പ്രേത 'ബ്ലംഗാവ്'
ഞങ്ങളുടെ അതി മനോഹരമായ ഗ്രാമം. അവിടെ ഒരു പടുകൂറ്റൻ ബ്ലംഗാവ്.. ഡും..ഡും..ഡും ഡു ഡു...
ഇതൊരു പ്രേതബംഗ്ലാവിന്റെ കഥയാണ്. സ്റ്റേറ്റ് ഹൈവേയിൽ നിന്ന് ഏതാണ്ട് 250 മീറ്റർ ഉള്ളിലേക്ക് മാറിയാണ് എന്റെ വീട്. വീട്ടിൽ നിന്ന് മെയിൻ റോഡിലെ പല ഭാഗങ്ങളിലേക്കായി നാലഞ്ച് വഴികളുണ്ട്. ഏത് വഴി ചെന്നാലും ബസ്സ്റ്റോപ്പ് ഉണ്ട്. എന്നാലും സാധാരണ പോകാൻ സെന്ററിലേക്കുള്ള വഴിയാണ് ഉപയോഗിക്കുക. ഇവിടെ തന്നെയാണ് സ്കൂളും. സെന്ററിൽ എത്താൻ തന്നെ രണ്ട് വഴികളുണ്ട്. ഒന്ന് ടാറിട്ട വഴിയും മറ്റേത് ഇടിഞ്ഞ് പൊളിഞ്ഞ മൺ വഴിയും. മൺ വഴി കൂടിയാണ് എളുപ്പം എന്നാലും നല്ല വഴി നോക്കി ടാറിട്ട വഴിയിൽ കൂടിയാണ് സാധാരണ പോകുക. ഈ മൺ വഴിയുടെ ഭാഗത്ത് അധികം വീടുകളില്ല. അന്ന് വെറുതെ കിടക്കുന്ന പറമ്പുകളാണ്. അതെല്ലാം ആരുടെയാണ് എന്ന് പോലും അധികമാർക്കും അറിയില്ല. മുരിക്കും, തേക്കും, തെങ്ങും ഒക്കെ വളർന്ന് നിൽക്കുന്ന ഈ മരങ്ങളിലെല്ലാം കുരുമുളക് വള്ളികൾ പടർന്ന് നിൽക്കുന്ന ഈ പറമ്പുകളിലെ തേങ്ങയും കുരുമുളകും അടക്കയും ഒന്നും പറിക്കാൻ പോലും ആരും വരാറില്ല. ഈ പറമ്പിന്റെ അപ്പുറത്ത് ഒരു കാവ് ആണ്, അന്തിത്തിരിയോ ആചാരങ്ങളോ ഇല്ലാതെ നിറയെ പുറ്റ് വളർന്ന് കാട് മൂടിക്കിടക്കുന്ന ഒരു സ്ഥലം. അവിടെ പലപ്പോഴും മുർഖൻ പാമ്പിനെ കാണാറുണ്ട്. ഈ പറമ്പിനും കാവിനും ഇടയിൽ കൂടി ഒരു ചെറിയ വഴിയുണ്ട്, വഴിയുടെ ഇങ്ങേ അറ്റം അടഞ്ഞുകിടക്കുന്ന പഴകി തുരുമ്പിച്ച ഇരുമ്പ് ഗേറ്റ്, അതിൽ ചങ്ങല ചുറ്റി വലിയ താഴ് ഇട്ട് പൂട്ടിയിരിക്കുന്നു. റോഡിൽ നിന്ന് നോക്കിയാൽ വഴിയുടെ അങ്ങേ അറ്റത്ത് ഒരു വലിയ രണ്ട് നില വീടിന്റെ കുറച്ചു ഭാഗം കാണാം. ഇതാണ് മുകളിൽ പറഞ്ഞ പ്രേതബംഗ്ലാവ്. ആ വീടിനെ പറ്റി പല കഥകളും ഇവിടെ പ്രചരിച്ചിരുന്നു. അതിലൊരു കഥ ഇതാണ് ആ വീട്ടിൽ ഒരു അച്ഛനും അമ്മയും രണ്ട് മക്കളും ആയിരുന്നു താമസിച്ചിരുന്നത്, അതിലെ മക്കളെ തമിഴ്നാട്ടിൽ വെച്ച് ആരോ കൊന്നു, ആ വിഷമത്തിൽ ഇവർ തീകൊളുത്തി ആത്മഹത്യ ചെയ്തു. വീടിന്റെ ഹാളിൽ അവർ തീപിടിച്ച് വീണ് കിടന്നുരുണ്ട പാട് ഉണ്ട് എന്ന് ചിലർ പറയുന്നു. വേറെ ഒരു കഥ ആ വീട്ടിലെ ഗൃഹനാഥനെ അയാളുടെ ഭാര്യയും കാമുകനും കൂടി കൊന്ന് തറ പൊളിച്ച് അതിൽ കുഴിച്ചിട്ടു എന്നാണ്. അയാളുടെ ആത്മാവ് വന്ന് അവരെയും കൊന്നു എന്നും പറഞ്ഞ് കേൾക്കുന്നു.
