കുറെ വർഷം മുൻപ് നടന്ന എന്നാൽ ഇന്നും ദുരൂഹമായി തുടരുന്ന ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ എന്റെ ചെറുപ്പത്തിൽ, ഒരു ആറേഴു വയസ്സൊക്കെ ഉള്ളപ്പോൾ സ്ഥിരമായി ചില സ്വപ്നങ്ങൾ കാണാറുണ്ട്. ഒരെണ്ണം ഒരു കറുത്ത പൂച്ച ഓടിപ്പോകുന്നു. അതിന്റെ മുതുകിൽ ഒരു വളഞ്ഞ വടി ഉയർന്നു നിൽക്കുന്നു. അതിൽ ഒരു വിളക്ക് അല്ലെങ്കിൽ ബൾബ് പോലെ വെളിച്ചം കെട്ടി ഇട്ടിരിക്കുന്നു. പിന്നെ കാണാറുള്ളത് ഒരു പഴയ കെട്ടിടം ചുറ്റും മണൽപ്പരപ്പ്. ഞാൻ അങ്ങോട്ട് ചെല്ലുമ്പോൾ അതിന്റെ ഒരു വശത്തു ഒരു വലിയ ചെന്നായ പോലെ ഒരു ജീവി കിടക്കുന്നു. എന്നെ കണ്ടതും അത് എണീറ്റ് നടന്നു പോകുന്നു. അവ്യക്തമായ രണ്ടു സ്വപ്‌നങ്ങൾ. അത് പോലെ തന്നെ മറ്റൊരു സ്വപ്നം. പക്ഷെ ഇത് വളരെ വ്യക്തമായതാണ്. ഒരു വലിയ പെട്ടി മൂന്നാലു പേര് ചേർന്ന് ചുമന്നു അകത്തു കൊണ്ട് വെക്കുന്നു. അതിൽ നിന്നും ഒരു ടീവി പുറത്തെടുക്കുന്നു.
ഞാൻ ഈ സ്വപ്‌നങ്ങൾ കാണാൻ കാരണവും ഉണ്ട്. പണ്ട് ടീവി അപൂർവം ആയിരുന്നു. അതൊരെണ്ണം വേണം എന്ന ആഗ്രഹം മനസ്സിൽ കിടന്നു സ്വപ്നമായി പുറത്തു വന്നു. അതെ പോലെ വീട്ടിൽ അച്ഛൻ ഇലക്ട്രോണിക്സ് റിപ്പയർ ചെയ്യുന്നത് കണ്ടു വളർന്ന ഞാൻ എന്നും ലൈറ്റും സൗണ്ടും ഒക്കെ ഇഷ്ടപ്പെട്ടിരുന്നു. പലപ്പോഴും ടോർച്ചുകൾ നന്നാക്കുന്നത് ബാറ്ററി ഇട്ടു ടെസ്റ്റ് ചെയ്യുന്നത് ഞാൻ ആവും. അതെ പോലെ തന്നെ ഒരു പൂച്ച വേണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ഇത് രണ്ടും കൂടിയാണ് പൂച്ച ലൈറ്റുമായി പോകുന്നത് കാണുന്നത്. പിന്നെ അമ്മവീടിനടുത്ത് ഒരു പഴയ പൂജ മുടങ്ങി തകർന്നു കിടക്കുന്ന ഒരു ക്ഷേത്രം ഉണ്ട് അവിടെ ഞാൻ ആരും കാണാതെ തനിച്ചു പോകാറുണ്ട്. ഒരു പേടിപ്പെടുത്തുന്ന അവസ്ഥ ആണ് അവിടെ. അത് എനിക്ക് ഒരു ഹരം ആയിരുന്നു. അതാണ് സ്വപ്നത്തിലെ കെട്ടിടം. പക്ഷെ ചെന്നായ എവിടെ നിന്നും വന്നു എന്നെനിക്കറിയില്ല.
വളർന്നപ്പോൾ പിന്നെ ഇതൊന്നും കാണാതായി. അങ്ങനെ ഒരു ദിവസം എനിക്ക് തൃശൂർ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. അന്നെനിക്ക് ഒരു പൾസർ ബൈക്ക് ഉണ്ട് . അതിൽ പോകാം എന്ന് തീരുമാനിച്ചു.
