തുടർച്ച
പിന്നോട്ട് ചാടിക്കൊണ്ട് ഉരുണ്ട ഞാൻ കട്ടിലിൽ നിന്ന് താഴെ വീണു. വീഴുന്നതിനിടയിൽ കൈ തട്ടി കട്ടിലിനടുത്തെ സ്റ്റൂളിൽ ഇരുന്ന മെറ്റൽ ടോർച്ച് താഴെ വീണു. ആ ശബ്ദം കേട്ട് അച്ഛനും അമ്മയും ഒക്കെ ഉണർന്ന് എന്റെ മുറിയിലേക്ക് ഓടി വന്നു. ഞാൻ അപ്പോഴേക്കും ചാടിയെഴുന്നേറ്റ് മുറിക്ക് പുറത്തേക്ക് ഓടിയിരുന്നു. ഞാൻ കിതച്ചു കൊണ്ട് അവരോട് കാര്യം പറഞ്ഞു. അത് കേട്ട് അച്ഛൻ അകത്ത് കയറി അച്ഛന്റെ ധൈര്യത്തിൽ പിന്നാലെ ഞാനും കയറി .
ഞങ്ങൾ ചുമരിലേക്ക് നോക്കി. അവിടെ നിഴൽ കാണാനില്ല. പകരം വലിയൊരു എട്ട് കാലി ഇരിക്കുന്നു. അച്ഛൻ അതിനെ എടുത്ത് പുറത്ത് കളഞ്ഞു. ഞാൻ മുറിയുടെ നാല് ചുമരും സൂക്ഷിച്ച് നോക്കി. പക്ഷേ ഒരു നിഴലും കാണാനായില്ല. ഇനി ഇതെല്ലാം ഞാൻ കണ്ട സ്വപ്നമാണോ ? അതെ എന്ന് കരുതി ആ ധൈര്യത്തിൽ ഞാൻ കിടന്നു. എന്നാലും പേടികാരണം ലൈറ്റ് ഓഫ് ചെയ്തില്ല.
സാധാരണ ഞാൻ വലത് വശം ചേർന്നാണ് കിടക്കാറ്. പക്ഷേ നിഴൽ കണ്ട ചുമർ ഇടത് ഭാഗത്തായതിനാൽ ഞാൻ ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് കിടന്നു. ഇനി നിഴൽ വന്നാൽ കാണാമല്ലോ എന്ന് കരുതി. കണ്ണടക്കാൻ പേടി ആയത് കൊണ്ട് കണ്ണ് തുറന്ന് തന്നെ കിടന്നു. അങ്ങനെ കിടന്ന് പരിചയമില്ലാത്തതിനാൽ അഞ്ച് മിനുട്ട് കിടന്നപ്പോൾ തന്നെ കൈയും കഴുത്തും വേദനിക്കാൻ തുടങ്ങി. പക്ഷേ വലത് വശം തിരിഞ്ഞ് കിടക്കാൻ പേടി അനുവദിച്ചില്ല. ഇനിയുള്ള വഴി മലർന്ന് കിടക്കലാണ് അപ്പോൾ രണ്ട് വശവും കാണുകയും ചെയ്യാം. അങ്ങനെ ഞാൻ മലർന്ന് കിടന്ന് ഒന്ന് ഞരങ്ങി ശരീരം പൊസിഷനിലാക്കിയ ശേഷം ടെറസിലേക്ക് നോക്കി.
