ജോൺ എന്ന കൂട്ടുകാരൻ പറഞ്ഞ അനുഭവമാണ്.
കഴിഞ്ഞു പോയ ലോക്ക് ഡൗൺ കാലത്താണ് സംഭവം നടക്കുന്നത്. ഞാൻ ജോണിനെ പരിചയപ്പെട്ടതും ആ കൊറോണക്കാലത്ത് തന്നെ. ലോക് ഡൗണിന് പുറത്തിറങ്ങാൻ അനുവാദമുണ്ടായിരുന്ന ചുരുക്കം ചിലരിൽ പെട്ടവരായിരുന്നു ഞങ്ങൾ രണ്ട് പേരും. ഞാൻ ആ സമയത്ത് ഞങ്ങളുടെ AKPA എന്ന തൊഴിൽ സംഘടനയുടെ ഭാരവാഹി ആയിരുന്നു. ഞങ്ങൾ അത്യാവശ്യക്കാർക്ക് മരുന്നും മാസ്കും മറ്റും എത്തിച്ച് കൊടുക്കാൻ സ്റ്റേഷനിൽ നിന്ന് അനുവാദം വാങ്ങിയിരുന്നു. അത് കൊണ്ട് തന്നെ ആ സമയത്ത് മിക്ക ദിവസവും പുറത്ത് പോയിരുന്നു. വിജനമായ വഴികളിൽ തനിച്ചുള്ള യാത്ര ഒരേ സമയം ത്രില്ലിംഗും മടുപ്പിക്കുന്നതും ആയിരുന്നു. സംഘടനയിലെ മറ്റ് ഭാരവാഹികൾ രണ്ട് ദിവസം കഴിഞ്ഞപ്പോൾ മുങ്ങി. ഞാൻ എന്നാലും തനിച്ച് മരുന്നും അവശ്യ വസ്തുക്കളും എത്തിച്ച് കൊടുത്തു.
ജോൺ ഒരു പഞ്ചായത്തിന്റെ സന്നദ്ധ പ്രവർത്തകനായിരുന്നു.ഒരു സ്ഥലത്ത് എത്തിച്ച് കൊടുക്കാൻ റിവാറ്റിൻ 20 എന്ന അത്യാവശ്യ മരുന്ന് എവിടെ കിട്ടും എന്നറിയാൻ വേണ്ടിയാണ് ജോൺ എന്നെ കൊണ്ടാക്റ്റ് ചെയ്യുന്നത്. സംഭവം ഇവിടെയൊന്നും കിട്ടില്ല. തൃശ്ശൂർ പോയി അന്വേഷിച്ചു. പക്ഷേ അവിടെയും സ്റ്റോക്കില്ല. അവസാനം ഒരു സ്ഥലത്ത് നിന്ന് സംഭവം കിട്ടി. എന്റെ ബൈക്കിലാണ് പോയത്. മരുന്ന് വാങ്ങി കഴിഞ്ഞ് അത് കയ്യോടെ തന്നെ എത്തിച്ച് കൊടുത്തു. വേറെയും രണ്ട് സ്ഥലത്ത് മരുന്ന് കൊടുക്കാനുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് പഞ്ചായത്ത് പരിസരത്ത് തിരിച്ചെത്തിയപ്പോൾ സമയം രാത്രി 9 മണി. അവിടെ നിന്ന് ഏതാണ്ട് അഞ്ചാറ് കിലോമീറ്റർ ദൂരമുണ്ട് ജോണിന്റെ വീട്ടിലേക്ക്. വീട് വരെ ഒന്ന് കൂട്ട് ചെല്ലാമോ എന്ന് ജോൺ ചോദിച്ചു. അങ്ങനെ ഞാൻ എന്റെ ബൈക്കിൽ അവനെ വീട് വരെ അനുഗമിച്ച് തിരിച്ച് വന്നു. പോകും മുമ്പ് ഞാൻ അവന്റെ പേടിയുടെ കാര്യമന്വേഷിച്ചു. ആദ്യമൊക്കെ വീട്ടിലെത്താൻ വൈകുമെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി ജോൺ ആറരക്ക് വീട്ടിൽ പോകും. അതിനൊരു കാരണവുമുണ്ട്.
