ഒരു സുഹൃത്തിന്റെ കസിൻ പറഞ്ഞ അനുഭവം. അയാളുടെ വാക്കുകളിൽ കൂടി....
എന്റെ ഏറ്റവും അടുത്ത സുഹൃത്തിക്കളിൽ ഒരാളാണ് സാബു. പഴയ വീടുകൾ വാങ്ങി ഓൾട്രഷൻ ചെയ്തു മറിച്ചു വിൽക്കുകയാണ് സാബുവിന്റെ ജോലി. അങ്ങനെ ഒരു ദിവസം സാബുവിന് തെക്കൻ കേരളത്തിൽ ഒരു പഴയ തറവാട് കയ്യിൽ കിട്ടി. 34 സെന്റ് പറമ്പിനു നടുവിൽ തലയുയർത്തി നിൽക്കുന്ന നാലുകെട്ടും നടുമുറ്റവും കുളവും എല്ലാം ഉള്ള ഒരു പഴയ വീട്. നല്ല പഴക്കം ഉള്ളത് കൊണ്ട് കുറച്ചു പണികൾ ഉണ്ട്. എല്ലാ പണികളും തീർത്തു ഇതേ പോലെ തന്നെ പൗരാണിക പ്രൗഢിയിൽ നിർത്തിയാൽ നല്ല വിലക്ക് വിറ്റു പോകും. വടക്കും കിഴക്കും കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന വയലുകളാണ് . തെക്കുഭാഗത്ത് മണ്ണിട്ട വഴി. വഴിയുടെ മറുവശവും വലിയ വയൽ. ആകെ പടിഞ്ഞാറു ഭാഗത്ത് മാത്രമാണ് വീടുകൾ ഉളളത്.
നല്ല ആമ്പിയൻസ് ഉള്ള സ്ഥലം. വീടിനു മുന്നിലെ വലിയ തിണ്ണയിൽ ഇരുന്നാൽ വയലേലകൾ കടന്നു വരുന്ന ഏലംകാറ്റിന്റെ തണുപ്പ്. അങ്ങകലെ വരെ പാടശേഖരങ്ങളും അതിനു നടുവിലൂടെ ഒഴുകുന്ന വലിയ തോടും ആകെ ഒരു അടിപൊളി അന്തരീക്ഷം.
ഒരു ദിവസം സാബു എന്നെയും കൂട്ടി അവിടെ എത്തി. അങ്ങിനെയാണ് ഞാൻ ഈ വീട് കാണുന്നത്. അവിടെ മെയിന്റനൻസ് വർക്ക് നടക്കുകയായിരുന്നു. ഞങ്ങൾ വയൽ വരമ്പിൽ കൂടി നടന്നും തോട്ടിൽ പോയി ചൂണ്ടയിട്ട് മീൻ പിടിച്ചു കൊണ്ടുവന്നു പൊരിച്ചടിച്ചും ഭക്ഷണം കഴിച്ചും ഒക്കെ പകൽ മുഴുവൻ അവിടെ നിന്നു. ഞങ്ങൾ രണ്ടു പേരും മദ്യപിക്കാത്തവർ ആണെന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. ഏതാണ്ട് മൂന്നു മൂന്നര ആയപ്പോൾ പണിക്കാർ ഞങ്ങളെ അകത്തേക്ക് വിളിച്ചു. ഞങ്ങൾ അകത്തു ചെന്ന് നോക്കി.
അകത്തെ ഒരു മുറിയിൽ ചുമരിൽ ചിതൽ കയറിയിരുന്നു. ആ ഭാഗം തട്ടിക്കളഞ്ഞു തേക്കാനുള്ള പ്ലാൻ ആയിരുന്നു. പണിക്കാർ ചുമർ പൊളിക്കാൻ നോക്കിയപ്പോൾ ഒരു ഭാഗത്ത് മരപ്പലക വെച്ച് അടച്ചത് കണ്ടു. അതിന്റെ മുകളിൽ കുമ്മായം തേച്ചു ചുമര് പോലെ ആക്കിയിരിക്കുകയായിരുന്നു. ഏകദേശം ഒരു രണ്ടടി സ്‌ക്വയർ ഉള്ള മരപ്പലക. അതിൽ തട്ടുമ്പോൾ ഉള്ളു പൊള്ളയായ ശബ്ദം. നല്ല ഏതോ മരം ആയതിനാൽ അതിൽ അധികം ചിതൽ പിടിച്ചിട്ടില്ല.
എന്തായാലും അത് പൊളിച്ചു നോക്കാം എന്നായി സാബു. പക്ഷെ അത് വല്ല രഹസ്യ അറ ആവാം. ചിലപ്പോൾ നിധിയും കണ്ടേക്കാം. അത് കൊണ്ട് പണിക്കാരെ കൊണ്ട് പൊളിപ്പിക്കണ്ട. അങ്ങനെ തല്ക്കാലം ഇന്നത്തെ പണി നിർത്തിക്കോളാൻ പറഞ്ഞു പണിക്കാരെ പറഞ്ഞു വിട്ടു. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ഞങ്ങൾ അത് പൊളിച്ചു നോക്കാൻ തീരുമാനിച്ചു.
