എന്റെയൊക്കെ ചെറുപ്പത്തിൽ ഞങ്ങളുടെ ഭാഗത്ത് അധികം വീടുകളൊന്നും ഉണ്ടായിരുന്നില്ല. തെക്കുവടക്കു പോകുന്ന സംസ്ഥാന പാതയിൽ നിന്നും പടിഞ്ഞാറോട്ടു തിരിയുന്ന കുറച്ചു വഴികൾ. ഇതിലെ ഏതു വഴിയിലേക്ക് തിരിഞ്ഞാലും എന്റെ വീട്ടിലെത്താം. ഈ വഴികൾ പടിഞ്ഞാറോട്ടു പോകും തോറും വീടുകളുടെ എണ്ണം കുറഞ്ഞു വരും. കുറച്ചു പൊന്നു കഴിഞ്ഞാൽ പിന്നെ അധികവും ഒഴിഞ്ഞ പറമ്പുകൾ. ഈ പറമ്പുകൾക്കപ്പുറത്തു ഒരു പഴയ മനയുണ്ട്. ഭൂതപ്രേതപിശാചുക്കളെ ഒഴിപ്പിക്കുന്നതിൽ പ്രസിദ്ധമാണ് ഈ മന. അകലെനാടുകളിൽ നിന്ന് പോലും ആളുകൾ ഇവിടെ എത്താറുണ്ട്. ഈ മനയെ പറ്റി പല കഥകളും അവിടെ പ്രചരിച്ചിട്ടുണ്ട്. വേണമെങ്കിൽ ദുരൂഹത ആരോപിക്കാവുന്ന ചില സംഭവങ്ങളും ഞങ്ങൾ കണ്ടിട്ടുണ്ട്. ഒരു ദിവസം വൈകിട്ട് ഞങ്ങൾ പിന്നിലെ വലിയ വയലിൽ ക്രിക്കറ്റ് കളിക്കുമ്പോൾ അകലെ വഴിലിൽ കൂടി ഒരാൾ ഓടി വരുന്നു. അന്ന് ഈ വയലിനടുത്തു ഒരേ ഒരു വീട് ഉള്ളു. ഞങ്ങളുടെ സുഹൃത്ത് സുബിയുടെ വീട്. ഓടി വന്ന ആൾ നേരെ വഴിയിൽ നിന്നും വയൽവരമ്പിലൂടെ ഓടിവന്നു സുബിയുടെ വീടിന്റെ പിന്നിലെ വാതിൽ വഴി അടുക്കളയിലേക്ക് ഓടിക്കയറി. അത് കണ്ടു പേടിച്ചു സുബിയുടെ പെങ്ങൾ കരഞ്ഞു വിളിച്ചു. അപ്പോഴേക്കും ഞങ്ങൾ ഓടി സുബിയുടെ വീട്ടിൽ എത്തിയിരുന്നു. നോക്കുമ്പോൾ അയാൾ ഉണ്ട് അടുക്കളയിൽ നിലത്തിരുന്നു കിതക്കുന്നു. ഞങ്ങൾ കാര്യം അന്വേഷിച്ചു. അയാൾ വെള്ളം വാങ്ങിക്കുടിച്ചു കൊണ്ട് പറഞ്ഞു. ഞാൻ മലപ്പുറത്ത് നിന്നും ഈ പറഞ്ഞ മനയിൽ വന്നതാണ്. അവിടെ ചെന്നപ്പോൾ ഇറങ്ങി പടിഞ്ഞാറോട്ടു ഓടാൻ പറഞ്ഞു. ഞാൻ അത് കേട്ട വശം ഇറങ്ങി ഓടി. അതും പറഞ്ഞു അയാൾ ചാടി എഴുന്നേറ്റു പുറത്തേക്കോടി. ഞങ്ങളും ചാടി പുറത്തിറങ്ങി. പക്ഷെ അവിടെ മുഴുവൻ തിരഞ്ഞിട്ടും അങ്ങിനെ ഒരാളെ കണ്ടെത്താനായില്ല. ഒളിച്ചു നില്ക്കാൻ ഒരു മരത്തിന്റെ മറ പോലും ഇല്ലാത്ത കണ്ണെത്താദൂരം പരന്നു കിടക്കുന്ന വയൽ മാത്രം ഉള്ള ഈ പ്രദേശത്ത് അയാൾ എങ്ങിനെ നിന്ന നിൽപ്പിൽ അപ്രത്യക്ഷനായി എന്നത് ഇന്നും ദുരൂഹതയായി തുടരുന്നു. ഇതിനു ഞങ്ങൾ കുട്ടികൾ മത്രം സാക്ഷികൾ ആയതിനാൽ മുതിർന്നവർ ഇതത്ര കാര്യം ആയി എടുത്തില്ല. പക്ഷെ ആ സംഭവത്തിനു ശേഷം നല്ല സമാധാനത്തിൽ കഴിഞ്ഞിരുന്ന സുബിയുടെ വീട്ടിൽ എന്നും തല്ലും വഴക്കും പ്രശ്ങ്ങളും ആയി. മറ്റൊരു സംഭവം, അത് എനിക്ക് ഒരു 8, 9 വയസ്സുള്ളപ്പോൾ നടന്നതാണ്. ഇവിടെ ഒരു പാവം ചേച്ചി ഉണ്ടായിരുന്നു. അവരുടെ ഭർത്താവും പാവം. ഈ അടുത്ത കാലത്തു ഇവിടെ വന്നു താമസം ആക്കിയതാണ്. നല്ല കുടുംബം. അവരെ കാണാനും നല്ല ഭംഗിയാണ്, ഞങ്ങൾ ഒക്കെ സിനിമാനടനും നടിയും എന്നാണ് പറയുക. അയൽക്കാരോടൊക്കെ അവർക്ക് നല്ല സ്നേഹമാണ്. പ്രത്യേകിച്ച് കുട്ടികളോട്. എന്നോടൊക്കെ ഒരു പ്രത്യേക വാത്സല്യം ആണ് ആ ചേച്ചിക്ക്. ഇടക്കിടക്ക് എനിക്ക് മാങ്ങയും പുളിയും പേരക്കയും സപ്പോട്ടയും ഒക്കെ പെറുക്കി കൊണ്ട് വന്നു തരും. എന്റെ വീടിന്റെ കിഴക്കേ പറമ്പിൽ ഇവർ സ്ഥിരമായി പിച്ചിപ്പൂ പൊട്ടിക്കാനും മാങ്ങാ പെറുക്കാനും പാഷൻ ഫ്രൂട് പൊട്ടിക്കാനും ഒക്കെ വരും(അന്നൊക്കെ ഇന്നത്തെ പോലെ അല്ല അയൽ വീടുകളിലും ഒഴിഞ്ഞ പറമ്പുകളിലും ഒക്കെ കയറാനും അവർക്ക് ആവശ്യമില്ലാത്തത്, അത് ചിലപ്പോൾ മാങ്ങയോ ഞാവല്പഴമോ, ഓലയോ, പാളയോ ഒക്കെ ആവാം, പെറുക്കാനും പൊട്ടിക്കാനും സ്വാതന്ത്ര്യം ഉണ്ടായിരുന്നു, അയല്പക്കകത്തെ വീടുകളെല്ലാം ചേർന്ന് ഒരു കുടുംബം പോലെ ആണ് ). തിരിച്ചു വരുമ്പോൾ ഒരു പങ്കു എനിക്കും കൊണ്ടുവന്നു തരും. ഞങ്ങളുടെ വീട്ടിൽ ആരും ഇല്ലെങ്കിൽ അത് എടുത്തു വെച്ച് പിന്നെ കൊണ്ട് വരും. ഒരു ദിവസം സന്ധ്യക്ക് ഈ ചേച്ചി മനക്കടുത്തെ ഒരു ഒഴിഞ്ഞ പറമ്പിൽ പേരക്ക വീണു കിടക്കുന്നത് എടുക്കാൻ പോയി. പോകുമ്പോൾ എന്നോട് പേരക്ക കൊണ്ട് വരാം എന്ന് പറഞ്ഞാണ് പോയത്. കുറച്ചു കഴിഞ്ഞു ഞാൻ എന്റെ വീടിന്റെ മുറ്റത്തു നിന്ന് തനിച്ചു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഈ ചേച്ചി ഓടിവന്നു. അവരുടെ മുഖത്ത് നല്ല ഭയം ഉണ്ടായിരുന്നു. എന്തോ കണ്ടു പേടിച്ചു പകച്ച പോലെ ഉള്ള ഒരു ഭാവം. പേടിച്ചു ചുറ്റും നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്കു വായുവിൽ എന്തിനെയോ തട്ടുന്നത് പോലെ കാണിക്കുന്നുണ്ട്. അവർ എന്റെ കൈ പിടിച്ചു, അവരുടെ കൈ നന്നായി വിറക്കുന്നുണ്ടായിരുന്ന്. പേരക്ക കിട്ടിയില്ല , ഇത് എടുത്തോ എന്ന് പറഞ്ഞു ഒരു വലിയ തേക്കിലയിൽ നിറയെ ഞാവൽ പഴം അവർ എന്റെ കയ്യിൽ പിടിപ്പിച്ചു തന്നു. സാധാരണ കിട്ടുന്നതിൽ ഒരു പങ്ക് അവർ വീട്ടിൽ കൊണ്ട് പോകും. പക്ഷെ ഈ തവണ അവർ ഞാവല്പഴം മുഴുവൻ എനിക്ക് തന്നു വെറുംകൈയോടെ ആണ് പോയത്. അതും ഒന്നും സംസാരിക്കാൻ നിൽക്കാതെ ഞാൻ പോട്ടെ എന്ന് പറഞ്ഞു വേഗം പോയി. പോകുന്ന വഴി ഇടക്ക് തിരിഞ്ഞു നോക്കുകയും ഏതോ തള്ളിമാറ്റുന്നത് പോലെ ആംഗ്യം കാണിക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടതായി എനിക്ക് ഓർമയുണ്ട്. പിറ്റേന്നു അതി രാവിലെ അമ്മ എന്നെ വിളിച്ചുണർത്തി ആ ചേച്ചി മരിച്ചു എന്ന് പറഞ്ഞു. ഞാൻ മുറ്റത്തിറങ്ങുമ്പോൾ കുറെ പേർ അങ്ങോട്ട് പോകുന്നുണ്ട്. അച്ഛൻ പോകാൻ നില്കുന്നു. ഞാനും ഒപ്പം പോയി. അവരുടെ പഴയകാലത്തെ ഒറ്റമുറി കുടിലാണ്. മുറിയുടെ ഒരു വശം അടുക്കള, ഒരു വശത്തു കിടക്കുന്ന സ്ഥലം. അത്രയേ ഉള്ളു. മുന്നിലെ വാതിൽക്കൽ നിന്നും കുറച്ചു ഉള്ളിലേക്ക് മാറി ആ ചേച്ചി കണ്ണ് തുറന്നു കിടക്കുന്നു. കണ്ടാൽ മരിച്ചു എന്ന് തോന്നില്ല. അവർ ആ കിടപ്പിൽ നിന്നും എഴുന്നേറ്റു വന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ജീവിതത്തിൽ ആദ്യമായി ഞാൻ പ്രാർത്ഥിച്ചതും അതിനു വേണ്ടിയാണ്. അവിടെ നിന്നും പുറത്തിങ്ങുമ്പോൾ അവിടെ ഒരു തെങ്ങിന്റെ കടക്കൽ അവരുടെ ഭർത്താവ് ഇരിക്കുന്നു. അടുത്ത രണ്ടു പോലീസുകാരും ഉണ്ട്. അയാൾ ആ ചേച്ചിയെ ചവിട്ടി കൊന്നതാണെന്നു ആരോ പറയുന്ന കേട്ടു. അത് കേട്ട് അയാൾ തല ഉയർത്തി ഞങ്ങളെ നോക്കി പറഞ്ഞു. ഞാൻ കൊന്നതല്ല കൊന്നു പോയതാണ്, അവൾ മനുഷ്യനല്ല യക്ഷിയാണ്. എന്നെ കൊല്ലാൻ വന്നു.. ഞാൻ രക്ഷപെടാൻ ചവിട്ടി. ഞങ്ങൾ തിരിച്ചു നടക്കുമ്പോളും അയാൾ പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.
ഞാൻ ആദ്യമായി ഒരാൾ മരിച്ചു കിടക്കുന്നത് കണ്ടത് അന്നാണ്. അന്ന് ആ ചേച്ചി തന്ന ഞാവൽ പഴം നല്ല രുചി ഉണ്ടായിരുന്നു. പിന്നീട് ഞാനും കൂട്ടുകാരും കൂടി അത് പെറുക്കാൻ മനപ്പറമ്പിനു അടുത്ത് പോയി പക്ഷെ ആ നാട്ടിൽ മുഴുവൻ തപ്പിയിട്ടും ഞാവൽ മരം ഒന്നും കണ്ടെത്താനായില്ല. ആ ചേച്ചിക്ക് മാത്രം ഞാവൽ പഴം എവിടന്നു കിട്ടി എന്നതും ഒരു ദുരൂഹതയാണ്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