എന്റെ പതിമൂന്ന് പതിനാല് വയസ്സിൽ നടന്ന ഒരു സംഭവമാണ്. ഞങ്ങളുടെ ഒരു ക്ലാസ് മേറ്റിന്റെ ചേട്ടന്റെ വിവാഹം ശരിയായി. പെണ്ണിന്റെ വീട് പാലക്കാട് ആണ് . ഞങ്ങൾ ക്ലാസ് മേറ്റ്സിൽ കുറച്ചുപേർ കമ്പനി കൂടി വിവാഹത്തിന് പെണ്ണിന്റെ വീട്ടിലേക്ക് പോകാനിറങ്ങി. നേരം വെളിച്ചമായപ്പോൾ തന്നെ പുറപ്പെട്ടു. പഴയ വീഡിയോ കോച്ച് ബസ്സിൽ ആണ് യാത്ര. പാട്ടും ഡാൻസും ഒക്കെയായി അടിച്ച് പൊളിച്ച് ഞങ്ങൾ പാലക്കാട്ടെത്തി. അത് പാലക്കാടെ ഏത് ഭാഗമാണെന്ന് ഓർമ്മയില്ല. ഒരു ഓണം കേറാ മൂല ആയിരുന്നു എന്ന് മാത്രം ഓർമ്മയുണ്ട്. നിറയെ മരങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ ഒരു കാട് പോലെ തോന്നുന്ന സ്ഥലം. പാലക്കാട് കല്യാണം ആയതിനാൽ പയ്യന്റെ വീട്ടിലെ റിസപ്ഷൻ രാത്രിയാണ്. അത് കൊണ്ട് തന്നെ ആർക്കും തിരിച്ച് പോരാൻ തിരക്കില്ല. നല്ല പ്രകൃതിരമണീയമായ സ്ഥലമായതിനാൽ കുറെ പേരൊക്കെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ പല വഴിക്ക് പോയി. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ധൈര്യത്തിൽ ഞങ്ങളും കറങ്ങാൻ ഇറങ്ങി. പ്രദേശവാസികളോട് ചോദിച്ച് നല്ല സ്ഥലങ്ങൾ നോക്കിയാണ് മറ്റുള്ളവർ പോയതെങ്കിൽ ഞങ്ങൾ ആരും പോകാത്ത ദിക്കിലേക്കാണ് പോയത്. സമയമുള്ളതിനാൽ ഞങ്ങൾ കുറെ ദൂരം നടന്നു. കുറെ നടന്നു കഴിഞ്ഞപ്പോൾ എവിടെയോ വെള്ളം ഒഴുകുന്ന ശബ്ദം കേട്ടു. അടുത്ത് തോടോ പുഴയോ ഉണ്ട്. എന്നാൽ പിന്നെ അത് കണ്ടിട്ട് തന്നെ കാര്യം. ഞങ്ങൾ ശബ്ദം കേട്ട ദിക്കിലേക്ക് നടന്നു.
കുറച്ച് നടന്നപ്പോൾ ഒരു പുഴയുടെ കൈവഴി പോലെ ഒരു ഇടത്തോട് കണ്ടു. അത്യാവശ്യം വീതി ഉണ്ടെങ്കിലും ആഴം തീരെ കുറവാണ്. വെള്ളത്തിൽ അവിടവിടെയായി പാറക്കൂട്ടങ്ങൾ . ഞങ്ങൾ വെറുതെ വെള്ളത്തിലിറങ്ങി . നല്ല തണുപ്പുള്ള ജലത്തിൽ ഇറങ്ങിയപ്പോൾ നല്ല സുഖം. കൊടും ചൂടിന്റെയും നടന്നതിന്റെയും ക്ഷീണം പമ്പ കടന്നു . ആകെ പാദത്തിന് കുറച്ച് മുകളിൽ നിൽക്കാനുള്ള വെള്ളമേ ഉള്ളൂ. ഞങ്ങൾ വെറുതെ വെള്ളത്തിൽ കാല് കൊണ്ട് തുഴഞ്ഞ് മുന്നോട്ട് നടന്നു.
