ക്ലിന്റ് അവനെ തറപ്പിച്ച് നോക്കിയ ശേഷം കാറിൽ കയറി പാഞ്ഞ് പോയി. നിവിൻ വേഗം ഓടി ഏഴാമത്തെ മുറിയുടെ മുന്നിലെത്തി. ആ വാതിൽ അടുത്ത് തുറന്നത് പോലെ തോന്നും. നിവിൻ വാതിൽ പതുക്കെ തള്ളി നോക്കി. പക്ഷേ അത് ലോക്ക് ആയിരുന്നു. അവൻ കുനിഞ്ഞ് താക്കോൽ പഴുതിലൂടെ അകത്തേക്ക് നോക്കി. പക്ഷേ മുറിയിൽ കനത്ത ഇരുട്ടായതിനാൽ ഒന്നും കാണാനായില്ല. എന്നാലും അതിനുള്ളിൽ ആരോ ഉള്ളത് പോലെ അവന് തോന്നി.
നിവിൻ തലയുയർത്തി തിരിയുമ്പോൾ താഴെ മെഴ്സി തുണി തോരയിടുന്നത് കണ്ടു. അവൾ ഇടക്കിടെ കൈ കൊണ്ട് കണ്ണ് തുടക്കുന്നുണ്ടായിരുന്നു. തുണി വിരിക്കുന്നതിനിടയിൽ അവൾ മുകളിൽ നിൽക്കുന്ന നിവിനെ കണ്ടു. അവനെ കണ്ട് മെഴ്സി ചിരിക്കാൻ ശ്രമിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. നിവിൻ താഴേക്കിറങ്ങാൻ തുടങ്ങുമ്പോൾ ക്ലിൻറിന്റെ കാർ വരുന്ന ശബ്ദം കേട്ടു. അവൻ വേഗം മുറിയിൽ കയറി വാതിലടച്ചു.
കുറച്ചു സമയം കഴിഞ്ഞ് നിവിൻ പുറത്ത് പോകാനായി താഴേക്കിറങ്ങി. കോണിപ്പടികളിറങ്ങുന്നതിനിടയിൽ വെന്റിലേറ്ററിനടുത്ത് എത്തിയപ്പോൾ അകത്ത് ക്ലിന്റും മെഴ്സിയും തമ്മിൽ അടക്കം പറയുന്ന ശബ്ദം കേട്ടു നിവിൻ കാതോർത്തു. ഭാഷ മലയാളമല്ല, മുമ്പ് കേട്ട് പരിചയമില്ലാത്ത ഏതോ ഭാഷ. നിവിന് ഒന്നും മനസ്സിലായില്ല ഒരു വാക്കൊഴികെ.
നൊസ് ഫെരാതു .
എവിടെയോ കേട്ട് പരിചയമുള്ള വാക്ക് . പക്ഷേ എവിടെയാണെന്ന് ഓർമ്മ കിട്ടുന്നില്ല.
പെട്ടെന്ന് അകത്ത് സംഭാഷണം നിലച്ചു. അതിനു പിറകെ ആരോ ശ്വാസം ആഞ്ഞ് വലിക്കുന്ന ശബ്ദം . അത് ക്ലിന്റ് ആണെന്ന് നിവിന് മനസ്സിലായി. പെട്ടെന്ന് വെന്റിലേറ്ററിനടുത്തേക്ക് ആരോ തിരക്കിട്ട് വരുന്ന കാലടി ശബ്ദം. നിവിൻ നോക്കുമ്പോൾ വെന്റിലേറ്ററിനപ്പുറത്ത് ക്ലിന്റിന്റെ മുഖം ഉയർന്ന് വന്നു.
എന്താ ... ക്ലിന്റ് ദേഷ്യത്തോടെ ചോദിച്ചു. ആ സമയത്ത് അയാൾക്ക് ഒരു തരം കരകര ശബ്ദം ആയിരുന്നു.
ഒന്നുമില്ല... ഒന്ന് പുറത്തേക്ക് ... പോകാൻ ... നിവിൻ വിക്കി വിക്കി പറഞ്ഞു.
എന്നാ പിന്നെ പൊക്കൂടേ ..എന്തിനാ ഇവിടെ നിൽക്കുന്നത് ... ക്ലിന്റ് കരകര ശബ്ദത്തിൽ ചോദിച്ചു.
ഷൂ അഴിഞ്ഞത് കെട്ടാൻ ... നിവിൻ പെട്ടെന്ന് തോന്നിയ ഒരു നുണ പറഞ്ഞു.
ഉം ... പോയിട്ട് വാ...
