ഇത് വായിക്കുന്ന മനുഷ്യർക്ക് വേണ്ടിയാണു ഇത് എഴുതുന്നത്.
ടൈറ്റിൽ വായിച്ചു കൺഫ്യൂഷൻ ആയോ... പറഞ്ഞത് ഒന്ന് കൂടി വ്യക്തമാക്കാം. ഇത് വായിക്കുന്നവർ മുഴുവൻ മനുഷ്യർ ആവണമെന്നില്ല. അതെന്താണെന്നു വീണ്ടും കൺഫ്യൂഷൻ ആവണ്ട. കാര്യം പറഞ്ഞു തരാം.
നമ്മൾ ചുറ്റുപാടും ധാരാളം പേരെ കാണാറുണ്ട്. അവരെല്ലാം നമ്മളെപ്പോലെ മനുഷ്യർ ആണെന്നാണ് അധികം പേരും കരുതിയിരിക്കുന്നത്. പക്ഷെ മനുഷ്യരൂപം ഉണ്ടെന്നു കരുതി ഇവർ എല്ലാവരും മനുഷ്യർ ആവണം എന്നില്ല.
പിന്നെ ആരാണവർ. അതൊരു കുഴക്കുന്ന ചോദ്യമാണ്. കാരണം അവർ ആരാണെന്നതിനെ കുറിച്ച് വലിയ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ഒട്ടുമിക്ക മിസ്റ്ററികളിലും എന്ന പോലെ അവ്യക്തമായ ധാരണകളോ അപൂർണമായ പഠനവിവരങ്ങളോ മാത്രമേ ഇതിലും ലഭ്യമായുള്ളു. അവയിൽ തന്നെ പലതും രഹസ്യരേഖകളായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
1980 കളിലാണ് മനുഷ്യരുടെ ഇടയിൽ മനുഷ്യരൂപത്തിൽ ജീവിക്കുന്ന വേറെ ചില ജീവികൾ ഉണ്ടെന്ന സിദ്ധാന്തം പ്രചരിക്കുന്നത്. പക്ഷെ സത്യത്തിൽ ഇത് സഹസ്രാബ്ദങ്ങൾ പഴക്കമുള്ള വിശ്വാസം ആണ്. ലോകത്തു നിലനിന്നിരുന്ന പല ഗോത്രവിശ്വാസങ്ങളിലും ഇത്തരം സിദ്ധാന്തങ്ങൾ നിലനിന്നിരുന്നു. പല ഗുഹാചിത്രങ്ങളിലും പ്രാചീന ശില്പവേലകളിലും ഈ വിശ്വാസത്തിന്റെ ചിത്രീകരണങ്ങൾ കാണാം. മെസൊപൊട്ടേമിയ, മോഹൻജോ ദാരോ, മായൻ തുടങ്ങി പല സംസ്കാരങ്ങളിലും മനുഷ്യർക്കിടയിലെ അജ്ഞാതരെ പറ്റിയുള്ള കഥകൾ പ്രചരിച്ചിരുന്നു. പക്ഷെ അതൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന് മാത്രം. 1981 ൽ കൽക്കത്തക്കാരനായ ദേവാംഗ് ചതുർവേദി എന്ന ഒരാൾ കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ വളരെ വിചിത്രമായ ഒരു കാഴ്ച കണ്ടു. ട്രെയിൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ തന്റെ ഭാര്യനിൽക്കുന്നു, അയാൾ വേഗം ട്രെയിനിൽ നിന്ന് ചാടിയിറങ്ങി. പക്ഷേ ആൾക്കൂട്ടത്തിനിടയിൽ അവളെ കണ്ടെത്താനായില്ല. ദേവാംഗ് ഉടനെ തന്റെ കൽക്കത്തയിലെ ബന്ധുക്കളെ ബന്ധപ്പെട്ടു. പക്ഷേ അവർ ഭാര്യ അവിടെ തന്നെ ഉണ്ട് എന്ന് ഉറപ്പിച്ചു പറഞ്ഞു, അയാൾ ഭാര്യയുമായി ടെലഫോണിൽ സംസാരിക്കുകയും ചെയ്തു.
