ടെലഫോൺ വഴി പ്രേതം വരുമോ?
വരും... വന്നിട്ടുണ്ട്. ഇപ്പോഴല്ല ഒരു പത്ത് പതിനാറ് വർഷം മുമ്പ്. മൊബൈൽ ഫോൺ ഇല്ലാത്ത അല്ലെങ്കിൽ അത്ര വ്യാപകമാവാത്ത ലാൻറ് ലൈനുകൾ അടക്കിവാണ കാലം. പണ്ട് വീടുകളിലും കടകളിലും ഒക്കെ അപൂർവ്വമായേ ഫോൺ ഉള്ളൂ. അത് കൊണ്ട് തന്നെ ഒരു ഫോണില്ലാത്ത കടകളുടെ ഒക്കെ വിസിറ്റിംഗ് കാർഡിൽ (ബിസിനസ് കാർഡ്) PP എന്നെഴുതി അടുത്തെ ഫോണുള്ള കടയുടെ നമ്പർ കൊടുക്കും. അതേ പോലെ വീടുകളും അടുത്ത ഫോൺ ഉള്ള വീട്ടിലെ നമ്പർ കൊടുക്കും. ഈ പ്രദേശത്ത് എന്റെ വീട്ടിലാണ് ഏറ്റവും ആദ്യം ഫോൺ കണക്ഷൻ കിട്ടിയത്. വീട്ടിൽ അച്ഛൻ ജോലി ആവശ്യത്തിന് വേണ്ടി എടുത്തതാണ്. പിന്നെയും പത്ത് വർഷത്തോളം കഴിഞ്ഞാണ് ദരിദ്രരായ ഞങ്ങളേക്കാൾ വളരെ സമ്പന്നരായ അയൽ വീട്ടിൽ ഫോൺ വരുന്നത്. അതായത് അന്ന് ഫോൺ ഒരു അവശ്യവസ്തു ആയിരുന്നില്ല എന്ന്.
ഈ കഥ നടക്കുന്ന കാലഘട്ടത്തിൽ എന്റെ വീട്ടിൽ ഒരു കോഡ് ലെസ് ഫോൺ ഉണ്ട്. അച്ഛന് ഏതോ സുഹൃത്ത് വിദേശത്ത് നിന്ന് കൊണ്ട് കൊടുത്തതാണ്. നല്ല റേഞ്ച് ആണ് അതിന്. അതേ പോലെ ഇങ്ങോട്ട് വിളിക്കുന്നവരുടെ നമ്പർ ഒക്കെ കാണിക്കുന്ന കോളർ ഐഡി പിന്നെ നമ്പർ സേവ് ചെയ്യാനുള്ള സംവിധാനം ഒക്കെ ഉണ്ട്. സാധാരണ ഫോണിൽ ഡിസ്പ്ലേയോ ഒന്നും ഉണ്ടാവില്ല, പിന്നീട് കോളർ ഐഡി ഒരു എക്സ്ട്രാ മെഷീൻ ആയി ഇറങ്ങിയിരുന്നു.
ക്ലാസ് കഴിഞ്ഞ് വന്ന് കുളിയും ചായയും ഒക്കെ കഴിഞ്ഞ് ഏകദേശം അഞ്ചരയോടെ ഞങ്ങൾ മുമ്പത്തെ പോസ്റ്റിൽ പറഞ്ഞത് പോലെ മതിലിൽ കമ്പനി കൂടും.
അങ്ങനെ ഒരു ദിവസം വിപിൻ ഒരു വലിയ വാർത്തയുമായാണ് വന്നത്, അവന്റെ ക്ലാസിലെ ഫ്രണ്ട്സിൽ നിന്ന് കിട്ടിയതാണ്. സംഭവം ഇതാണ്..
പ്രേതത്തിന്റെ ഫോൺ നമ്പർ.