അതും പറഞ്ഞ് ക്ലിന്റിന്റെ തല താഴേക്ക് മറഞ്ഞു. അയാളെങ്ങിനെ ഇത്ര ഉയരത്തിലുള്ള വെന്റിലേറ്ററിൽ കൂടി എത്തി നോക്കി എന്ന് നിവിന് അത്ഭുതം തോന്നി. ആ... ചിലപ്പോൾ അവിടെ വല്ല മേശയും ഉണ്ടാവും. എന്നാലും ഇത്ര ഉയരത്തിൽ ഉള്ള വെന്റിലേറ്റർ വരെ എത്തുമോ.
ടൗണിലേക്കുള്ള ബസ്സിൽ കയറുമ്പോഴും നിവിന്റെ മനസ്സിൽ നിറയെ സംശയങ്ങളായിരുന്നു. ഒപ്പം എവിടെയോ കേട്ട് മറന്ന ആ വാക്കും.
നൊസ് ഫെരാതു .
ടൗണിലെത്തി അത്യാവശ്യമുള്ള ചില സാധനങ്ങൾ വാങ്ങി നിവിൻ നേരെ പോയത് കോളജിലേക്കാണ്. അവൻ കോളജിന് മുന്നിലെ സ്റ്റീഫന്റെ കഫേയിൽ ക്ലാസ് വിടുന്നതും കാത്തിരുന്നു.
ക്ലാസ് വിട്ട് കുട്ടികൾ പുറത്ത് വരാൻ തുടങ്ങിയപ്പോൾ നിവിൻ കോളജ് ഗേറ്റിനടുത്തേക്ക് നടന്നു. രഞ്ചു പുറത്ത് വന്നതും നിവിൻ അവനെ കൂട്ടി നേരെ പാർക്കിലേക്ക് പോയി.
എടാ ... എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. നിവിൻ പാർക്കിലെ ബെഞ്ചിൽ ഇരുന്നു കൊണ്ട് പറഞ്ഞു.
എന്താ കാര്യം ... രഞ്ചു നിവിന്റെ പരിഭ്രമം കണ്ട് അവന്റെ തൊട്ടടുത്തിരുന്നു കൊണ്ട് ചോദിച്ചു.
എടാ ... നമ്മടെ വീട്ടിൽ നിനക്ക് എന്തെങ്കിലും പ്രശ്നം തോന്നിയോ... നിവിൻ ചോദിച്ചു.
ആകെ ഒരു പ്രേത ബംഗ്ലാവ് ലുക്ക് ഉണ്ട്. പിന്നെ ആ മുരടൻ ക്ലീന്റിനെ കാണുമ്പോൾ ദേഷ്യം വരും. വേറെ പ്രശ്നം ഒന്നും ഇല്ല.
അല്ല ... പ്രശ്നം ഉണ്ട്. അവിടെ എന്തൊക്കെയോ നടക്കുന്നുണ്ട്. നിവിൻ അത് വരെ തനിക്കുണ്ടായ അനുഭവങ്ങൾ എല്ലാം രഞ്ചുവിനോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ് രഞ്ചു ചിരിച്ചു.
നിന്റെ ഈ ഓവർ ഹൊറർ മൂവി കാണൽ ആണ് പ്രശ്നം. ലോകത്തുള്ള സകല പ്രേപ്പടങ്ങളും കാണും , കയ്യിൽ കിട്ടിയ ഹൊറർ നോവൽ മുഴുവൻ വായിക്കും എന്നിട്ട് കാണുന്നവരെ മുഴുവൻ പ്രേതം ആക്കും.
അതൊക്കെ പോട്ടെ നീ ഞാൻ പറഞ്ഞ വാക്ക് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ .. നിവിൻ ആകാംഷയോടെ രഞ്ചുവിനെ നോക്കി.
കേട്ടിട്ടുണ്ട്... രഞ്ചു ആലോചിച്ചു... ആ.. നീ തന്നെ എപ്പോഴോ പറഞ്ഞതാണ്. പക്ഷേ അത് അത്ര വലിയ സംഭവമാണോ ?
ഇല്ല.. ക്ലിന്റിന്റെയും ഭാര്യയുടെയും സംസാരത്തിൽ എനിക്ക് ആകെ മനസ്സിലായത് ആ വാക്കാണ്. അത് പക്ഷേ സാധാരണ ഒരു വാക്കല്ല .. എന്തോ വശപ്പിശക് വാക്കാണ്.
അന്ന് രാത്രി അവർ മുറയിൽ അടുത്ത റൂമിലെ രാഷ്ട്രീയക്കാരനോട് സംസാരിച്ചിരിക്കുകയായിരുന്നു. ലെനിൻ എന്നായിരുന്നു അയാളുടെ പേര്. അതിനിടയിൽ നിവിൻ അയാളോട് ക്ലിന്റിനെ പറ്റി ചോദിച്ചു.
