെയും അസ്വസ്ഥത ഉണ്ടായിരുന്നു. നിവിൻ എഴുന്നേറ്റ് പുറത്തിറങ്ങിയതും പെട്ടെന്ന് ഏഴാമത്തെ മുറിയുടെ വാതിൽ അടയുന്ന ശബ്ദം കേട്ടു.
നിവിൻ ഞെട്ടി അങ്ങോട്ട് നോക്കി. അവിടെ മുറിക്ക് പുറത്ത് കറുത്ത ചരടിൽ കെട്ടിയിട്ടിരുന്ന ദൃഷ്ടി ഈവിൾ ഐ ലോക്കറ്റ് വാതിലടഞ്ഞ ശക്തിയിൽ അപ്പോഴും ആടുന്നുണ്ടായിരുന്നു. നിവിൻ അത് നോക്കി നിൽക്കുന്നതിനിടയിൽ താഴെ എന്തോ ശബ്ദം കേട്ടു അങ്ങോട്ട് ശ്രദ്ധിച്ചു. ക്ലിന്റ് ദേഷ്യത്തോടെ വീട്ടിൽ നിന്നിറങ്ങി വന്ന് കാറിൽ കയറുന്നു. കാറിൽ കയറുന്നതിനിടയിൽ അയാൾ മുകളിൽ നിൽക്കുന്ന നിവിനെ നോക്കി. കോപം കൊണ്ട് ചുവന്നുതുടുത്ത് വലിഞ്ഞു മുറുകിയ അയാളുടെ മുഖം കണ്ട് നിവിന് പേടി തോന്നി.
(തുടരും )

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