അപ്പോഴാണ് ഞങ്ങൾ ആ കാഴ്ച കണ്ടത്. തോടിന്റെ മറുകരയിൽ കുറച്ചു ദൂരെ നിറയെ ആറ്റുവഞ്ചി പൂത്ത് നിൽക്കുന്നു. ഞങ്ങൾ അത് പറിക്കാനായി മറുകരയിൽ എത്തി. പൂവും പറിച്ച് നിൽക്കുമ്പോൾ അകലെ ഒരു കെട്ടിടം കണ്ടു. എന്നാൽ പിന്നെ അത് എന്താണെന്ന് പോയി നോക്കാം. ഞങ്ങൾ ആ ഭാഗത്തേക്ക് നടന്നു. അവിടെ ഒരു പ്രത്യേക അന്തരീക്ഷം ആയിരുന്നു. ഒരു വലിയ കാവിനെയോ കാനന ക്ഷേത്രത്തെയോ ഒക്കെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വലിയ വൃക്ഷങ്ങളും അതിൽ നിന്ന് ഊർന്നിറങ്ങി സർപ്പത്തെപ്പോലെ പരസ്പരം ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന വണ്ണമുള്ള വള്ളികളും, ഇടക്ക് നിലം പറ്റി വളരുന്ന നിലപ്പനയും ആനച്ചുവടിയും പോലെയുള്ള ചെടികളും . ആകെ ഒരു പേടിപ്പെടുത്തുന്ന അന്തരീക്ഷം.
ഞങ്ങൾ ആ കെട്ടിടത്തിനടുത്തെത്തി. ഏകദേശം ഒരു എട്ട് അടി സ്ക്വയർ ആയ ഒരു കെട്ടിടം ഉയരം പത്തടിയോളം ഉണ്ട്. സിമന്റോ കുമ്മായമോ പോലെ എന്തോ ഉപയോഗിച്ച് നിർമ്മിച്ചതാണ്. അതിന്റെ മുകൾ ഭാഗവും ചുമരിനോട് ചേർന്ന് തന്നെയാണ്. അതായത് ഒരു സിമന്റ് ഫിഷ്ടാങ്ക് കമഴ്ത്തി വെച്ച പോലെ, ചുമരിൽ ചില ഡിസൈനുകൾ ഉണ്ട് . ഞങ്ങൾ അത് ചുറ്റി നടന്ന് നോക്കി. അപ്പോഴാണ് ആ കാര്യം ഞങ്ങൾ ശ്രദ്ധിച്ചത്. ആ നിർമ്മിതിക്ക് വാതിൽ ഇല്ല. ഞങ്ങൾ അതിന്റെ ചുമരിൽ ഇടിച്ചു നോക്കി. ശബ്ദം വെച്ച് . ഉള്ള് പൊള്ളയാണ്. വാതിലുകൾ ഇല്ലാതെ ഈ കെട്ടിടം എന്തിന് ഉണ്ടാക്കി ?
ഞങ്ങൾക്ക് ചെറിയ ഭീതി തോന്നി. മരങ്ങളിൽ ചുറ്റിപ്പിണഞ്ഞ വള്ളികൾ പാമ്പുകളെപ്പോലെ തോന്നി. പെട്ടെന്ന് ഞങ്ങളുടെ കൂട്ടത്തിലെ മുകേഷ് അലറി വിളിച്ചു. ഞങ്ങൾ ഞെട്ടിത്തിരിഞ്ഞ് അവനെ നോക്കി. അവൻ കുറെ ആറ്റുവഞ്ചി പൊട്ടിച്ച് കയ്യിൽ വെച്ചിരുന്നു. അത് മുഴുവൻ താഴെയിട്ട് മുകേഷ് പകച്ച് നിൽക്കുന്നു
ഞങ്ങൾ താഴേക്ക് നോക്കി. ആറ്റ് വഞ്ചിപ്പൂക്കൾ മുഴുവൻ കരിഞ്ഞുണങ്ങിയിരിക്കുന്നു. ഇതെങ്ങിനെ ഇത്ര വേഗം ? പൊട്ടിച്ചിട്ട് ഏതാനും മിനുട്ടുകളല്ലേ ആയിട്ടുള്ളൂ. പക്ഷേ അതിന് ഇവൻ ഇത്ര അലറി വിളിക്കണോ .
