കാലിനടിയിൽ ഭയങ്കര വേദന . ഉറക്കത്തിന്റെ ആലസ്യം വിട്ട് മാറാത്തത് കൊണ്ട് നേരത്തേ വേദന തോന്നിയിരുന്നില്ല. ഞാൻ കാൽ മടക്കി കട്ടിലിൽ വെച്ച് നോക്കി. ഒരു വടിയുടെ ചെറിയ കഷ്ണം കാലിൽ തറച്ചിരിക്കുന്നു. എനിക്ക് പെട്ടെന്ന് തൊട്ട് മുമ്പ് കണ്ട സ്വപ്നം ഓർമ്മ വന്നു. അമ്മ പറയുന്നു ഞാൻ പുറത്ത് പോയെന്ന് , ഇപ്പോൾ ഇതാ സ്വപ്നത്തിൽ കണ്ട പോലെ എന്റെ കാലിൽ എന്തോ തറച്ചിരിക്കുന്നു. കാലിന് നല്ല വേദനയുണ്ട്. ഞാൻ ആ മരക്കഷണം വലിച്ചെടുത്തതും ആ മുറിവിൽ നിന്ന് ചോര ഒഴുകാൻ തുടങ്ങി. ബെഡ് ഷീറ്റിൽ നിറയെ ചോര . ഞാൻ കട്ടിലിൽ നിന്നിറങ്ങി കാൽ കഴുകാനായി ബാത്ത്റൂമിലേക്ക് നടന്നു. ഞാൻ നടന്ന വഴിയിൽ ചോരയിൽ കുതിർന്ന എന്റെ കാൽപ്പാടുകൾ പതിഞ്ഞു.
ഈ സംഭങ്ങൾ ഉണ്ടായതോടെ രാത്രി ഉറക്കം നഷ്ടപ്പെട്ടു. പകലും ശരിക്ക് ഉറങ്ങാനാവാത്ത അവസ്ഥ. അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന ക്ലാസ് മേറ്റ്സിന്റെ വിവരം അറിയാനാണെന്നിൽ ഒരു മാർഗ്ഗവുമില്ല. അവരുടെ വീട് എവിടെയാണെന്നൊന്നും അറിയില്ല. സ്ഥലം വെച്ച് ചെന്ന് അന്വേഷിക്കാമെന്ന് വെച്ചാൽ വീട്ടിൽ നിന്ന് ദൂരേക്കൊന്നും വിടില്ല. എന്റെ അവസ്ഥ പറഞ്ഞിട്ട് വീട്ടുകാർക്കും മനസ്സിലാവുന്നില്ല. അതിനിടയിൽ വേറൊരു സംഭവം കൂടി ഉണ്ടായി.
വിഷുവിന് രണ്ട് ദിവസം ഭാക്കിയുള്ള സമയം. ഞാനും അച്ഛനും കൂടി പടക്കവും കമ്പിത്തിരിയും വാങ്ങാൻ ടൗണിൽ പോയി . പടക്കം ഉണ്ടാക്കുന്ന സ്ഥലമാണ്. നല്ല തിരക്കായിരിക്കും കുറെ സമയം ക്യൂ നിന്നാലേ അകത്തേക്കെങ്കിലും കയറാൻ കഴിയൂ.
അതിരാവിലെ മുതൽ ക്യൂ തുടങ്ങും. ഞങ്ങൾ 8 മണിക്ക് പോയിട്ട് ഒമ്പതരക്കാണ് ഉള്ളിലെത്തിയത്. എല്ലാം വാങ്ങിക്കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മണി പതിനൊന്ന്. വീട്ടിൽ വന്ന് കയറിയപ്പോൾ എന്നെ ആരോ കാണാൻ വന്നിരുന്നതായി അമ്മ പറഞ്ഞു. വന്നത് ഒരു സ്ത്രീയാണ്. കൂടുതലൊന്നും പറഞ്ഞില്ല , പിന്നെ വരാം എന്ന് മാത്രം പറഞ്ഞു തിരിച്ച് പോയി എന്നാണ് അമ്മ പറയുന്നത്.
