കറന്റ് വന്നതും രാജേഷിന്റെ മുറിയിലെ ലൈറ്റ് തെളിഞ്ഞു. ആ വെട്ടത്തിൽ തന്റെ മുന്നിൽ നിൽക്കുന്ന രൂപത്തെ അയാൾ അവ്യക്തമായി കണ്ടു. പുരുഷനെ പോലെ തോന്നിക്കുന്ന ഒരു രൂപം. ശരീരം ഒരു ബ്ലാങ്കറ്റ് കൊണ്ടോ മറ്റോ മൂടിയിരിക്കുന്നു. രാജേഷിന് ഭയം കൊണ്ട് സമനില തെറ്റിയത് പോലെ ആയി . പേരറിയാവുന്ന ദൈവങ്ങളെ എല്ലാം അയാൾ വിളിച്ചു. അയാൾക്ക് കൈ കുടയണമെന്നും ഓടണമെന്നും ഒക്കെയുണ്ട്. പക്ഷേ ശരീരം അനങ്ങുന്നില്ല. രണ്ട് മൂന്ന് നിമിഷം ആ നിൽപ് നിന്നു . അവസാനം രാജേഷ് ധൈര്യം സംഭരിച്ച് ഒറ്റക്കുതിപ്പിന് കൈ വിടീച്ച് മുറിയിലെ ലൈറ്റിന്റെ സ്വിച്ചിട്ടു . ആ ഒരു നിമിഷം അന്ധാളിപ്പാണോ ആശ്വാസമാണോ അതോ മറ്റേതെങ്കിലും വികാരമാണോ തനിക്ക് തോന്നിയതെന്ന് രാജേഷിന് മനസ്സിലായില്ല. അയാൾ തന്റെ മുന്നിൽ നിൽക്കുന്ന ആളെ വിശ്വാസം വരാതെ വീണ്ടും വീണ്ടും നോക്കി.
ദിവാകരൻ ...ദിവാകരൻ ചേട്ടൻ
രാജേഷിന്റെ അച്ഛൻ ഗിരീശന്റെ ഒപ്പം ജോലി ചെയ്യുന്നയാളാണ് ദിവാകരൻ, കുറച്ചു മാറിയാണ് വീട് .
ചേട്ടനിവിടെ ... രാജേഷ് കിതപ്പടക്കിക്കൊണ്ട് ചോദിച്ചു. പെട്ടെന്ന് എന്ന് പിന്നിൽ നിന്ന് ഒരു വിളി ... രാജേഷ് തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ അച്ഛനും അമ്മയും .
എന്താടാ ... നീയെന്താ ഈ പിച്ചും പേയും പറയുന്നത്. ഗിരീശൻ കുറച്ച് ദേഷ്യത്തിലാണ് ചോദിച്ചത്. രാജേഷിന് ഒന്നും മനസ്സിലായില്ല. ഇത്ര വലിയ ഒരാൾ മുന്നിൽ നിന്നിട്ട് ഇവർക്ക് കാണാൻ വയ്യേ? ദിവാകരേട്ടൻ എന്നും പറഞ്ഞ് രാജേഷ് കൈ ചൂണ്ടിക്കൊണ്ട് തിരിഞ്ഞു.
തിരിഞ്ഞ് നോക്കിയ രാജേഷ് ഞെട്ടിപ്പോയി. മുന്നിൽ ആരും ഇല്ല . അയാൾ മുന്നോട്ട് ഓടി ചുമരിനപ്പുറത്ത് എല്ലാം നോക്കി. രാജേഷിന്റെ പകപ്പും പരാക്രമവും കണ്ട് ഗിരീശനും ഭാര്യയും കാര്യം തിരക്കി. അയാൾ എല്ലാം പറഞ്ഞു. അവർക്ക് ഒന്നും മനസ്സിലായില്ല എന്നാലും സംശയം തീർക്കാൻ നാളെ ദിവാകരനോട് നേരിട്ട് ചോദിക്കാം എന്ന് കരുതി.
പക്ഷേ പിറ്റേന്ന് ഗിരീശന് അത് ചോദിക്കാനായില്ല. തലേന്ന് രാത്രി തന്നെ ദിവാകരൻ ഈ ലോകം വിട്ട് പോയിരുന്നു.