ഈ വീടിന്റെ ഭാഗത്ത് വെച്ച് പലർക്കും പല അനുഭവങ്ങളും ഉണ്ടായതായി പറയുന്നു. അതിൽ ചിലതാണ് പറയാൻ പോകുന്നത്.
ആദ്യത്തെ അനുഭവം ചെല്ലപ്പന് ഉണ്ടായതാണ്. നാട്ടിലെ പ്രമുഖ കുടിക്കാരനാണ് ചെല്ലപ്പൻ, ചാരായം നിരോധിക്കാത്ത കാലമായതിനാൽ അതാണ് സാധാരണ മദ്യം , മൂലവെട്ടി, മന്ദാകിനി, അങ്ങനെ പല ബ്രാൻറുകളിൽ ഈ ക്വാട്ടാ ചാരായം കിട്ടും. ശിവദാസമേനോൻ എന്ന പേരിൽ ഒരു ബ്രാന്റ് ഉണ്ടായിരുന്നു, പഴയ ഒരു മന്ത്രിയോ മറ്റോ ആണ് ശിവദാസമേനോൻ. ആ പേരിലുള്ള ചാരായമാണ് ചെല്ലപ്പന്റെ ബ്രാൻറ്. അത് അടിച്ചാൽ ആകെ ഒരു മന്ദതയാണ്, പിന്നെ പതുക്കെ ഇഴഞ്ഞ് നടക്കുകയുള്ളൂ, പട്ടി കടിക്കാൻ വന്നാൽ പോലും ഓടില്ല. എന്നും വൈകിട്ട് ചെല്ലപ്പൻ ഇതും അടിച്ച് ഷാപ്പിൽ നിന്ന് 300 മീറ്റർ ദൂരത്തേക്കുള്ള വീട്ടിലേക്ക് നടക്കും. 7 മണിക്ക് നടപ്പ് തുടങ്ങിയാൽ വീട്ടിലെത്തുമ്പോൾ ഒമ്പത് മണി ആവും.
ഒരു ദിവസം ചെല്ലപ്പൻ വൈകിട്ട് അടിക്കാൻ പോയപ്പോൾ പരിചയക്കാരൻ ഡേവിസിനെ കണ്ടു, പിന്നെ ഷെയറിട്ട് അടിച്ച് വർത്തമാനം ഒക്കെ പറഞ്ഞ് നടന്ന് കുറെ കഴിഞ്ഞപ്പോഴാണ് രണ്ട് പേർക്കും ഒരു കാര്യം മനസ്സിലായത്, ചെല്ലപ്പൻ നടന്നത് ഡേവീസിന്റെ വീട്ടിലേക്കാണ്.
ഇനി വീണ്ടും വന്ന വഴി തിരിച്ച് നടക്കാമെന്ന് വെച്ചാൽ വീടെത്തുമ്പോഴേക്കും തിരിച്ച് വരേണ്ട സമയമാവും. പിന്നെ ഉള്ള വഴി, ഇടക്കുള്ള എളുപ്പവഴിക്ക് കടക്കുകയാണ്. അങ്ങനെ ചെല്ലു ഈ പറഞ്ഞ വഴിക്ക് കടന്നു. റോഡിൽ സ്ട്രീറ്റ് ലൈറ്റ് എന്ന ഒരു സംഭവം ഉണ്ട് എന്നറിയാത്ത ചിലർ ഇവിടെ ഉണ്ട്. അവരുടെ അറിവിലേക്കായി പറയാം. ഈ വഴിയിൽ ഒരു പോസ്റ്റ് ഉണ്ട് അതിൽ ലൈറ്റും. ഭാക്കി പോസ്റ്റിലെ ലൈറ്റുകൾ കേടായി കിടക്കുകയാണ്. അത് കൂടാതെ ചെല്ലുന്റെ കയ്യിൽ ഒരു ചെറിയ ടോർച്ചും ഉണ്ട്. ചെല്ലു നടന്ന് ഈ വീടിന്റെ ഭാഗത്ത് എത്തിയപ്പോൾ ദേ നിൽക്കുന്നു ചെല്ലന്റെ ഡിയർ ഫ്രണ്ട് ഭാസി. ചെല്ലു ടോർച്ച് ഭാസിയുടെ മുഖത്തേക്ക് അടിച്ച് നോക്കി, ഏത് * @ മോനാടാ മോത്തേക്ക് ടോർച്ചടിക്കുന്നത്. തിരിച്ച് നല്ല പുളിച്ച തെറി. ഇത് ഭാസി തന്നെ ചെല്ലൻ ഉറപ്പിച്ചു.