അതാരാണാവോ എന്ന് ചിന്തിച്ച് കൊണ്ട് അകത്ത് കയറിയതും ഞാനൊരു കാഴ്ച കണ്ടു. അകത്തെ മൂലക്ക് വെച്ചിരുന്ന ചെറിയ ടെറാക്കോട്ട ഭരണിയിൽ ഒരു കെട്ട് ആറ്റുവഞ്ചിപ്പൂക്കൾ . ഇതെവിടന്ന് കിട്ടി എന്ന് ഞാൻ അമ്മയോട് ചോദിച്ചു. ആ വന്ന ചേച്ചി കൊണ്ട് വന്നതാണത്രേ . കുറച്ച് ഇവിടെ തന്നു. അതങ്ങനെ കഴിഞ്ഞു പോയി. പിറ്റേന്ന് അതിരാവിലെ നാലരമണി. ഞാൻ ഉറക്കം വരാതെ ഇരിക്കുന്നു. അപ്പോഴുണ്ട് മുറ്റത്ത് ആരോ നടക്കുന്നതിന്റെയും മറ്റും ശബ്ദം . അതിന് പിന്നാലെ ഒരു പടക്കം പൊട്ടി. വിഷുക്കണിയും കൊണ്ട് വന്നതാണ് എന്ന് മനസ്സിലായ ഞാൻ വാതിൽ തുറന്നു . നല്ല ഭംഗിയിൽ അലങ്കരിച്ച കണി. വലിയ ഭക്തനൊന്നും അല്ലാത്തതിനാൽ ഞാൻ കണി കണ്ടു തൊഴാൻ ഒന്നും നിൽക്കാതെ തലേന്ന് തന്നെ കാണിക്കാർക്ക് കൊടുക്കാൻ എടുത്തു വെച്ചിരുന്ന പത്തു രൂപ എടുത്തു ദക്ഷിണ ഇട്ടു അകത്ത് കയറി വാതിലടച്ചു.
ഏകദേശം ഒരു 5 മിനുട്ട് കഴിഞ്ഞപ്പോൾ മുറ്റത്ത് വീണ്ടും കാലടി ശബ്ദം . ഇത് അവൻമാർ തന്നെ , കണി കൊണ്ട് വന്നവൻമാർ . അവർ എന്തോ ചൂണ്ടാൻ (മോഷ്ടിക്കാൻ ) വന്നതാണ്. ഞാൻ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തിറങ്ങി. നേരിയ വെളിച്ചം വീണ് തുടങ്ങിയിട്ടേ ഉള്ളൂ. ഞാൻ നോക്കുമ്പോൾ അതിലൊരുത്തൻ വീടിന്റെ തെക്കേപ്പുറത്ത് നിന്ന് എന്തോ ചൂണ്ടി പതുങ്ങി പതുങ്ങി വഴിയിലേക്കിറങ്ങുന്നു. ഞാനും പതുക്കെ അവന്റെ പിന്നാലെ നടന്നു. കുറച്ച് മാറി ഭാക്കി ഉള്ളവൻമാർ കാത്ത് നിൽക്കുന്നുണ്ട്. ഇന്ന് എല്ലാവൻമാരെയും പഞ്ഞിക്കിട്ടിട്ട് തന്നെ കാര്യം. ഞാൻ ഓടിച്ചെന്ന് അവനെ പിന്നിൽ നിന്ന് പിടിച്ചു.
പക്ഷേ ഞാൻ പിടിച്ചത് ഒരു പെൺകുട്ടിയെ ആയിരുന്നു. ഷോക്കടിച്ച പോലെ ഞാൻ പെട്ടെന്ന് കൈ പിൻവലിച്ചു രണ്ടടി പുറകോട്ട് മാറി.
കാൽമുട്ട് വരെ മുടി വളർന്നു കിടക്കുന്ന, കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ രൂപം. അത് പുറം തിരിഞ്ഞ് നിൽക്കുകയാണ്. എനിക്കാണെങ്കിൽ തിരിഞ്ഞ് ഓടണം എന്നുണ്ട്. പക്ഷേ കാലുകൾ മരവിച്ച് പോയത് പോലെ .
ആരാ ... വിറക്കുന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു. ആ രൂപം ചെറുതായി മുരണ്ടു. ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു. അത് മെല്ലെ തിരിഞ്ഞു. നേർത്ത വെളിച്ചത്തിൽ ഒരു നിഴൽ പോലെ മാത്രമേ അതിനെ കാണാൻ കഴിയുന്നുള്ളൂ. അത് ആ നിഴൽ രൂപമായിരുന്നു. അന്ന് പാലക്കാട് കെട്ടിടത്തിൽ കണ്ട രൂപം, ഞാൻ വീട്ടിലെ ചുമരിൽ കണ്ട അതേ വലിയ ഭക്തനൊന്നും അല്ലാത്തതിനാൽ ഞാൻ കണി കണ്ടു തൊഴാൻ ഒന്നും നിൽക്കാതെ തലേന്ന് തന്നെ കാണിക്കാർക്ക് കൊടുക്കാൻ എടുത്തു വെച്ചിരുന്ന പത്തു രൂപ എടുത്തു ദക്ഷിണ രൂപം. നിലം തൊട്ട് വീശിയ കിഴക്കൻ കാറ്റിൽ അതിന്റെ മുടിയിഴകൾ പാറിപ്പറന്നു.
