[അവസാന ഭാഗം ]
ഉറക്കച്ചടവിൽ ഞാൻ അത് കൈ കൊണ്ട് തടുത്തു കൊണ്ട് മുഖമുയർത്തി നോക്കി.
ആ കാഴ്ച കണ്ട് ഞാൻ ഞെട്ടി പുറകോട്ട് മാറി. ആ ആയലിൽ കാല് തെറ്റി താഴെ വീണു. എന്റെ ഉള്ളിൽ നിന്നും ഒരു നിലവിളി പുറത്ത് വന്നു. ആ ശബ്ദം കേട്ട് സാബുവും മറ്റുള്ളവരും ഉണർന്നു. ഹാളിൽ കിടന്ന സാബുവാണ് ആദ്യം ഓടി വന്നത്. നിലത്തിരിക്കുന്ന എന്റെ അടുത്ത് വന്ന് സാബു മുട്ടുകുത്തി നിന്നു.
എന്താടാ ...എന്ത് പറ്റി, സാബു എന്നെ പിടിച്ച് ഉലച്ചു. എന്റെ ഉള്ളിലെ ആന്തൽ അപ്പോഴും മാറിയിരുന്നില്ല. ഞാൻ പുറത്തേക്ക് നോക്കി. എന്റെ നോട്ടം കണ്ട് സാബുവും അങ്ങോട്ട് നോക്കി.
ഒരു നിമിഷം സാബുവും ഒന്ന് അന്ധാളിച്ചു പോയി. ഉമ്മറ വാതിലിനു താഴേക്ക് തൂങ്ങിക്കിടക്കുന്ന രണ്ട് കാലുകൾ.
സാബു പതുക്കെ എഴുന്നേറ്റു. അപ്പോഴേക്കും മറ്റുള്ളവരും എത്തിയിരുന്നു. സാബു മടിച്ച് മടിച്ച് ഉമ്മറത്തേക്ക് നടന്നു, പിന്നാലെ ഞാനും. അവിടെ വാതിലിനപ്പുറത്തെ വരാന്തയിലെ മേൽക്കൂരയിലെ വാരിയിൽ തൂങ്ങിയാടുന്ന ഒരു ശരീരം. വിളറി വെളുത്തു കഴുത്ത് വലിഞ്ഞ് നീണ്ടിരുന്നു. കയറിൽ കിടന്ന് പിടഞ്ഞപ്പോൾ രണ്ടു തുടകളിലും മാന്തിയ മുറിവുകളിൽ നിന്ന് ഓലിച്ചിറങ്ങിയ ചോര വെളുത്ത വസ്ത്രത്തിൽ പടർന്നിരിക്കുന്നു.
ഞങ്ങൾക്ക് പിറകെ പുറത്തേക്ക് വന്ന സാബുവിന്റെ അപ്പച്ചൻ അറിയാതെ വിളിച്ചു പോയി
"ലൂസീ''
അത് കേട്ട് സാബുവിന്റെ അമ്മയും ഓടി വന്നു. അപ്പോഴേക്കും അവന്റെ ഭാര്യ മക്കളെ അകത്തേക്ക് കൊണ്ട് പോയി.
ലൂസിയാന്റി മരണപ്പെട്ടിരിക്കുന്നു. അൽപസമയത്തിനുള്ളിൽ അയൽക്കാരും പോലീസും എല്ലാം എത്തി. നടപടികൾ എല്ലാം പൂർത്തിയാക്കി മൃതദേഹം ആമ്പുലൻസിൽ കയറ്റി. ഞാനും സാബുവും ആമ്പുലൻസിനെ അനുഗമിച്ചു.
ഹോസ്പിറ്റലിലെ വരാന്തയിൽ ഇരിക്കുമ്പോൾ ഞാൻ സാബുവിനോട് ചോദിച്ചു.