അങ്ങനെ തൃശൂർ ഒക്കെ കറങ്ങി സന്ധ്യ ആവാറായപ്പോൾ ഞാൻ തിരിച്ചു പോരാൻ തുടങ്ങി. പക്ഷെ സ്ഥിരം വഴി അല്ലാതെ ഒന്ന് മാറ്റി പിടിക്കാം എന്ന് കരുതി ഒല്ലൂർ വഴി ഒരു ഉൾവഴിയിൽ കൂടി കയറി. ഞാൻ ഒരിക്കൽ ആ വഴി പോയിട്ടുണ്ട്. അങ്ങനെ ഞാൻ കുറെ ദൂരം പൊന്നു. പക്ഷെ ലക്ഷ്യത്തിൽ എത്തുന്നില്ല. എന്തോ ഒരു ലൂപിൽ പെട്ട പോലെ. മുൻപ് കണ്ട സ്ഥലങ്ങൾ വീണ്ടും ആവർത്തിച്ചു വരുന്നത് പോലെ. വഴി ഒന്നും മനസ്സിലാവുന്നില്ല. അങ്ങനെ കുറെ ദൂരം പോയപ്പോൾ ഇനി വഴി ചോദിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ ഒരു വീട്ടിൽ കയറി ചോദിച്ചു. അവർ വഴി ഒക്കെ പറഞ്ഞു തന്നു. അവർ പറഞ്ഞ വഴിയിൽ കയറി. പക്ഷെ എനിക്ക് എന്തോ ഒരു പരിചയം ഉള്ള സ്ഥലം പോലെ ഒരു തോന്നൽ. പക്ഷെ ആ വഴി ഞാൻ ആദ്യമായി പോകുകയാണ് എന്ന് ഉറപ്പ്. എന്നാലും എന്തോ ഒരു ആത്മബന്ധം ഉള്ള വഴി പോലെ. അവിടെ ഇറങ്ങി നടക്കാൻ ഒക്കെ തോനുന്നു. അവിടെ വിട്ടു പോകാൻ ഒരു മടി പോലെ. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ വലത്തോട്ട് ഒരു വഴി കണ്ടു ആ വഴിക്കല്ല എനിക്ക് പോകേണ്ടത് എന്നാലും ആ വഴി തിരിക്കാൻ മനസ്സ് പറഞ്ഞു. ഞാൻ അങ്ങോട്ട് തിരിച്ചു ആ വഴിയിലേക്ക് തിരിയുന്ന ഭാഗത്ത് തന്നെ ഒരു ചെറിയ വീടുണ്ട്. ഞാൻ നോക്കുമ്പോൾ അവിടെ ഒരു പയ്യൻ ഒരു വടിയിൽ ചെറിയ ടോർച്ച് കെട്ടി വെച്ച് കത്തിച്ചു അവന്റെ പട്ടിയുടെ പുറത്തു കെട്ടി വെച്ച് കളിക്കുന്നു. പണ്ട് ഞാൻ സ്വപ്നത്തിൽ കണ്ട പൂച്ചയെ എനിക്ക് പെട്ടെന്ന് ഓർമ്മ വന്നു. അതൊന്നും കാര്യം ആക്കാതെ ഞാൻ വണ്ടി വിട്ടു.
മുന്നോട്ടു പോകും തോറും ഒരു വീർപ്പുമുട്ടൽ പോലെ ഒക്കെ എനിക്ക് തോന്നി. മുളവേലി കെട്ടിയ ഒഴിഞ്ഞ പറമ്പുകൾ ആണ് രണ്ടു വശത്തും അതിനിടയിലൂടെ നീണ്ടു കിടക്കുന്ന വഴി ഒരു പഴയ തറവാട്ടുവീടിന് മുന്നിലാണ് അവസാനിക്കുന്നത്. ആ വീടിന്റെ മതിലിനു പുറത്ത് വെച്ച് ഞാൻ ബൈക്ക് തിരിച്ചു. പക്ഷെ എനിക്ക് അവിടന്ന് പോകാൻ മനസ്സ് വരുന്നില്ല. എന്നാലും ഞാൻ തിരിച്ചു പോരാൻ തുടങ്ങി അങ്ങനെ വണ്ടി തിരിക്കുമ്പോൾ ആ വഴിയിൽ കൂടി വേറൊരു കാർ വന്നു. സൈഡ് കൊടുക്കാൻ ഉള്ള വീതി ഇല്ലത്തതിനാൽ ഞാൻ മതിൽകെട്ടിനു ഉള്ളിലേക്ക് വണ്ടി കയറ്റാൻ നിർബന്ധിതനായി. അങ്ങനെ ഞാൻ ആ വീടിന്റെ മുറ്റത്തു വണ്ടി കയറ്റി തിരിക്കാൻ തുടങ്ങുമ്പോൾ ഒരു ആഢ്യത്വം ഉള്ള പ്രായം ആയ ഒരാൾ ഇറങ്ങി വന്നു കാര്യം അന്വേഷിച്ചു. വഴി തെറ്റിയതാണ് എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം എനിക്ക് വഴി പറഞ്ഞു തന്നു. എന്നിട്ട് എന്തായാലും വന്നതല്ലേ ഒരു ഗ്ലാസ് വെള്ളം കുടിച്ചു പോകാം എന്ന് നിർബന്ധിച്ചു. അങ്ങനെ ഞാൻ ഇറങ്ങി വീടിനു നേരെ നടക്കുമ്പോൾ അതിന്റെ വടക്കുവശത്തു നിന്നും ഒരു വലിയ നായ എഴുന്നേറ്റു ഓടിപ്പോയി. ഞാൻ സ്വപ്നത്തിൽ കണ്ട മറ്റൊരു കാര്യം കൂടി ഏതാണ്ട് സത്യമായി. ഞാൻ മുറ്റത്തു സൂക്ഷിച്ചു നോക്കി. നല്ല മണൽ വിതറിയ മുറ്റം. ഞാൻ സ്വപ്നം കാണുന്ന അതെ മണൽപ്പരപ്പ്. മുന്നിൽ പഴയ ഒരു കെട്ടിടം. ഓടിപ്പോകുന്ന നായ.