ഇപ്പോൾ പറഞ്ഞ ഈ അനുഭവം ഇതേ രീതിയിലോ കുറച്ച് വ്യത്യസ്ഥമായോ നിങ്ങളിൽ പലർക്കും ഉണ്ടായിട്ടുണ്ടാവും. നമുക്ക് പരിചയം ഉള്ളവരെ യാദൃശ്ചികമായി എവിടെയെങ്കിലും വെച്ച് കാണുന്നു, പക്ഷേ പിന്നീട് അവരോട് 'നിന്നെ അവിടെ കണ്ടല്ലോ ' എന്ന് പറയുമ്പോൾ അവർ അവിടെ പോയിട്ടേ ഇല്ല എന്ന മറുപടി കിട്ടും. അല്ലെങ്കിൽ പരിചയക്കാരനെ കണ്ട് നമ്മൾ സംസാരിക്കാൻ ചെല്ലുമ്പോൾ അത് മറ്റൊരാളായിരിക്കും. ഇതൊക്കെ തോന്നലോ തെറ്റിദ്ധാരണയോ ആണെന്ന് കരുതി നമ്മൾ വിട്ട് കളയും.
ഇനി വേറെ ഒരു അനുഭവം കൂടി നമുക്ക് ഉണ്ടാവാറുണ്ട്. വീട്ടിലോ പുറത്ത് കടയിലോ ബസ് സ്റ്റോപ്പിലോ അങ്ങിനെ എവിടെയെങ്കിലും നിൽക്കുമ്പോൾ ഒരാൾ മുന്നിലൂടെ പോകുന്നു, അൽപസമയത്തിന് ശേഷം അയാൾ തന്നെ അതാ വീണ്ടും പോകുന്നു. എന്നാൽ ഇയാൾ തിരിച്ച് പോയത് നമ്മൾ കണ്ടിട്ടില്ല.ചിലർ തമാശക്ക് റീ വൈൻറ് അടിച്ചു പോകുന്നു എന്നൊക്കെ ഇതിനെ പറയും. അയാൾ എന്തോ മറന്ന് തിരിച്ച് പോയി വീണ്ടും പോയതാണെന്നും , തിരിച്ച് പോയത് നമ്മൾ കാണാത്തതാണെന്നും കരുതി നമ്മൾ സമാധാനിക്കും.
പക്ഷേ ദേവാംഗിന് അതങ്ങനെ വിട്ട് കളയാനായില്ല. അയാൾക്ക് കണ്ടത് തന്റെ ഭാര്യയെ തന്നെയാണ് എന്ന് ഉറപ്പായിരുന്നു. ദേവാംഗ് തിരിച്ച് കൽക്കത്തയിലെത്തിയ ഉടൻ തന്റെ സുഹൃത്തുക്കളോട് ഈ വിവരം പങ്കിട്ടു. ഇതേ അനുഭവം അവർക്കെല്ലാം ഒരു തവണ എങ്കിലും ഉണ്ടായിട്ടുണ്ടായിരുന്നു.
ദേവാംഗിന്റെ ഒരു സുഹൃത്തിന്റെ കസിനായ ആനന്ദ് മേത്ത എന്ന മാധ്യമ പ്രവർത്തകൻ വഴിയാണ് മനുഷ്യർക്കിടയിൽ മനുഷ്യ രൂപത്തിൽ ജീവിക്കുന്ന ഈ അമാനുഷികരെ ആദ്യമായി വാർത്തയാക്കിയത്. അതിനെ തുടർന്ന് ഇത് ദുരൂഹത പടർന്ന ചർച്ചയായി. ഈ വിഷയം ലോക മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഈ വിഷയത്തിൽ ഗവേഷണം നടത്താൻ പലരും, പല സ്ഥാപനങ്ങളും മുന്നോട്ട് വന്നു. പക്ഷേ അവർക്കൊന്നും വ്യക്തമായ ഉത്തരം നൽകാനായില്ല. രൂപം മാറാൻ കഴിവുള്ള ഏലിയൻ വിഭാഗങ്ങളാണെന്നാണ് ആദ്യം പരക്കേ വാദമുയർന്നത്. പക്ഷേ 2000 ന്റെ തുടക്കത്തിൽ തന്നെ ഈ വാദം നിരാകരിക്കപ്പെട്ടു. ദുരാത്മാക്കളാണ്, മരണപ്പെട്ടവർ തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാൻ രൂപം മാറി വരുന്നതാണ് എന്നൊക്കെ വിചിത്രമായ സിദ്ധാന്തങ്ങളും വന്നു. ഇതൊരു ഇല്യൂഷനാണ് എന്ന് വരെ പലരും കരുതി.