ഇത് അത്മഹത്യ ആണോ. അതോ നമ്മൾ രാത്രി കണ്ട ആൾ...
ആൻറി ചിലപ്പോൾ അതിരാവിലെ ഒക്കെ എഴുന്നേൽക്കാറുണ്ട്. അങ്ങനെ ഇന്നും എഴുന്നേറ്റ് കാണും. ഇന്നലെ തന്നെ ആന്റിമൂഡ് ഓഫ് ആയിരുന്നു. അത്മഹത്യ തന്നെ ആവും.
സാബു ഒരു ലോജിക്കും ഇല്ലാതെ അത് പറഞ്ഞത് എനിക്ക് അംഗീകരിക്കാനായില്ല.
അതിന് ആന്റിക്ക് വരാന്തയിൽ തന്നെ വന്ന് തൂങ്ങണോ.. പിന്നെ ഇത്ര ഉയരത്തിൽ കയറി ആൻറി കയർ കെട്ടുമോ.
ഞാൻ പറഞ്ഞത് സാബുവിന് ഒട്ടും രസിച്ചില്ല. അവൻ ദേഷ്യത്തിൽ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.
ആത്മഹത്യ ആണെങ്കിൽ ഇത് ഇവിടെ തീരും. അല്ലെങ്കിൽ കേസ്, അന്വേഷണം എന്നും പറഞ്ഞ് നടക്കാം. എനിക്ക് മാത്രമല്ല നിനക്കും.. നീയും വീട്ടിൽ ഉണ്ടായിരുന്നു. വീട്ടിൽ ആ സമയത്ത് ഉണ്ടായിരുന്ന അന്യനായ ഒരേ ഒരാളും നീയാണ്.
അപ്പൊ നമ്മൾ രാത്രി കണ്ട രൂപം.
അത് നമ്മൾ മാത്രമേ കണ്ടുള്ളൂ.. നമ്മൾ മാത്രം.
അതായത് ആ രൂപം കണ്ട കാര്യം സാബു മറച്ചുവെക്കും എന്ന്. പിന്നെ പോലീസിന് എന്നെയാവും സംശയം.. ഇവൻ എന്നെ ഭീഷണിപ്പെടുത്തിയതാണോ... ഹേയ്...
സാബുവിന്റെ സംസാരത്തിൽ ഒരു ഭീഷണിച്ചുവ ഇല്ലേ..
അതെന്തെങ്കിലും അവട്ടെ ആന്റിയുടെ മരണം ആത്മഹത്യ ആകുന്നത് തന്നെയാണ് നല്ലത്. പക്ഷേ എനിക്ക് വേറെ ഒരു സംശയം ഉണ്ട്.
'ഇന്നലെ ആ അവസ്ഥയിൽ നിനക്ക് എങ്ങിനെ പോത്ത് പോലെ കിടന്നു ഉറങ്ങാൻ പറ്റി.
എടാ എനിക്ക് ഹാർട്ടിന് പ്രശ്നം ഉണ്ട് ഷുഗറും പ്രഷറും ഉണ്ട്. ദിവസവും ഒരു ലോഡ് ഗുളിക കഴിക്കണം. അത് കൊണ്ട് തന്നെ നല്ല ക്ഷീണം അണ്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണം ആണ്. പോലീസും ഞാൻ പറഞ്ഞ പോലെ ആൻറി എന്തിന് വെളുപ്പിന് എഴുന്നേറ്റ് പോയി, ഇത്ര ഉയരത്തിൽ എങ്ങിനെ കയർ കെട്ടി എന്നൊക്കെ ചോദിച്ചു. ആന്റി തലേന്ന് മരിക്കുന്നതിനെ പറ്റി പറഞ്ഞിരുന്നു, ചില ദിവസം അതിരാവിലെ എഴുന്നേറ്റ് മുറ്റത്ത് പോകാറുണ്ട്, കയറ് വീടിന്റെ മെയിന്റനൻസ് പണിക്ക് വേണ്ടി പണിക്കാർ കെട്ടിയിരുന്നത് അഴിക്കാതെ കിടന്നതാണ് എന്നൊക്കെ പറഞ്ഞ് സാബു ബുദ്ധിപൂർവ്വം എല്ലാം മാനേജ് ചെയ്തു.