ഞാൻ പൂമുഖത്തേക്ക് കയറി അപ്പോഴാണ് അടുത്ത ഞെട്ടൽ. ഞാൻ തിരിക്കുമ്പോൾ വന്ന വണ്ടി വീടിന്റെ മുറ്റത്തു വന്നു നിന്നിരുന്നു. അതിൽ നിന്നും ഒരു ചേട്ടനും ഒരു പയ്യനും കൂടി ഒരു ടീവി പിടിച്ചു ഇറക്കുന്നു. അവർ അത് സർവീസിന് കൊടുത്തു തിരിച്ചു വേടിച്ചു കൊണ്ട് വന്നതാണ്.
അവർ അത് അകത്തു കൊണ്ട് വെച്ചു. പക്ഷെ അവർക്ക് അത് കണക്ഷൻ കൊടുക്കാൻ അറിയുന്നില്ല. അടുത്ത ആരെയോ വിളിക്കണം എന്നൊക്കെ പറയുന്നു. അത് കണ്ടു ഞാൻ എനിക്ക് ഇലക്ട്രോണിക്സ് ഒക്കെ അത്യാവശ്യം അറിയാം എന്ന് പറഞ്ഞു. അത് കേട്ട് അവർ എന്നോട് നോക്കാൻ പറഞ്ഞു. ഞാൻ കേബിൾ കണക്ട് ചെയ്തു ചാനൽ ഒക്കെ ട്യൂൺ ചെയ്തു കൊടുത്തു. ആ ടീവി കൊണ്ട് വന്ന ചേട്ടൻ എനിക്ക് 100 രൂപ തന്നു. ഞാൻ വേണ്ടാന്ന് പറഞ്ഞു. പക്ഷെ അയാൾ നിർബന്ധിച്ചു പിടിപ്പിച്ചു. അങ്ങനെ ഞാൻ വെള്ളം ഒക്കെ കുടിച്ചു തിരിച്ചു പൊന്നു.
ഞാൻ ആ 100 രൂപ വീട്ടിൽ കൊണ്ടു വെച്ചു, പക്ഷെ അത് പിന്നെ നോക്കിയിട്ടു കണ്ടില്ല. എവിടെ വെച്ചു എന്നും ഓർമയില്ല. വീട് മുഴുവൻ അരിച്ചു പെറുക്കിയിട്ടും അത് കിട്ടിയില്ല. പിന്നീട് ഞാൻ തൃശൂർ പോയി വരും വഴി ഈ വഴിക്ക് പോയി നോക്കി. പക്ഷെ കുറെ ശ്രമിച്ചിട്ടും ഈ വഴി കണ്ടെത്താനായില്ല. പിന്നെ പല തവണ ഈ ഭാഗത്തു വന്നു നോക്കിയിട്ടും ആ വഴിയും വീടും കണ്ടുകിട്ടിയില്ല. ഈ ഭാഗത്തൊക്കെ കുറെ അന്വേഷിച്ചു പക്ഷെ ആർക്കും അങ്ങിനെ ഒരു വീടിനെ പറ്റി അറിവില്ല.
ഇതൊന്നും ഒരു അമാനുഷികസംഭവം ആണെന്നു വിശ്വസിക്കുന്നില്ല. ഇതിലൊന്നും എനിക്ക് വിശ്വാസവുമില്ല. എല്ലാം യാദൃശ്ചികം എന്ന് കരുതുന്നു. എന്നാലും ആ വീട്ടിലേക്ക് ഒരിക്കൽ കൂടി പോകണം എന്നുണ്ട്. ഈ ഭാഗത്ത് ഉള്ളവർ ഉണ്ടെങ്കിൽ ഇങ്ങനെ ഒരു വീട് അവിടെ ഉള്ളതായി അറിയാമെങ്കിൽ ഒന്ന് പറയണം. വെട്ടുകല്ല് കൊണ്ട് കെട്ടിയ ഒരു തേക്കാത്ത മതിൽ, ഗേറ്റ് ഇല്ല. മതിലിനപ്പുറം ഒരു ചെടി പോലും ഇല്ലാത്ത മണൽപ്പരപ്പ്. അതിനു നടുവിൽ പഴയ വലിയ തറവാട്. വീട്ടിലേക്കുള്ള വഴിയുടെ ഇരുവശത്തും മുളവേലി. ഒരു പത്തുപതിനാല് വർഷം മുൻപ് അവിടത്തെ അവസ്ഥ ഇതായിരുന്നു. ഇപ്പോൾ അറിയില്ല. എന്തെങ്കിലും വിവരം അറിയാവുന്നവർ ഒന്ന് അറിയിച്ചാൽ നന്നായിരുന്നു. ഏതാണ്ട് ഈ ചിത്രത്തിൽ കാണുന്ന മോഡൽ വീടാണ്.

അഭിപ്രായങ്ങള്‍