മുമ്പ് ഞാൻ വർക്ക് ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് കുറെ വർഷങ്ങൾ മുമ്പ് ഒരു വാൽപ്പാറ ട്രിപ്പ് പ്ലാൻ ചെയ്തു. പഴ സ്റ്റാഫ് ആയിരുന്ന എന്നെയും ടൂറിന് വിളിച്ചു. പല പ്രായത്തിൽ ഉള്ളവർ ഉണ്ടായിരുന്നു, യൂത്തൻമാരായി ഞങ്ങൾ5 പേരും, ഞാൻ, ഗിരിഷ്, സുധി, പ്രമോദ്, നിഖിൽ. ഞങ്ങൾ പാലക്കാട് വഴി പോയി മലക്കപ്പാ അതിരപ്പിള്ളി വഴി തിരിച്ച് പോരാൻ ആയിരുന്നു പ്ലാൻ. വാൽപ്പാറയിൽ സാമാന്യം നല്ല ഒരു ഹോം സ്റ്റേ തന്നെ കിട്ടി. യാത്രാ ക്ഷീണം കാരണം എല്ലാവരും നേരത്തെ കിടന്നുറങ്ങി. പക്ഷേ യൂത്തൻമാർക്ക് ഉറങ്ങാനാവില്ല. ഞങ്ങൾ പതുക്കെ പുറത്തിറങ്ങി, റോഡിലൊന്നും അധികം ആരും ഇല്ല. വഴിയുടെ ഒരു ഭാഗത്ത് വെറുതെ കിടക്കുന്ന സ്ഥലമാണ്, അവിടവിടെയായി ഹോം സ്റ്റേകൾ. മറുഭാഗത്ത് നീണ്ടു കിടക്കുന്ന മതിലാണ്, അതിന്റെ വശങ്ങളിൽ കുറച്ച് കച്ചവടക്കാർ. നല്ലമരം കോച്ചുന്ന തണുപ്പാണ്. കുറച്ച് നടന്ന് കഴിഞ്ഞപ്പോൾ സുധിക്ക് ഒരു ആഗ്രഹം.
എടാ തമിഴ്നാട്ടിൽ ഇതൊക്കെ ചീപ്പ് ആയി കിട്ടും. അത് കേട്ടതും ഗിരീഷും നിഖിലും അവന്റെ കൂടെ കൂടി. നല്ല അടി നാട്ടിൽ കിട്ടുമല്ലോ ഇനി തമിഴ്നാട്ടിൽ വന്ന് ഭാഷയറിയാത്ത അടി വാങ്ങണോ എന്നായി ഞാനും പ്രമോദും. അവസാനം അവരുടെ നിർബന്ധം സഹിക്കാതായപ്പോൾ കൂടെ ചെല്ലാം വേറെ ഒന്നിനും ഇല്ല എന്ന വ്യവസ്ഥ വെച്ച് ഞങ്ങൾ ഒപ്പം ചെന്നു. ഒരു വ്യവസ്ഥ കൂടി ഉണ്ട്, അടിവന്നാൽ ആരെയും നോക്കാൻ നിൽക്കാതെ ഞങ്ങൾ ഓടും.
എല്ലാം ഒകെ.. അങ്ങനെ അങ്ങൾ മുന്നോട്ട് നടക്കുമ്പോൾ മതിലിന്റെ ഒരു വശത്ത് അമൃതാനന്ദമയിയെ പോലെ ഉള്ള ഒരു സ്ത്രീയും പിന്നെ ഒരു പയ്യനും കുറച്ച് പച്ചക്കറി ഒക്കെ വെച്ച് നിൽക്കുന്നു. സുധി നേരെ അമൃതാനന്ദയുടെ അടുത്ത് ചെന്ന് മടിച്ച് മടിച്ച് അറിയാവുന്ന തമിഴ് വെച്ച് ചോടിച്ചു.. അക്കാ ഇങ്കെ പൊണ്ണ് കിടക്കുമാ.