സാബു കേസ് ഇല്ല എന്ന് പറഞ്ഞ് അത് അവസാനിപ്പിച്ചു. പക്ഷേ അവിടെ കണ്ടതും നടന്നതുമായ ദുരൂഹ സംഭവങ്ങൾ എന്റെ മനസ്സിൽ തന്നെ കിടന്നു.
അങ്ങനെ കുറച്ച് ദിവസം കഴിഞ്ഞ് പോയി. കുറച്ച് നാളായി സാബുവുമായി കോണ്ടാക്റ്റ് ഒന്നും ഉണ്ടായിരുന്നില്ല. എന്നും ഈ സംഭവങ്ങളെ പറ്റി മാത്രമായിരുന്നു എന്റെ ചിന്ത. ഞാൻ സാബു പറഞ്ഞതും നടന്നതുമായ കാര്യങ്ങൾ കുറെ തിരിച്ചും മറിച്ചും ചിന്തിച്ചു.
ഒരു ദിവസം പെട്ടെന്ന് എന്റെ മനസ്സിൽ ഒരു വെളിച്ചം മിന്നി. ഞാൻ അപ്പോൾ തന്നെ സാബുവിനെ വിളിച്ചു.
എടാ ഈ വർഗ്ഗീസും ഉണ്ണികൃഷ്ണനും തമ്മിൽ എന്നെങ്കിലും മീറ്റ് ചെയ്തിട്ടുണ്ടോ.
ഇല്ല...
ഒരിക്കലെങ്കിലും അവർ തമ്മിൽ കണ്ടിരിക്കാൻ ചാൻസുണ്ടോ.
ഇല്ലടാ.. വർഗ്ഗീസിന്റെ ഒരു ബ്രോക്കർ വഴി വന്ന ആലോചനയാണ്. ഉണ്ണികൃഷ്ണൻ മരിച്ച ശേഷം ആണ് ലൂസി ആൻറിയും അപ്പച്ചനും ഒക്കെ വർഗ്ഗീസിനെ കാണുന്നത് തന്നെ. അതിന് മുമ്പ് ബ്രോക്കർ സൂചിപ്പിച്ചിട്ടേ ഉള്ളൂ.
ആന്റി വർഗ്ഗീസിനോട് എപ്പോഴെങ്കിലും ഉണ്ണികൃഷ്ണനെ പറ്റി പറയുകയോ ഫോട്ടോ കാണിക്കുകയോ അങ്ങിനെ എന്തെങ്കിലും?
അളിയാ..നീ... പൊട്ടനാണോ.. സാബു ചിരിച്ചു.. എടാ അവർ തമ്മിൽ ആദ്യമായി പെണ്ണ് കാണാൻ വന്നപ്പോഴാണ് കാണുന്നത്.
അപ്പൊ വർഗ്ഗീസ് ഉണ്ണികൃഷ്ണനെ കണ്ടിട്ടേ ഇല്ല.
അതല്ലേ ഞാൻ നിന്നോട് നൂറുവട്ടം പറഞ്ഞത്.. സാബുവിന് പ്രഷർ കൂടി.. അവൻ ദേഷ്യത്തോടെ പറഞ്ഞു.
ആകെ വർഗ്ഗീസ് ഉണ്ണികൃഷ്ണനെ കണ്ടത് അവൻ ചത്ത് പണ്ടാരടങ്ങി പ്രേതമായി വന്നപ്പോഴാണ്.
അത് തന്നെയാണെടാ സാബൂ പ്രശ്നവും..
എന്ത് പ്രശ്നം?