അളിയാ നീയെന്താ ഇവിടെ .ചെല്ലൻ ചോദിച്ചു.
ശ്.. അതൊക്കെ പറയാം. ഭാസി ചെല്ലനെ പിടിച്ച് വീടിന്റെ ഭാഗത്തേക്ക് നടന്നു. ചെല്ലൻ നോക്കുമ്പോൾ വീടിന്റെ ഇരുമ്പ് ഗേറ്റാക്കെ തുറന്ന് കിടക്കുന്നു. ഭാസിയുടെ ഉദ്ദേശം മോഷണമോ സ്മാളടിയോ എന്ന കാര്യത്തിലേ ചെല്ലപ്പന് സംശയമുണ്ടായിരുന്നുള്ളൂ. രണ്ടായാലും കൂടെ കൂടുക തന്നെ.
അങ്ങനെ രണ്ട് പേരും കൂടി നടന്ന് വീടിന്റെ മുറ്റത്തെത്തി. അപ്പോഴാണ് ചെല്ലപ്പന് തന്റെ കൈയ്യിൽ പിടിച്ച ഭാസിയുടെ കൈപ്പത്തിക്ക് നല്ല തണുപ്പ് തോന്നിയത്. തണുപ്പ് എന്ന് പറഞ്ഞാൽ ഐസ് പോലെ. ചെല്ലപ്പൻ കൈ വിടുവിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല ഭാസി ഉരുക്ക് പോലെ മുറുക്കി പിടിച്ചിരിക്കുകയാണ്. ചെല്ലപ്പൻ നിന്നു പക്ഷേ ഭാസി ശക്തിയിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടക്കുന്നു. ചെല്ലപ്പൻ സകല ദൈവങ്ങളെയും വിളിച്ച് സർവ്വ ശക്തിയുമെടുത്ത് കൈ കുടഞ്ഞു. പെട്ടെന്ന് ഭാസിയുടെ പിടിവിട്ടു. ആ നിമിഷത്തിൽ ചെല്ലൻ ഓടി രക്ഷപ്പെട്ടു. ശിവദാസമേനോൻ ഒക്കെ പേടിച്ച് ദഹിച്ചു പോയത് കൊണ്ടാണോ എന്തോ രണ്ട് മിനുട്ടിനുള്ളിൽ ചെല്ലപ്പൻ വീട്ടിലെത്തി. സാധാരണ വഴി അളന്ന് നാലു കാലിൽ പിച്ചവെച്ച് വരുന്ന ചെല്ലപ്പൻ രണ്ട് കാലിൽ ഓടി വരുന്നത് കണ്ട് ഭാര്യ രമണി കാര്യം തിരക്കി. ഭാസി പിടിച്ച് വലിച്ച് പ്രേതബംഗ്ലാവിലേക്ക് കൊണ്ട് പോയ കഥ ചെല്ലപ്പൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ് രമണി ചേച്ചി ചോദിച്ചു.
'എടോ മനുഷ്യാ.. നാല് മാസം മുമ്പ് ചത്തുപോയ ഭാസി നിങ്ങളെ പിടിച്ചു വലിച്ചു അല്ലേ.. സത്യം പറ നിങ്ങൾ എവിടെയോ ചെറ്റപൊക്കാൻ പോയി അവർ ഓടിച്ചതല്ലേ.. എന്നിട്ട് ഒരു കഥയും ഉണ്ടാക്കി വന്നേക്കുന്നു.
അത് കേട്ടപ്പോഴാണ് ചെല്ലപ്പന് ശരിക്കും ബോധം വീണത്. കൃത്യമായി പറഞ്ഞാൽ നാലര മാസം മുമ്പ് തൂങ്ങി മരിച്ചയാളാണ് ഭാസി. ആ മരണത്തിലും ഈ പ്രേത വീടിന് സ്ഥാനമുണ്ട്. ആ കഥ അടുത്ത ഭാഗത്തിൽ.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