പെണ്ണാ.. എടാ.. ഓടടാ.. അവൻ പെണ്ണിനെ തപ്പി വന്നേക്കുന്നു. നല്ല പച്ചമലയാളത്തിൽ മറുപടി. അത് കേട്ടപ്പോൾ തന്നെ ഞങ്ങൾ തിരിച്ച് വിട്ടു. വരുന്ന വഴി ഞങ്ങളുടെ ഒപ്പം വന്ന സന്തോഷ് ചേട്ടൻ വരുന്നു, സിഗരറ്റ് തപ്പി ഇറങ്ങിയതാണ്. ഞങ്ങളെ കണ്ട് പുള്ളി കാര്യം തിരക്കി. ഞങ്ങൾ ഉള്ളത് പറഞ്ഞു.
എടാ അതൊന്നും ഇവിടെ കിട്ടില്ല, പൊള്ളാച്ചി പോണം.
പൊള്ളാച്ചിയല്ല പട്ടായ പോയിട്ടായാലും നടത്തിയേ അടങ്ങൂ എന്ന വാശിയിൽ സുധിയും മറ്റ് രണ്ട് പേരും. അങ്ങനെ ഞങ്ങൾ സ്റ്റാൻറിൽ ചെന്ന് ബസ് കയറി. ബസ്സിൽ കയറിയ ശേഷമാണ് അറിഞ്ഞത് അവിടന്ന് പൊള്ളാച്ചിക്ക് പത്തറപത്തിനാല് കിലോമീറ്റർ ഉണ്ടെന്ന്. എന്തായാലും പെട്ട് പോയി ഇനി പോകുക തന്നെ. മറ്റവൻ മാർ നല്ല ത്രില്ലിലാണ്, ഇപ്പൊ കിട്ടും ലോട്ടറി എന്ന ഭാവത്തിൽ. പോകുന്ന വഴി മുഴുവൻ വളവും തിരിവും കുന്നും മലയും, അത് കൊണ്ട് ഈ അറുപത് കിലോമീറ്റർ എത്താൻ ഇരട്ടി സമയം വേണം.
അവസാനം ഒരു വിധം പൊള്ളാച്ചി ബസ് സ്റ്റാന്റിൽ ചെന്നിറങ്ങി. അവിടെ കാല് കുത്തിയതും ആകെ ടെറർ സീൻ. ബസ് സ്റ്റാന്റിന്റെ നടുക്ക് തന്നെ പോലീസിന്റെ ഒരു ക്യാബിൻ ഉണ്ട്. ഒരാൾ അതിനുള്ളിൽ കയറി എന്തോ പറഞ്ഞു, ഉടനെ പോലീസുകാർ കയ്യിൽ കിട്ടിയതെല്ലാം എടുത്ത് അയാളെ തലങ്ങും വിലങ്ങും അടിയോടടി. അയാളാണെങ്കിൽ തല്ല് കൊണ്ട് നിൽക്കുന്നു. അത് കഴിഞ്ഞതും ഒരു പോലീസ് കാരൻ സ്കൂട്ടി എടുത്ത് ബസ് സ്റ്റാന്റിൽ ചുറ്റിക്കറങ്ങി അതിനുള്ളിലെ സകല പെട്ടിക്കടകളിലും കയറി തെറി വിളിക്കുന്നു, ചില കടകളിലെ കൊയിൻബോക്സും മിഠായി ഭരണികളും ഒക്കെ എടുത്ത് എറിയുന്നു. അത് കണ്ടതും ഡിങ്കോൾഫിക്ക് വന്നവൻമാർ മൂന്ന് പേരുടെയും മുട്ട് കൂട്ടിയിടിച്ചു.പിന്നെ അടുത്ത ബസ്സിൽ നേരെ വാൽപ്പാറക്ക്. ആ യാത്ര അതികഠിനമായിരുന്നു. ബസ്സിൽ ഒരു സീറ്റ് പോലും ഒഴിവില്ല, അത് മാത്രമല്ല, കൊട്ടയും വട്ടിയും മുല്ലപ്പൂവും ഒക്കെയായി കുറെ പാണ്ടികളും പാണ്ടിണികളും. നിന്ന നിൽപ്പിൽ യാത്ര, കുറച്ച് കഴിഞ്ഞപ്പോൾ ഭാഗ്യത്തിന് കണ്ടക്ടർ എനിക്കൊരു സീറ്റ് ഒപ്പിച്ചു തന്നു. അവൻ മാർ നിൽപ് തന്നെ, കുറെ പാണ്ടികൾ നിലത്ത് ഇരിപ്പുണ്ട് കുറച്ചു കഴിഞ്ഞ് സുധി അതിലൊരു പാണ്ടിയുടെ അടുത്ത് ചെന്നിരുന്നു. ഭാക്കി മൂന്ന് പേരും. കമ്പിയിൽ തൂക്കിയിട്ട പോലെ ഒറ്റനിൽപ്പാണ്. സുധിയെ അടുത്തിരുന്ന പാണ്ടി കത്തിവെച്ച് കൊല്ലുന്നു.
