ആവാഹനം, ഉച്ചാടനം, ആഭിചാരം, ഒഴിപ്പിക്കൽ അങ്ങനെ പല തരം മന്ത്രികകർമങ്ങളെ പറ്റി എല്ലാവരും കേട്ട് കാണും. എന്നാൽ ഇത് എന്തെങ്കിലും നേരിട്ട് കണ്ടവർ അധികം കാണില്ല. സിനിമയിൽ കൂടിയൊക്കെയാണ് അധികം പേരും ഇതൊക്കെ കണ്ടിട്ടുള്ളത്. അങ്ങിനെ ഉള്ള ഒരു ആവാഹനത്തിൻന്റെ കഥ ആണിത്.
ഈ കർമങ്ങൾ ഒക്കെ പഠിച്ചു ശാസ്ത്രീയമായി ചെയ്യുന്നവരേക്കാൾ കൂടുതൽ വ്യാജന്മാർ ആയിരിക്കും ഈ ഫീൽഡിൽ എന്ന് തോന്നുന്നു. അത് എന്തെങ്കിലും ആവട്ടെ നമുക്ക് കഥയിലേക്ക് വരാം.
എറണാകുളം ജില്ലയിൽ ഉള്ള എന്റെ ഒരു സൃഹുത്തിന്റെ സുഹൃത്ത് തിരുവനന്തപുരം ജില്ലയിൽ ഉണ്ട്.
വ്യക്തമായില്ല....??
അതായത് ഉത്തമാ.... എന്റെ ഒരു സൃഹുത്ത്, ഇയാൾ എറണാകുളം ജില്ലക്കാരൻ. ഈ സുഹൃത്തിന് ഒരു സുഹൃത്തുണ്ട് ഇയാൾ തിരുവനന്തപുരംകാരൻ. സംഗതി ഏതാണ്ട് ക്ലിയർ ആയില്ലേ.
ഈ തെരോന്തരംകാരനും എറണാകുളംകാരനും ഒരേ കമ്പനിയിലെ ജോലിക്കാരാണ്. അതെ പോലെ തന്നെ തിക്ക് ഫ്രണ്ട്സും. എല്ലാ ഞായറാഴ്ചയും ekm കാരന്റെ വീട്ടിൽ നിന്നാണ് tvm കാരൻ ഫുഡ് കഴിക്കുക. അത്ര അടുത്ത ചങ്ക്‌സ് ആണ്. ഇതേ പോലെ തന്നെ ekm ൻറെ മറ്റൊരു ചങ്ക് ആണ് ഞാൻ. ആ വഴിക്ക് tvm നെയും അത്യാവശ്യം പരിചയം ഉണ്ട്.
അങ്ങിനെ ഒരു ദിവസം ekm ന്റെ വീട്ടിൽ ചില ദുശ്ശകുനങ്ങൾ ഒക്കെ കണ്ടു തുടങ്ങി. തീയിൽ നിന്നും പലതവണ അപകടം ഉണ്ടായി. അതെ പോലെ അസ്ഥി സംബന്ധമായ അപകടം, രോഗം. പിന്നെ രാത്രികാലങ്ങളിൽ എന്തോ ഒക്കെ അലഞ്ഞു നടക്കുന്നത് വീട്ടുകാർ കണ്ടു എന്നും പറയുന്നു.
അങ്ങനെ അവർ പോയി ഒരു പേരെടുത്ത മന്ത്രവാദിയെ കണ്ടു. അയാൾ വന്നു നോക്കി കുറച്ചു പ്രശ്‌നം ഉണ്ട് കുറെ കർമ്മങ്ങൾ ഒക്കെ ചെയ്യണം. പിന്നെ വീട്ടുകാർ കുറെ ദിവസം വ്രതം എടുക്കുകയും ക്ഷേത്രദർശനം നടത്തുകയും ഒക്കെ വേണം എന്ന് പറഞ്ഞു. ഒന്നുരണ്ടു ആഴ്ച കൊണ്ടേ പ്രശ്‌നം പരിഹരിക്കാൻ പറ്റൂ. അങ്ങനെ വീട്ടുകാർ കർമങ്ങൾ ഒക്കെ തുടങ്ങാൻ നിൽക്കുമ്പോൾ അവിടെ ഒരാൾ അവതരിച്ചു.
