ഒടിയൻ
ഏകദേശം പത്തിരുപത്തഞ്ച് വർഷം മുമ്പ് നടന്ന കഥയാണ് പറയാൻ പോകുന്നത്. അതായത് എന്റെ ഒക്കെ ചെറുപ്പകാലത്ത് നടന്ന ഒരു സംഭവം. ഒടിയൻ ആണ് വിഷയം.
ഒടിയൻ സിനിമയും സമീപകാലത്ത് വന്ന കഥകളും ഒടിയനെ പാലക്കാട് മാത്രമായി ഒതുക്കിക്കളഞ്ഞു. പക്ഷേ എന്റെ അറിവിൽ, അതായത് ഞാൻ പണ്ട് മുതലേ പറഞ്ഞു കേട്ട കഥകളിൽ ഒടിയൻ വെറും പാലക്കാട്ട്കാരനല്ല. കേരളത്തിലെ പല ജില്ലകളിലും തമിഴ്നാട് കർണാടക ഭാഗങ്ങളിലും എല്ലാം ഒടി വിദ്യ പ്രചരിച്ചിരുന്നു. പാണൻ ജാതിക്കാരായിരുന്നു ഒടിവേഷം കെട്ടുന്നവർ. അവർ മൃഗവേഷം കെട്ടുക മാത്രമേ ചെയ്യാറുള്ളൂ. അല്ലാതെ സിനിമയിലെ പോലെ പറക്കുകയോ അതിവേഗം സഞ്ചരിക്കുകയോ അന്തരീക്ഷത്തിൽ ഇരിക്കുകയോ ചെയ്യില്ല. പിന്നെ സിനിമയിൽ കണ്ട ഓടിയനെ ആർക്കും പേടിയില്ല. എന്നാൽ യാഥാർത്ഥ്യത്തിൽ ഒടിയനെ നേരിട്ട് കണ്ടാൽ ഭ്രാന്തോ മരണമോ ഉറപ്പ്.
ശത്രുക്കളോട് പക തീർക്കാർ ചിലർ ഒടിയന് കൊട്ടേഷൻ കൊടുക്കും. ചില പ്രത്യേക പച്ചിലമരുന്നുകൾ അരച്ച് വായിലിട്ട് ഒടിയൻ ഇര വരുന്ന വഴിയിൽ നിൽക്കും. ഈ മരുന്നു കൂട്ടിന്റെ ശക്തിയിൽ ഒടിയനെ ഏതെങ്കിലും മൃഗ രൂപത്തിൽ കാണുന്ന ഇര സമനില തെറ്റി ഭ്രാന്തനാവും അല്ലെങ്കിൽ ഹൃദയം നിലച്ച് മരിക്കും. അപൂർവ്വം ചില അതിധൈര്യശാലികൾ ഒടിയ മൃഗത്തിനെ പിടിച്ച് കെട്ടും. അതോടെ ഒടിയൻ ആയ ആൾ മനുഷ്യരൂപത്തിൽ വന്ന് കരഞ്ഞ് അപേക്ഷിച്ച് തിരിച്ച് പോകും. ഒടിവേഷം കെട്ടി വരുന്ന മൃഗത്തിന് ഒരു കാൽ ഉണ്ടാവില്ല. പ്രധാനമായും കാളയോ പോത്തോ ആവും രൂപം. അപൂർവ്വമായി ആനയുടെ വേഷവും കെട്ടും.
ഇതാണ് ഞാൻ കേട്ടിട്ടുള്ള കഥകളിലെ ഒടിയൻ. ഒടിയൻ മനുഷ്യനാണെങ്കിൽ അമാനുഷികരായ പലതും അന്ന് രാത്രി അലഞ്ഞ് നടന്നിരുന്നു. അന്തരീക്ഷത്തിൽ വിളക്കായി തനിയെ സഞ്ചരിക്കുന്ന തേർവാഴ്ച, ചങ്ങല വലിച്ച് പോകുന്ന തെണ്ടൻ, മാടൻ, മറുത അങ്ങനെ പലതും അന്ന് ഗ്രാമപ്രദേശങ്ങളിലെ രാത്രികളെ ഭയാനകമാക്കി സഞ്ചരിച്ചു. ഇതിൽ ചില ദുരൂഹതകളെ നാട്ടുകാർ തന്നെ പ്രദേശത്തെ ചില പേരെടുത്ത സ്ത്രീരത്നങ്ങളുടെ വീട്ടിൽ വെച്ച് കയ്യോടെ പിടികൂടിയിട്ടും ഉണ്ട്.