ഏകദേശം പകുതി വഴി ആയെന്ന് തോന്നുന്നു. ഒരു സ്റ്റോപ്പിൽ ബസ് നിർത്തിയതും സുധി ചാടിയിറങ്ങി. കാര്യം മനസ്സിലാകാതെ ഞങ്ങളും പിന്നാലെ ചാടി.
ഇന്ന് നടത്തിയിട്ടേ കാര്യമുള്ളൂ.. അവൻ അങ്ങിനെ പുലമ്പിക്കൊണ്ട് ലക്ഷ്യമില്ലാതെ നടന്നു, അവന് ഭ്രാന്ത് പിടിച്ചു എന്ന് പ്രമോദ് എന്നോട് രഹസ്യം പറഞ്ഞു. കാമപ്രാന്ത് മൂത്തതാണ് എന്ന് പ്രമോദിനോട് ഞാനും പറഞ്ഞു.
നട്ടപ്പാതിരക്ക് ആളും അനക്കവും ഇല്ലാത്ത വഴിയിലൂടെ ഞങ്ങൾ നടന്നു. ഇനി വാൽപ്പാറക്ക് ബസ് വരുമോ, ഇനി ആ വഴിക്ക് ഏതെങ്കിലും ഒരു വണ്ടി വരുമോ.. ഒന്നും അറിയില്ല. വഴിയുടെ രണ്ട് വശത്തും നിറയെ മരങ്ങളും ചെടികളും നിറഞ്ഞ് നിൽക്കുന്ന സ്ഥലങ്ങളാണ്. അടുത്തൊന്നും പേരിന് പോലും ഒരു കടയോ വീടോ ഇല്ല.
കുറച്ച് നടന്നു കഴിഞ്ഞപ്പോൾ അകലെ ഒരു വെളിച്ചം കണ്ടു. അധികം അകലെയൊന്നും അല്ല. റമ്പർ തോട്ടത്തിലെ ഷെഡ് പോലെ എന്തോ സംഭവമാണ് അതിനുള്ളിൽ നിന്നാണ് വെളിച്ചം, ഉള്ളിൽ അവ്യക്തമായ അനക്കം കാണാം. ആരൊക്കെയോ അതിനുള്ളിൽ ഉണ്ടെന്ന് വ്യക്തം. റോഡ് സൈഡിൽ നിറയെ അധികം ഉയരമില്ലാത്ത പുൽചെടികളാണ്, ഇടയിൽ കുറെ മരങ്ങളും. ഇതിനിടയിൽ കൂടി ആ ഷെഡിലേക്ക് എന്ന് തോന്നുന്ന ഒരു വഴി പോകുന്നു.
രണ്ടും കൽപിച്ച് പോയി നോക്കുക തന്നെ ഞങ്ങൾ അങ്ങോട്ട് നടന്നു. പക്ഷേ റോഡിൽ നിന്ന് നോക്കുന്ന പോലെയല്ല, ഷെഡിലേക്ക് നല്ല ദൂരം ഉണ്ട്, എത്ര മുന്നോട്ട് നടന്നിട്ടും എത്തുന്നില്ല, വഴിയാണെങ്കിൽ നല്ല കയറ്റവും. രണ്ടു ചുറ്റും അരപ്പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന ചെടികളാണ്.