സത്യത്തിൽ എനിക്ക് അപ്പോൾ പേടിയേ തോന്നിയില്ല. എല്ലാം അവസാനിക്കാൻ പോകുന്നു. വല്ലാത്തൊരു ധൈര്യം പോലെ , എന്തും നേരിടാനുള്ള ഒരു ആത്മവിശ്വാസം. ഞാൻ കണ്ണുകളടച്ച് നിന്നു.
പെട്ടെന്ന് പിന്നിൽ നിന്ന് മനോഹരമായ ഒരു ഗാനം കേട്ടു.
'കണി കാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിരമണിഞ്ഞു കാണേണം ഭഗവാനേ '
ഞാൻ കണ്ണ് തുറന്ന് നോക്കി. ആ രൂപം അപ്രത്യക്ഷമായിരിക്കുന്നു. ഞാൻ തിരിഞ്ഞ് നോക്കി. നെയ് വിളക്കിന്റെ പ്രഭയിൽ കുളിച്ച് നിൽക്കുന്ന ഉണ്ണിക്കണ്ണൻ. സാക്ഷാൽ ഭഗവാൻ ശ്രീകൃഷ്ണൻ. വിഷുക്കണി ദർശനവുമായി പോകുന്നവരായിരുന്നു അത്. കുറച്ച് മുമ്പ് എന്റെ വീട്ടിൽ വന്നവർ. അവരുടെ ചുമലിലെ തട്ടിൽ ഫല ധന ധാന്യ നിറവിൽ വിളങ്ങുന്ന ഭഗവാന്റെ വിഗ്രഹം. ഞാൻ അറിയാതെ തൊഴുതു നിന്നു പോയി.
എനിക്ക് വലിയ പരിചയം ഇല്ലാത്തവരാണ് കണി ഇറക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ അവർ എന്നെ നോക്കി വെറുതെ ചിരിച്ച് കാണിച്ച് കടന്നുപോയി.തൊട്ടുമുൻപ് കണ്ടതൊക്കെ സത്യമാണോ അതോ എന്റെ തോന്നലാണോ... ഒന്നും മനസ്സിലാവുന്നില്ല. എല്ലാം ശരിക്കും സംഭവിച്ചതാണോ, അല്ലെങ്കിൽ ഒരു സ്വപ്നത്തിൽപ്പെട്ടു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി നടന്നതാണോ... ഒന്നും അറിയാത്ത അവസ്ഥ.
അന്ന് ഉച്ചക്ക് അപ്രതീക്ഷിതമായി ഒരു ലാഡ വൈദ്യൻ വീട്ടിൽ വന്നു. ചെറിയ എന്തെങ്കിലും ഭക്ഷണം കഴിക്കാൽ തരുമോ എന്ന് അയാൾ ചോദിച്ചു. ഞങ്ങൾ വിഷുക്കട്ടയും , ശർക്കരപ്പാനിയും കൊടുത്തു. അയാളത് സന്തോഷത്തോടെ കഴിച്ചു. തിരിച്ചിറങ്ങാൻ നേരം എന്നെ അടുത്ത് വിളിച്ച് തലയിൽ കൈ വെച്ച് എല്ലാ പ്രശ്നങ്ങളും തീരും ട്ടോ എന്ന് പറഞ്ഞു. ഒന്നും ആരോടും ചോദിക്കാനും പറയാനും നിൽക്കണ്ട എന്നും രഹസ്യമായി പറഞ്ഞു. അമ്മ അയാൾക്ക് 50 രൂപ നീട്ടി. പക്ഷേ അത് വാങ്ങാതെ ഇനി എന്നെങ്കിലും കണ്ടാൽ എന്റെ കയ്യിൽ നിന്ന് അത് വാങ്ങിക്കോളാം എന്ന് പറഞ്ഞ് അയാൾ പോയി. പക്ഷേ പിന്നെ ഒരിക്കലും അയാളെ കണ്ടില്ല. അയാൾ പറഞ്ഞത് വെച്ച് ഞാൻ പിന്നെ ഇതിനെ പറ്റി അന്ന് കൂടെ ഉണ്ടായിരുന്നവരോട് ചോദിക്കാൻ നിന്നില്ല. പിന്നീട് പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ആ ഫ്രണ്ട്സുമായുള്ള കണക്ഷനും വിട്ടു.
ഇന്നും എന്റെ പേഴ്സിൽ ഞാൻ മറക്കാതെ ഒരു അമ്പത് രൂപ നോട്ട് സൂക്ഷിക്കുന്നു. അയാളെ കണ്ടാൽ കൊടുക്കാൻ.
ലൈക്കും കമന്റും സപ്പോർട്ടും ചെയ്യുന്ന എല്ലാ വായനക്കാർക്കും നന്ദി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