സുമോദ് എന്ന സുഹൃത്തിന്റെ അനുഭവം. അവന്റെ വാക്കുകളിൽ .
കുറച്ചു വർഷം മുമ്പ് നടന്ന സംഭവമാണ്. ഞാനും സുഹൃത്ത് മേജോയും കൂടി ഒരു ദിവസം സെക്കന്റ് ഷോ കാണാൻ പോയി. മേജോക്ക് വണ്ടി ഇല്ലാത്തത് കൊണ്ട് അവനെ വീട്ടിൽ കൊണ്ടാക്കണം. കുറെ ഉള്ളിലേക്ക് നീങ്ങിയാണ് അവന്റെ വീട്. രണ്ട് വഴിക്ക് വീട്ടിലെത്താം. ഒന്ന് നേരെയുള്ള നല്ല വഴി . വേറൊന്ന് കുണ്ടും കുഴിയും വളവും തിരിവും നിറഞ്ഞ ഒരു ചെറിയ വഴി. ഈ വഴി പകൽ യാത്ര തന്നെ സ്വൽപം റിസ്കാണ്. ഈ വഴിക്ക് ഒരു ഷാർപ്പ് എഡ്ജ് ഉള്ള വളവ് ഉണ്ട്. വളവിന് രണ്ട് വശത്തും ഉപേക്ഷിക്കപ്പെട്ട നല്ല താഴ്ചയുള്ള വലിയ പാറമടയാണ്. അങ്ങോട്ട് പോകുമ്പോൾ വലിയ പ്രശ്നമില്ല. പക്ഷേ തിരിച്ച് വരുമ്പോൾ ഒന്ന് പാളിയാൽ നേരെ താഴെ കരിങ്കൽ പാറയിൽ ചെന്ന് വീഴും. ഈ ഭാഗത്ത് റോഡ് ഇടിഞ്ഞ് പോയതാണ് അത് കൊണ്ട് റോഡിന് ചെറിയ ചെരിവുണ്ട് ഒപ്പം നിറയെ ഉരുളൻ കല്ലുകൾ ചിതറിക്കിടക്കുന്നത് കൊണ്ട് വണ്ടി തെന്നാനും സാദ്ധ്യതയുണ്ട്.
എന്നാലും മേജോയുടെ നിർബന്ധത്തിന് വഴങ്ങി ഞങ്ങൾ ഈ വഴി തന്നെ തിരഞ്ഞെടുത്തു. അതിനൊരു കാരണവുമുണ്ട്. മറ്റേ നല്ല വഴിയിൽ ഒരു പഴയ ഹരിജൻ സിമിട്രിയുണ്ട്. അതായത് പണ്ട് ദളിതരുടെ മൃതദേഹങ്ങൾ അടക്കിയിരുന്ന സ്ഥലം. സിമിട്രി പുതിയ സ്ഥലത്തേക്ക് മാറ്റിയത് കൊണ്ട് ഇവിടെ ഇപ്പോൾ കാട് കയറിക്കിടക്കുകയാണ്. പകൽ പോലും പേടിയോട് കൂടിയേ നാട്ടുകാർ ഈ വഴി പോകാറുള്ളൂ. പലർക്കും ഇവിടെ ദുരൂഹ അനുഭവങ്ങളും ഉണ്ടായതായും പറയപ്പെടുന്നുണ്ട്.
എന്തായാലും വീട്ടിലെത്തിയതോടെ മേജോ തനി സ്വഭാവം കാണിച്ചു. നാളെ കാണാം എന്നും പറഞ്ഞ് അവൻ നേരെ അകത്തേക്കോടി. ഇനി ഞാൻ തനിയെ തിരിച്ച് പോണം. പാറമട വഴി പോകുന്നത് അത്ര ബുദ്ധിയല്ലെന്ന് തോന്നിയത് കൊണ്ട് ഞാൻ നല്ല വഴിയിലേക്ക് വണ്ടി തിരിച്ചു. എനിക്കാണെങ്കിൽ പണ്ടേ ഈ പ്രേതത്തിലൊന്നും വിശ്വാസമില്ല. അത് കൊണ്ട് തന്നെ അങ്ങനെയൊരു ചിന്തയേ ഇല്ല.