എത്ര നാളായി ഈ ക്ലിന്റ് ഇവിടെ വന്നിട്ട്.
അയാള് വന്നിട്ട് ആറേഴ് മാസം ആകുന്നതേ ഉള്ളൂ. കുറച്ച് മാസം മുമ്പ് ന്യൂസിലന്റിൽ ഒരു സീരിയൽ കില്ലിംഗ് നടന്ന വാർത്ത കണ്ടില്ലേ ... അത് ഈ ക്ലിന്റിന്റെ വീടിനടുത്തായിരുന്നു. അന്ന് അവിടത്തെ കുറച്ച് പേർ പേടിച്ച് താമസം മാറിപ്പോയി. ആ സമയത്താണ് ക്ലിന്റ് നാട്ടിലേക്ക് വന്നത്. ക്ലിന്റ് ഈ നാട്ടീന്ന് ചെറുപ്പത്തിലങ്ങാണ്ട് പോയതാണ് .
ഓഹോ... അപ്പൊ അയാളിവിടെ പുതിയതാണല്ലേ. രഞ്ചു ചോദിച്ചു.
അല്ല പിന്നെ ... ഞാനാണ് ആദ്യം ഇവിടെ വന്നത് ... പിന്നെ രണ്ടാഴ്ച കഴിഞ്ഞാണ് അപ്പുറത്തെ ഗിരീഷും ഒക്കെ വന്നത്.
ചേട്ടനിവിടെ എന്തെങ്കിലും കുഴപ്പം തോന്നിയിട്ടുണ്ടോ .. നിവിൻ ചോദിച്ച് മുഴുവിപ്പിക്കും മുൻപേ ലെനിന്റെ ഫോൺ ബെല്ലടിച്ചു. അയാൾ അത്യാവശ്യ കോളാണെന്നും പറഞ്ഞ് റൂമിലേക്ക് പോയി.
മറ്റേ റൂമിലുള്ളവരെയൊന്നും പുറത്ത് കണ്ടില്ലല്ലോ.... രഞ്ചു നിവിനോട് പറഞ്ഞു. നിവിൻ ആണെങ്കിൽ ക്ലിന്റിനെ പറ്റി മാത്രമായിരുന്നു ചിന്തിച്ചു കൊണ്ടിരുന്നത്.
അന്ന് രാത്രി അവർ നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്ന് രഞ്ചുവിന്റെ ഉറക്കെയുള്ള ശബ്ദം കേട്ട് നിവിൻ ഉണർന്നു. അവൻ നോക്കുമ്പോഴുണ്ട് രഞ്ചു എഴുന്നേറ്റ് വാതിക്കലേക്ക് നോക്കി ഇരിക്കുന്നു. നിവിൻ അവന്റെ അടുത്ത് വന്ന് കാര്യം അന്വേഷിച്ചു.
ക്ലിൻറ് ... രഞ്ചു വാതിൽ ലേക്ക് നോക്കി കൊണ്ട് പറഞ്ഞു.
ക്ലിന്റോ .. എവിടെ നിവിനും രഞ്ചു നോക്കുന്നിടത്തേക്ക് ശ്രദ്ധിച്ച് കൊണ്ട് ചോദിച്ചു. അപ്പോഴേക്കും ആ ഞെട്ടലിൽ നിന്ന് രഞ്ചു പുറത്ത് വന്ന് തുടങ്ങിയിരുന്നു.
ആ ക്ലിന്റ് ഇവിടെ വന്നിരുന്നു. ആരോ പിടിച്ചുയർത്തുന്ന പോലെ തോന്നി ഞെട്ടി ഉണർന്നതാ. അപ്പൊ തൊട്ട് മുന്നിൽ ക്ലിന്റ്. ഞാൻ കണ്ണു തുറന്നതും അയാൾ വാതിൽ വഴി ഓടിപ്പോയി.
രഞ്ചു പറഞ്ഞത് കേട്ട് നിവിൻ എഴുന്നേറ്റ് ചെന്ന് വാതിൽ പരിശോദിച്ചു. പക്ഷേ അത് അവർ പൂട്ടിയത് പോലെ തന്നെ കിടന്നിരുന്നു.
എടാ ...വാതിൽ ആരും തുറന്നിട്ടില്ലല്ലോ ... നിവിൻ തിരിഞ്ഞ് കൊണ്ട് പറഞ്ഞു.
രഞ്ചു ആകെ കൺഫ്യൂഷനിലായിരുന്നു...
ചിലപ്പൊ ഞാൻ സപ്നം കണ്ടതാവും .
