[ മൂന്നാം ഭാഗം ]
ഇവനിതെവിടെ പോയി. ആ.. മൂത്രമൊഴിക്കാനെങ്ങാൻ പോയതാവും. എനിക്കും നല്ല മൂത്രശങ്ക ഉണ്ട്. കിടക്കുമ്പോഴേ ഉണ്ടായിരുന്നു പുറത്ത് പോകാൻ പേടിച്ചിട്ടാണ്. ഇപ്പോൾ സാബു പുറത്തുണ്ട്, ഇത് തന്നെ അവസരം... അങ്ങിനെ ഓർത്ത് കൊണ്ട് ഞാൻ എഴുന്നേറ്റ് വാതിൽ തുറന്നു പുറത്തിറങ്ങി. ഇനി ഹാളിൽ കൂടി മുൻവശത്തെ റൂമിൽ എത്താം. ഹാളിലെ വാതിലിന് പാളിയില്ല പകരം കർട്ടനാണ്.അത് കാലപ്പഴക്കം കൊണ്ട് ആകെ മുഷിഞ്ഞിരുന്നു. ഞാൻ വാതിൽക്കലേക്ക് നടന്ന് കർട്ടൻ വകഞ്ഞു മാറ്റി. പക്ഷേ എന്റെ കൈ കൊണ്ടത് നല്ല ഉറപ്പുള്ള ഒരു വസ്തുവിലാണ്. മനുഷ്യ ശരീരം പോലെയുള്ള ഒന്ന്. സത്യം പറഞ്ഞാൽ എനിക്ക് ഒന്നും തോന്നിയില്ല. സാബു ആവും അതെന്നാണ് ആദ്യം മനസ്സിൽ വന്ന ചിന്ത. ഞാൻ കർട്ടൻ മാറ്റി മുൻവശത്തെ ഡ്രോയിംഗ് റൂമിലേക്ക് കടന്നു.
നീ എവിടെപ്പോയതാ എന്ന് ഞാൻ ചോദിക്കാനായി തുടങ്ങി. പക്ഷേ നീ എന്ന് പറഞ്ഞ് ഭാക്കിയുള്ള വാക്കുകൾ എന്റെ തൊണ്ടയിൽ കുടുങ്ങി. അവിടെ സാബുവും ഇല്ല ആരും ഇല്ല. ആ ഒരു നിമിഷം സാബു പറഞ്ഞ കഥകളെല്ലാം ശരവേഗത്തിൽ മനസ്സിൽ കൂടി പാഞ്ഞു പോയി. ഉണ്ണികൃഷണന്റെ പോലെ ഒരു പ്രേതാത്മാവ് ഇവിടെയും ഉണ്ടോ. ഞാൻ ഒരു സെക്കന്റ് കൊണ്ട് വിയർത്ത് കുളിച്ചു. ശരീരം മരവിച്ചത് പോലെ ഒരടി നടക്കാനാവുന്നില്ല, ഞാൻ സാബുവിനെ വിളിക്കാൻ ശ്രമിച്ചു. പക്ഷേ ശബ്ദം പുറത്ത് വരുന്നില്ല.
പെട്ടെന്നാണ് വേറൊരു ചിന്ത എന്റെ മനസ്സിലേക്ക് വന്നത്. ബെഡ് റൂമിൽ നിന്ന് ഞാൻ വാതിലിന്റെ സാക്ഷ തുറന്നാണ് പുറത്തിറങ്ങിയത്. സാബു മുൻപേ പുറത്ത് പോയിരുന്നെങ്കിൽ വാതിൽ തുറന്ന് കിടന്നേനേ. അപ്പോൾ സാബു ബെഡ് റൂമിൽ തന്നെ ഉണ്ടോ.
