part 02
ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെയായി എന്റെ അവസ്ഥ. അല്ലെങ്കിലേ
പേടിച്ചിരുന്ന ഞാൻ ഈ സംഭവം കൂടി ആയതോടെ ആകെ വിറച്ചു പോയി. ഇത്ര വലിയ ശബ്ദം
കേട്ടിട്ടും വല്യച്ഛനും വല്യമ്മയും എഴുന്നേറ്റ് വന്നില്ല എന്നത് എന്നെ
അത്ഭുതപ്പെടുത്തി. എനിക്ക് പുറത്തിറങ്ങി നോക്കണം എന്നുണ്ട് , പക്ഷേ പേടി എന്റെ
മനസ്സിനെ അത്രമേൽ കീഴ്പ്പെടുത്തിയിരിക്കുന്നു.
പിറ്റേന്ന് നേരം പുലരും മുമ്പേ തന്നെ ഞാൻ വീടിന് പുറത്തിറങ്ങി. കഴിഞ്ഞ രാത്രിയിലെ
സംഭവങ്ങളുടെ അടയാളങ്ങൾ മുറ്റത്ത് അവശേഷിച്ചിട്ടുണ്ടോ എന്നറിയാനുള്ള ആകാംഷ അത്ര
തീവ്രമായിരുന്നു. പക്ഷേ പ്രതീക്ഷിച്ച പോലെ ഒന്നും അവിടെയില്ല. ടങ്കീസ് വലിഞ്ഞ്
പൊട്ടിക്കിടപ്പുണ്ട് അത്ര മാത്രം. ഞാൻ അവിടെയെല്ലാം ഒരു നായയുടെ കാൽപ്പാടുകൾ
തിരഞ്ഞു , ഒപ്പം ഒരു മനുഷ്യന്റെ കാലടികളും കണ്ടേക്കാം. പക്ഷെ അത്ഭുതം തന്നെ,
മണ്ണിൽ ഒരു പാട് പോലും കാണാനില്ല.
നേരം വെളുത്ത് തുടങ്ങുന്നതേ ഉള്ളൂ. ഇരുട്ട് മുഴുവനായി വിട്ടു പോകാൻ
തുടങ്ങിയിട്ടില്ല. ഞാൻ വെറുതെ ചുറ്റും നോക്കി. ഇവിടെ നിൽക്കുമ്പോൾ ഒരു വനത്തിന്
നടുവിൽ നിൽക്കുന്ന പ്രതീതിയാണ്. ചുറ്റും തലയുയർത്തി നിൽക്കുന്ന മരങ്ങൾ . അവയുടെ
ശിഖരങ്ങളിൽ മൂടൽമഞ്ഞ് പൊതിഞ്ഞ് നിൽക്കുന്നു. ഒരു ഹോളിവുഡ് ഹൊറർ സിനിമയുടെ
പശ്ചാത്തലം പോലെ തോന്നും.
മരച്ചില്ലകളിൽ തട്ടി ഹുംഗാരശബ്ദമുണ്ടാക്കി വീശിയടിച്ചെത്തിയ ഒരു ചുളുചുളുപ്പൻ
കാറ്റ് എന്റെ ശരീരത്തിൽ തട്ടി കടന്നു പോയി. എന്റെയുള്ളിൽ വീണ്ടും ഭയത്തിന്റെ
ഇതളുകൾ വിടരാൻ തുടങ്ങി.
മരങ്ങൾക്കിടയിൽ കരിയിലകൾ അമരുന്ന ശബ്ദം കേൾക്കുന്നുണ്ടോ , ഞാൻ ചെവി വട്ടം
പിടിച്ചു. മൂടൽമഞ്ഞിനുള്ളിൽ നിന്ന് ഒരു ഭീകര സത്വം എന്റെ നേരെ കുതിച്ചു വരുന്നതായി
ഞാൻ ഭാവനയിൽ കണ്ടു. വിശ്വപ്രസിദ്ധ കഥാപാത്രം ഷെർലക് ഹോംസ് നായകനായ ദ ഹൗണ്ട് ഓഫ്
ബാസ്കർ വില്ലേയിലെ അവസാന ഭാഗത്ത് പറയുന്ന മഞ്ഞുമതിലിനുള്ളിൽ നിന്ന് കുതിച്ചുചാടി
വരുന്ന ഭീമാകാരനായ വേട്ടനായയുടെ ചിത്രമായിരുന്നു എന്റെ മനസ്സിൽ . ശരീരത്തിലെ
തണുപ്പിനു മുകളിൽ കൂടി ഭയം പടരുന്നത് തിരിച്ചറിഞ്ഞ ഞാൻ വേഗം അകത്ത് കയറി
വാതിലടച്ചു. നേരം പുലരാൻ ഇനിയും സമയമുണ്ട്. വല്യമ്മ എഴുന്നേൽക്കാൻ അര മണിക്കൂർ
കൂടി കഴിയും. ഞാൻ നേരെ ബെഡ് റൂമിൽ ചെന്ന് തലയിണ കട്ടിലിൻ്റെ മുകളിൽ നീക്കി വെച്ച്
ചാരിക്കിടന്നൂ .
