മരണത്തിനപ്പുറം എന്ത് സംഭവിക്കും.
ഒരിക്കലെങ്കിലും അതിനെ പറ്റി ചിന്തിക്കാത്തവരുണ്ടാവില്ല. സത്യത്തിൽ മരണത്തിനു ശേഷം എന്ത് സംഭവിക്കും. ശാസ്ത്രീയമായി പറഞ്ഞാൽ ശ്വാസം നിലച്ചാൽ ഹൃദയം നിലക്കും. ശരീരത്തിലെ ഓക്സിജൻ സർകുലേഷൻ നിലക്കും. പതിയെ ശരീരം ജീർണിച്ചു നശിക്കാൻ തുടങ്ങും. ശരീരത്തിലെ മൃദുലഭാഗങ്ങൾ ആദ്യം നശിക്കും. കുറച്ചു നാളുകൾ കഴിഞ്ഞാൽ അസ്ഥികൾ മാത്രമാവും പിന്നെ കുറെ കാലം കൊണ്ട് അതും നശിക്കും.
ഇനി വിശ്വാസങ്ങളിലേക്ക് പോയാൽ, ആത്മാവ് ഒരു ശരീരം വിട്ടു മറ്റൊന്നിലേക്ക് പോകും. അത് പോലെ ജീവിതകാലത്തെ പ്രവൃത്തികളുടെ രീതി അനുസരിച്ചു സ്വർഗ്ഗത്തിലേക്കോ നരകത്തിലേക്കോ പോകും എന്നും വിശ്വാസങ്ങളുണ്ട്. ഗരുഡപുരാണത്തിലോ മറ്റോ നരകത്തിന്റെ വിശദമായ വർണ്ണന തന്നെയുണ്ട്.
ഇതൊന്നുമല്ലാതെ ഒരു സാധാരണക്കാരൻറെ ബുദ്ധി ഉപയോഗിച്ച് നോക്കിയാൽ മരണം ഒരു അവസാനമാണ്. ബാക്കി എന്തിനും ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാം. പക്ഷെ മരണത്തിനു മാത്രം....
നമ്മൾ മരിച്ചു കഴിഞ്ഞാൽ എന്ത്...അതിനെ കുറിച്ച് ചിന്തിച്ചു നോക്കാറുണ്ടോ. മരിച്ചു കഴിഞ്ഞാൽ നമുക്ക് എല്ലാം കാണാൻ കഴിയുമോ? അതായത് നമ്മളുടെ ശരീരം നശിക്കുന്നത് വരെ ചുറ്റുപാടുകളെ അനുഭവിക്കാൻ കഴിയുമോ. കത്തിയെരിയുന്ന ചിതയിൽ പൊള്ളലിന്റെ ചൂടും വേദനയും അനുഭവിച്ചു എരിഞ്ഞു തീരുമോ. അതോ പുഴുക്കൾ ശരീരത്തിന്റെ ഓരോ ഇഞ്ചും തിന്നു തീർക്കുന്ന വേദന അനുഭവിച്ചു അടക്കപ്പെട്ട അന്തരീക്ഷത്തിൽ വീർപ്പു മുട്ടി ശവപ്പെട്ടികളിലോ മണ്ണിനടിയിലോ കാലങ്ങളോളം കിടന്നു നശിപ്പിക്കപെടുമോ. അതോ മരണശേഷം ശരീരത്തിൽ നിന്നും വേർപെട്ട ആത്മാവ് എല്ലാം കണ്ടുകൊണ്ടു കുറച്ചു നാളുകൾ അല്ലെങ്കിൽ അനന്തകാലം ഇവിടെ തന്നെ ചുറ്റിത്തിരിയുമോ. നമ്മുടെ മരണം അത് ഒരു പ്രത്യേക അവസ്ഥ തന്നെയാണ്. അവിടെ തീരും എല്ലാം. കാലങ്ങളോളം നമ്മൾ പഠിച്ചെടുത്തതും, കണ്ടതും, കേട്ടതും, അനുഭവിച്ചതും, അറിഞ്ഞതും, ചിന്തിച്ചതും എല്ലാം .. എല്ലാം അവിടെ തീരും.