എനിക്ക് തിരിച്ച് ബെഡ് റൂമിൽ പോകണം എന്നുണ്ട്. ഞാൻ കർട്ടന് നേരെ നോക്കി. അതിന് പിന്നിൽ ആരോ മറഞ്ഞ് നിൽക്കുന്നുണ്ടോ. ഒരു സംശയം.
ഞാൻ പേടിച്ച് വിറച്ച് മുന്നിലെ ജനാലയിലേക്ക് നോക്കി. സാബു പറഞ്ഞ ലൂസിയാന്റിയുടെ ജനാല ആയിരുന്നു എന്റെ മനസ്സിൽ.
പുറത്ത് നിന്ന് സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം ജനാലയുടെ ഗ്ലാസിൽ നന്നായി തട്ടുന്നുണ്ട്. ഞാൻ ഒന്ന് കൂടി സൂക്ഷിച്ച് നോക്കി. ഇല്ല പ്രതീക്ഷിച്ചത് പോലെ ഒന്നും ഇല്ല. ഇനി അടുത്ത ടാസ്ക് കർട്ടൻ മാറ്റി ഹാളിൽ കടക്കലാണ്. ഞാൻ കർട്ടന് നേരെ തിരിഞ്ഞു.
സകല ധൈര്യവും സംഭരിച്ച് ഞാൻ ഒരു വിധം കർട്ടൻ വകഞ്ഞ് മാറ്റി ഹാളിൽ കൂടി ബെഡ് റൂമിൽ എത്തി. സത്യത്തിൽ അതൊരു ഓട്ടമായിരുന്നു.
ഞാൻ ബെഡ് റൂമിൽ ചെല്ലുമ്പോഴുണ്ട് സാബു അവിടെ കിടന്ന് നല്ല ഉറക്കം. അപ്പൊ നേരത്തെ അവൻ എവിടെ പോയി.
എന്തായാലും ആളെ കണ്ടല്ലോ, സമാധാനം. ഇനി അവനെ ഉറക്കത്തിൽ നിന്ന് വിളിക്കണ്ട. ഞാനും ചെന്ന് കിടന്നു. കിടന്ന് ഏതാനും മിനുട്ടുകൾക്കുള്ളിൽ ഞാനും ഉറങ്ങി.
പിറ്റേന്ന് രാവിലെ സാബു വിളിക്കുമ്പോഴാണ് ഞാൻ ഉണരുന്നത്. സമയം എട്ടര കഴിഞ്ഞിരിക്കുന്നു. എഴുന്നേറ്റ പാടേ ഞാൻ പോകാം എന്ന് പറഞ്ഞു. പക്ഷേ സാബു എന്നെ തടഞ്ഞു.
'എടാ, നിൽക്ക് പോകാം.. കുറച്ച് കഴിയട്ടെ'
അളിയാ.. ജീവൻ ഭാക്കി കിട്ടിയത് ഭാഗ്യം. ഇന്നലെ നടന്നത് നീയറിഞ്ഞില്ലല്ലോ.
ഞാൻ തലേന്ന് രാത്രി നടന്ന സംഭവങ്ങൾ അവനോട് പറഞ്ഞു.
ഇപ്പൊ നേരം വെളുത്തില്ലേ.. നീ വാ നമുക്ക് പോയി ഒരു കട്ടൻ അടിച്ചിട്ട് വരാം.
അടിക്കാം.. അതിന് മുമ്പ് എനിക്ക് വേറൊരു കാര്യം ചെയ്യാനുണ്ട്. അല്ലെങ്കിൽ എന്റെ മൂത്രസഞ്ചി ഇപ്പൊ പൊട്ടും.
ഞങ്ങൾ പോയി പ്രാതൽ കഴിച്ച് തിരിച്ച് വന്നു. വീട്ടിലെത്തി കാറിൽ നിന്ന് ഇറങ്ങും മുമ്പ് സാബു എന്നോട് പറഞ്ഞു.