അതൊക്കെ എന്തെങ്കിലും ആവട്ടെ. സംഭവത്തിലേക്ക് വരാം.
ഒരു കർക്കിടക മാസത്തിലാണ് സംഭവം നടക്കുന്നത്. കരിങ്കന്നാലിയുടെ തുട വരെ തണുത്ത് വിറക്കുന്ന കർക്കിടകത്തിലെ കുളിരുന്ന ഒരു രാത്രി. ഇവിടെ പപ്പു എന്ന ഒരാളുണ്ടായിരുന്നു. എല്ലാവരും സ്നേഹത്തോടെ പപ്പേട്ടാ എന്ന് വിളിക്കും. അതായത് പുള്ളി തന്നേക്കാൾ ഇളയവർക്കും മൂത്തവർക്കും എല്ലാം പപ്പു ചേട്ടനാണ്. നാട്ടുകാരുടെയും വീട്ടുകാരുടെയും ഈ വിളി കേട്ട് അദ്ദേഹത്തിന്റെ മകനും സംസാരിച്ച് തുടങ്ങിയപ്പോൾ അച്ഛാ എന്നതിന് പകരം പപ്പേട്ടാ എന്നാണ് വിളിച്ചതെന്ന് നാട്ടിലെ ഹാസ്യ സാമ്രാട്ടുകൾ പാടി നടന്നു.
ഈ പപ്പേട്ടൻ ഒരു പ്രസ്ഥാനമാണ്, നാട്ടിലെ പരോപകാരി. എന്തു പ്രശ്നത്തിനും പപ്പേട്ടന്റെ കയ്യിൽ പ്രതിവിധിയുണ്ട്.
ഈ പപ്പേട്ടന് ഒരു പ്രശ്നമുണ്ട്. പേടി എന്താണന്ന് അറിയില്ല. അതായത് പപ്പേട്ടന്റെ ഡിക്ഷണറി യിൽ പേടിയെപ്പറ്റി എഴുതാൻ ദൈവം മറന്ന് പോയി.
നാടിന്റെ പൊതു സ്വത്ത് ആയത് കൊണ്ട് തന്നെ ഏത് പാതിരാത്രിയിലും ആര് വന്ന് വിളിച്ചാലും പപ്പേട്ടൻ മുണ്ടും മടക്കിക്കുത്തി ഇറങ്ങിച്ചെലും. പിന്നെ പരിഹാരം കണ്ടേ തിരികെ വരൂ.
അങ്ങനെ ഒരു ദിവസം മിസ്റ്റർ പപ്പേട്ടൻ രാത്രി ഉറക്കത്തിനിടയിൽ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം. ഡും... ഡും ഡും
ആരോ സഹായം തേടി വന്നേക്കുന്നു. പപ്പേട്ടൻ ചാടി എഴുന്നേറ്റ് പുറത്തേക്ക് കുതിച്ചു. ആ കുതിപ്പിൽ ചില വീട്ടുപകരണങ്ങളും ഒപ്പം പപ്പേട്ടന്റെ ഭാര്യ ദേവകി ചേച്ചിയും തെറിച്ച് പോയി.
കുറച്ച് ദൂരെ ഉള്ള വീട്ടിലെ സുകുമാരന്റെ മകനാണ് വന്നിരിക്കുന്നത്.
ചേട്ടാ വീട്ടിൽ പാമ്പ് കയറി, മൂർഖനാണെന്ന് തോന്നുന്നു.
പപ്പേട്ടന്റെ ഉള്ളിലെ വാവ സുരേഷ് ഉണർന്നു. പപ്പേട്ടൻ ഒറ്റ ക്കുതിപ്പിന് സുകുമാരന്റെ വീട്ടിലെത്തി. ആ കുതിപ്പിൽ സഹായം തേടി വന്നവനാണ് തെറിച്ച് പോയത്.