ടെറസിലേക്ക് നോക്കിയ എന്റെ ഉള്ളിൽ ഒരു ആന്തൽ വന്നു . ഒരു നിമിഷം എന്റെ ശ്വാസം തന്നെ നിലച്ചുപോയി. എന്റെ തലയുടെ ഭാഗത്തെ ചുമരിലെ വെന്റിലേറ്ററിൽ നിന്ന് അകത്തേക്ക് നീട്ടിയ രീതിയിൽ മുറിയുടെ സീലിംഗിൽ ഒരു കൈയുടെ നിഴൽ. സാധാരണ ഒരാളുടെ കൈയുടെ ഇരട്ടി വലുപ്പം ഉണ്ടാവും നിഴലിന് . വിരലുകൾ നീണ്ട് കൂർത്ത് , വാംപയർ സിനിമകളിലെ പോലെ തോന്നുന്ന ഒരു കൈ . ഒരു സെക്കന്റ് ശ്വാസം പോലും നിലച്ച് അനങ്ങാനാവാതെ കിടന്ന ഞാൻ അടുത്ത നിമിഷം അലറികൊണ്ട് പുറത്തേക്കോടി .
അന്ന് രാത്രി എനിക്ക് സത്യത്തിൽ ഒരു കാളരാത്രിയായിരുന്നു. നേരം ഒന്ന് വെളുപ്പിച്ചെടുക്കാൻ പെട്ട പാട് . രാത്രിക്ക് നീളം കൂടിയ പോലെ ഒക്കെ തോന്നിപ്പോയി. എങ്ങനെയോ ഒക്കെ ഒരു വിധം ഉണർന്നിരുന്നും പേടിച്ച് ചുറ്റും നോക്കിയും നേരം വെളുപ്പിച്ചു. രാത്രി ഉറക്കം നഷ്ടപ്പെട്ടതിന്റെ ക്ഷീണം കാരണം രാവിലത്തെ ഭക്ഷണം കഴിഞ്ഞ് ഒരു ഒമ്പത് മണിയോടെ ഞാൻ ഉറങ്ങാൻ കിടന്നു.
കുറെ കഴിഞ്ഞ് ഉണർന്ന് നോക്കുമ്പോൾ സമയം പതിനൊന്ന് മണി ആയിരിക്കുന്നു. ഞാൻ എഴുന്നേറ്റ് പുറത്തിറങ്ങി. ഒരു മണിക്ക് ഭക്ഷണം കഴിക്കാൻ വരാം എന്ന് കരുതി ഞാൻ വീടിന് കുറച്ചു മാറി ഒഴിഞ്ഞ് കിടക്കുന്ന ഇല്ലപ്പറമ്പിലേക്ക് നടന്നു. അവിടെ ഫ്രണ്ട്സ് ഉണ്ടാവും. അവരോട് സംസാരിച്ചിരുന്ന് സമയം കളയാം. തലേന്ന് നടന്നതെല്ലാം സ്വപ്നം ആവും എന്ന് ഞാൻ ആശ്വസിച്ചു. എന്തായാലും ഇത് കുറച്ച് പൊലിപ്പിച്ച് ഫ്രണ്ട്സിന്റെ മുന്നിൽ തള്ളണം. അങ്ങനെ ഞാൻ എന്നെ നായകനാക്കി ഒരു വീര സാഹസിക കഥ ഒക്കെ മെനഞ്ഞുണ്ടാക്കാൻ ശ്രമിച്ച് കൊണ്ട് പറമ്പിലേക്ക് നടന്നു.