അളിയാ.. നീ പൊട്ടനാണോ.. ഞാൻ ചിരിച്ചു കൊണ്ട് തിരിച്ചു ചോദിച്ചു .. എടാ പിന്നെങ്ങനെ വർഗ്ഗീസിന് ഉണ്ണികൃഷ്ണനെ മനസ്സിലായി? ലൂസിയാൻറിക്ക് ഉണ്ണികൃഷ്ണനുമായുള്ള ബന്ധം അറിയാത്ത വർഗ്ഗീസ് എന്തിന് ഉണ്ണികൃഷ്ണന്റെ പ്രേതത്തെ കണ്ടു എന്ന് ആന്റിയെ വിളിച്ച് പറയണം?
മറുതലക്കൽ നിശ്ശബ്ദത.. സാബുവിന്റെ കിളി പാറി എന്ന് എനിക്ക് മനസ്സിലായി.
അത് ശരിയാണല്ലോ.. ചെ.. ഞാനിത് വരെ ഈ പോയിന്റ് ചിന്തിച്ചില്ല.. ഒരു ഇടവേളക്ക് ശേഷം സാബു പറഞ്ഞു.
എനിക്ക് വേറെയും ചില സംശയങ്ങളുണ്ട്, നേരിട്ട് പറയാം.... ഞാൻ ഫോൺ വെച്ചു.
അന്ന് വൈകിട്ട് സാബു എന്നെ കാണാൻ വന്നു.
ആ വീട് വിൽപ്പന ഒക്കെ എന്തായി? ഞാൻ തിരക്കി.
ഓ.. ഇനിയത് അടുത്തൊന്നും വിറ്റ് പോകുമെന്ന് തോന്നുന്നില്ല. പകരം വേറൊരു പ്ലാൻ ഇട്ടിട്ടുണ്ട്. സിനിമാ ഷൂട്ടിംഗിന് കൊടുക്കുക. ഒരു ടീം ചോദിച്ചിട്ടുണ്ട്.
സാബു അസ്സൽ ബിസിനസ് കാരൻ തന്നെ. ഞാൻ മനസ്സിലോർത്തു.
ഏത് സാമദ്രോഹിയാടാ നിനക്ക് ആ വീട് വിറ്റത്. ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
അതൊരു വിജയകുമാർ ചെന്നൈയിലാണ് താമസം.
നമുക്ക് അയാളെ ഒന്ന് പോയി കണ്ടാലോ.
എന്തിന്?
ചുമ്മാ... വെറും ചുമ്മാ.. ഞാൻ ഒന്ന് നിർത്തി... അല്ല കാര്യമുണ്ടെന്ന് കൂട്ടിക്കോ. അയാളും അറിയണ്ടേ എല്ലാം.
അങ്ങനെ ഞങ്ങൾ ചെന്നൈയിൽ എത്തി. താമ്പരത്തായിരുന്നു വിജയകുമാർ താമസിച്ചിരുന്നത്. ഒരു 45 -50 വയസ്സുണ്ടാവും അയാൾക്ക്.
സാബു അയാളോട് ആ വീട്ടിൽ നടന്ന സംഭവങ്ങളെല്ലാം പറഞ്ഞു.
ആ സമയം മുഴുവൻ ഞാൻ വിജയകുമാറിനെ സസൂഷ്മം വീക്ഷിച്ചു കൊണ്ടിരുന്നു. അയാൾക്ക് എല്ലാം കേട്ടിട്ടും ഒരു ഭാവഭേദവും ഇല്ല.
നിങ്ങളൊരു ബാലകൃഷ്ണനെ അറിയോ.. ചേട്ടൻ ഉണ്ണികൃഷ്ണൻ, ആള് മരിച്ചു... ഞാൻ പെട്ടെന്ന് ചോദിച്ചു.