മുകേഷാണെങ്കിൽ സിംഹത്തെ മുന്നിൽ കണ്ട പോലെ പേടിച്ചു അനങ്ങാനാവാതെ നിൽക്കുന്നു.
ചിലപ്പോൾ നല്ല വെയിലായത് കൊണ്ട് ഉണങ്ങിയതാവും . ഞങ്ങൾ അവന്റെ അടുത്ത് ചെന്ന് പിടിച്ച് കുലുക്കി സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അവൻ അതൊന്നും ശ്രദ്ധിക്കാതെ ആ കെട്ടിടത്തിലേക്ക് കൈ ചൂണ്ടി . അത് കണ്ട് അങ്ങോട്ട് നോക്കിയ ഞങ്ങളും പേടിച്ച് വിറച്ച് പോയി.
ആ കെട്ടിടത്തിന്റെ ചുമരിൽ ഒരു നിഴൽ. ഒരു സ്ത്രീയുടെ നിഴൽ. ഞങ്ങൾ ചുറ്റും നോക്കി. ഇല്ല ഞങ്ങളല്ലാതെ വേറെ ആരും അവിടെ ഇല്ല. പിന്നെ ആ നിഴൽ എന്താണ് .
നിഴലാണെങ്കിൽ അനങ്ങാതെ നിൽക്കുകയാണ്. അപ്പോഴാണ് അപ്പൂട്ടന് ഒരു ഐഡിയ തോന്നിയത്.
എടാ .. ഇത് നിഴലല്ല അതിൽ വരച്ചിരുന്ന ചിത്രം മാഞ്ഞ് പോയതിന്റെ പാടാണ്. അതും പറഞ്ഞ് അപ്പു പതുക്കെ നടന്നു ചെന്ന് അതിൽ തൊടാൻ ആഞ്ഞു. പെട്ടെന്ന് ഒരു കാറ്റ് വീശി . ആ കാറ്റിൽ നിഴലിന്റെ മുടിയിഴകൾ പാറിപ്പറന്നു. തൊടാൻ പോയ അപ്പു പേടിച്ച് പിന്നിലേക്ക് ചാടി .
ഇവിടെ നമ്മളെ കൂടാതെ ആരോ ഉണ്ട്. ഞാൻ പറഞ്ഞു. എല്ലാവരും പേടിച്ച് ചുറ്റും നോക്കാൻ തുടങ്ങി. ഉള്ളിൽ എന്തോ ഒരു ഭീതി. ആ നിഴൽ അപ്പോഴും അനങ്ങാതെ നിൽക്കുകയാണ്. എത്രയും വേഗം ഇവിടന്ന് രക്ഷപ്പെടണം. ഞങ്ങൾ തിരിഞ്ഞ് ഓടി. തോടിന്റെ കരയിൽ എത്തിയപ്പോൾ ജലനിരപ്പ് ഉയർന്നിരിക്കുന്നു. മാത്രമല്ല ഒഴുക്കിനും ശക്തി കൂടിയിട്ടുണ്ട്. വല്ല വിധത്തിലും അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതി എന്ന ചിന്തയിൽ ഞങ്ങൾ തോട്ടിലേക്കിറങ്ങി. വെള്ളം മുട്ടൊപ്പം എത്തിയിരിക്കുന്നു. ജലനിരപ്പ് അധിവേഗം ഉയരുകയാണ്. ഞങ്ങൾ ഒരു വിധത്തിൽ മറുകരെ എത്തി. പിന്നെ കണ്ണും പൂട്ടി ഒരു ഓട്ടമായിരുന്നു. ഞങ്ങൾ കല്യാണ വീട്ടിനടുത്ത് എത്താറായപ്പോഴുണ്ട് അവിടെ നാട്ടുകാരായ ചിലർ കൂടി നിൽക്കുന്നു. ഞങ്ങളെ കണ്ടപ്പോൾ അവർ അടുത്ത് വന്ന് തോടിന്റെ ഭാഗത്തേക്ക് പോയതിന് വഴക്ക് പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ കല്യാണത്തിന് വന്ന മുതിർന്ന ചിലർ കാര്യമന്വേഷിച്ചു എങ്കിലും നാട്ടുകാർ ഒന്നും വിട്ട് പറഞ്ഞില്ല.
