സാത്താനും കുരിശും
കുരിശ് കണ്ടാൽ സാത്താൻ പേടിക്കുമോ?
പേടിക്കും എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാൽ കുരിശ് കണ്ടാൽ പേടിച്ചോടുന്ന മനുഷ്യരും ഉണ്ട്. എന്റെ സുഹൃത്ത് സെബി എന്ന സെബാസ്റ്റിൻ കുരിശ് എന്ന് കേട്ടാൽ വരെ പേടിച്ച് വിറക്കും. അതിനൊരു കാരണവും ഉണ്ട്.
സെബി ഒരു ദിവസം സാത്താനെ നേരിട്ടു കണ്ടിട്ടുണ്ട്. അന്ന് മുതലാണ് പേടി തുടങ്ങിയത്. ആ കഥ ഇങ്ങനെ.
ഒരു ദിവസം ഞാനും വേറെ രണ്ട് സുഹൃത്തുക്കളും കൂടി കവലയിലെ ബസ്സ്റ്റോപ്പിൽ സംസാരിച്ചിരിക്കുമ്പോൾ ഞങ്ങളുടെ കോമൺഫ്രണ്ട് അയ സെബി ബസിൽ വന്നിറങ്ങി. ഞങ്ങളെ കണ്ടപ്പോൾ പിന്നെ കുറച്ച് നേരം അവനും സംസാരിക്കാൻ കൂടി. അങ്ങനെ സംസാരിക്കുന്നതിനിടയിൽ സെബി ഒരു ആഗ്രഹം പറഞ്ഞു.
വരുന്ന വെള്ളിയാഴ്ച അവന്റെ ലൈനിന്റെ (കാമുകി ) ബർത്ത് ഡേയാണ്. ഒരു സപ്രസ് കൊടുക്കണം.
സപ്രസോ അതെന്ന ചാതനം? സപ്പർ എന്നാണോ ഉദ്ദേശിച്ചത്.
അതല്ലടാ സപ്രസ് ആയി ആശംസയും സമ്മാനവും കൊടുക്കണം..
അത് സപ്രസ് അല്ലടാ മണ്ടാ സർപ്രൈസ്.
ആ... ലത് തന്നെ. അത് കൊടുക്കണം.
അതൊക്കെ കൊടുക്കാം, പക്ഷേ ഗിഫ്റ്റ് കൊടുക്കാൻ നിന്റെ കയ്യിൽ കാശുണ്ടോ..
അമ്പത് രൂപ ഉണ്ട്..
ആ അമ്പത് രൂപക്ക് ഡയമണ്ട് റിങ്ങ് വാങ്ങിക്കൊട്. ഒന്ന് പോടോ ഹേ.. മിനിമം ഒരു 500 ന്റെ ഗിഫ്റ്റ് വേണം.
അഞ്ഞൂറോ അതിലെത്ര പൂജ്യം ഉണ്ട്?
ആ... രണ്ട് മൂന്നെണ്ണം കാണും, അതല്ലല്ലോ നമ്മുടെ വിഷയം, നീ 500 സംഘടിപ്പിക്ക്.
അങ്ങനെ രണ്ട് ദിവസം കഴിഞ്ഞു വ്യാഴാഴ്ച ആയി. ഞാൻ രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങിയതും സെബി മുറ്റത്ത്.
എടാ പൈസ സെറ്റ്..
അപ്പച്ചന്റെ പോക്കറ്റിൽ നിന്ന് ചൂണ്ടിയല്ലേ...
അത് നിനക്കെങ്ങിനെ മനസ്സിലായി....
സ്വാഭാവികം....
നീ വാ നമുക്ക് സപ്രസ് പ്ലാൻ ചെയ്യാം.
അങ്ങനെ ഞങ്ങൾ അഞ്ച് കൂട്ടുകാർ യോഗം ചേർന്നു.
500 രൂപക്ക് എന്ത് ചെയ്യാം? സെബി ചോദിച്ചു.
അതൊക്കെ ചെയ്യാം.. നീ ആദ്യം പോയി എല്ലാർക്കും പഫ്സ് വാങ്ങി വാ..
അങ്ങനെ 230 രൂപക്ക് ഒരു കപ്പിൾ സ്റ്റാച്യു ഗിഫ്റ്റും വാങ്ങി.. ഭാക്കി കാശിന് പഫ്സും സർവത്തും ഒക്കെ താങ്ങി.
ഇനിയാണ് സർപ്രൈസ്. രാത്രി 12 മണിക്ക് അവളുടെ വീട്ടിൽ പോയി ഗിഫ്റ്റ് കൊടുക്കണം. അങ്ങനെ അവളെ ഞെട്ടിക്കണം.
ഞെട്ടിക്കാം..
അങ്ങനെ ഞങ്ങൾ രാത്രി പതിനൊന്നരക്ക് ഇറങ്ങിത്തിരിച്ചു.