അവിടെ നിന്നിറങ്ങിയതും ഞാനൊരു സിഗരറ്റ് കത്തിച്ചു. ഒരു കൈ കൊണ്ട് സിഗരറ്റ് പിടിച്ച് മറു കൈ കൊണ്ട് വണ്ടി സെക്കന്റിലിട്ട് സിഗരറ്റ് വലിച്ചു കൊണ്ട് മെല്ലെ ഓടിച്ചു. അങ്ങനെ ഞാൻ ഈ സിമിട്രിയുടെ ഭാഗത്തെത്തി. അവിടെ മതിലൊക്കെ മിക്കവാറും പൊളിഞ്ഞ നിലയിലാണ്. തുരുമ്പെടുത്ത ഇരുമ്പ് ഗേറ്റ് റോഡിലേക്ക് ചരിഞ്ഞ് നിൽക്കുന്നു. ശ്മശാന ഭൂമി മുഴുവൻ കാടു കയറിക്കിടക്കുന്നു. അതിനിടയിൽ തകർന്നു കിടക്കുന്ന ഒരു കെട്ടിടത്തിന്റെ അവശിഷ്ടം കാണാം. ഗേറ്റിന് ഒരു വശത്ത് മതിലിന് മുകളിൽ ഒരു പ്രതിമ ഉണ്ട്. അതിന്റെ മുഖത്തിന്റെ പകുതി അടർന്ന് പോയതാണ്.
ഈ ഭാഗത്ത് എത്തിയപ്പോൾ പ്രേതഭൂമിയിൽ എന്തോ അനക്കം എന്റെ ശ്രദ്ധയിൽ പെട്ടു. വലിയ എന്തോ ഇഴയുന്നത് പോലെ . എന്തായാലും ശ്മശാനമാണ്. അവിടെ മണ്ണിനടിയിൽ എത്രയോ ശരീരങ്ങൾ അടക്കം ചെയ്യപ്പെട്ടു കിടക്കുന്നുണ്ട്. ഏതോ ഹോളിവുഡ് സിനിമയിൽ കണ്ട മണ്ണിനടിയിൽ കൂടി പാതി ദ്രവിച്ച മനുഷ്യ രൂപങ്ങൾ ഇഴഞ്ഞ് വരുന്ന ദൃശ്യം എന്റെ മനസ്സിൽ മിന്നി മറഞ്ഞു.
അത് വരെയില്ലാത്ത ഒരു പേടി പെട്ടെന്ന് എന്നെ ആവേശിച്ചു , ഒരുൾക്കിടിലം . ആ പേടിയുടെ വിറയലിൽ ഞാൻ പെട്ടെന്ന് വണ്ടിയുടെ സ്പീഡ് കൂട്ടാൻ ആക്സിലറേറ്റർ തിരിച്ചു. അതേസമയം തന്നെ അറിയാതെ ക്ലച്ച് പിടിക്കാതെ ഗിയർ മാറി. അതോടെ വണ്ടി ഓഫായി. പ്രേതഭൂമിയുടെ ഒത്ത നടുവിലെ ഗേറ്റിന് മുന്നിൽ എന്റെ വണ്ടി നിന്നു.
വണ്ടിയുടെ ശബ്ദം നിലച്ചതോടെ അവിടം നിശ്ശബ്ദമായി. ആ നിശ്ശബ്ദതയിൽ വീണ്ടും പ്രേതഭൂമിയിൽ എന്തോ ഇഴയുന്ന ശബ്ദം . ആ തണുപ്പത്തും ഞാൻ വിയർക്കാൻ തുടങ്ങി. തിരക്ക് പിടിച്ച് ഞാൻ കിക്കർ അടിച്ചു. ആ വെപ്രാളത്തിൽ കിക്കർ റിട്ടേൺ വന്ന് എന്റെ കാലിന്റെ ഉപ്പൂറ്റിയിലെ എല്ലിൽ ശക്തിയായി ഇടിച്ചു.
ജീവൻ പോകുന്ന വേദന. എന്റെ കാൽ പാദത്തിൽ നിന്ന് ഒരു കുളിര് ശരീരം മുഴുവൻ വ്യാപിച്ചു. അറിയാതെ എന്റെ ശരീരം ഒന്ന് പുളഞ്ഞു. വേദനയും പേടിയും കൂടി ഒരു പ്രത്യേക അവസ്ഥയിലായ ഞാൻ ആ നിമിഷത്തെ അറിഞ്ഞ് ശപിച്ചു. ഞാൻ കാല് പൊക്കി കിക്കറിൽ വെക്കാൻ നോക്കി. എല്ല് പൊളിയുന്നത് പോലെ വേദന . പെട്ടെന്നാണ് ഞാൻ ആ കാഴ്ച കണ്ടത്. ശ്മശാനത്തിലെ തകർന്ന് കിടക്കുന്ന കെട്ടിടത്തിന് സൈഡിൽ പകുതി മറഞ്ഞ നിലയിൽ ഒരു രൂപം. ഒറ്റ നോട്ടത്തിൽ വെള്ള വസ്ത്രം ധരിച്ച ഒരാളാണെന്ന് തോന്നും. പക്ഷേ യാഥാർത്ഥ്യത്തിൽ അത് ശരീരം മുഴുവൻ തിളങ്ങുന്ന വെളുത്ത മുടിയിൽ മൂടിയ ഒരു രൂപമാണ്. തലയിലും മുഖത്തും കൈയ്യിലും ശരീരത്തിലും എല്ലാം നീണ്ടു വളർന്ന രോമം നിലത്ത് മുട്ടി ഇഴയുന്ന ഒരു മനുഷ്യ രൂപം.