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് വിജയകുമാർ ഒന്ന് നടുങ്ങി. അയാളുടെ മുഖം നിമിഷ നേരം കൊണ്ട് വിളറി വെളുത്തു.
ഇല്ല.. എനിക്കറിയില്ല.. അത് പറഞ്ഞപ്പോൾ അയാളുടെ ശബ്ദം ഇടറി.
പച്ചക്കള്ളം.. നിങ്ങളുടെ മുഖഭാവം തന്നെ അത് സമ്മതിക്കുന്നു. ഞാൻ ചാടിയെഴുന്നേറ്റ് ആക്രോശിച്ചു.
ഇറങ്ങിപ്പോടാ എന്റെ വീട്ടീന്ന്.. വിജയകുമാർ അലറിക്കൊണ്ട് എന്നെ പിടിച്ച് തള്ളി. ഞാൻ വേച്ച് വീണുപോയി. പെട്ടെന്ന് സാബു മുന്നോട്ട് കുതിച്ച് വിജയകുമാറിന്റെ കോളറി പിടിച്ച് ചുമരിൽ ചേർത്തു. അവന് കാര്യം ചെറുതായി മനസ്സിലായിത്തുടങ്ങി എന്ന് എനിക്ക് മനസ്സിലായി.
സത്യം പറയടാ.. സാബു അയാളെ നോക്കി അലറി.. വിജയകുമാർ ശരിക്ക് പേടിച്ച് പോയി..
പറയാം.. എല്ലാം പറയാം.
സാബു പിടി വിട്ടു. വിജയകുമാർ വിയർപ്പ് തുടച്ചു കൊണ്ട് ഉള്ള സത്യം തുറന്ന് പറഞ്ഞു.
നിങ്ങൾ പറഞ്ഞ ബാലകൃഷണൻ എന്റെ അളിയനാണ്. സിസ്റ്ററിന്റെ ഹസ്ബന്റ്. അളിയന്റെ തറവാട്ട് വീടാണ് ഞാൻ നിങ്ങൾക്ക് വിറ്റത്. അളിയൻ പറഞ്ഞിട്ടാണ് അങ്ങനെ ചെയ്തത്.
ബാലകൃഷ്ണൻ എവിടെ താമസം..
ഇവിടെ നിന്ന് കുറച്ച് വഴിയുണ്ട്.. ആദമ്പാക്കം
ശരി കഴിഞ്ഞ മാസം തന്റെ അളിയൻ ബാലകൃഷ്ണൻ നാട്ടിൽ.. ഐ മീൻ കേരളത്തിൽ പോയിരുന്നോ.
ഉവ്വ്.. കുറച്ചു നാൾ അവിടെ ആയിരുന്നു.
ഞാൻ വിജയകുമാറിനെ ചോദ്യം ചെയ്ത സമയം മുഴുവൻ സാബു അത്ഭുതത്തോടെ എന്നെ നോക്കി നിൽക്കുകയായിരുന്നു.
എന്നാൽ വാ ഇപ്പൊ തന്നെ പോയി അയാളെ കാണാം. സാബു വിജയകുമാറിനെ പിടിച്ച് ബലമായി പുറത്തേക്കിറക്കി.
ഞങ്ങൾ ചെല്ലുമ്പോൾ ബാലു വീടിന്റെ മുറ്റത്ത് തന്നെ ഉണ്ടായിരുന്നു.
സത്യം പറയാൻ ബാലകൃഷ്ണനെ കുറെ നിർബന്ധിക്കേണ്ടി വന്നു. അങ്ങനെ അയാൾ യഥാർത്ഥ കഥ പറഞ്ഞു.