പ്രേതത്തിന്റെ നമ്പർ എന്ന് പറഞ്ഞ് ക്ലാസിൽ ഒരുത്തൻ കൊണ്ട് വന്ന ഒരു ഫോൺ നമ്പർ, ഈ നമ്പറിലേക്ക് പകൽ വിളിച്ചാൽ കിട്ടില്ല. രാത്രി വിളിക്കണം. ഒരേ സമയം എത്ര പേർ വിളിച്ചാലും എൻഗേജ് അവാതെ കണക്ട് ആവും. പക്ഷേ ഒരു പ്രശ്നമുണ്ട് , ആ നമ്പറിൽ വിളിച്ചാൽ പ്രേതം നമ്മുടെ അടുത്ത് വരും.
ഞാൻ അപ്പൊ തന്നെ വീട്ടിൽ പോയി കോഡ് ലെസ് ഫോണിന്റെ റിസീവർ എടുത്ത് മതിലിനടുത്തേക്ക് തിരിച്ചു വന്നു. എന്നിട്ട് ഞങ്ങൾ ഈ നമ്പറിലേക്ക് വിളിച്ചു. പക്ഷേ നമ്പർ നിലവിലില്ല. എന്നാൽ ശരി രാത്രി നീ വിളിച്ച് നോക്ക് എന്ന് കൂട്ടുകാർ എന്നോട് പറഞ്ഞു. എനിക്കാണെങ്കിൽ അന്നും ഇന്നും പ്രേതത്തിൽ വിശ്വാസമില്ല. ഞാൻ ഒകെ പറഞ്ഞു.
അന്ന് കിടക്കുമ്പോൾ ഞാൻ ഫോൺ എന്റെ അടുത്ത് വെച്ചു. സമയം പന്ത്രണ്ട് മണി ആയപ്പോൾ ഞാൻ ഈ നമ്പറിലേക്ക് വിളിച്ചു.
പറഞ്ഞത് ശരിയാണ് അങ്ങേ തലക്കൽ റിംഗ് ഉണ്ട്. രണ്ട് മൂന്ന് തവണ റിംഗ് ചെയ്ത ശേഷം കാൾ കണക്ടായി. ആദ്യം ഒരു കാറ്റിന്റെ ശബ്ദം, പിന്നെ അതിനോട് ലയിച്ച് വെള്ളം വീഴുന്ന ശബ്ദം. പിന്നെ അവ്യക്തമായ എന്തോ സംസാരം. അതിനിടയിൽ എനിക്ക് ആരോ നടക്കുന്ന പോലെ ശബ്ദം കേൾക്കുന്നതായി തോന്നി. അതിന് പിറകെ വിരൽ ഞൊട്ട പൊട്ടിക്കുന്ന ശബ്ദം. മുറ്റത്ത് നിന്നോ വഴിയിൽ നിന്നോ അടുത്ത വീട്ടിൽ നിന്നോ. അതിന് പിറകെ എന്തോ കിലുങ്ങുന്നതോ ഒക്കെ പോലെ ശബ്ദം.
ഞാൻ ഫോൺ കട്ട് ചെയ്തു പുറത്തെ ശബ്ദം ശ്രദ്ധിച്ചു. മുറ്റത്തിറങ്ങി നോക്കണം എന്നുണ്ട്. പക്ഷേ വല്ല കള്ളൻമാരും ആണെങ്കിൽ. ഞാൻ ജനാലക്കൽ വന്ന് കാതോർത്തു. തൊട്ടപ്പുറത്തെ വിജയൻ ചേട്ടന്റെ വീട്ടിലാണ് ശബ്ദം. ഞാൻ മുമ്പ് പറഞ്ഞ രണ്ടാമത് ഫോൺ കണക്ഷൻ കിട്ടിയ വീടാണ് വിജയൻ ചേട്ടന്റെ.