എനിക്കെന്താണ് സംഭവിക്കുന്നത് ? ഇത്ര നാൾ അനുഭവിച്ചിട്ടില്ലാത്ത ഒരുൾഭയം. ഇരുണ്ട
ഭൂഖണ്ഡത്തിലെ ഏകാന്തവാസത്തിനിടയിലെ രാത്രികളിൽ എത്രയോ അപശബ്ദങ്ങൾ ഞാൻ
കേട്ടിരിക്കുന്നു , ഒന്നിലധികം തവണ അതീന്ദ്രീയമെന്ന് പറയാവുന്ന കാഴ്ചകളും
കണ്ടിരിക്കുന്നു. അപ്പോഴൊന്നും അനുഭവിച്ചിട്ടില്ലത്ത ഒരു പേടി ഇന്നെന്നെ
പിടികൂടിയിരിക്കുന്നു. സീ ഷെൽസ് ദീപിലെ ഉറക്കം വരാത്ത രാത്രികളിലോന്നിൽ പുറത്ത്
കേട്ട മുരളൽ ശബ്ദം എന്താണ് എന്നറിയാൻ ടെറസിന് മുകളിൽ കയറി നോക്കിയതും, അൽപമകലെ
മാറി ഏതാണ്ട് നൂറ് മീറ്റർ മാത്രം ഉയരത്തിൽ ഇരുട്ടിൽ അതിനേക്കാൾ ഇരുണ്ട അകന്ന്
പോകുന്ന ഒരു അജ്ഞാത പേടകം കണ്ടതും അത് പോലെ പിന്നെയൊരിക്കൽ കെനിയയിലെ സുഹൃത്തിന്റെ
വീടിന് പിന്നിലെ ചോളവയലിൽ ആറു കാലിൽ നടന്ന് പോകുന്നത് കണ്ട ജീവിയുടെ അവ്യക്തമായ
രൂപവും എല്ലാം എന്റെ മനസ്സിലേക്ക് കടന്ന് വന്നു. അപ്പോഴൊന്നും ഭയം എന്ന ഒരു വികാരം
തോന്നിയിട്ടേ ഇല്ല. എല്ലാം ഏതോ സാമൂഹിക വിരുദ്ധരും ഗൂഢ ശക്തികളും നടത്തുന്ന നാടകം
എന്ന് മാത്രമേ കരുതിയിട്ടുള്ളൂ. ആത്മാവ് പ്രേതം എന്നൊക്കെ കേൾക്കുന്നത് തന്നെ തമാശ
ആയാണ് എടുക്കാറ്. ആ ഞാനാണ് ഇപ്പോൾ പേടിച്ച് വിറച്ച് അകത്ത് കയറിയിരിക്കുന്നത്.
ഇനിയെന്ത് ചെയ്യണം ? രാവിലെ മുഴുവൻ എന്റെ ചിന്ത അത് മാത്രമായിരുന്നു. ഒരു വഴിയും
മനസ്സിൽ തെളിയുന്നില്ല. അതിനിടയിൽ തലേന്ന് രാത്രി ശബ്ദം കേട്ടിട്ടും വല്യച്ഛനും
വല്യമ്മയും എഴുന്നേൽക്കാതിരുന്നതിന്റെ കാരണം ഞാൻ തിരക്കിയിരുന്നു. അവർക്കിത് ആദ്യ
സംഭവമല്ല. പേടി കാരണം ഇപ്പോൾ എന്ത് കേട്ടാലും പുറത്തിറങ്ങാറില്ല. ഞാനും ഇനി ഒന്നും
ശ്രദ്ധിക്കാതെ കിടക്കണം എന്നായിരുന്നു അവരുടെയും ഉപദേശം. പക്ഷേ എനിക്കങ്ങിനെ
കിടക്കാനാവില്ല.