എടാ.. ഒരു പ്രശ്നമുണ്ട്, ഞാൻ ഇന്നലെ ഈ വീടിന്റെ ഫോട്ടോ എടുത്ത് വീട്ടിലേക്ക് അയച്ചിരുന്നു. അവർക്ക് വീട് ഭയങ്കര ഇഷ്ടമായി. രണ്ട് ദിവസം ഇവിടെ നിൽക്കണം എന്ന് പറയുന്നു.
ഈ..ഈ പ്രേത വീട്ടിലോ.
പ്രേതം ഒക്കെ നമ്മടെ തോന്നലാവുമെടാ. എന്തായാലും അവരെ തടയാൻ പറ്റില്ല.
അതെന്താ?
അത് പിന്നെ ലൂസിയാൻറിക്കാണ് ഇവിടെ വന്ന് നിൽക്കണം എന്ന് ഏറ്റവും നിർബദ്ധം, കുറെ വർഷങ്ങൾ കഴിഞ്ഞ് ഇപ്പോഴാണ് ആന്റി വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാവുന്നത്.
എന്നാലും ഇവിടെ..
എന്നെ മുഴുവിപ്പിക്കാൻ സാബു സമ്മതിച്ചില്ല.
സാരമില്ല..പ്രശ്നം ഒന്നും ഉണ്ടാവില്ല.. നമ്മൾ ഇപ്പോഴും ജീവനോടെ ഉണ്ടല്ലോ.
അതും ശരിയാണ്. ചിലപ്പൊ എല്ലാം ഒരു സാധാരണ സംഭവം ആവാം, കുറെയൊക്കെ തോന്നലും. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ തന്നെ പണിക്കാർ എത്തിയിരുന്നു. രണ്ട് ദിവസത്തെ പണി കൂടിയുണ്ട്. അത് കഴിഞ്ഞാൽ സാബുവിന്റെ ഫാമിലി വരും. അന്ന് ഉച്ചയോടെ ഞങ്ങൾ തിരിച്ച് പോന്നു.
മൂന്ന് ദിവസം കഴിഞ്ഞ് സാബു വീണ്ടും വിളിച്ചു. അവന്റെ ഫാമിലി എല്ലാവരും കൂടെ രണ്ട് ദിവസം ആ വീട്ടിൽ അടിച്ച് പൊളിക്കുന്നു. ഞാനും കൂടെ വേണം. അപ്പോഴേക്കും എന്റെ പേടി മാറിയിരുന്നു. ഞാൻ ചെല്ലാമെന്ന് സമ്മതിച്ചു.
പിറ്റേന്ന് ഞാൻ അവിടെ ചെല്ലുമ്പോൾ സാബുവും ഫാമിലിയും എത്തിയിരുന്നു. അവനും ഭാര്യയും മക്കളും പാരന്റ്സും വയലിൽ നടക്കാൻ പോകാൻ തുടങ്ങുന്നു. ഞാൻ വന്നത് കണ്ട് സാബു എന്നെയും കൂട്ടി.
വയലിലേക്ക് ഇറങ്ങുന്നതിനിടയിൽ ഞാൻ വെറുതെ ചോദിച്ചു.
എടാ.. ലൂസിയാന്റി.
ആൻറി വന്ന ഉടനെ തലവേദന എന്ന് പറഞ്ഞ് ഒരു റൂമിൽ കയറി കിടന്നു.
ഞങ്ങൾ തോട്ടിൽ പോയി ചൂണ്ടയിട്ട് മീൻ പിടിച്ച് കൊണ്ട് വന്ന് പൊരിച്ചു. അങ്ങനെ രാവിലെ മുഴുവൻ അടിച്ച് പൊളിച്ച് രാത്രിയായി. നല്ല ക്ഷീണം കാരണം എല്ലാവരും നേരത്തേ കിടന്നു. ഞാനും സാബുവും ഹാളിലാണ് കിടന്നത്. ഞാൻ കിടന്ന പാടേ ഉറങ്ങി.