2008 ൽ ഉപേഷ് തിവാരി എന്ന ഇൻഡോ അമേരിക്കൻ നരവംശ ശാസ്ത്രജ്ഞൻ ഇതിനിടയിൽ പ്രധാനപ്പെട്ട ഒരു കണ്ടത്തെൽ നടത്തി.
പല പ്രാചീന സംസ്കാരങ്ങളുടെയും ഗുഹാ ചിത്രങ്ങളിലും ശിൽപ വേലകളിലും മറ്റും ഒരേ രൂപം ആവർത്തിച്ചു വരുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അതേ പോലെ തന്നെ പ്രാചീന ലിപികളിൽ ഈ പ്രതിഭാസത്തിന്റെ അവ്യക്തമായ വിവരണങ്ങളും കണ്ടെത്താനായി.
ഇതിനിടയിൽ ഏലിയൻ തിയറിക്ക് എതിരായി ഭൂമിയിലെ തന്നെ അജ്ഞാതരായ ഒരു വിഭാഗമാണ് ഇത് എന്ന വാദം ഉയർന്നു വന്നു. മധ്യകാലഘട്ടത്തിലെ ചില രേഖകളിൽ ഇത്തരം വിഭാഗങ്ങളെ പറ്റി സൂചന ഉണ്ടായിരുന്നു.
2012 -13 കാലത്ത് സാവന ആൻഡേഴ്സൻ എന്ന ശാസത്രകാരി ഈ വിഷയത്തിൽ മറ്റൊരു ചിന്ത കൊണ്ടു വന്നു. ഈ ജീവികൾ ആരെന്നത് വിട്ട് അവക്ക് ഉള്ള കഴിവുകൾ എന്തൊക്കെ എന്നതായിരുന്നു അവർ പഠിച്ചത്. അതിന് അവർ ആദ്യം ചെയ്തത് പല കേസുകളിലായി പ്രതികളാക്കപ്പെട്ട് നിരപരാധിത്തം തെളിയിച്ചവരുടെയും ആ കേസുകളിലെ ഇരകളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കി അവരെയെല്ലാം മീറ്റ് ചെയ്യുകയായിരുന്നു. അതിൽ ഭൂരിപക്ഷം കേസുകളിലും പ്രതികൾ തെളിവുകളോടെ തന്നെ കുറ്റകൃത്യം നടന്ന സമയത്ത് തങ്ങൾ അവിടെ ഉണ്ടായിരുന്നില്ല എന്ന് സ്ഥാപിച്ചു. എന്നാൽ ഈ കേസിലെ വാദികൾ അവർ തന്നെയാണ് പ്രതികൾ എന്ന് വാദിച്ചു. ഇതിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് നെവാഡയിലെ ഒരു പീഡന കേസാണ്. 1990 ൽ നെവാഡ സ്വദേശിനിയായ യുവതിയെ സഹപ്രവർത്തകൻ ലൈംഗികമായി പീഢിപിച്ചു എന്ന് പരാതി വന്നു. പക്ഷേ ഇതേ സമയം അയാൾ ഒരു അപകടത്തിൽ പെട്ട് ഹോസ്പിറ്റലിലായിരുന്നു. അയാളത് നിഷ്പ്രയാസം തെളിയിച്ചു കോടതിയിൽ നിന്ന് ഇറങ്ങിപ്പോന്നു. പക്ഷേ പീഢനത്തെ തുടർന്ന് ഗർഭിണി ആയ ആ സ്ത്രീക്ക് ഒരു ആൺകുട്ടി ഉണ്ടായി. അവൻ വളർന്ന് യുവാവായപ്പോൾ അന്ന് പ്രതിയാക്കപ്പെട്ട ആളുടെ അതേ ഛായ വന്നു. ഇതോടെ കേസ് വീണ്ടും പൊങ്ങി വന്നു. പ്രതിക്കും വാദിക്കും അനുകൂലമായി സോളിഡ് ആയ തെളിവുകൾ ഉള്ള കേസിൽ പോലീസും കോടതിയും കുഴങ്ങി. അവസാനം DNA ടെസ്റ്റിന് ഉത്തരമായി. എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ടെസ്റ്റ് നെഗറ്റീവായി. അങ്ങനെ പ്രതി ആയ ആൾ രക്ഷപ്പെട്ടു.