ഒരു ശ്മശാനഭൂമി കഴിഞ്ഞ് വേണം അവിടെ എത്താൻ. ശ്മശാനഭൂമി എന്ന് പറഞ്ഞാൽ ഒരു ഒഴിഞ്ഞ വലിയപറമ്പ്. പറമ്പിന്റെ ഒരു ഭാഗത്ത് ഇടിഞ്ഞ് പൊളിഞ്ഞ ഒരു കെട്ടിടം. അത് പണ്ട് ശ്മശാനം ആയിരുന്നു എന്നൊക്കെ പറഞ്ഞ് കേൾക്കുന്നു, അത്ര തന്നെ. എന്തായാലും രാത്രി ആ വഴി പോകാൻ പലർക്കും പേടിയാണ്, സെബിക്കും.
പ്രേതത്തിനെക്കാൾ വലുതാണ് പ്രേമം. എന്ത് പേടിയും സഹിച്ച് സെബി രാത്രി ഇറങ്ങിത്തിരിച്ചു, കൂടെ ഞങ്ങളും. ഏതാണ്ട് ശ്മശാനം കഴിഞ്ഞപ്പോൾ ആരോ ഞങ്ങളുടെ പുറകെ വരുന്ന പോലെ തോന്നി. തോന്നലാവും എന്ന് കരുതി ഞങ്ങൾ പിന്നെയും നടന്നു. പക്ഷേ ആരോ പിന്നിൽ തന്നെ ഉള്ളതായി തോന്നുന്നു. ശ്മശാനത്തിൽ നിന്ന് ഇറങ്ങിയ ഏതോ പ്രേതമാണ്, ഉറപ്പ്. ഇനി എന്ത് ചെയ്യും.
ഉടൻ സെബാസ്റ്റന് ഒരു ഐഡിയ വന്നു. പ്രേതം എന്നത് സാത്താനാണെന്നും സാത്താൻ കുരിശ് കണ്ടാൽ പേടിക്കും എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.
ആരുടെ അച്ഛൻ
പള്ളീലെ അച്ഛൻ.
എന്നാൽ പിന്നെ വാചകമടിച്ചു നിൽക്കാതെ നിന്റെ കുരിശു മാല എടുത്ത് കാണിക്കടാ...
അത് പറ്റൂല്ല..
? ? ?
കുരിശ് മാല ഒക്കെ ഓൾഡ് ഫാഷനാ.. അതൊക്കെ പൊട്ടിച്ച് കളഞ്ഞു ഇപ്പൊ ഇതാ..
സെബി ഷർട്ടിനുള്ളിൽ നിന്ന് സൂപ്പർമാൻ ചിഹ്നം ഉള്ള ഒരു മാല എടുത്ത് കാണിച്ചു.
കൊള്ളാമെടാ മക്കളേ... ബൈ ദുബൈ ഈ മാല കണ്ടാൽ സാത്താൻ ഓടുമോ...
ഇല്ല'
എന്നാൽ പിന്നെ അകത്തിട്ടോ.
ആ വേറെ ഒരു സ്വർണ്ണക്കുരിശുണ്ട്.
എന്നാൽ അതെടുക്ക്.
അത് അരഞ്ഞാണത്തിലാ..
ആഹാ.. അരഞ്ഞാണം ഒക്കെ ഇട്ട് നടക്കുന്ന കുഞ്ഞുവാവയാണ് പ്രേമിക്കാൻ നടക്കുന്നത്. എന്തായാലും സാധനം എടുക്ക്.
സെബി മടിച്ച് മടിച്ച് പാന്റിനുള്ളിലേക്ക് കൈ ഇട്ടു.
അല്ലെടാ.. ഇത്ര കഷ്ടപ്പെടണ്ട വേറെ ഐഡിയ ഉണ്ട്.
ഇതു പറഞ്ഞ് സെബി രണ്ട് വടി ഒടിച്ചെടുത്തു. ഇത് കൂട്ടിക്കെട്ടി കുരിശാക്കാം.
പക്ഷേ എന്ത് വെച്ച് കെട്ടും.
അതിന് വഴിയുണ്ട്.. ഞാൻ അവന്റെ കയ്യിലെ ഗിഫ്റ്റ് കെട്ടിയ റിബൺ എടുത്ത് വടി കെട്ടി കുരിശാക്കി കൊടുത്തു.
അപ്പൊ ഗിഫ്റ്റിന്റെ റിബൺ.
റിബൺ അല്ലല്ലോ ഉള്ളിലുള്ളതല്ലേ ഗിഫ്റ്റ്. ആദ്യം പ്രേതം പിടിക്കാതെ ജീവനോടെ അവളുടെ വീട്ടിൽ എത്താൻ നോക്ക്.