ബാലകൃഷ്ണന്റെ വാക്കുകളിലൂടെ
ഉണ്ണിയേട്ടന്റെ കൂടെ ഇടക്ക് വീട്ടിൽ വരുന്ന ലൂസി ചേച്ചിയെ ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. നല്ല സ്നേഹമുള്ള നന്മയുള്ള ഒരു സ്ത്രീ. പക്ഷേ അവരുടെ ആ മുഖം മൂടിക്കുള്ളിലെ വൃത്തികെട്ട രൂപം തിരിച്ചറിയാൻ ഏട്ടന് പോലും കഴിഞ്ഞില്ല. സ്വത്തും സമ്പത്തും നഷ്ടപ്പെട്ടപ്പോഴാണ് അത് ഏട്ടൻ തിരിച്ചറിഞ്ഞത്.
അവൾക്ക്.. നിന്റെ ലൂസിയാന്റിക്ക് സ്നേഹം ഞങ്ങളുടെ സമ്പത്തിനോടായിരുന്നു. ബാലകൃഷ്ണൻ സാബുവിനെ നോക്കിക്കൊണ്ടു തുടർന്നു .. അത് കൈവിട്ട് പോയി ഞങ്ങൾ പാപ്പരായപ്പോൾ അവൾ ഏട്ടനെ ഒഴിവാക്കി ചിറ്റിലപ്പിള്ളീലെ വർഗ്ഗീസുമായി ബന്ധം കൂടി. ഏട്ടൻ പിന്നെയും ലൂസിയുടെ പിന്നാലെ നടന്നു. ഒരു ദിവസം വർഗ്ഗീസ് ഞങ്ങളുടെ വീട്ടിൽ വന്ന് ഭീഷണി മുഴക്കി. എന്നിട്ടും ഏട്ടൻ പിൻമാറിയില്ല.. അത്രക്ക് ഇഷ്ടമായിരുന്നു അവളെ.
ബാലകൃഷ്ണൻ ഞങ്ങളെ മാറി മാറി നോക്കി..
അന്ന് ഏട്ടൻ വീണ് മരിച്ച ട്രെയിനിൽ വർഗ്ഗീസും ഉണ്ടായിരുന്നു. എനിക്കുറപ്പുണ്ട് അവളും അവനും കൂടെ കൊന്നതാ ഏട്ടനെ.. ഏട്ടൻ ആത്മഹത്യ ചെയ്യില്ല. അമ്മയുടെ തലയിൽ കൈവെച്ച് ഏട്ടൻ ഒരിക്കലും ജീവനൊടുക്കില്ല എന്ന് സത്യം ചെയ്തിട്ടുണ്ട്.
എന്റെ സംശയങ്ങൾ ഏതാണ്ട് സത്യമായി. അപ്പോൾ വർഗ്ഗീസും ലൂസിയാന്റിയും മരിച്ചത്? ഞാൻ ചോദിച്ചു..
കൊന്നതാ ഉണ്ണികൃഷ്ണൻ എന്ന ഈ ബാലകൃഷ്ണൻ.
ങേ.. സാബു ഞെട്ടിപ്പോയി.. ഇതൊക്കെ മുമ്പേ പ്രതീക്ഷിച്ചതിനാൽ എനിക്ക് ഒന്നും തോന്നിയില്ല.