ചുമരിൽ ചെറിയ കട്ടിള പോലെ ഫ്രെയിം പണിതു അതിൽ ഉറപ്പിച്ച രീതിയിൽ ആണ് പലക. ഒരു വാതിൽ പോലെ. പക്ഷെ അതിനു പിടിയോ താക്കോൽ പഴുതോ ഒന്നും കാണാനില്ല. സാബുവും ഞാനും കൂടെ കമ്പിപ്പാര വെച്ചും ചുറ്റികയും ഉളിയും വെച്ചും ഒക്കെ കുറെ സമയം കഷ്ടപ്പെട്ട് അത് പൊളിച്ചെടുത്തു. അപ്പോഴാണ് ശരിക്കും അത്ഭുതപ്പെടുത്തുന്ന ഒരു സംഭവം ശ്രദ്ധിച്ചത്. ആ വാതിൽ അകത്തു നിന്നും പൂട്ടിയ നിലയിൽ ആയിരുന്നു. ഇത് ആര് അകത്തു നിന്നും പൂട്ടി എന്ന് ഞങ്ങൾ അത്ഭുതപ്പെട്ടു. ഇനി ഇത് വല്ല രഹസ്യ തുരങ്ക പാതയും ആണോ. ഞാൻ സാബുവിനോട് പറഞ്ഞു.
ഒരാൾക്ക് കഷ്ടിച്ച് നിരങ്ങി ഇറങ്ങാവുന്ന താഴേക്ക് ചെറുതായി ചെരിഞ്ഞു പോകുന്ന ഒരു ചെറിയ ടണൽ. ഉള്ളിൽ നല്ല ഇരുട്ട്. ഞങ്ങൾ മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് അടിച്ചു നോക്കി. എന്നാലും അതിന്റെ ഉൾവശം മുഴുവൻ കാണാൻ മാത്രം പര്യാപ്തമായിരുന്നില്ല ആ വെളിച്ചം.
ഉള്ളിലേക്ക് ഇറങ്ങി നോക്കിയാലോ ..സാബു പറഞ്ഞു.
വേണോ... എനിക്കൊരു ചെറിയ ഭയം പോലെ...
ഭയം ഒക്കെ എനിക്കും ഉണ്ട് .. നമുക്ക് ഒരു കാര്യം ചെയ്യാം ഒന്നിച്ചു ഇറങ്ങി നോക്കാം... സാബു പറഞ്ഞു
അത് ഓക്കേ .. ആദ്യം തന്നെ ഒരു കയർ ആ ജനലിൽ കെട്ടി ടണലിലേക്ക് ഇടാം. അല്ലെങ്കിൽ തിരിച്ചു കയറാൻ പറ്റില്ല.
ഓക്കേ... ഞാൻ പറഞ്ഞ ഐഡിയ സാബുവിനും ഇഷ്ടപ്പെട്ടു. അങ്ങനെ കയർ കെട്ടിയിട്ടു ഞങ്ങൾ അതിൽ പിടിച്ചു പതുക്കെ ടണലിലേക്ക് ഇഴുകി നിരങ്ങി ഇറങ്ങി.
തുരങ്കത്തിന്റെ ചെരിവ് വെച്ച് നോക്കുകയാണെങ്കിൽ ആ ചുമരിനപ്പുറത്ത് ഭാക്കി ഭാഗം കാണേണ്ടതാണ്, പക്ഷേ അവിടെ അങ്ങിനെ ഒന്നില്ല.
ഞങ്ങൾ ടണലിൽ കൂടി ഇറങ്ങി താഴെ എത്തി. നിലവറ പോലെയുള്ള ചെറിയ മുറി. ആകെ ഒരു അഞ്ച് അടി സ്ക്വയർ ഒക്കെയേ കാണൂ. നിവർന്ന് നിൽക്കാനുള്ള ഉയരവും ഇല്ല. ഞങ്ങൾ മൊബൈൽ ഫ്ലാഷ് ലൈറ്റ് വെട്ടത്തിൽ അവിടെ പരിശോദിച്ചു. മുറി ശൂന്യമാണ് പക്ഷേ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരു ലോക്കർ പോലെയുള്ള പെട്ടിയുണ്ട്. ഞങ്ങളത് എടുത്ത് പൊക്കാൻ നോക്കി പക്ഷേ അത് തറയിൽ ഉറപ്പിച്ച നിലയിലായിരുന്നു. പെട്ടിയുടെ താക്കോൽ അതിന്റെ അടിയിൽ നിന്ന് കിട്ടി. എന്നാൽ പിന്നെ തുറന്ന് നോക്കാം എന്ന് കരുതി.