ദിവാകരന്റെ മരണ വാർത്ത അറിഞ്ഞ് ഗിരീശൻ അങ്ങോട്ട് പോയി. രാജേഷിന് പക്ഷേ പോകാൻ തോന്നിയില്ല. കിടപ്പുമുറിയുടെ ഓട് പൊട്ടി തലയിൽ വീണാണ് ദിവാകരൻ മരിച്ചത്. എന്തായാലും പോലീസും വിരലടയാള വിദഗ്ദരും ഒക്കെ സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി.
അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു. രാജേഷ് ദിവാകരനെ കണ്ട സംഭവം അത്ര വേണ്ടപ്പെട്ടവരെ മാത്രമേ അറിയിച്ചുള്ളൂ. അതും ഈ വിവരം അവർ രഹസ്യമാക്കി വെക്കും എന്ന ഉറപ്പോടെ.
രാജേഷ് ജയന്തിയെ കണ്ടതും ദിവാകരന്റെ മരണവും ചേർത്ത് നാട്ടുകാർ കഥയുണ്ടാക്കാൻ തുടങ്ങി. പക്ഷേ ഇവിടെ വന്ന ഒരു പ്രശ്നം, അമ്മാനും അജിതനും ജോജിക്കുട്ടനും ജയന്തിയെ കണ്ട അതേ ദിവസം തന്നെയാണ് മരണങ്ങളും നടന്നത്. പക്ഷേ ഇവിടെ മാത്രം ദിവസങ്ങളുടെ വ്യത്യാസത്തിലാണ് സംഭവങ്ങൾ ഉണ്ടായത്. നാട്ടിലെ ചില ഡിക്ടക്റ്റീവ് മൈന്റുള്ളവർ ഇതിനെ പറ്റി ഗഹനമായ അന്വേഷണങ്ങളും ചർച്ചകളും നടത്തി. ഈ മരണപ്പെട്ടവർ തമ്മിലുള്ള ബന്ധവും അവർ മരണപ്പെടാനുള്ള കാരണവും കണ്ടെത്താൻ അവർ കുറെ ശ്രമിച്ചു.
അതിനിടയിലാണ് ഇടിത്തീ പോലെ അടുത്ത വാർത്ത വന്നത്. ദിവാകരന്റെ മരണം ഓട് പൊട്ടിവീണല്ല .
ഓട് പൊട്ടി താഴെ കിടന്നിരുന്നു എന്നത് ശരി തന്നെ പക്ഷേ ദിവാകരന്റെ തലയോട്ടി പൊട്ടിയിരുന്നു. ഓട് വീണാൽ ഉണ്ടാകുന്നതിനേക്കാൾ പരിക്ക് ഉണ്ടായിരുന്നു. അത് പോലെ തന്നെ ദിവാകരന്റെ ശരീരത്തിൽ ഉറക്കഗുളികയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ദിവാകരൻ ഉറക്കഗുളികക്കൾ ഉപയോഗിക്കുന്നതിന് വീട്ടിൽ നിന്ന് ഒരു തെളിവും കിട്ടിയില്ല , അദ്ദേഹത്തിന്റെ മക്കളും അത് നിഷേധിച്ചു. അതോടെ ദിവാകരന്റെ മരണം കൊലപാതകമാണ് എന്ന സംശയം ഉടലെടുത്തു. അത് വരെ അലസമായി നിന്നിരുന്ന പോലീസ് അതോടെ കർമ്മനിരതരായി.
അതിനിടയിൽ രാജേഷ് ദിവാകരനെ കണ്ട സംഭവം പറഞ്ഞവരിൽ ഒരാൾ ആ വിവരം പോലീസിന് കൈമാറിയിരുന്നു. അങ്ങനെ പോലീസ് രാജേഷിനോട് സ്റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിച്ചു. പക്ഷേ രാജേഷ് സ്റ്റേഷനിൽ പോയില്ല. പോകാനാവുന്ന അവസ്ഥയിലായിരുന്നില്ല അവൻ . എന്തായാലും രാജേഷിനെ കണ്ടേ പറ്റൂ. രാജേഷ് സ്റ്റേഷനിൽ വന്നില്ലെങ്കിൽ അയാളെ അങ്ങോട്ട് പോയി കാണുക തന്നെ.
