ഒരു സുഹൃത്തിന്റെ അനുഭവമാണ്.
അവന്റെ അമ്മാവൻ ഒരു പെയ്ന്റിംഗ് ജോലിക്കാരനായിരുന്നു. ഒരു ദിവസം അയാൾക്ക് കടുത്ത പനി വന്നു. അങ്ങനെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. കുറച്ച് ദിവസം കിടക്കണം എന്ന് പറഞ്ഞത് കൊണ്ട് ഒരു റൂം എടുത്തു. അങ്ങനെ പിറ്റേന്ന് രാവിലെ നഴ്സ് പഴയ പുതപ്പ് മാറ്റി പുതിയത് കൊടുത്തു. അന്ന് രാത്രി അയാൾ അത് പുതച്ച് കിടന്നു. അങ്ങനെ കിടന്ന് ഉറങ്ങുന്നതിനിടയിൽ അയാളൊരു സ്വപ്നം കണ്ടു. ഒരു വലിയ തുരങ്കം. അതിൽ കൂടി ഇയാൾ തനിച്ച് നടക്കുന്നു. കുറച്ച് കഴിഞ്ഞപ്പോൾ പെട്ടെന്ന് തുരങ്കം ഇടുങ്ങിയതായി. അയായത് ഇയാളുടെ ശരീരം അതിനുള്ളിൽ കുടുങ്ങിയ അവസ്ഥ. അയാൾ ചരിഞ്ഞു നിന്നു, അപ്പോഴേക്കും തുരങ്കം വീണ്ടും ചെറുതായി. മാത്രമല്ല മുന്നോട്ടുള്ള മാർഗ്ഗം അടഞ്ഞു പോയി. പിന്നെ നോക്കുമ്പോൾ ഇയാൾ വന്ന ഭാഗത്ത് കൂടി ഒരാൾ നടന്ന് വരുന്നു. പക്ഷേ അയാൾക്ക് ഇടുങ്ങിയ വഴിയിൽ കൂടി സുഖമായി നടക്കാൻ കഴിയുന്നു. അയാൾ ഈ അമ്മാവന്റെ അടുത്തെത്തി. അപ്പോൾ അയാളൊരു വെളിച്ചമാണ്. ആ വെളിച്ചം അമ്മാവനോട് പോകാം എന്ന് പറഞ്ഞു. ഇതോടെ തുരങ്കം മുഴുവനായി അമ്മാവന്റെ ശരീരത്തെ മൂടി. ഇതോടെ അമ്മാവന് ശ്വാസം മുട്ടി. അയാൾ പെട്ടെന്ന് ഞെട്ടിയുണർന്നു. മുഖത്ത് മൂടിയ പുതപ്പ് മൂക്കിൽ അമർന്ന് ശ്വാസം മുട്ടിയപ്പോഴാണ് അമ്മാവൻ ഈ സ്വപ്നം കണ്ടത്. അതോടെ അയാളുടെ ഉറക്കം പോയി. അങ്ങനെ അമ്മാവൻ ലൈറ്റ് ഇട്ട് മൂത്രമൊഴിക്കാൻ പോയി വന്ന് ബെഡിൽ ഇരുന്നു. അപ്പോഴാണ് പുതപ്പിൽ CD മാർക്കർ കൊണ്ട് എന്തോ എഴുതിയത് കണ്ടത്. സംഭവം ഒരു കവിതയാണ്.
പുതപ്പ് അലക്കിയപ്പോഴും മുഴുവൻ മായാതെ കിടന്ന ആ കവിത
അയാൾ വായിച്ച് നോക്കി.
" നിന്റെയിടവഴികളിലെ ശൂന്യതയിൽ
ഞാനൊരു നാൾ മെല്ലെ കടന്ന് വരും
പിന്നെയൊരു നാളമായുയരും ഞാൻ നിന്നിൽ അലിഞ്ഞു ചേർന്നലിയും
ഒരു കവിൾ പ്രാണശ്വാസം നീ തേടിപ്പിടയുന്ന നേരത്ത്
ഇരുളിലെ വഴിയിൽ ഞാൻ നിന്നെയും കൊണ്ട് പോകും"
സുഗതൻ
ഇത് കണ്ടപ്പോൾ അമ്മാവന് അയാൾ കണ്ട സ്വപ്നം ഓർമ്മ വന്നു. അതും ഈ കവിതയും തമ്മിൽ എന്തോ ബന്ധമുണ്ട് എന്ന് അയാൾക്ക് തോന്നി. അയാൾ അത് ഒരു പേപ്പറിൽ എഴുതി വെച്ചു. പിറ്റേന്ന് നഴ്സ് വന്നപ്പോൾ സുഗതൻ എന്ന ഒരു കവി അവിടെ അഡ്മിറ്റ് ആയിട്ടുണ്ടോ എന്ന് അന്വേഷിച്ചു.
എപ്പോഴും കവിതകൾ ചൊല്ലുന്ന സുഗതനെ അവർക്ക് നല്ല ഓർമ്മയുണ്ടായിരുന്നു. കാലിൽ ചെറിയ ഒടിവ് പറ്റിയാണ് സുഗതൻ അഡ്മിറ്റ് ആയത്. പക്ഷേ അഡ്മിറ്റ് ആയി മൂന്നാം ദിവസം അയാൾ മരിച്ചു. പ്രത്യേകിച്ച് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ മൂന്നാഴ്ച കഴിഞ്ഞു.
നഴ്സ് പറഞ്ഞത് കേട്ട് അമ്മാവൻ അസ്വസ്ഥനായി. കുറച്ച് ദിവസം കഴിഞ്ഞ് പുള്ളി ആശുപത്രി വിട്ടു. പക്ഷേ ഈ സംഭവം അയാളുടെ മനസ്സിൽ കിടന്നു. അയാൾ ഒരു ജോത്സ്യനെ പോയി കണ്ടു. വരാൻ പോകുന്ന എന്തോ ദുസ്സൂചനയാണ് ഇത് എന്ന് ജോത്സ്യൻ പറഞ്ഞു. അതിന് പ്രതിവിധികളൊന്നും ഇല്ല. അമ്മാവൻ വേറെയും ചില ഉടായിപ്പ് ജോത്സ്യൻമാരെ കണ്ട് അവർ പറഞ്ഞ പോലെ കുറെ കാശ് ചിലവാക്കി പലതും ചെയ്തു.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ഈ അമ്മാവൻ ഒരു വീട് പെയിന്റ് ചെയ്യുകയായിരുന്നു. ആ സമയത്ത് അവിടെ കിണറ് പണിയും നടക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ആ കിണർ ഇടിഞ്ഞു ഒരു പണിക്കാരൻ കിണറ്റിൽ വീണു. ഇത് കണ്ട് അമ്മാവൻ അയാളെ രക്ഷിക്കാൻ കയറിൽ പിടിച്ച് കിണറ്റിലിറങ്ങി. അതിനിടയിൽ കിണർ ഭാക്കി ഭാഗം കൂടി ഇടിഞ്ഞ് ഇവരുടെ തലയിൽ വീണു. രണ്ട് പേരും മണ്ണിനുള്ളിൽ പെട്ട് ശ്വാസം മുട്ടി മരിച്ചു. അന്ന് അമ്മാവനൊപ്പം കിണറ്റിൽ മണ്ണിനടിയിൽപെട്ട് മരിച്ചയാളുടെ പേര് കേട്ട് എല്ലാവരും ഞെട്ടി.
അയാളുടെ പേര് സുഗതൻ എന്നായിരുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