എല്ലാ വീട്ടിലും കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ഒരു അമ്മാവൻ കാണുമല്ലോ. ഈ വിവാഹങ്ങൾ പെരുവിളി ഒക്കെ പോലെ ചടങ്ങുകൾ ഒക്കെ നടക്കുമ്പോൾ കണ്ടിട്ടില്ലേ, അത് വരെ ഫ്രയിമിൽ ഇല്ലാത്ത ഒരു അമ്മാവൻ ഓടി വരും. എല്ലാവരും പറയുന്നതിന്റെ നേരെ എതിർ ആയിരിക്കും ഇവരുടെ അഭിപ്രായം. എന്നിട്ടു തല്ലുകൂടി ഇവർ പറയുന്നത് പോലെ ചെയ്യിക്കും.
അത് പോലെ തന്നെ ഒരു അമ്മാവൻ ഇവിടെയും പ്രത്യക്ഷപ്പെട്ടു. അമ്മാവൻ ആ മന്ത്രവാദിക്ക് ഇല്ലാത്ത കുറ്റം ഒന്നും ഇല്ല എന്ന് പറഞ്ഞു ധരിപ്പിച്ചു. എല്ലാം കഴിഞ്ഞു അവസാനം ആ സ്ഥിരം ഡയലോഗും.
"എന്റെ പരിചയത്തിൽ ഒരാൾ ഉണ്ട്.. ഞാൻ പറഞ്ഞു സെറ്റ് ആക്കാം".
അങ്ങനെ അമ്മാവന്റെ മന്ത്രവാദി വന്നു. കണ്ടാൽ തന്നെ കുറച്ചു ഓവർ ആണ് പുള്ളി. ചുവന്ന മുണ്ടും കറുത്ത ജുബ്ബയും കഴുത്തിൽ പത്തിരുപതു മാലയും കയ്യിൽ കക്ഷം വരെ ചിരടും മുടിയും രണ്ടു കാതിലും കൂടി പത്തിരുന്നൂറു കമ്മലും ഒക്കെ കൂടി ഒരു രൂപം.
രണ്ടാഴ്ചയോ.. അതൊന്നും വേണ്ട...എനിക്ക് രണ്ടു ദിവസം മതി...
അങ്ങനെ വേണ്ട സാധനങ്ങളുടെ ലിസ്റ്റ് കിട്ടി.
മഞ്ഞൾപൊടി, ഭസ്മം, കർപ്പൂരം, എന്ന, എണ്ണ, നെയ്യ്, കാഞ്ഞിരവേര്, മൺകുടം, ചമത, mc vsop ലിറ്റർ
ങേ...mc ലിറ്ററോ...
ആ.. ഇത് ആഭിചാരമാണ് മദ്യം വേണം...
ജവാൻ പോരെ...
പോരാ ശരിക്കും മൂത്ത ചാരായം ആണ് വേണ്ടത്.. പക്ഷെ ചാരായം നിരോധിച്ചില്ലേ...അതിനു പകരം നില്ക്കാൻ vsop തന്നെ വേണം.
അല്ല ..ചാരായം വേണമെങ്കിൽ സംഘടിപ്പിക്കാം.. ഒരു പത്തു കിലോമീറ്റർ പോയാൽ കൊച്ചി ആണ്...
ആണോ ... എന്നാൽ ഒരു vsop ലിറ്ററും, പിന്നെ ഈ പറഞ്ഞ ചാരായവും സംഘടിപ്പിച്ചോ. അത് ഒരു രണ്ടു ലിറ്റർ ആയിക്കോട്ടെ.
നൈഷ്... ഇനി മിണ്ടാൻ നിന്നാൽ വേറെയും പലതും വേണ്ടി വരും.
അങ്ങനെ എല്ലാം സംഘടിപ്പിച്ചു.. നാളെയാണ് കർമം.
ഈ സുഹൃത്ത് കർമത്തിൽ പങ്കെടുക്കാൻ എന്നെയും മറ്റേ tvm ചങ്കിനെയും വിളിച്ചിരുന്നു. ഞങ്ങൾ കുളിച്ചു വെള്ള ഷർട്ടും മുണ്ടും ഒക്കെ ധരിച്ചു കുറിയും തൊട്ടു അവന്റെ വീട്ടിൽ എത്തി.