അങ്ങനെ പോലീസ് ടൗണിലെ ഹോസ്പിറ്റലിൽ എത്തി. രാജേഷിനെ അഡ്മിറ്റ് ചെയ്ത മുറിയിൽ പോലീസ് എത്തുമ്പോൾ അവൻ ആകെ തകർന്ന നിലയിലായിരുന്നു. ഇടക്കിടക്ക് പേടിച്ച് ചുറ്റും നോക്കുന്നു , കണ്ണടക്കാൻ വരെ പേടി. പിന്നെയും രണ്ട് ദിവസം കഴിഞ്ഞു രാജേഷ് കുറച്ച് നോർമൽ ആവാൻ . അങ്ങനെ രാജേഷ് അത്യാവശ്യം നോർമൽ ആയപ്പോൾ പോലീസ് അവനെ ചോദ്യം ചെയ്യാൻ വീട്ടിലെത്തി.
അങ്ങനെയാണ് ആ സംഭവം അവന്റെ വീട്ടുകാർ വരെ അറിയുന്നത്. സംഭവം ഇങ്ങനെ ...
ദിവാകരനെ കണ്ട സംഭവം ഉണ്ടായതോടെ രാജേഷ് ആകെ തകർന്ന അവസ്ഥയിലായിരുന്നു. അത് കൊണ്ട് തൽക്കാലം ജോലിക്ക് പോയില്ല. ഒരു ദിവസം രാത്രി രാജേഷ് ഉറക്കം വരാതെ കിടക്കുകയായിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം രാത്രി ഉറക്കം കുറവാണ് രാത്രി മുഴുവൻ ഉണർന്നിരുന്ന് രാവിലെ ഉറങ്ങലാണ് പതിവ്. അന്നും രാജേഷ് കണ്ണ് മിഴിച്ച് കിടന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ മുറിയിൽ ആരോ ശ്വസിക്കുന്നത് പോലെയുള്ള ശബ്ദം കേൾക്കാൻ തുടങ്ങി. അയാൾ ശ്വാസമടക്കി പിടിച്ച് ശ്രദ്ധിച്ചു. അവ്യക്തമാണെങ്കിൽ ശബ്ദം കേൾക്കുന്നുണ്ട്. അടുത്ത മുറിയിലെ അച്ഛന്റെയോ അമ്മയുടെ യോ ശബ്ദമല്ല എന്ന് വ്യക്തം. രാജേഷ് കിടന്നകിടപ്പിൽ ചെവി വട്ടം പിടിച്ചു. ശബ്ദം മെല്ലെ കൂടി വരുന്നു. ഇപ്പോൾ അത് ഒരു കിതപ്പ് പോലെയാണ്. പേടിച്ച് വിറച്ച രാജേഷ് ചാടിയെഴു ന്നേറ്റ് വാതിൽക്കലേക്ക് കുതിച്ചു. വാതിൽ തുറന്ന് പുറത്തിറങ്ങിയ അയാളെ ആരോ പിന്നിൽ നിന്നും പിടിച്ച് തള്ളി. അടിതെറ്റി നിലത്ത് വീണ രാജേഷ് പിടഞ്ഞ് എഴുന്നേറ്റ് ലൈറ്റിട്ട് അച്ഛന്റെയും അമ്മയുടെയും മുറിയുടെ വാതിൽക്കലെത്തി. അയാൾ വാതിലിൽ ആഞ്ഞ് മുട്ടി. പക്ഷേ കൈ വാതിലിൽ കൊണ്ടില്ല. എന്തോ ഒരു അദൃശ്യ മറ കൈക്കും വാതിലിനും ഇടയിൽ നിൽക്കുന്നത് പോലെ . രാജേഷ് അലറി വിളിച്ചു. പക്ഷേ ശബ്ദം പുറത്ത് വരുന്നില്ല. തന്റെ തലക്ക് മുകളിൽ എന്തോ നടക്കുന്നത് പോലെയുള്ള ശബ്ദം രാജേഷ് കേട്ടു. ഭയന്ന് ഹൃദയം നിലക്കുന്നതായി അയാൾക്ക് തോന്നി. രാജേഷ് വാതിലിൽ ആഞ്ഞിടിക്കാൻ ശ്രമിച്ചു. പെട്ടെന്ന് പിന്നിൽ എന്തോ അനങ്ങുന്ന ശബ്ദം . ആരോ , എന്തോ തന്റെ പിന്നിലുണ്ട്. അത് അതിവേഗം അടുത്ത് വരുന്നു. രാജേഷ് നിസ്സഹായനായി അലറിക്കരഞ്ഞു.
(തുടരും )

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