അങ്ങനെ കുരിശും പിടിച്ച് ഞങ്ങൾ നടന്നു. പിന്നാലെ പ്രേതം വരുന്നുണ്ട്, പക്ഷേ കുരിശ് ഉള്ളത് കൊണ്ട് പേടിക്കാനില്ലല്ലോ.
അങ്ങനെ സെബിയുടെ കാമുകിയുടെ വീട്ടിലെത്തി. അവളുടെ വീടിന്റെ ടെറസ് ലൈറ്റ് ഇട്ടിട്ടുള്ളത് കൊണ്ട് മുറ്റത്ത് നല്ല വെളിച്ചം ഉണ്ട്. ഞങ്ങൾ വഴിയിലെ വശത്തേക്കിറങ്ങി ഒളിച്ചിരുന്നു സെബിയെ അവളുടെ വീട്ടിലേക്ക് വിട്ടു.
ജനലക്കൽ ചെന്ന് വിളിച്ചുണർത്തി ഗിഫ്റ്റും ആശംസയും ഒക്കെ കൊടുത്ത് സെബി സന്തോഷത്തോടെ മതിലിൽ ചാരി വെച്ച കുരിശ് എടുത്തു മതിൽക്കെട്ടിന് പുറത്തിറങ്ങി.
ആ സന്തോഷം പക്ഷേ അധിക സമയം നീണ്ട് നിന്നില്ല. സെബി പുറത്തിറങ്ങിയതും തൊട്ട് മുന്നിൽ ദേ നിൽക്കുന്നു സാത്താൻ. അതും ഒന്നല്ല രണ്ടെണ്ണം. ഇരുട്ടത്ത് നിൽക്കുന്നത് കൊണ്ട് വ്യക്തമായി കാണാൻ വയ്യ.
സാത്താൻമാർ മുന്നോട്ട് നടന്നു വെളിച്ചത്തിലേക്ക് വന്നു. അത് കണ്ട് സെബി വീണ്ടും ഞെട്ടി.
അതിലൊരു സാത്താന്റെ പേര് ജിജോ, മറ്റേത് വർക്കി. സെബിയുടെ ചേട്ടനും അച്ഛനും.
സെബി നിന്ന് വിറക്കുകയാണ് ഒപ്പം അവന്റെ കയ്യിലെ കുരിശും. വർക്കി സാത്താൻ ഓടി വന്ന് അവന്റെ കുരിശ് പിടിച്ച് വാങ്ങി അത് കൊണ്ട് സെബിക്കിട്ട് പടപടാ പൊട്ടിച്ചു. വടി കൊടുത്ത് അടി വാങ്ങി, സെബി ഉണ്ടാക്കിയ കുരിശ് അവന് തന്നെ കുരിശായി. ഒച്ചയും ബഹളവും കരച്ചിലും ഒക്കെ കേട്ട് പരിസരത്തെ വീടുകളിൽ എല്ലാം ലൈറ്റ് തെളിഞ്ഞു. ഒപ്പം അവന്റെ ലൈനിന്റെ വീട്ടിലും.
ഓടിക്കൂടിയവരുടെയും കാമുകിയുടെയും ഒക്കെ മുന്നിലിട്ട് സെബി യെ വർക്കി സാത്താൻ അടിച്ചു ഓടിച്ചു. പാവം വീട് വരെ അടി കൊണ്ടു. ഇതെല്ലാം കണ്ട് ഞങ്ങൾ വഴിക്കരികിലെ പൊന്തക്കാട്ടിൽ തന്നെ ഒളിച്ചിരുന്നു.
അങ്ങനെ യേശുവിന് ശേഷം കുരിശ് കൊണ്ട് ഏറ്റവും കൂടുതൽ പീഢനം ഏറ്റ വ്യക്തിയായി സെബി.
എന്തായാലും ഈ സംഭവത്തോടെ കാമുകി ജർമ്മനിയിലേക്ക് നാടുകടത്തപ്പെട്ടു. അവൾ അവിടെ നഴ്സിംഗ് ഒക്കെ പഠിച്ച് നല്ല ഒരു ബിസിനസ് മാനെ വിവാഹവും കഴിച്ച് സുഖമായി ജീവിക്കുന്നു. സെബി ഇന്നലെ അടിച്ച് പാമ്പായി ബസ്സ്റ്റോപ്പിൽ ഇരിപ്പുണ്ടായിരുന്നു. വർക്കി സാത്താൻ ഒരു വടിയും കൊണ്ട് ബസ്സ്റ്റോപ്പിലേക്ക് പോകുന്നതും കണ്ടു. എവിടേക്കാ എന്ന് ചോദിച്ചപ്പോൾ ഒരു 'പാമ്പിനെ ' തല്ലിക്കൊല്ലാൻ എന്നാണ് പറഞ്ഞത്.

അഭിപ്രായങ്ങള്‍