ഇനി ജോണിന്റെ വാക്കുകളിലൂടെ .
പഞ്ചായത്തിലെ പരിപാടി ഒക്കെ കഴിയുമ്പോൾ ഏഴര എട്ട് മണി ആവും . ഒരു പത്ത് പതിനഞ്ച് മിനുട്ട് വേണം വീട്ടിലെത്താൻ. കുറെ വളഞ്ഞുതിരിഞ്ഞുള്ള പൊട്ടിപൊളിഞ്ഞ വഴി ആയത് കൊണ്ട് വണ്ടി പതുക്കെയേ ഓടിക്കാനാവൂ. അങ്ങനെ മൂന്ന് ദിവസം മുമ്പ് പഞ്ചായത്തിലെ ജോലികളെല്ലാം കഴിഞ്ഞ് ഇറങ്ങുമ്പോൾ സമയം 8.15 . പഞ്ചായത്തിൽ നിന്ന് ഒരുരണ്ടുരണ്ടര കിലോമീറ്റർ ഒക്കെ കഴിയുമ്പോൾ S ആകൃതിയിൽ രണ്ടു വളവുകൾ കൂടിയ ഒരു വലിയ വളവുണ്ട്. വളവിന്റെ ഒരു ഭാഗം വലിയ വയലാണ്. മറുഭാഗത്ത് അടക്കമരങ്ങൾ നിരന്നു നിൽക്കുന്ന വലിയ പറമ്പ്. പറമ്പിന്റെ അപ്പുറം വലിയൊരു കുന്നാണ്. ഞാൻ ഈ വളവിന്റെ ഭാഗത്ത് എത്തിയപ്പോൾ തന്നെ കുന്നിനു മറുഭാഗത്ത് ആരോ ടോർച്ച് ലൈറ്റ് മുകളിലേക്ക് അടിക്കുന്നത് പോലെ ഒരു വെളിച്ചം കണ്ടു. ഒരു സെക്കൻഡ് പോലും അത് നീണ്ടു നിന്നില്ല. കുന്നിനപ്പുറത്ത് ഒരു ചെറിയ തോട് ഉണ്ട്. അവിടെ രാത്രി മീൻ വെട്ടിപ്പിടിക്കാൻ വന്നവർ ആരോ തമാശക്ക് കാണിച്ചതാവും എന്നാണ് ഞാൻ കരുതിയത്. ഈ വഴി ആകെ തകർന്നു കിടക്കുകയാണ്, അത് കൊണ്ട് തന്നെ വളരെ പതുക്കെയേ വണ്ടി ഓടിക്കാൻ പറ്റൂ. അങ്ങനെ പോകുമ്പോൾ വീണ്ടും ആ വെളിച്ചം മിന്നിമാഞ്ഞു. പിന്നെയും പല തവണ ആ വെളിച്ചം മിന്നിമാഞ്ഞു ഒരു തവണ വെളിച്ചം മിന്നി പിന്നെ ഒരു നാലഞ്ചു സെക്കൻഡ് കഴിഞ്ഞാണ് വീണ്ടും തെളിയുന്നത് . ഞാൻ ആ വളവിന്റെ മധ്യത്തിൽ എത്തി. കുന്നിനോട് ഏറ്റവും അടുത്ത് വരുന്ന ഭാഗമാണ് ഇത്.
