പ്രേതബംഗ്ലാവ് മറ്റൊരു അനുഭവം.
കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞ ഭാസിയുടെ കഥയാണ് ഇന്ന് പറയുന്നത്. പ്രേതബംഗ്ലാവിന്റെ പേരിൽ ആരോപിക്കപ്പെട്ട മറ്റൊരു സംഭവം.
ഭാസി ഒരു തൊഴിൽ രഹിതനായിരുന്നു. പണിയില്ലാത്തത് കൊണ്ടല്ല ചെയ്യാൻ ചെറിയ മടി. അല്ലറ ചില്ലറ മോഷണം നടത്തി രണ്ടെണ്ണം അടിക്കാനുള്ള വക ഉണ്ടാക്കും. മോഷണം എന്ന് പറഞ്ഞാൽ പറമ്പിലും പുരയിടത്തിലും കയറി തേങ്ങയോ ഉണക്കാനിട്ട അടക്കയോ മുറ്റത്തിരിക്കുന്ന എന്തെങ്കിലും വസ്തുക്കളോ ഒക്കെ അടിച്ച് മാറ്റും. പിടിക്കപ്പെട്ടാൽ പുറം കാണിച്ച് രണ്ട് ഇടി തന്ന് വിടാൻ അപേക്ഷിക്കും. തല്ലാൻ കിട്ടുന്ന അവസരം ആയത് കൊണ്ട് നാട്ടുകാർ കേസാക്കാതെ നല്ല ഇടി കൊടുത്ത് വിടും.
മുൻപ് പറഞ്ഞ പറമ്പുകളിൽ നിന്ന് ഭാസി തേങ്ങ പെറുക്കാറുണ്ട്. അങ്ങനെ ഒരു ദിവസം ഭാസി ആ പറമ്പിൽ കയറി തേങ്ങ തപ്പി നടക്കുകയായിരുന്നു. അങ്ങനെ ബംഗ്ലാവിലേക്കുള്ള വഴിയുടെ വശത്തെത്തി. ഈ വഴിയുടെ അപ്പുറത്താണല്ലോ മുൻപ് പറഞ്ഞ കാവ്. ഭാസി പാമ്പിനെ കാണാൻ പറ്റുമോ എന്നറിയാൻ കാവിലേക്ക് സൂക്ഷിച്ച് നോക്കി. പക്ഷേ ഭാസിയുടെ കണ്ണിൽ പെട്ടത് മറ്റൊന്നാണ്. മണ്ണ് മൂടിക്കിടക്കുന്ന ഒരു ഓട്ടു വിളക്ക്. അതിന്റെ മുകൾഭാഗം മാത്രമേ കാണാനുള്ളൂ . ഭാക്കി ഭാഗത്ത് പുറ്റ് വളർന്നിരിക്കുന്നു. പഴയ വിളക്ക് ആയത് കൊണ്ട് നല്ല വിലക്ക് വിൽക്കാം എന്ന് ഓർത്ത് കൊണ്ട് ഭാസി കാവിലേക്ക് കയറാനായി വേലി ചാടി ബംഗ്ലാവിലേക്കുള്ള വഴിയിലേക്ക് കടന്നു. വഴിയിലേക്കിറങ്ങിയതും ഇരുമ്പ് ഗേറ്റിന്റെ ഭാഗത്ത് നിന്ന് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട പോലെ ഒരു വലിയ പട്ടി ഭാസിക്ക് നേരെ പാഞ്ഞു വന്നു. ഭാസി പറഞ്ഞത് അത് പട്ടിയല്ല ചെന്നായ ആയിരുന്നു എന്നാണ്. ഭാസി പേടിച്ച് ബംഗ്ലാവിന് നേരെ ഓടി. അവിടെ ചെന്നപ്പോൾ ബംഗ്ലാവ് തുറന്ന് കിടക്കുന്നു. പട്ടി തൊട്ട് പിന്നാലെ തന്നെയുണ്ട്. ഭാസി ഒന്നും ചിന്തിക്കാതെ ബംഗ്ലാവിലേക്ക് ഓടിക്കയറി. അവിടെ ഒരു