ഹെയ്.. ഇതെന്ത് പറ്റി പ്രേതത്തിന് വീട് തെറ്റിയോ.. വിളിച്ചത് ഞാൻ പക്ഷേ പോയത് വിജയൻ ചേട്ടന്റെ വീട്ടിലേക്ക്. ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ആ കിലുക്കവും കാലടി ശബ്ദവും കൂടി വന്നു. വിജയൻ ചേട്ടന്റെ വീട്ടിലെ ഫോണിൽ വിളിക്കാം എന്ന് കരുതി ഞാൻ ഫോൺ കയ്യിലെടുത്തു. പിന്നെ വേണ്ടാന്ന് വെച്ചു. രണ്ട് മൂന്ന് തവണ ഇങ്ങനെ വിളിക്കാൻ പോയി വേണ്ടാന്ന് വെച്ചു.
ആ കിലുക്കം വിജയൻ ചേട്ടന്റെ വീട്ടിൽ നിന്ന് എന്റെ വീടിന്റെ മുന്നിലെത്തി.
ആ .. പ്രേതം അവസാനം കറക്ട് അഡ്രസ് തേടിപ്പിടിച്ച് എത്തി. സമാധാനമായി.. ഞാൻ ഉമ്മറത്തെ വാതിൽ തുറക്കാൻ പോയി. പക്ഷേ ആ ശബ്ദം എന്റെ വീട്ടിൽ കയറാതെ അകന്ന് പോയി.
ഇതൊരു മാതിരി ചെയ്ത്തായിപ്പോയി എന്ന് മനസ്സിൽൽ പറഞ്ഞത് ഞാൻ ചെന്ന് കിടന്നു.
പിറ്റേന്ന് രാവിലെ ഞാൻ രാവിലെ എഴുന്നേറ്റ് മുറ്റത്ത് വരുമ്പോൾ വിജയൻ ചേട്ടന്റെ വീട്ടിൽ ചെറിയ ആൾക്കൂട്ടം, ഞാൻ വേലിക്കൽ ചെന്ന് നോക്കി. വിജയൻ ചേട്ടനും ഭാര്യയും മകൾ അഞ്ജുവും ഒക്കെ മുറ്റത്തുണ്ട്.
എന്നെ കണ്ട് വിജയൻ ചേട്ടൻ ഓടി വന്നു. എടാ മോളുടെ സൈക്കിൾ കാണാനില്ല. നീ ഇന്നലെ രാത്രി വല്ല ശബ്ദവും കേട്ടാർന്നോ?
ഞാൻ രാത്രി വൈകിയേ ഉറങ്ങാറുള്ളൂ എന്നറിയാവുന്ന വിജയൻ ചേട്ടൻ ചോദിച്ചു.
ആ.. ഇന്നലെ രാത്രിയല്ലേ.. ഞാൻ പെട്ടെന്ന് പറഞ്ഞു.
ആ.. കേട്ടോ.. വിജയൻ ചേട്ടൻ ആവേശത്തോടെ ചോദിച്ചു..
ഇല്ല.. ഞാനൊന്നും കേട്ടില്ല.. ഞാൻ കൈ മലർത്തി.
ഇന്നലെ രാത്രി വന്നപ്രേതം സൈക്കിൾ അടിച്ചു കൊണ്ട് പോയത് ഞാനറിഞ്ഞ കാര്യം പറയാൻ നിന്നില്ല.
ഇന്നലെ രാത്രി വിജയൻ ചേട്ടനെ വിളിച്ചിരുന്നെങ്കിൽ അഞ്ജു മോളുടെ സൈക്കിൾ പോവില്ലായിരുന്നു. സമീപ ദിവസങ്ങളിൽ ഇവിടെ രണ്ട് സൈക്കിൾ മോഷണം കൂടി നടന്നു.
ഇന്ന് വിജയൻ ചേട്ടനും ഫാമിലിയും ഒന്നും ഇവിടെ ഇല്ല. എവിടേക്കോ വീട് മാറി പോയി.
ഈ പോസ്റ്റ് വിജയൻ ചേട്ടനോ അഞ്ജു മോളോ കാണുന്നുണ്ടെങ്കിൽ എന്നെ തേടി വരണ്ട. ഞാൻ നാട് വിട്ടു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