ഒരു പ്രത്യേകതരം ലോക്ക് ആയിരുന്നു അത്. ഒരു തവണ തിരിച്ച് പിന്നെ ഉള്ളിലേക്ക് തള്ളി പിന്നിലേക്ക് രണ്ട് തിരി, വീണ്ടും തള്ളി മുന്നോട്ട് രണ്ട് തിരി തിരിച്ചാലേ പൂട്ട് തുറക്കൂ. സാബുവിന് ഇതൊക്കെ നല്ല അറിവാണ്, അത് കൊണ്ട് പൂട്ട് കണ്ടപ്പോഴേ അതിന്റെ കോമ്പിനേഷൻ മനസ്സിലായി.
താക്കോൽ തിരിച്ച് കഴിഞ്ഞപ്പോൾ അതിനുള്ളിൽ നിന്ന് വലിയ മുഴക്കം കേട്ടു. വലിയൊരു ഇരുമ്പ് കഷ്ണം മറ്റൊന്നിൽ വന്നിടിക്കുന്ന ശബ്ദം. ലോക്ക് ഓപ്പണായതാണ്. സാബു പെട്ടിയുടെ മുടി തുറക്കാൻ ശ്രമിച്ചു, പക്ഷേ അത് പെട്ടിയോട് ഒട്ടിപ്പിടിച്ച പോലെ ഉറച്ചിരുന്നു. ഞങ്ങൾ രണ്ട് പേരും കൂടി സർവ്വ ശക്തിയും എടുത്ത് മൂടി വലിച്ചു തുറക്കാൻ നോക്കി. കുറെ ബലം പിടിച്ചപ്പോൾ മൂടി 'ക്ടക് ' ശബ്ദത്തോടെ പെട്ടിയിൽ നിന്ന് വിട്ടു. അടുത്ത നിമിഷം ഉള്ളിൽ നിന്ന് ഹൈ പ്രഷറിൽ എന്തോ തള്ളിയ പോലെ മൂടി പുറത്തേക്ക് തുറന്ന് തെറിച്ചു. ആ ശക്തിയിൽ ഞാനും സാബുവും വീണ് പോയി. ഉയർന്ന മർദ്ദത്തിലുള്ള ഒരു വായൂ പാളിപോലെ എന്തോ ഒന്ന് പെട്ടിയിൽ നിന്ന് പുറത്ത് വന്ന് മുറിയിൽ ഒന്നു ചുറ്റി ടണലിൽ കൂടി പുറത്ത് പോയി. ഒരു വൈക്കോല് ചീഞ്ഞ മണമായിരുന്നു അതിന്.
ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല. എന്നാലും അത് കാര്യമാക്കാതെ ഞങ്ങൾ തിരിച്ച് കയറി.
അങ്ങനെ രാത്രിയായി. ഞങ്ങൾ റോഡിൽ പോയി ഭക്ഷണം പാഴ്സൽ വാങ്ങി വന്നു. അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിച്ച ശേഷം ഉമ്മറ വരാന്തയിൽ ഇരുട്ട് മൂടിയ വയലിലേക്ക് നോക്കിയിരുന്ന് സംസാരിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് അകത്ത് എന്തോ ശബ്ദം കേട്ടു. മരം ചിന്തേരിടുന്ന പോലെയോ മരപ്പലകയിൽ എന്തോ ഉരക്കുകയോ മാന്തുകയോ ചെയ്യുന്ന പോലെയോ ഒക്കെ ഉള്ള ശബ്ദം. പൂച്ചയോ മരപ്പട്ടി യോ ആവും എന്ന് കരുതി ഞങ്ങൾ ഒരു പട്ടിക എടുത്ത് കയ്യിൽ പിടിച്ച് അകത്ത് കയറി നോക്കി. പക്ഷേ ഒന്നും കാണാനായില്ല. ഞങ്ങൾ വീണ്ടും ഉമ്മറത്തെത്തി. പെട്ടെന്ന് മുന്നിൽ നടന്ന സാബു എന്നെ തടഞ്ഞ് നിർത്തി നിലത്തേക്ക് ചൂണ്ടിക്കാണിച്ചു. ഞാൻ അങ്ങോട്ട് നോക്കി. വാരന്തയിൽ ചെളിയിൽ പതിഞ്ഞ കാൽപ്പാട് അത് ഉമ്മറ വാതിലിന്റെ കട്ടിളപ്പടി വരെ പോകുന്നു. വയലിലെ വെള്ളത്തിൽ കാല് നനഞ്ഞ് മുറ്റത്തെ മണ്ണിൽ ചവിട്ടിക്കയറിയതാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാം.
(നീളം കൂടിപ്പോയത് കൊണ്ട് ഭാക്കി അടുത്ത ഭാഗത്തിൽ)

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