മുറിയിൽ കയറി വാതിലടച്ചു. ആ മുറിയിൽ ഒരു ഒരു മേശയും അലമാരയും ഉണ്ടായിരുന്നു. എന്തായാലും കയറിയതല്ലേ എന്തെങ്കിലും ചൂണ്ടാൻ പറ്റിയത് കിട്ടുമോ എന്നായി ഭാസിയുടെ ചിന്ത. മേശയുടെ മുകളിൽ ഒരു ചെറിയ ലോഹ പ്രതിമ ഉണ്ടായിരുന്നു. അത് എടുത്ത് ഭാസി അരയിൽ തിരുകി. അലമാരയിൽ നിന്ന് എന്തെങ്കിലും കിട്ടിയാൽ എടുക്കാം എന്ന് അയാൾ കരുതി . ഭാസി അലമാര തുറന്നതും ഒരു അസ്ഥികൂടം അയാളുടെ ശരീരത്തിലേക്ക് ചിതറി വീണു. ഭാസി പേടിച്ച് പോയി. അയാൾ പുറത്തിറങ്ങാൻ വാതിൽ തുറക്കാൻ നോക്കി പക്ഷേ അത് പുറത്ത് നിന്ന് പൂട്ടിയ അവസ്ഥയിലായിരുന്നു.
പിസയിലെ സേതുപതിയുടെ പോലെ ഭാസി അകത്ത് ഇരുന്ന് ഭയന്ന് വിളിച്ചു. തൊട്ടടുത്ത് തലയോട്ടിയും അസ്ഥികളും ചിതറിക്കിടക്കുന്നു. ഭാസി കുറച്ചു സമയം എന്ത് ചെയ്യണം എന്ന് ആലോചിച്ച് നിന്നു. പിന്നെ വാതിൽ ശക്തിയായി വലിച്ച് തുറക്കാൻ നോക്കി. കുറെ തവണ വലിച്ചപ്പോൾ വാതിൽ തുറന്നു. വാതിൽ തുറന്ന് കിട്ടിയപ്പോൾ ഭാസി ഒന്നും നോക്കാതെ പുറത്തേക്ക് ഓടി. പക്ഷേ വാതിലിന് പുറത്തേക്ക് കടന്ന ഭാസി കാലെടുത്ത് വെച്ചത് ഒരു വലിയ കുഴിയിലേക്ക്. കുഴിയുടെ വശത്തെ ചെടിപ്പടർപ്പുകളിൽ തട്ടി മറിഞ്ഞ് ഭാസി താഴെ വെള്ളത്തിൽ വീണു. അവിടെ കിടന്ന് ഭാസി അലറി വിളിച്ചു.
ബംഗ്ലാവിന് മുന്നിലെ പറമ്പിലെ പൊട്ടക്കിണറ്റിൽ നിന്ന് ഭാസിയുടെ കരച്ചിൽ ആ വഴിക്ക് പോയ ഒരാൾ കേട്ടു. അയാൾ ആളെക്കൂട്ടി വന്ന് ഭാസിയെ പൊക്കിയെടുത്തു. അപ്പോൾ ഭാസി പറഞ്ഞ കഥയാണ് ഇത്. മോഷ്ടിക്കാൻ കയറി കാല് തെറ്റി കിണറ്റിൽ വീണതല്ലേ എന്ന സംശയം എല്ലാവർക്കും ഉണ്ടായിരുന്നു. തെളിവിനായി ഭാസി ആ ലോഹ പ്രതിമ എടുത്ത് കാണിച്ചു. എന്നാൽ അത് മറ്റെവിടെ നിന്നെങ്കിലും മോഷ്ടിച്ചതാവാം എന്ന് എല്ലാവരും കരുതി. ഭാസി അവരെ കൂട്ടി വഴിയുടെ സൈഡിൽ എത്തി. അവിടെ മണ്ണിൽ ഭാസിയുടെയും ഒരു വലിയ മൃഗത്തിന്റെയും കാൽപാടുകൾ പതിഞ്ഞ് കിടന്നിരുന്നു. ആ പാടുകൾ ബംഗ്ലാവിന് നേരെയായിരുന്നു പോയിരുന്നത്. അതോടെ എല്ലാവരും കൺഫ്യൂഷനിലായി.