ഞാൻ വെറുതെ വണ്ടി നിർത്തി നോക്കി. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് ആ വെളിച്ചം താഴെ നിന്നും മുകളിലേക്കായല്ല മുകളിൽ നിന്നും താഴേക്കായാണ് തെളിയുന്നത്. ആദ്യം എന്തെങ്കിലും പ്രകൃതി പ്രതിഭാസം ആവും എന്നാണ് കരുതിയത്, ഞാൻ അതിന്റെ ഫോട്ടോ എടുക്കാമെന്നു കരുതി മൊബൈൽഫോൺ എടുത്തു കാമറ ഓൺ ചെയ്തു അങ്ങോട്ട് തിരിച്ചു. പല തവണ ക്ലിക്ക് ചെയ്തിട്ടും കൃത്യമായി ആ വെളിച്ചം കിട്ടിയില്ല. എന്നാൽ പിന്നെ വീഡിയോ ആവാം എന്ന് കരുതി കാമറ വീഡിയോ മോഡിലാക്കി റെക്കോർഡ് ബട്ടൺ പ്രസ് ചെയ്യാൻ പോയ ഞാൻ ശരിക്കും ഞെട്ടിപ്പോയി. ക്യാമെറയിൽ തൊട്ടടുത്തായി ഒരു നിഴൽ. അതായത് ഒരു പ്രത്യേക ഷേപ്പിൽ കറുത്ത നിറം. ആ ഭാഗത്ത് മാത്രം ദൃശ്യം കാണാനാവുന്നില്ല. ഞാൻ പെട്ടെന്ന് ഫോൺ മാറ്റി മുന്നിലേക്ക് നോക്കി. അവിടെ ഒന്നും ഇല്ല. മാത്രമല്ല ഇപ്പോൾ ആ വെളിച്ചം മിന്നുന്നില്ല.
എനിക്ക് അതോടെ ആകെ പേടി ആയി. എന്റെ ആക്ടിവ സ്കൂട്ടർ ബാറ്ററി കംപ്ലൈന്റ്റ് ആണ്. അത് കൊണ്ട് തന്നെ വണ്ടി സ്റ്റാർട്ട് ചെയ്യാൻ സെന്റർ സ്റ്റാൻഡ് ഇട്ടു കിക്കെർ അടിക്കണം. ഞാൻ വേഗം ഇറങ്ങി വണ്ടി സ്റ്റാൻഡ് ഇടാൻ നോക്കി. പക്ഷെ വഴി മോശം ആയത് കൊണ്ട് അവിടെ ഇടാൻ പറ്റില്ല. ഞാൻ വണ്ടി തള്ളി കുറച്ചു മാറ്റി നിർത്തി സ്റ്റാൻഡ് ഇട്ടു. സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയതും കാറ്റടിച്ചത് പോലെ അപ്പുറത്തെ പറമ്പിലെ കടക്കാമരങ്ങൾ ആടാൻ തുടങ്ങി. പക്ഷെ അവിടെ കാറ്റൊന്നും വീശിയതുമില്ല. മാത്രമല്ല മരങ്ങൾ ഒന്നിച്ചല്ല ആടുന്നത്, ഒറ്റക്ക് ഒറ്റക്കാണ്. അതായത് ഒരെണ്ണം ആടി രണ്ടു സെക്കൻഡ് കഴിഞ്ഞു അതിനടുത്തുള്ളത്, അങ്ങിനെ. പെട്ടെന്ന് എനിക്ക് പ്രഡേറ്റർ സിനിമയിലെ അന്യഗ്രഹജീവികളെയാണ് ഓർമ്മ വന്നത്. നേരിയ വെളിച്ചത്തിൽ കാഴ്ചകൾ ഒന്നും വ്യക്തമല്ല.