പേടിയുടെ ശക്തിയിൽ വേദന മറന്ന ഞാൻ വേഗം വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു. ആ സമയത്ത് ആ രൂപം കെട്ടിടത്തിന് പിന്നിൽ നിന്ന് എന്റെ നേരെ കുതിച്ചു വരുന്നത് ഞാൻ കണ്ടു. വണ്ടി സ്റ്റാർട്ടായതും പിന്നെ കണ്ണും പൂട്ടി ഒരൊറ്റ പാച്ചിലായിരുന്നു. അതിനിടയിൽ മിററിൽ കൂടി ഒന്ന് പാളി നോക്കിയ ഞാൻ കണ്ടത് ആ രൂപം വണ്ടിയേക്കാൾ വേഗതയിൽ എന്റെ നേരെ പാഞ്ഞ് വരുന്നതാണ്. ഞാൻ മിററിൽ നിന്ന് കണ്ണെടുത്ത് വണ്ടി വീണ്ടും സ്പീഡ് കൂട്ടി. പെട്ടെന്ന് എന്തോ ഒരു ഭാരമുള്ള വസ്തു വണ്ടിയുടെ പിൻ സിറ്റിൽ വന്ന് വീണത് പോലെ തോന്നി. അത് എന്റെ പുറകിൽ വന്നിടിച്ചു. വണ്ടി ഫ്രന്റ് പൊങ്ങി ഒന്ന് ചാടി. ഞാൻ പാട് പെട്ട് വണ്ടി നിയന്ത്രിച്ചു കൊണ്ട് പിറകിലേക്ക് നോക്കി. ഭാഗ്യം ആ രൂപം പിന്നിലില്ല.
വീടിന്റെ ഗേറ്റ് കടന്ന ശേഷമാണ് പിന്നെ ഞാൻ വണ്ടിയുടെ വേഗത കുറച്ചത്. വീട്ടിലെത്തിയിട്ടും എന്റെ പേടി വിട്ട് പോയിരുന്നില്ല. പക്ഷേ പ്രശ്നങ്ങൾ അവിടെ തീർന്നില്ല. അന്ന് മുതൽ എനിക്ക് കഴുത്തിൽ വേദന തുടങ്ങി. തോളിലെന്തോ ഭാരം കയറ്റി വെച്ച പോലെ ഉള്ള തോന്നൽ. ഇടക്ക് മുഖത്ത് ആരോ തൊടുന്നതും പിടിക്കുന്നതും പോലെ തോന്നും. അത് പോലെ നെഞ്ചിൽ എന്തോ തട്ടുന്നത് പോലെ .
കുറച്ച് ദിവസം കഴിഞ്ഞും ഇത് മാറാതായപ്പോൾ ഡോക്ടറെ കണ്ടു. മാറി മാറി പല ചികിത്സകളും ചെയ്തെങ്കിലും ഈ പ്രശ്നത്തിന് ഒരു കുറവും ഉണ്ടായില്ല. അങ്ങിനെ ഒരു ദിവസം ഞാൻ ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി ഒരു സുഹൃത്തിനെ കണ്ടു. അവൻ പറഞ്ഞത് പ്രകാരം തഞ്ചാവൂർ ഉള്ള ഒരു മന്ത്രവാദിയെ പോയി കണ്ടു. അദ്ദേഹം ഒരു പാത്രത്തിൽ ചാണകവും കുറെ പച്ചിലച്ചാറുകളും ഒഴിച്ച് അതിൽ കൈ മുക്കി ഇരു തോളിലും അടിക്കാൻ പറഞ്ഞു. അങ്ങനെ നാലഞ്ചു പ്രാവശ്യം അടിച്ചപ്പോൾ പെട്ടെന്ന് ശരീരത്തിൽ നിന്ന് എന്തോ ഇറങ്ങിപ്പോയത് പോലെ തോന്നി. മന്ത്രവാദി പെട്ടെന്ന് ഒരു മരപ്പാവ എടുത്ത് അത് എന്റെ അടുത്ത് കൊണ്ട് വന്ന് വായുവിൽ ചുഴറ്റിയശേഷം അതിൽ കയറ് ചുറ്റിക്കെട്ടി ഒഴുക്കുള്ള വെള്ളത്തിൽ ഉപേക്ഷിക്കാൻ പറഞ്ഞ് എന്റെ കൈയ്യിൽ തന്നു . ഞാനത് വരുന്ന വഴി ഒരു പുഴയിലേക്ക് എറിഞ്ഞു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