അതും പറഞ്ഞ് രഞ്ചു കിടന്നു. കിടക്കുമ്പോൾ അവൻ തലയിൽ തടവുന്നത് നിവിൻ ശ്രദ്ധിച്ചു.
പിറ്റേന്ന് രാവിലെ അവർ കോളജിലേക്ക് പോകാനായി റൂമിൽ നിന്ന് പുറത്തിറങ്ങുമ്പോൾ താഴെ തൊട്ടപ്പുറത്തെ മുറിയിലെ സ്റ്റുഡന്റ്സ് ആയ ടിറ്റോയും ജെറിയും ക്ലിന്റും തമ്മിൽ സംസാരിച്ച് നിൽക്കുന്നത് കണ്ടു. നിവിനും രഞ്ചുവും വരുന്നത് കണ്ട് ടിറ്റൊയും ജെറിയും ക്ലിന്റിനോട് യാത്ര പറഞ്ഞ് അവർക്കടുത്തക്ക് വന്നു. അവർ നാല് പേരും കൂടി ഗേറ്റിന് പുറത്തേക്ക് നടക്കുമ്പോൾ കയ്യിൽ ന്യൂസ് പേപ്പറും മടക്കിപ്പിടിച്ച് ലെനിൻ എതിരെ വന്നു.
ആ .. നിങ്ങളറിഞ്ഞോ .. ഇന്നലെ രാത്രി ഇവിടെ ഒരു പെൺകുട്ടിയെ കാണാതായി. നിങ്ങളുടെ കോളജിനടുത്ത് ..
ലെനിൻ അതും പറഞ്ഞ് ജെറിയുടെ നേരെ കൈ ചൂണ്ടി.
ഞങ്ങളുടെ കോളജിനടുത്തോ... ഏത് വീട്ടിലെയാ ... ജെറി ആകാംഷയോടെ ചോദിച്ചു.
ആ മാളിയേക്കലെ ചാക്കോയെ അറിയോ . അയാടെ മോള് .
ആ നിറയെ പൂക്കളുള്ള വീട് അല്ലേ... ജെറി ടിറ്റോയെ നോക്കി ചോദിച്ചു. ടിറ്റോ തലയാട്ടിക്കൊണ്ട് മൂളി .
സകല വഴിയിലും പോലീസാ ... കൈയ്യില് വെല്ല സിഗരറ്റോ ബീഡിയോ പൊടിയോ ഒക്കെ ഉണ്ടെങ്കിൽ ഇവിടെ വെച്ച് പൊക്കോ.. വെറുതെ ചെന്ന് പെടണ്ട ...
അതും പറഞ്ഞ് ലെനിൻ അകത്തേക്ക് പോയി. നിവിൻ വേഗം ബാഗിൽ നിന്ന് സിഗരറ്റ് പാക്കറ്റ് എടുത്ത് പുറത്ത് കളഞ്ഞു.
അന്ന് ആ നാട്ടിലെ വഴികളിലും ബസ് സ്റ്റോപ്പിലും കടകളിലും അവരുടെ കോളജിലും സ്റ്റീഫന്റെ ചായക്കടയിലും എല്ലാം ചാക്കോയുടെ മകൾ ലിഷയെ കാണാതായതിനെ പറ്റി ആയിരുന്നു ചർച്ച.
അന്ന് രാത്രി നിവിൻ ക്ലിന്റിന്റെ വീട്ടിനുള്ളിൽ നിന്ന് കേട്ട ആ വാക്ക് തന്നെ ചിന്തിച്ച് കിടക്കുകയായിരുന്നു. പെട്ടെന്ന് എന്തോ ഓർത്തപോലെ അവന്റെ കണ്ണുകൾ വിടർന്നു. നിവിൻ ചാടിയെഴുന്നേറ്റ് അലമാരിയിലെ തന്റെ പുസ്തകങ്ങൾ തിരയാൻ തുടങ്ങി. അങ്ങനെ അവൻ അതിനിടയിൽ നിന്നൊരു ഇംഗ്ലീഷ് കഥാ പുസ്തകം പുറത്തെടുത്തു.
നൊസ് ഫെരാതു ... അതായിരുന്നു ആ പുസ്തകത്തിന്റെ പേര്. ആ പേരിനടിയിൽ ബ്രാക്കറ്റിൽ അതിന്റെ ഇംഗ്ലീഷ് അർത്ഥവും ഉണ്ടായിരുന്നു.
VAMPIRE
വാംമ്പയർ അഥവാ രക്തരക്ഷസ്സ് ... ആ പുസ്തകം നിവിന്റെ കയ്യിലുരുന്ന് വിറച്ചു.
(തുടരും

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