ഞങ്ങൾ നടന്ന് നടന്ന് കിതച്ച് വയ്യാതായി. ഇനി ആ കയറ്റത്ത് ഒരടി നടക്കാൻ വയ്യ. നമുക്ക് തിരിച്ച് പോകാം പ്രമോദ് പറഞ്ഞു. അങ്ങനെ ഞങ്ങൾ തിരിച്ച് നടന്നു. പക്ഷേ കുറച്ചു നടന്നപ്പോൾ പെട്ടെന്ന് വഴി അവസാനിച്ചു. എവിടെയോ വഴി തെറ്റി എന്ന് മനസ്സിലാക്കിയ ഞങ്ങൾ തിരിച്ച് നടന്നു. പക്ഷേ കുറച്ച് നടന്നപ്പോൾ വഴി വീണ്ടും അവസാനിച്ചു. ആകെയുള്ള ലാൻറ് മാർക്ക് ആ ഷെഡ് ആണ്. പക്ഷേ ഇപ്പോൾ അങ്ങനെ ഒരു വെളിച്ചം കാണാനില്ല. അവർ ലൈറ്റണച്ചുപോയി എന്ന് തോന്നുന്നു. വഴിയറിയാതെ ആ കാടിനു നടുവിൽ ഞങ്ങൾ നിന്നു.
പെട്ടെന്ന് കുറെ അകലെ എന്തോ മൃഗം അമറുന്ന ശബ്ദം. എവിടെയോ പശുത്തൊഴുത്ത് ഉണ്ടെന്ന് തോന്നുന്നു. പക്ഷേ അമലല്ല കരയലാണ്, ആ ശബ്ദം നേർത്ത് നേർത്ത് ഇല്ലാതായി. അത് കേട്ട് സുധി അറിയാതെ പറഞ്ഞു ' ബസ്സിലെ അണ്ണാച്ചി പറഞ്ഞത് ശരിയാ'
എന്താടാ അണ്ണാച്ചി പറഞ്ഞത്..
അത് പിന്നെ ഈ ഭാഗത്തൊക്കെ പുലിയിറങ്ങുന്ന കാലമാണ് എന്നാ.. സുധി ജഗദീഷിന്റെ പോലെ വിക്കി വിക്കി പറഞ്ഞു.
എന്നിട്ടാണോടാ തെണ്ടീ നീ ഇവിടെ ചാടിയിറങ്ങിയത്..
എന്തായാലും പുലി പിടിക്കും എന്ന് ഉറപ്പായി, ഇനി വല്ല ആനയോ സിംഹ മോ ദിനോസറോ ഒക്കെ ഉണ്ടോടേ.
ഞങ്ങൾ ഏതൊക്കെയോ വഴിക്ക് നടന്നു ,പക്ഷേ റോഡെത്തുന്നില്ല. എല്ലാ ഭാഗവും ഒരു പോലെ ഇരിക്കുന്നു. നേർത്ത നിലാവിൽ നേർത്ത മഞ്ഞിൽ നിഴൽ പോലെ മരങ്ങൾ മാത്രം കാണാം.
കുറച്ച് നടന്ന് കഴിഞ്ഞ പ്പോൾ പുൽച്ചെടികളുടെ ഇടയിൽ ഒരു അനക്കം. ഇത് അവൻ തന്നെ... പുലി
നമുക്ക് ഓടണ്ടടാ ഇവിടെ നിൽക്കാം. ഞാൻ പറഞ്ഞു.
അപ്പൊ പുലി പിടിക്കില്ലേ..
പുലിയോട് നമ്മുടെ അവസ്ഥ പറഞ്ഞു നോക്കാം. ചിലപ്പൊ സഹതാപം തോന്നി വെറുതെ വിടും.
അങ്ങനെ തോന്നിയില്ലെങ്കിൽ..
എന്നാൽ നമുക്ക് ഈ സുധി തെണ്ടിയെ പുലിക്ക് ഇട്ടു കൊടുക്കാം. ഇവനല്ലേ നമ്മളെ ഇവിടെ ഇറക്കിയത്.
എന്തോ ഒന്ന് പുൽച്ചെടികൾ വകഞ്ഞ് മാറ്റി അടുത്ത് വരുന്നു. ഏകദേശം അടുത്തെത്താറായപ്പോഴാണ് അതൊരു മനുഷ്യനാണെന്ന് മനസ്സിലായത്.