അന്ന് രാത്രി പട്ടി വന്നില്ല , പക്ഷേ വടക്ക് ഭാഗത്തെ ഇരുമ്പ് ഗോവണിയുടെ ഭാഗത്ത്
ചില ശബ്ദങ്ങൾ കേട്ടു. ആരോ ഒറ്റക്കാലിൽ ചാടിപ്പോകുന്നതോ ഒരു ചക്രമുരുളുന്നതോ
ഇരുമ്പ് കഷ്ണങ്ങൾ തമ്മിൽ ഉരയുന്നതോ ഒക്കെയായി ആ ശബ്ദങ്ങൾ എനിക്കനുഭവപ്പെട്ടു.
മതിയായൊരു പ്ലാനും സുരക്ഷാ മുൻകരുതലും ഇല്ലാതെ പുറത്തിറങ്ങുന്നത് പന്തിയല്ല.
മാത്രമല്ല ഞാനിപ്പോൾ അത്യാവശ്യം നല്ലൊരു പേടിക്കാരനും ആയി മാറിയിരിക്കുന്നു.
കുറച്ച് സമയം കഴിഞ്ഞ് പോയി വടക്ക് ഭാഗത്ത് കേട്ട ശബ്ദം കൂടുതൽ ഉച്ചത്തിലായി ഒപ്പം
എവിടെയോ പശ്ചാത്തല സംഗീതം പോലെ കാലൻകോഴി കൂവി. ഞാൻ മെല്ലെ എഴുന്നേറ്റ് വടക്ക് ഭാഗത്തെ ജനാലക്കലെത്തി. ഗ്ലാസ് ജനാലയായതിനാൽ കർട്ടൻ മാറ്റിയാൽ
പുറംഭാഗം കാണാം. ഞാൻ ശബ്ദമുണ്ടാക്കാതെ ജനാലക്കലെത്തി കർട്ടൻ ചെറുതായി മാറ്റി
പുറത്തേക്ക് നോക്കി. ടെറസിലെ സോഡിയം വേപ്പർ ബൾബിന്റെ പ്രകാശം വടക്കേപ്പുറത്തേക്കും
വീഴുന്നത് കൊണ്ട് അത്യാവശ്യം വ്യക്തമായി തന്നെ പുറംഭാഗം കാണാം. എന്നാലും ജനലിൽ
കൂടി കാണാവുന്ന ഏരിയക്ക് പരിധിയുണ്ട്. ആ ശബ്ദം കേൾക്കുന്നത് എനിക്ക് കാണാവുന്ന
ഭാഗത്തിനും അപ്പുറത്താണ് .
ഞാനങ്ങിനെ നോക്കി നിൽക്കുമ്പോൾ പെട്ടെന്ന് ആ ശബ്ദം നിലച്ചു. എന്റെ സാമീപ്യം
മനസ്സിലാക്കിയോ എന്ന് സംശയം. ഞാൻ കർട്ടന്റെ മറവിലേക്ക് ഒതുങ്ങി ചെറിയ വിടവിലൂടെ
നോക്കി. പെട്ടെന്നാണ് അത് എന്റെ കണ്ണിൽ പെട്ടത്. ജനലിന് പുറത്ത് മുറ്റത്ത് ഒരു
നിഴൽ. ഒറ്റ നോട്ടത്തിൽ ഒരു മനുഷ്യന്റെ നിഴലായി തോന്നും. പക്ഷേ അതിന്റെ അരക്ക്
മുകളിലേക്കുള്ള ഭാഗത്ത് എന്തോ രൂപ വ്യത്യാസമുണ്ട്. തലയും വ്യത്യാസം തോന്നും.
അതെന്താണെന്നറിയാനുള്ള ആകാംഷ എന്റെ പേടിയെ കീഴടക്കി. ഞാൻ കർട്ടനുള്ളിൽ കൂടി
തലയിട്ട് ജനൽക്കമ്പികളിൽ കഴിയാവുന്ന ത്ര മുഖം അമർത്തി പുറത്തേക്ക് എത്തിച്ച്
നോക്കി. പെട്ടെന്ന് എന്റെ കണ്ണുകൾക്ക് തൊട്ട് മുന്നിൽ ജനൽ ഗ്ലാസിൽ ഒരു കൈത്തലം
പതിഞ്ഞു. ഞാൻ ഞെട്ടി പുറകോട്ട് മാറി. ഒന്ന് കൂടി ജനൽ ഗ്ലാസിലേക്ക് നോക്കും മുമ്പേ
അവിടെ കർട്ടൻ വീണ് മറഞ്ഞിരുന്നു.
...
തുടരും

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