എടാ പാമ്പേ നീ തീർന്നെടാ തീർന്ന് എന്നലറിക്കൊണ്ട് ഓടി വന്ന പപ്പേട്ട നെ കണ്ട് അവിടെ കൂടി നിന്നവർ ചിതറിയോടി. പപ്പേട്ടൻ വീടിനകത്തത് ചാടിക്കയറി.
മുറിയിലെ മൂലയിലെ തടിപ്പെട്ടിക്കടിയിൽ അതാ കിടക്കുന്നു അദ്ദേഹം. അലറി വിളിച്ച് വന്ന പപ്പേട്ട നെ കണ്ട് പേടിച്ച് മൂർഖൻ തന്റെ പത്തി അഴിച്ച് വെച്ച് ചേരയായി.
ഹ ഹ ഹ.. എടോ സുകുവേ ഇത് ചേരയാടോ.. ഇതിനെയൊക്കെ എന്തിനാ പേടിക്കുന്നത്. എന്നും പറഞ്ഞ് പപ്പേട്ടൻ ചേര സാറിനെ വാലിൽ പിടിച്ചെടുത്ത് മുറ്റത്തിറങ്ങി ചുഴറ്റി അടുത്ത വയലിലേക്ക് എറിഞ്ഞു.
അങ്ങനെ തന്റെ അതിഥിയെ കണ്ടം വഴി പറപ്പിച്ച ശേഷം പപ്പേട്ടൻ തിരിച്ച് വീട്ടിലേക്ക് പുറപ്പെട്ടു.
പഴയ കാലമാണ് വഴിവിളക്കുകൾ അപൂർവ്വമായുണ്ട് എന്നാലും മിക്കതും കത്തില്ല. പൗർണമി അടുത്ത ദിവസമായതിനാൽ നല്ല നിലാവുണ്ട്.
അങ്ങനെ നമ്മുടെ പപ്പേട്ടൻ തിരികെ വരുന്ന വഴി പെട്ടെന്ന് എന്തോ കണ്ട് നിന്നു. കുറച്ച് അകലെയായി വഴിയുടെ ഒത്ത നടുവിൽ എന്തോ നിൽക്കുന്നു. നിലാവെളിച്ചത്തിൽ പപ്പേട്ടൻ ആളെ തിരിച്ചറിഞ്ഞു.
ഇതവൻ തന്നെ.... ഒടിയൻ... ഓ.... ഒടിയൻ.
പോത്തിന്റെ വേഷത്തിൽ വന്നിരിക്കുകയാണ്... എന്നെ തൊലക്കാൻ.
സംഭവം മനസ്സിലായ പപ്പേട്ടൻ തന്റെ ഡിക്ഷണറി ഒന്ന് വിശദമായി പരിശോദിച്ചു നോക്കി. ഇല്ല.... പേടി എന്ന വാക്ക് കാണുന്നില്ല. എന്നാൽ പിന്നെ ഒടിയാ ഇനിയാണ് യഥാർത്ഥ കളി.
എടാ ഒടിയാ ... ഇന്ന് നിന്റെ കാല് തല്ലിയൊടിച്ച് ഞാൻ നിന്നെ കാലൊടിയനാക്കും എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് പപ്പേട്ടൻ നേരെ ചെന്ന് പോത്തിന്റെ കൊമ്പിൽ പിടിച്ചു.
പിന്നെ പപ്പേട്ടൻ കാണുന്നത് ആ പ്രദേശത്തിന്റെ മുകളിൽ നിന്നുള്ള ദൃശ്യമാണ്. താൻ അന്തരീക്ഷത്തിൽ പറക്കുകയാണെന്ന് പപ്പേട്ടൻ തിരിച്ചറിഞ്ഞു . ഒടിയനെ തൊട്ടപ്പോൾ തനിക്ക് പറക്കാനുള്ള കഴിവ് കിട്ടിയോ.. ഇതിപ്പൊ ലാഭായില്ലോ.. എന്ന് ചിന്തിച്ച് താഴെയുള്ള കാഴ്ചകൾ കണ്ട് പറക്കുന്നതിനടയിലാണ് പപ്പേട്ടന് ഞെട്ടിക്കുന്ന ആ സത്യം മനസ്സിലായത്. താൻ മുകളിലേക്ക് പോയതിന്റെ ഇരട്ടി വേഗത്തിൽ താഴേക്ക് പോരുകയാണ്.