അങ്ങനെ ഓരോന്ന് ചിന്തിച്ച് പറമ്പിലെത്തിയ ഞാൻ ആകെ കൺഫ്യൂഷനായി നിന്നു. ആ പറമ്പിന്റെ രൂപം ആകെ മാറിയിരിക്കുന്നു. നിറയെ മാവും പ്ലാവും മരോട്ടിയും ഒക്കെ നിന്നിരുന്ന പറമ്പിൽ ഇപ്പോൾ അതൊന്നും കാണാനില്ല. കൂട്ടുകാരും അവിടെയില്ല. ഈ മരങ്ങളൊക്കെ എന്ന് വെട്ടി , ഇനി അവൻമാരെ എങ്ങിനെ കണ്ടെത്തും. ആ... ഈ പറമ്പ് കടന്നാൽ സുബിയുടെ വീട്ടിലെത്തും. ചിലപ്പൊ എല്ലാം കൂടി അവിടെ കാണും. അല്ലെങ്കിൽ അവിടെ ചോദിച്ചാൽ അറിയാൻ കഴിഞ്ഞേക്കും. ഞാൻ പറമ്പിലൂടെ അപ്പുറത്തേക്ക് നടന്നു. നീണ്ടുകിടക്കുന്ന വലിയ പറമ്പാണ്. കുറച്ച് നടന്നപ്പോൾ എവിടെയോ വെള്ളം ഒഴുകുന്ന ശബ്ദം. പറമ്പിൽ അടുത്ത പറമ്പിൽ നനക്കുന്നുണ്ടെന്ന് തോന്നുന്നു. എന്നാലത് സുബിയുടെ അച്ഛൻ തന്നെ. അദ്ദേഹമാണ് അവിടെ കൃഷി നോക്കുന്നത്. എന്തായാലും സുബിയുടെ വീട് വരെ നടക്കണ്ട അവന്റെ അച്ഛനോട് ആദ്യം ചോദിക്കാം. ഞാൻ നനക്കുന്ന ഭാഗത്തേക്ക് നടന്നു. രണ്ട് മൂന്നടി നടന്ന് കഴിഞ്ഞപ്പോഴാണ് ഒരു കാഴ്ച കണ്ടത്.
കുറച്ച് മുന്നിലായി ആറ്റുവഞ്ചികൾ നിരനിരയായി പൂവിട്ട് നിൽക്കുന്നു. അതിനുമപ്പുറം പാറക്കൂട്ടങ്ങളെ തൊട്ടുഴിഞ്ഞ് ഒഴുകുന്ന തോട് . നല്ല പരിചയമുള്ള സ്ഥലം. എന്റെ മനസ്സിലേക്ക് പഴയ ഓർമ്മകൾ കടന്ന് വന്നു. ആറ്റുവഞ്ചികളെ തഴുകി വന്ന കാറ്റ് എന്റെ ശരീരത്തിൽ തട്ടി കടന്ന് പോയി. എനിക്ക് ശരീരം മുഴുവൻ ഒരു വിറയൽ അനുഭവപ്പെട്ടു. ഞാനിപ്പോൾ നിൽക്കുന്നത് എന്റെ വീടിനടുത്തെ ഒഴിഞ്ഞ ഇല്ലപ്പറമ്പിലല്ല മുമ്പ് പാലക്കാട് വെച്ച് കണ്ട ആ സ്ഥലത്ത് . പിന്നെ ഒന്നും ചിന്തിക്കാതെ ഞാൻ തിരിഞ്ഞ് ഓടി. കുറച്ച് ദൂരം ഓടിയ ഞാൻ പെട്ടെന്ന് സഡൻ ബ്രേക്കിട്ട പോലെ നിന്നു. ആ കാഴ്ച എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ അണച്ച് കൊണ്ട് മുന്നോട്ട് നോക്കി. എന്റെ മുന്നിൽ ... തൊട്ട് മുന്നിൽ ആ വാതിലില്ലാത്ത കെട്ടിടം . പഴയ അതേ കെട്ടിടം. ഞാൻ എങ്ങിനെ ഇവിടെ എത്തി. എനിക്കൊന്നും മനസ്സിലായില്ല .
ഞാൻ തനിയെ ഇവിടെ അകപ്പെട്ടു പോയിരിക്കുന്നു. ഞാൻ ചുറ്റും നോക്കി അതേ മരങ്ങൾ അതിൽ നിന്ന് പിണഞ്ഞ് തൂങ്ങിക്കിടക്കുന്ന വള്ളികൾ . അന്ന് പോയതിന്റെ എതിർ ദിശയിൽ നിന്നാണ് ഞാൻ ഓടി വന്നത്. ഇതേ വഴിയിൽ കൂടി മുന്നോട്ട് പോയാൽ തോട് കടന്ന് കല്യാണം നടന്ന വീടിന്റെ ഭാഗത്തെത്താം. അവിടെ ആൾതാമസമുള്ള സ്ഥലമാണ്. പക്ഷേ മുന്നോട്ട് പോകണമെങ്കിൽ ആദ്യം ആ കെട്ടിടം കടന്ന് പോകണം . ഞാൻ പേടിച്ച് നിന്നു.