ആ സംഭവം അങ്ങിനെ കഴിഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ പേടി ഒക്കെ മാറി. വഴക്ക് പേടിച്ച് ഞങ്ങളാരും ഈ വിവരം വീട്ടിൽ പറഞ്ഞിരുന്നില്ല. അങ്ങനെ കൊല്ലപ്പരീക്ഷ കഴിഞ്ഞ് വെക്കേഷൻ വന്നു. ഒരു ദിവസം രാത്രി ഞാൻ നല്ല ഉറക്കത്തിലായിരുന്നു. അപ്പോഴാണ് ശരീരത്തിൽ കൂടി എട്ടുകാലി നടക്കുന്നത് പോലെയുള്ള ഒരു ഫീൽ. എന്റെ കാൽമുട്ടിൽ നിന്ന് പാദത്തിന്റെ ഭാഗത്തേക്കാണ് നടക്കുന്നത്. ഞാൻ പെട്ടെന്ന് ഞെട്ടിയുണർന്ന് കാൽ കുടഞ്ഞു. ലൈറ്റ് ഇടാൻ ബെഡ് സ്വിച്ച് പരതി. പക്ഷേ ഇരുട്ടിൽ സ്വിച്ച് എവിടെയാണെന്ന് മനസ്സിലാകുന്നില്ല. പെട്ടെന്ന് വീണ്ടും കാലിൽ എട്ടുകാലി നടക്കുന്ന ഫീൽ. ഞാൻ കാൽ കുടഞ്ഞു കൊണ്ട് ചുമരിൽ പരതി സ്വിച്ച് കണ്ടെത്തി ഓൺ ചെയ്തു. ആ സമയമത്രയും കാൽ കുടഞ്ഞിട്ടും എട്ടുകാലി പോയില്ല.
ലൈറ്റ് തെളിഞ്ഞ ഉടൻ ഞാൻ കാലിലേക്ക് നോക്കി. അവിടെ ഒന്നും ഇല്ല. ഞാൻ ബെഡിലും കട്ടിലിന് താഴെയും ഒക്കെ പരിശോദിച്ചു. പക്ഷേ ഒരു ചിലന്തി പോലും ഇല്ല. തോന്നലാവും എന്ന് കരുതി ഞാൻ കിടന്നു. ലൈറ്റ് ഓഫ് ചെയ്യാൻ കട്ടിലിന്റെ വശത്തെ ബെഡ് സ്വിച്ചിന് നേരെ തിരിഞ്ഞ ഞാൻ ഞെട്ടി പിന്നിലോട്ട് ചാടി ഉരുണ്ടു. അവിടെ എന്റെ തൊട്ടടുത്ത് ചുമരിൽ ഒരു നിഴൽ. അന്ന് കാട്ടിലെ കെട്ടിടത്തിൽ കണ്ട അതേ നിഴൽ.
തുടരും
 

അഭിപ്രായങ്ങള്‍