ഞാൻ വെപ്രാളപ്പെട്ട് കിക്കെർ അടിക്കാൻ ശ്രമിച്ചു. കവുങ്ങുകളിൽ വവ്വാലോ മരപ്പട്ടിയോ ആവും എന്ന് ഞാൻ സ്വയം വിശ്വസിക്കാൻ ശ്രമിച്ചു. നാലഞ്ചു തവണ അടിച്ചിട്ടാണ് വണ്ടി സ്റ്റാർട്ട് ആയത്. ഞാൻ വേഗം വണ്ടിയിൽ കയറി മുന്നോട്ടെടുത്തു. അങ്ങനെ രണ്ടാമത്തെ വളവിലക്ക് തിരിഞ്ഞു. ഇപ്പോൾ മുന്നിൽ വലിയ വയൽ ആണ് കാണുക. ഞാൻ ആ വളവിന്റെ അവസാന ഭാഗത്ത് എത്താറായതും എന്തോ ഒരു ജീവി കവുങ്ങുംപറമ്പിൽ നിന്നും എന്റെ വണ്ടിയുടെ മുന്നിൽ കൂടി ഓടി വയലിലേക്ക് പോയി. എന്താണെന്നു വ്യക്തമായില്ല. അത്ര വേഗത്തിലാണ് അത് പോയത്. ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ ഏതാണ്ട് നാലഞ്ചു അടി ഉയരമുള്ള എന്തോ ഒരു രൂപം പാഞ്ഞു പോയതായാണ് കണ്ടത്. എന്തോ ഒരു ധൈര്യത്തിൽ ഒരുവിധം വീട്ടിലെത്തി.
............................
ഇതാണ് ജോണിന്റെ പേടിക്ക് കാരണം. അവൻ ഇത് പറഞ്ഞപ്പോൾ എനിക്ക് പണ്ട് ഉണ്ടായ ഒരു അനുഭവം ഓർമ്മ വന്നു. കുറെ വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു അഡ്വെർടൈസിങ് കമ്പനിയിൽ ജോലി ചെയ്യുന്ന കാലത്ത് നടന്നതാണ്. അന്ന് കുറച്ചു ദിവസം അടുപ്പിച്ചു ബസ് സമരം വന്നു. അതോടെ കമ്പനിയിലെ പണിക്കാർക്ക് വരാൻ ബുദ്ധിമുട്ട് ആയി. എനിക്ക് അന്ന് ഒരു പൾസർ ബൈക്ക് ഉണ്ട്. അവിടത്തെ ഒരു സ്റ്റാഫിന്റെ വീട് കുറച്ചകലെ നെടുമ്പാൾ ആണ്. സ്വാഭാവികമായും അയാളെ രാവിലെ കൊണ്ട് വരുന്നതും തിരിച്ചു കൊണ്ടാക്കുന്നതും എന്റെ തലയിൽ ആയി.
അവിടെയാണെങ്കിൽ ജോലി കഴിഞ്ഞു ഞങ്ങൾ കമ്പനി കൂടും. മദ്യപാനികൾ അടിക്കും. അല്ലാത്തവർ ഫുഡ് അടിക്കും. അങ്ങനെ ഇരുന്നു കഥയും പറഞ്ഞു സമയം പോകും. ചില ദിവസങ്ങളിൽ ഒരു പത്തുപത്തര ഒക്കെ ആവും. അതിനേക്കാൾ വൈകിയ ദിവസങ്ങളും വീട്ടിൽ പോകാത്ത ദിവസങ്ങളും ഒക്കെ ഉണ്ട്. അങ്ങനെ ഒരു ദിവസം പത്തര പത്തേമുക്കാൽ ആയപ്പോൾ കമ്പനി ഒക്കെ കഴിഞ്ഞു ഞങ്ങൾ നെടുമ്പാൾ പോകാൻ ഇറങ്ങി. പോകുന്ന വഴിക്ക് ഒരു വലിയ വയൽ ഉണ്ട്. നിരവധി അപകടമരണങ്ങൾ നടന്ന സ്ഥലമാണ് അത്. ഞങ്ങൾ അങ്ങനെ ഈ ഭാഗത്ത് എത്തിയപ്പോൾ പിന്നിലിരുന്ന ആൾ വയലിന്റെ ഭാഗത്തെ റോഡ് സൈഡിലെ ചെടികൾക്കിടയിൽ എന്തോ നിൽക്കുന്നത് പോലെ കണ്ടു എന്ന് പറഞ്ഞു. ഞാൻ വണ്ടി നിർത്താൻ പോയെങ്കിലും അയാൾ സമ്മതിച്ചില്ല.