കുറച്ച് സമയം ഞാൻ അങ്ങനെ നിന്നു. അവസാനം ധൈര്യം സംഭരിച്ച് സകല ദൈവങ്ങളെയും വിളിച്ച് ഞാൻ മുന്നോട്ട് നടന്നു. നടന്ന് നടന്ന് കെട്ടിടത്തിന്റെ മധ്യത്തിലെത്തിയ ഞാൻ കെട്ടിടത്തിന്റെ ചുമരിലേക്ക് വെറുതെ ഒന്ന് പാളി നോക്കി. സമാധാനം അവിടെ ഇപ്പോൾ നിഴൽ ഇല്ല.
ആശ്വാസത്തോടെ ഞാൻ മുന്നോട്ട് തിരിഞ്ഞതും എന്റെ തൊട്ട് മുന്നിൽ ഒരു രൂപം. പുറം തിരിഞ്ഞ് നിൽക്കുന്ന ഒരു സ്ത്രീ രൂപം. ഒരു നിമിഷം ഞാൻ അനങ്ങാനാവാതെ അന്തിച്ച് നിന്നു. പെട്ടെന്ന് ആ രൂപം മിന്നൽ വേഗതയിൽ വെട്ടിത്തിരിഞ്ഞു. ഞാൻ പിന്നിലേക്ക് ചാടി . ആ ചാട്ടത്തിൽ എന്റെ കാലിൽ എന്തോ കുത്തിക്കയറി.
ഇത്രയുമായപ്പോൾ ഞാൻ ഉറക്കത്തിൽ നിന്ന് ഒരു അലർച്ചയോടെ ഞെട്ടിയുണർന്നു. അത് കേട്ട് അമ്മ ഓടിവന്നു.
ആ നീയെപ്പോഴാ തിരിച്ച് വന്നേ.
അമ്മയുടെ ചോദ്യം കേട്ട് ഞാൻ ഒന്നും മനസ്സിലാവാതെ എണീറ്റ് ഇരുന്നു.
ഞാൻ ഇവിടെ കിടന്ന് ഉറങ്ങുകയായിരുന്നില്ലേ .
ഒരു പതിനൊന്ന് മണി ആയപ്പൊ നീ എണീറ്റ് പുറത്തേക്ക് പോകുന്നത് കണ്ടല്ലോ.
അമ്മ പറഞ്ഞത് കേട്ട് ഞാൻ പകച്ചിരുന്നു. അപ്പൊ ഞാൻ കണ്ടതൊക്കെ സ്വപ്നമല്ലേ ? അല്ലെങ്കിൽ പിന്നെ ഇതൊക്കെ എന്താണ് ? ആകെ കൺഫ്യൂഷൻ .
അടുക്കളയിൽ പണിയുണ്ട് എന്നും പറഞ്ഞ് അമ്മ പോയി. മുറിയിൽ തനിച്ചിരിക്കാൻ പേടി തോന്നിയ ഞാൻ അടുക്കളയിലേക്ക് പോകാനായി കട്ടിലിൽ നിന്ന് ഇറങ്ങി.
ആഹ്... കട്ടിലിൽ നിന്ന് കാലെടുത്ത് തറയിൽ കുത്തിയ ഞാൻ ഒരു ശബ്ദത്തോടെ കാൽ പിൻവലിച്ചു.
തുടരും

അഭിപ്രായങ്ങള്‍