ഒരു ദേവാലയത്തിന്റെ പ്രതീതി പ്രതീക്ഷിച്ചു ചെന്ന ഞങ്ങൾ ഒരു ലോക്കൽ ബാറിൽ എത്തപ്പെട്ടത് പോലെ ആയി. കുറെ ബന്ധുക്കളും അയൽക്കാരും ഒക്കെ കൂടിയിരിക്കുന്നു. എല്ലാം നല്ല പറ്റ്. എന്നാൽ പിന്നെ ഞങ്ങൾ മാത്രം പച്ചക്കു നിൽക്കുന്നത് ശരിയല്ല. ഞങ്ങളും രണ്ടെണ്ണം വീശി. ഒന്ന് കൂടി വിശദമാക്കിയാൽ ഞാൻ രണ്ടെണ്ണം വീശി tvm ഒരു 5 എണ്ണം വരെ ഒക്കെ ഞാൻ എണ്ണി. പുള്ളി പിന്നെയും നിന്ന് താങ്ങുന്നുണ്ടായിരുന്നു.
അങ്ങനെ കർമം തുടങ്ങി. മന്ത്രം ചൊല്ലി കർമങ്ങൾ ചെയ്തു കർമിയുടെ അസിസ്റ്റന്റിനെ ശരീരത്തിലേക്ക് അവിടെ അലഞ്ഞു നടക്കുന്ന ദുർമൂർത്തികളെ മുഴുവൻ ആവാഹിക്കും. എന്നിട്ട് അതിനെ ഒക്കെ കുടത്തിൽ അടച്ചു കൊണ്ട് പോകും. അതാണ് പരിപാടി. കർമ്മി ഒരു കളത്തിനു മുന്നിലിരുന്ന് എന്തൊക്കെയോ കടിച്ചാൽ പൊട്ടാത്ത മന്ത്രങ്ങളും ചൊല്ലി കുറെ പൂക്കൾ എടുത്തു എറിയലിൽ ആണ് തുടങ്ങിയത്. പിന്നെ കർമിയും അസ്സിസ്റ്റന്റും കൂടി പന്തം കത്തിച്ചു ഫയർ ഡാൻസ് തുടങ്ങി. ആകെ തീയും പുകയും ബഹളം. ഇവന്മാർ ഈ വീട് കത്തിക്കുമോ എന്ന് പറയാൻ ഞാൻ tvm കാരന്റെ നേരെ തിരിഞ്ഞപ്പോൾ ദേ പുള്ളിയെ കാണാനില്ല. നോക്കുമ്പോ ആള് വീണ്ടും താങ്ങാൻ പോയതാണ്. അങ്ങിനെ കർമത്തിന്റെ ഇടയിൽ ഇടക്കിടക്കി tvm പോയി ഇന്ധനം അടിച്ചു വരുന്നുണ്ടായിരുന്നു.
കർമം മൂത്തു ദുർമൂർത്തികൾ എല്ലാം പഞ്ചിങ് ചെയ്തു അസിസ്റ്റന്റ് കർമിയുടെ ശരീരത്തിൽ കടന്നു. ഇനി അവയെ കുടത്തിൽ ആക്കണം. പക്ഷെ ഒരു പ്രശ്നം പറ്റി. വിചാരിച്ചതിനേക്കാൾ കൂടുതൽ ശക്തിയുള്ള മൂർത്തികളാണ്, സാധാരണ പ്രയോഗത്തിൽ ഒന്നും നിൽക്കില്ല. അസിസ്റ്റന്റ് ആണെങ്കിൽ നിന്ന് ഡിസ്കോഡാൻസ് കളിക്കുകയാണ്. കയറിൽ തൂങ്ങി മുകളിൽ കയറുന്നതും ചുമരിൽ പിടിച്ചു നടക്കുന്നതും പുഴു പോലെ നിലത്തു കിടന്നു പുളയുന്നതും അങ്ങനെ പല സ്റ്റെപ്പുകൾ മാറി മാറി കളിക്കുന്നു.
ഇതിനിടയിൽ മന്ത്രവാദി കാരണവന്മാരുടെ അടുത്ത് വന്നു.
ഇത് കൂടിയ ഇനമാ... കടുത്ത പ്രയോഗം വേണം.
എന്നാൽ വേഗം പ്രയോഗിച്ചാട്ടെ..
അങ്ങനെ ചുമ്മാ പ്രയോഗിക്കാൻ പറ്റില്ല ഒരു 4000 രൂപ എക്സ്ട്രാ തരണം.