ഇത്തരം കേസുകളിൽ മൂന്നാമതൊരാളുടെ സാനിദ്ധ്യം ഉണ്ടാവാനുള്ള സാദ്ധ്യതയാണ് സാവന്ന ഉന്നയിച്ചത്. അജ്ഞാതരായ ആ ജീവികൾ രൂപം മാറാനുള്ള കഴിവ് മുതലെടുത്ത് പല കുറ്റകൃത്യങ്ങളും നടത്തുന്നുണ്ട് എന്ന് അവർ ഇത് വഴി സമർത്ഥിച്ചു.
ഈ ജീവികൾക്ക് മറ്റുള്ളവരുടെ രൂപവും ഭാവവും ശബ്ദവും സ്വന്തമാക്കാൻ കഴിയും, അതേപോലെ തന്നെ ഞൊടിയിടയിലോ വളരെ പതുക്കെയോ രൂപം മാറാനാവും. ചിലപ്പോൾ നമ്മുടെ പരിചയക്കാരെ കണ്ട് ഓടിച്ചെല്ലുമ്പോൾ അത് മറ്റൊരാളാവുന്നത് ഇങ്ങനെ പെട്ടെന്നുള്ള രൂപമാറ്റമാണ്, അതേ പോലെ ചിലരെ നമ്മൾ തുടർച്ചയായി ശ്രദ്ധിച്ചാൽ അവർക്ക് പല ഛായകൾ പതിയെ മാറി വരുന്നതായി തോന്നാറില്ലേ.
സവന്നയുടെ ഈ സിദ്ധാന്തങ്ങൾ ആഗോള പ്രസിദ്ധമായി. എന്നാലും ആ ജീവികൾ എവിടെ നിന്ന് വന്നു എന്നത് ദുരൂഹമായി തുടരുന്നു.
ഇപ്പോൾ വ്യാപകമായി വിശ്വസിക്കപ്പെടുന്നത് അവ കാലങ്ങളായി നമുക്കിടയിൽ തന്നെ ഉണ്ട് എന്ന തിയറിയാണ്. പ്രാചീന സംസ്കാരങ്ങളിൽ നിന്ന് കിട്ടിയ രേഖകളും ഈ വിശ്വാസത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഭൂമിയിൽ മനുഷ്യകുലത്തിന്റെ ഉദയം മുതൽ അവർ നമുക്കിടയിൽ നമ്മളിൽ ഒരാളായി ചിലപ്പോഴൊക്കെ നമ്മുടെ തന്നെ പ്രതിരൂപമായി ജീവിക്കുന്നുണ്ട് എന്നാണ് ഇന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന്. അവർ നമുക്കിടയിലുണ്ട്, നമ്മളെ തന്നെ നിരീക്ഷിച്ച് കൊണ്ട് നമ്മുടെ ചുറ്റുമായി അവരുണ്ട്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