മരണശേഷം കുറച്ചു സമയം എങ്കിലും എല്ലാം കാണാനും കേൾക്കാനും കഴിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ. നമ്മൾ മരിച്ചത് മനസ്സിലാക്കി, നമുക്ക് വേണ്ടപ്പെട്ടവയുടെ സ്നേഹതിന്റെ ആഴം മനസ്സിലാക്കി, എല്ലാവരെയും അവസമായി ഒന്ന് കൂടി കണ്ടു അവരുടെ ശബ്ദം കേട്ട്, എല്ലാം അറിഞ്ഞും മനസ്സിലാക്കിയും ഒരു മടക്കയാത്ര.
ഉറക്കം പോലെയാണോ മരണം. നമ്മൾ കിടന്നു കുറച്ചു സമയം എല്ലാം ഓർമ്മയുണ്ടാവും. പിന്നെ എപ്പോഴോ അറിയാതെ ഉറക്കത്തിലേക്ക് വീഴും. അത് പോലെ തന്നെയാണോ മരണവും. അതോ നമ്മൾ മറിക്കാൻ പോകുന്നു എന്നറിഞ്ഞുകൊണ്ട് നമ്മുടെ ഉറ്റവരിൽ നിന്നും അകന്നു പോകുന്നു എന്ന സത്യം മനസ്സിലാക്കി അങ്ങനെ ഒരു യാത്രയാണോ. ജീവൻ നിലക്കുന്ന നിമിഷം.. ആ നിമിഷം നമ്മുടെ മനസ്സിൽ എന്താവും, നമുക്ക് തോന്നുന്നത്, നമ്മൾ അവസാനം ചിന്തിക്കുന്നത്, അവസാനം കാണുന്നത് എന്താവും. ഇരുളടഞ്ഞ ഒരു ഗുഹയിലേക്ക് എറിയപ്പെടുന്നതായി, അല്ല ഒരു വെള്ളിവെളിച്ചം തെളിയുന്നതായി, അതുമല്ല ഒരു പ്രകാശനാളം, അല്ലെങ്കിൽ വർണഘോഷം. അങ്ങനെ മരണനിമിഷത്തിലെ കാഴ്ചകളെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്.
എന്തായാലും മരണം എന്നത് നിത്യതയാണ്. അത് വരെ ഉണ്ടായിരുന്ന എല്ലാം ഉപേക്ഷിച്ചു ശൂന്യതയിൽ വിലയം പ്രാപിക്കുന്ന നിമിഷം. അതാണ് മരണം.
നമ്മുടെ മരണത്തേക്കാൾ വേദനാജനകമാണ് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ മരണം. നമ്മൾ പലതും പറയാൻ ബാക്കി വെച്ചവർ, ഒരു മാപ്പ് പറയാൻ കൊതിച്ചവർ, ഒരു നിമിഷം ഒന്ന് സ്നേഹിക്കാൻ, ഒന്ന് ചേർത്തുപിടിക്കാൻ കൊതിച്ചിട്ടും കഴിയാതെ വന്നവർ. അവർ ഒരു നിമിഷം എങ്കിലും വീണ്ടും ജീവിച്ചു തിരിച്ചു വന്നിരുന്നെങ്കിൽ. പ്രിയപ്പെട്ടവരുടെ മരണം ഉണ്ടാക്കുന്നത് ഒരു വലിയ ശൂന്യതയാണ്. ഒരിക്കലും തിരിച്ചു വരാതെ യാത്രയാകുന്നവർ.
മരണ ശേഷം കുറച്ചു മണിക്കൂറുകളെങ്കിലും എല്ലാം കണ്ടും കെട്ടും നടക്കാൻ കഴിയണം. അതിനു ശേഷം നിത്യതയിൽ അലിഞ്ഞു ചേർന്ന് ഇല്ലാതാകണം

അഭിപ്രായങ്ങള്‍