അങ്ങനെ ഞാൻ അയാളെ കൊണ്ടുവിട്ടു തിരിച്ചു വരുന്ന വഴി ഈഭാഗത്ത് എത്തിയപ്പോൾ എന്തോ ഒന്ന് എന്റെ വണ്ടിയുടെ മുന്നിൽ കൂടി പാഞ്ഞു പോയി. ഏതാണ്ട് ഒരു രണ്ടു രണ്ടര അടി ഉയരം വരും. രണ്ടുകാലിൽ ഓടുന്ന പോലെയാണ് തോന്നിയത്. അത്ര സ്പീഡിൽ ഒന്നും അല്ല അത് പോയത് സാധാരണ ഒരു പട്ടി ഒക്കെ വേഗത്തിൽ ഓടുന്ന പോലെ. അതായത് ഒരു ചെറിയ പട്ടിയോ പൂച്ചയോ രണ്ടുകാലിൽ ഓടിയാൽ എങ്ങിനെ ഇരിക്കും അത് പോലെ. ആ ജീവി ഓടി മറുഭാഗത്തെ ചെടികൾക്കിടയിൽ മറഞ്ഞു. അത് ചെന്നു തട്ടിയപ്പോൾ ചെടികൾ ശക്തമായി ഉലഞ്ഞു. ഞാൻ വണ്ടി നിർത്തി ഇറങ്ങാതെ അത് പോയ വഴിയേ എത്തിച്ചു നോക്കി. പക്ഷെ ഒന്നിനേയും കാണാൻ കഴിഞ്ഞില്ല. സ്ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചം അവിടെ വ്യക്തമായി കാണാൻ മാത്രം പര്യാപ്തമായിരുന്നില്ല.
ഇത് പോലെ തന്നെ ഒരിക്കൽ എന്റെ വീട്ടിലേക്ക് വരുന്ന വഴിയിലും എന്തോ ഒന്ന് പോകുന്നത് കണ്ടിട്ടുണ്ട്. എന്റെ വീടെത്തും മുൻപ് വഴി ഒരു വേലിയുടെ മുന്നിൽ അവസാനിക്കും. പിന്നെ അവിടന്ന് രണ്ടു ഭാഗത്തേക്കും തിരിയും. ആ വഴിയിൽ കുറച്ചു വരുമ്പോൾ തന്നെ ഈ വേലി മുന്നിൽ കാണാം. സ്ഥലം പരിചയം ഇല്ലാത്തവർക്ക് അവിടെ വഴി അവസാനിച്ചു എന്ന് തോന്നും. അത് പോലെയാണ് ഈ വേലി നിൽക്കുന്നത്. അവിടെ എത്താറാവുമ്പോൾ ഒരു വലിയ ഇറക്കം ഉണ്ട്. രാത്രിയിൽ നമ്മൾ ഈ ഭാഗത്ത് ഉയർന്ന സ്ഥലത്തു നിന്നും ഈ താഴ്ചയിലേക്ക് ഇറങ്ങുമ്പോളാണ് ഹെഡ്ലൈറ്റ് വെളിച്ചം കൃത്യമായി വേലിയിൽ വീഴുക. അത് വരെ വെളിച്ചം അതിനും മുകളിൽ ആയിരിക്കും. അത് കൊണ്ട് തന്നെ ഇറക്കം ഇറങ്ങിയതും കുറച്ചു മുന്നിൽ വേലി പെട്ടെന്നു പ്രത്യക്ഷപ്പെട്ടത് പോലെ തോന്നും. ഒരു ദിവസം രാത്രി ഞാൻ വീട്ടിലേക്ക് വരുന്ന വഴി ഇറക്കം എത്തിയപ്പോൾ ഹെഡിലൈറ്റിന്റെ വെളിച്ചത്തിൽ വേലി കാണാൻ തുടങ്ങി. ഞാൻ അവിടെ എത്താറായപ്പോൾ പെട്ടെന്ന് ഒരു വെളുത്ത പൊമറേനിയൻ പട്ടിയുടെ പോലെയുള്ള രൂപം വേലിയുടെ മുന്നിൽകൂടി കടന്നു പോയി.