ഫോറസ്റ്റ് വാച്ചർ എന്ന് സ്വയം പരിചയപ്പെടുത്തിയ അയാൾ കാര്യമന്വേഷിച്ചു. ഞങ്ങൾ വഴി തെറ്റി ഇറങ്ങിയതാണ് എന്ന് വെച്ചു കാച്ചി. അയാൾ ഞങ്ങളെ ആശ്വസിപ്പിച്ചു പിന്നെ അവിടന്ന് റോഡിലേക്ക് കൊണ്ടുചെന്നാക്കി. നടക്കുന്നതിനിടയിൽ അവിടെ പുലി ഇറങ്ങിയ സമയമാണ് കുറെ മൃഗങ്ങളെ ഒക്കെ പുലി പിടിച്ചു. കുറച്ച് വർഷം മുമ്പ് അയാളുടെ കൂട്ടുകാരനായ വേറൊരു വാച്ചറെ പുലി പിടിച്ചിരുന്നു എന്നൊക്കെ പറയുന്നുണ്ടായിരു. ഇടക്കിയ്ക്ക് ഒരു കുപ്പി എടുത്ത് വായിൽ കമഴ്ത്തുന്നു. തമിഴ്നാട്ടിലെ മാട്ട സാധനം എന്ന് ഞങ്ങൾ അടക്കം പറഞ്ഞു.
അണ്ണന് പുലിയെ പേടിയില്ലേ എന്ന് ഞങ്ങൾ സംശയം ചോദിച്ചു. ഇല്ല അയാളും പുലിയും ഫ്രണ്ട്സ് ആണത്രേ. കൊള്ളാം..
റോഡ് എത്തിയപ്പോൾ ഒരു ചാക്ക് വെച്ച് കെട്ടിയ ഷെഡിന് മുന്നിൽ ചെന്ന് ഇവിടെ നിന്നാൽ ഏതെങ്കിലും വണ്ടി വരും എന്ന് പറഞ്ഞു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു ലോറി വന്നു. ഞങ്ങൾ കൈ കാണിച്ചപ്പോൾ വണ്ടി നിർത്തി, അയാൾ ഞങ്ങളെ ലോറിയിൽ കയറ്റി. അതിനിടയിൽ ഞങ്ങൾ അയാളോട് പേര് ചോദിച്ചു.
മുത്തുകുമരൻ
നല്ല പേര് ഞങ്ങളെ രക്ഷിക്കാൻ വന്ന മുത്ത് പോലത്തെ കുമാരൻ.
ലോറിയിൽ കയറി അതിലെ ഡ്രൈവറോടും ക്ലീനറോടും സംസാരിക്കുന്നതിനിടയിൽ ഞങ്ങൾ മുത്തുകുമരന്റെ കാര്യം പറഞ്ഞു.
ഇല്ലയേ നിങ്ക മട്ടും താനേ അങ്കെ ഇരുന്തേ.. അങ്കെ വാച്ചർ കീച്ചർ ഒന്നും പാക്കലേ. അവർ പറഞ്ഞത് കേട്ട് ഞങ്ങൾ വല്ലാതായി.
ആമാ.. നീങ്ക പാത്ത അന്ത വാച്ചറുടെ കളുത്തിലെ ഒരു പെരിയ മച്ചം (മറുക്.. ആണെന്ന് തോന്നുന്നു) ഇരുന്തതാ.. ഡ്രൈവർ ചോദിച്ചു.
ആ.. ഉണ്ട് മറുക് ഉണ്ട്. വലിയ മറുക്.
കടവുളേ നീങ്ക അവങ്കെ പാത്താച്ചാ... അവങ്ക കൊഞ്ചം വറ്ടം മുന്നാടി ഇങ്കെ വാച്ച റാ വേല പാത്തേ,, ഒരുനാൾ പുളി പിടിച്ച് കൊന്നിട്ടേ.
പുളിയോ..
ആമാ.. പുളി.. പുളി.. ടൈഗർ... ഗ്രാ..
ഡ്രൈവർ പുലിയെ പോലെ അലറിക്കാണിച്ചു.
അത്ക്ക് പിന്നെ അവ ഇങ്കെ പേയാ ചുട്ടുവാറെ.. രാത്ത്റി നിറയെ പേർ അന്ത പേയ പാത്തിട്ടേൻ.. സർ നീങ്ക പാത്തത് പേയ്... ആവി..
അവൻമാരുടെ കഥ പൊടിപൊടിക്കുന്നതിനിടയിൽ വാൽപാറ എത്തി.
പ്രേതം മദ്യപിക്കുമോ എന്ന ഒരു സംശയം മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ

അഭിപ്രായങ്ങള്‍