ആഹാ... എന്നാൽ തന്റെ പ്രയോഗം ഒക്കെ നിർത്തി കൂടും കുടുക്കയും എടുത്തു സ്ഥലം വിട്ടോ.
ഇപ്പൊ തന്നെ ആകെ വെറുത്തു നിൽക്കുന്ന കാരണവർ പറഞ്ഞു.
ഞാൻ പൊക്കോളാം. പക്ഷെ അവൻ കൂടെ വരും എന്ന് തോന്നുന്നില്ല. കർമ്മി അസ്സിസ്റ്റന്റിന്റെ നേരെ കൈ ചൂണ്ടി. ഉഗ്രരൂപികളാ ശരീരത്തിൽ കയറിയിരിക്കുന്നത്. അവ ഈ വീട് വിട്ടു വരില്ല. ഇവിടെ നിന്ന് മുടിപ്പിക്കും.
ഇത് വല്യ ശല്യം ആയല്ലോ. ശരി കാശു തരാം വേഗം ഈ അഭിനയം നിർത്തി പോകാൻ നോക്ക്.
കാർമി നേരെ ചെന്ന് ഒരു ചൂരൽ എടുത്തു പിന്നെ അസിസ്റ്റന്റിനെ അടി തുടങ്ങി. പക്ഷെ അയാൾക്ക് അടിയെല്ലാം വെറും തലോടൽ പോലെ ആണ്. അടി കൊള്ളുന്ന ഭാവമേ ഇല്ല. ഇടക്കിടക്ക് കാർമി ഞങ്ങളെ നോക്കി ദേ കണ്ടോ.. എന്ന അർത്ഥത്തിൽ കണ്ണ് കൊണ്ട് ആക്ഷൻ കാണിക്കുന്നു.
നമ്മുടെ tvm കുറെ നേരം ഇത് കണ്ടു നിന്നു. മന്ത്രവാദിയുടെ അടി പുള്ളിക്ക് അത്ര രസിക്കുന്നില്ല എന്ന് മുഖഭാവത്തിൽ നിന്നും വ്യക്തം. കുറച്ചു കഴിഞ്ഞു മൂപ്പര് എടുത്തൊരു ചാട്ടം.
ഇങ്ങനെ തല്ലിയാൽ ഒന്നും പോകില്ല. ഞാൻ കാണിച്ചു തരാം എന്നും പറഞ്ഞു ചൂരൽ പിടിച്ചു വാങ്ങി വീശി പട പടേന്ന് അടി തുടങ്ങി. മന്ത്രവാദിയുടെ ഉടായിപ്പ് അടിയും കൊണ്ട് സുഖിച്ചു കണ്ണടച്ച് നിന്നിരുന്ന അസിസ്റ്റന്റ് പരികർമി ശരിക്കും അടി കിട്ടിയതോടെ വേദനിച്ചു പുളഞ്ഞു ഓടാൻ തുടങ്ങി. പക്ഷെ tvm വിട്ടില്ല പിറകെ ഓടിച്ചിട്ടടിച്ചു. ഇടക്ക് തടയാൻ വന്ന മാത്രവാദിക്കും കിട്ടി. ആകെ മടുത്തു വെറുത്തു നിന്നിരുന്നതിനാൽ ആരും തടയാൻ നിന്നില്ല. ആകെ അടി..തലങ്ങും വിലങ്ങും അടി... അടിയോടടി...
അവസാനം വേറെ രക്ഷയില്ലാതെ ദുരാത്മാക്കൾ എല്ലാം കുടത്തിൽ കയറി എന്നും പറഞ്ഞു കുടം അടച്ചു കെട്ടി കൊണ്ട് വന്ന സാധനങ്ങൾ മുഴുവൻ എടുക്കാൻ പോലും നിൽക്കാതെ കർമിയും പരികർമിയും രക്ഷപ്പെട്ടു.
ഈ അടി നടക്കുമ്പോൾ ഇടയ്ക്കു കാരണവർ tvm ന്റെ ചെവിയിൽ എന്തോ പറഞ്ഞു. പിന്നീട് ഒരിക്കൽ ഞാൻ പുള്ളിയെ കണ്ടപ്പോൾ അത് എന്താണെന്നു ചോദിച്ചു..
അത് ഒന്നും ഇല്ല. ആ അമ്മാവന് കൂടി രണ്ടു കൊടുക്കാൻ പറ്റുമോന്നു നോക്ക് എന്നാണ് ആള് പറഞ്ഞത്...

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