ഈ സംഭവം കഴിഞ്ഞ് രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് ഒരു രാത്രി ഭാസി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് അലറി വിളിച്ച് പുറത്തേക്കോടി. ആരോ അടുത്ത് കിടക്കുന്നതായി കണ്ട് പേടിച്ചതാണ്. പിറ്റേന്ന് വീണ്ടും ഭാസി കിടക്കുമ്പോൾ അടുത്ത് പുതപ്പിനടിയിൽ എന്തോ ഒരു അനക്കം. ഭാസി പുതപ്പ് വലിച്ച് മാറ്റിയതും എന്തോ ഒന്ന് അയാളെ തട്ടിത്തെറിപ്പിച്ചു. ഇതോടെ അയാൾക്ക് വീട്ടിൽ കയറാൻ പേടിയായി. ഉമ്മറത്തിണ്ണയിൽ ലൈറ്റ് ഓഫാക്കാതെ രാത്രി മുഴുവൻ ഉണർന്നിരിക്കും. പകൽ അവിടെ തന്നെ കിടന്നുറങ്ങും. പുറത്തേക്കൊന്നും അധികം പോകില്ല. മദ്യപാനം ഒക്കെ തീരെ നിർത്തി. പതുക്കെ പതുക്കെ അയാൾക്ക് മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു തുടങ്ങി. ആരോ എപ്പോഴും പിന്നിലുള്ളതായി തോന്നും. ചിലപ്പോൾ മറ്റാരോ ഉപദ്രവിക്കുന്നത് പോലെ കാണിക്കും. വെറുതെ നിൽക്കുന്ന ഭാസിയുടെ ശരീരത്തിൽ വെട്ട് കൊണ്ടപോലെ തനിയെ ചോര പൊടിയും എന്നൊക്കെ ചിലർ പറഞ്ഞു നടന്നു.
ഭാസിയുടെ വീടിന് മുന്നിൽ ഒരു പുളിമരം നിന്നിരുന്നു. അതിൽ കുറച്ചപ്പുറത്തെ പപ്പായ മരം വലിച്ച് കെട്ടിയിരുന്നു. ആ പപ്പായ മരം ഉണങ്ങി പോയപ്പോൾ ആ കയർ പുളിമരത്തിൽ തൂങ്ങിക്കിടന്നു. ഒരു ദിവസം രാത്രി ഭാസി ഈ കയറിന്റെ അറ്റം കുടുക്കാക്കി അതിൽ തൂങ്ങി. അവിടെയും ഒരു പ്രശ്നം വന്നു. നല്ലവണ്ണമുള്ള മരത്തിൽ ഒരാൾക്ക് വട്ടം പിടിച്ച് കയറാനാവില്ല. ഭാസിക്ക് മരംകയറ്റവും വശമില്ല. മരത്തിനടുത്തൊന്നും ഏണിയോ സ്റ്റൂളോ ഒന്നും ഉണ്ടായിരുന്നുമില്ല. ഭാസി എങ്ങനെ ഉയരത്തിൽ കയറി കഴുത്തിൽ കുരുക്കിട്ട് താഴേക്ക് ചാടി എന്നതും ഒരു ദുരൂഹതയായി നിന്നു. ആകെ ഒരു സാദ്ധ്യത കൊലപാതകം മാത്രമായിരുന്നു. പോലീസ് കുറെ അന്വേഷണം നടത്തിയെങ്കിലും കൊലക്കുള്ള സാദ്ധ്യത ഒന്നും കണ്ടെത്താനായില്ല.
പ്രേതബംഗ്ലാവിന്റെ കൂടുതൽ കഥകൾ അടുത്ത ഭാഗത്തിൽ.

അഭിപ്രായങ്ങള്‍