ചെ.. ഇതെന്ത് പറ്റി എന്ന് ചിന്തിച്ച് പപ്പേട്ടൻ വീണ്ടും ഉയർന്ന് പറക്കാൻ ശ്രമിച്ചു. പക്ഷേ അധികം കഷ്ടപ്പെടും മുമ്പ് വയലിലെ റൺവേയിൽ പപ്പേട്ടൻ വിമാനം ക്രാഷ് ലാൻറ് ചെയ്തു.
വീണ കിടപ്പിൽ പപ്പേട്ടൻ കഷ്ടപ്പെട്ട് തലപൊക്കി നോക്കിയപ്പോൾ അതാ ഒടിയൻ പോത്ത് ഓടിപ്പോകുന്നു.
യൂ ടൂ ബ്രൂട്ടസ് ഒടിയാ..ടൂ ബ്രൂട്ടസ്. ഇംഗ്ലിഷ് എന്ന ഒരു ഭാഷ ഉണ്ടന്ന് പോലും അറിയാത്ത പപ്പേട്ടൻ ബോധം മറയുന്നതിനിടയിൽ പറഞ്ഞു.
ബോധം വരുമ്പോൾ പപ്പേട്ടൻ കണ്ടത് അടർന്ന് വീഴാറായ മേൽക്കൂരയും ജാംബവാൻ ഉപയോഗിച്ചിരുന്ന തുരുമ്പിച്ച കേടായ സീലിംഗ് ഫാനും. അത് കണ്ടതോടെ പപ്പേട്ടന് സ്ഥലം മനസ്സിലായി. ഗവൺമെന്റ് ആശുപത്രി.
തനിക്കെന്താണ് സംഭവിച്ചത് എന്ന ഭാവത്തിൽ പപ്പേട്ടൻ അടുത്ത് നിന്ന ഭാര്യയെ നോക്കി.
ഇന്നലെ രാത്രി നമ്മടെ സതീശന്റെ പോത്ത് കെട്ടഴിഞ്ഞ് പോയി. അവര് അതിനെ നോക്കി നടക്കുന്നതിനിടയിൽ വയലിൽ നിങ്ങള് ബോധംകെട്ട് കെടക്കുന്ന കണ്ട് എടുത്ത് ഇവിടെ കൊണ്ടാക്കി... അല്ല എന്താ ഉണ്ടായേ... പാമ്പിനെ പിടിക്കാൻ പോയ നിങ്ങളെങ്ങനെ വയലിലെത്തി. ദേവകി ചേച്ചി ചോദിച്ചു.
ഇന്നലെ പാമ്പിനെ പറപ്പിച്ച തന്നെ സതീശന്റെ പോത്ത് പറപ്പിച്ച കഥ പപ്പേട്ടൻ പറയാൻ നിന്നില്ല. പകരം അപ്പോഴേക്കും അങ്ങോട്ട് വന്ന സതീശനെ നോക്കി ചോദിച്ചു .. എന്നിട്ട് പോത്തിനെ കിട്ടിയോ.
സതീശൻ ചിരിച്ച് കൊണ്ട് പറഞ്ഞു.. അതല്ലേ പപ്പേട്ടാ രസം രാവിലെ നോക്കുമ്പൊ കുട്ടനുണ്ട് മുറ്റത്ത് നിൽക്കുന്നു.
കുട്ടനാ.... യേത് കുട്ടൻ..
അഴിഞ്ഞ് പോയ പോത്തില്ലേ.. കുട്ടൻ.. അവന്റെ പേര് അതാ.
അവൻ കുട്ടനല്ലടാ കൂറ്റനാടാ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് പപ്പേട്ടൻ കണ്ണടച്ച് കിടന്നു.

അഭിപ്രായങ്ങള്‍