രാത്രി എപ്പോഴോ സാബുവിളിക്കുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. സമയം നോക്കുമ്പോഴുണ്ട് പുലർച്ചെ മൂന്നര.
'എടാ വാ മുള്ളിയിട്ട് വരാം '
സാബുവിന് തനിച്ച് പോകാൻ പേടി. അങ്ങനെ ഞങ്ങൾ എഴുന്നേറ്റ് പടിഞ്ഞാമ്പുറത്തേക്ക് ചെന്നു. അവിടെ വാതിൽ ഒരു ഇരുമ്പ് ഗ്രിൽ ആണ്. അതിൽ കൊതുക് കടക്കാതിരിക്കാൻ നെറ്റ് അടച്ചിരുന്നു.
ഞങ്ങൾ വാതിലിനടുത്തെത്തി. മുറ്റത്ത് കൂരിരുട്ടാണ്. സാബു പുറത്തെ ലൈറ്റ് ഓൺ ചെയതു.
ലൈറ്റ് തെളിഞ്ഞതും ഞങ്ങളുടെ തൊട്ട് മുൻപിൽ ഗ്രില്ലിനപ്പുറം ഒരാൾ. കറുത്ത തുണി പുതച്ച ഒരു രൂപം. ഒരു ഞങ്ങൾ പേടിച്ച് ഞെട്ടിവിറച്ച് പുറകിലോട്ട് ചാടി. ഞൊടിയിടയിൽ ആ രൂപം ഇരുളിൽ മറഞ്ഞു.
അത് എന്തായിരുന്നു? ...
ഞാൻ വിറക്കുന്ന ശബ്ദത്തിൽ സാബുവിനോട് ചോദിച്ചു.
കള്ളൻ ആണെന്ന് തോന്നുന്നു.. സാബു അതിനെ നിസ്സാരവൽക്കരിക്കാൻ ശ്രമിച്ചു. പിന്നെ ഞാനും ഒന്നും പറയാൻ പോയില്ല. എന്നാലും ഒരു മനുഷ്യന് ഇത്ര വേഗത്തിൽ പാഞ്ഞു പോകാൻ കഴിയില്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. തൽക്കാലം ഒരു ബക്കറ്റിൽ കാര്യം സാധിച്ച് ഞങ്ങൾ വീണ്ടും കിടന്നു. പേടിപ്പിക്കണ്ട എന്ന് കരുതി ഇത് ആരെയും അറിയിച്ചില്ല.
പിന്നെ എനിക്ക് ഉറങ്ങാനായില്ല. എന്റെ അടുത്ത് കിടക്കുന്ന സാബു ആണെങ്കിൽ ചത്ത പോലെ കിടന്ന് ഉറങ്ങുന്നു. എന്നാലും ഇവനെ കൊണ്ട് എങ്ങിനെ സാധിക്കുന്നു..
ഒരു അഞ്ചര ഒക്കെ ആയപ്പോൾ വീടിന്റെ ഓടിനിടയിൽ കൂടി ചെറിയ വെളിച്ചം വീണ് തുടങ്ങി, ഒപ്പം പുറത്ത് കിളികളുടെ കളകൂജനം. ഈ അമ്പിയൻസിൽ വയൽ സൂപ്പറായിരിക്കും.
ഞാൻ എഴുന്നേറ്റ് മുന്നിൽ വന്ന് ഉമ്മറ വാതിൽ തുറന്നു. വാതിൽ കോട്ടുവായിട്ട് കൊണ്ട് പുറത്തിറങ്ങാൻ തുടങ്ങിയ എന്റെ മുഖത്ത് എന്തോ വന്ന് തട്ടി.
[ അടുത്ത ഭാഗത്തോട് കൂടി അവസാനിപ്പിക്കാൻ ശ്രമിക്കാം. എല്ലാവരും സഹകരിക്കുക]

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