ഒരു പട്ടി ഓടിപ്പോയതിനു എന്തിനു പേടിക്കുന്നു എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും അല്ലെ. പക്ഷെ അതൊരു പട്ടി അല്ല എന്ന് കരുതാൻ കുറെ കാരണങ്ങൾ ഉണ്ട്.
ഒന്നാമത് പൊമറേനിയൻ പോലെ ഉള്ള പട്ടികളെ ആരും പുറത്തേക്ക് അഴിച്ചു വിട്ടു വളർത്താറില്ല. ഇനി കെട്ടഴിഞ്ഞോ മതില് ചാടിയോ വന്നതാണെന്ന് കരുതാൻ ആ ഭാഗത്ത് അന്ന് ഒരു വീട്ടിലും ഈ തരം പട്ടിയില്ല. ഞങ്ങളുടെ വീട്ടിൽ അതിനും ഒരു രണ്ടു വർഷം മുൻപ് ഒരു പൊമറേനിയൻ ഉണ്ടായിരുന്നു. അതിനെ കുറച്ചു മാറിയുള്ള ഒരു വീട്ടുകാർക്ക് വിറ്റു. അത് അവിടന്ന് ഓടി വന്നു എന്നും കരുതാൻ പറ്റില്ല. കാരണം ഏഴെട്ടു മാസം മുൻപ് അത് പാമ്പുകടിയേറ്റു മരിച്ചു പോയിരുന്നു.
ഇനി അകലെ എവിടെ നിന്നെങ്കിലും ഓടി വന്നതായിക്കൂടെ എന്ന് ചിന്തിക്കാം. പക്ഷെ ഞാൻ കണ്ടത് പട്ടി നിലത്തു കൂടി ഓടുന്നതല്ല, നിലത്തു നിന്നും ഒന്നൊന്നര അടി ഉയരത്തിൽ കൂടി വേഗത്തിൽ ഒഴുകുന്നതാണ്. എന്നാൽ അത് ആ വേലിയുടെ ഏകദേശം മുക്കാൽ ഭാഗം ആയപ്പോൾ അപ്രത്യക്ഷമായി. ഒരു വെളുത്ത പഞ്ഞിക്കെട്ടു പോലെ എന്തോ ഒന്ന് വായുവിൽ കൂടി ഒഴുകി പകുതിക്കു വെച്ച് മറഞ്ഞു പോയി. നല്ല വേഗത്തിൽ ആണ് ഇത് സംഭവിച്ചത്. അത് കൊണ്ട് തന്നെ അത് ഉൾക്കൊള്ളും മുൻപ് എല്ലാം കഴിഞ്ഞു, ഒരു മയക്കാഴ്ച പോലെ. ഞാൻ വേഗം വണ്ടി വേലിയുടെ അവിടെ കൊണ്ട് നിർത്തി ചുറ്റും കുറെ നോക്കിയെങ്കിലും അവിടെ ഒന്നിനെയും കാണാൻ കഴിഞ്ഞില്ല.
ഇതെല്ലാം പ്രേതവും ആത്മാവും ഒന്നും അല്ല എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ചിലപ്പോൾ എന്റെ തോന്നലാവാം. ജോണിന്റെ കാര്യവും അത് പോലെ ആവാം. അല്ലെങ്കിൽ അവന്റെ തള്ളൽ ആവാം. അതൊന്നും അല്ലെങ്കിൽ നമുക്കറിയാത്ത എന്തോ ജീവികളോ മറ്റെന്തെങ്കിലുമോ ആവാം.

അഭിപ്രായങ്ങള്‍