ഞങ്ങൾ കാണാൻ ഏതാണ്ട് ഒരു പോലെ ആയിരുന്നു. ഏട്ടൻ മരിച്ച് കഴിഞ്ഞ് ഞാൻ എങ്ങനെ പ്രതികാരം പ്രതികാരം ചെയ്യണം എന്ന ഒരു പ്ലാൻ ഉണ്ടാക്കി. എന്നിട്ട് രാത്രികളിൽ വർഗ്ഗീസിന്റെ വീടിനു സമീപത്ത് സ്ഥിരമായി നിരീക്ഷണം നടത്തി. ഒരു ദിവസം അയാളെന്നെ കണ്ടു. ഇരുട്ടത്ത് എന്നെ കണ്ട അയാൾ അത് ഏട്ടന്റെ പ്രേതമാണെന്ന് തെറ്റിദ്ധരിച്ചു. അന്ന് അയാൾ പേടിച്ച് ഓടി രക്ഷപ്പെട്ടു. പക്ഷേ പിറ്റേന്ന് ഞാനവനെ തീർത്തു. അതിന് ശേഷം ലൂസിയുടെ വീട്ടിലെത്തി. അവളും എന്നെക്കണ്ട് ഉണ്ണിയേട്ടനാണെന്ന് തെറ്റിദ്ധരിച്ചു. അതോടെ അവൾ പുറത്തേക്ക് തീരെ ഇറങ്ങാതായി. അത് കൊണ്ട് തൽക്കാലം ഞാൻ പിൻമാറി. വർഷങ്ങൾക്കിപ്പുറം ഞാൻ വീണ്ടും പുതിയ തന്ത്രം മെനഞ്ഞു. അങ്ങനെയാണ് ബ്രോക്കർ ഷാജി വഴി സാബുവിനെ കോണ്ടാക്റ്റ് ചെയ്തത്.
ബാലകൃഷ്ണൻ സാബുവിനെ നോക്കി.
സത്യം പറഞ്ഞാൽ അതൊരു ഭാഗ്യപരീക്ഷണം ആയിരുന്നു. താനീ വീടിനെ പറ്റി വീട്ടിലറിയിക്കുകയും അത് കേട്ട് ലൂസി പഴയ കാമുകന്റെ വീട് കാണാൻ വരികയും ചെയ്താൽ അവിടെയിട്ട് അവളെ തീർക്കാം....
ഞാൻ കരുതിയത് പോലെ തന്നെ നടന്നു. അങ്ങനെ അവളെയും ഞാൻ തീർത്തു.
ഇത് പറയുമ്പോൾ ബാലകൃഷണൻ കിതക്കുന്നുണ്ടായിരുന്നു. പറഞ്ഞ് നിർത്തുമ്പോൾ അയാളുടെ ശബ്ദം നേർത്തിരുന്നു. അയാൾ ശ്വാസമെടുക്കാൻ വല്ലാതെ പാട് പെട്ടു.
അപ്പൊ ഞങ്ങൾക്ക് അവിടെ ഉണ്ടായ ദുരൂഹ അനുഭവങ്ങളോ.. സാബു രോക്ഷത്തോടെ ചോദിച്ചു.
ബാലകൃഷ്ണൻ എന്തോ പറയാൻ വന്നു. പക്ഷേ ശബ്ദം പുറത്ത് വന്നില്ല. അയാൾ നെഞ്ച് തടവിക്കൊണ്ട് കുനിഞ്ഞിരുന്നു.
ആ ഇരിപ്പിൽ തന്നെ മറിഞ്ഞ് വീഴാൻ പോയ ബാലകൃഷ്ണനെ ഞാനും വിജയകുമാറും ചേർന്ന് പിടിച്ചു. അയാളെ ഹോസ്പിറ്റലിൽ എത്തിച്ച് ഞങ്ങൾ താമസിച്ചിരുന്ന റൂമിലേക്ക് തിരിച്ചു പോന്നു.
പിറ്റേന്നും ബാലകൃഷ്ണന്റെ നില സീരിയസായി തന്നെ തുടർന്നത് കൊണ്ട് ഞങ്ങൾ തൽക്കാലത്തേക്ക് തിരികെ നാട്ടിലെത്തി. സുഖമാവുമ്പോൾ വിളിക്കാൻ പറഞ്ഞ് സാബുവിന്റെയും എന്റെയും നമ്പർ വിജയകുമാറിന് കൊടുത്തു.
ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് ബാലകൃഷ്ണന്റെ ഫോൺ കോൾ... അത്യാവശ്യമായി കുറച്ചധികം കാര്യങ്ങൾ പറയാനുണ്ട് ഒന്ന് വീട് വരെ വരാൻ പറ്റുമോ എന്ന് ചോദിച്ചു. ഞാൻ OK പറഞ്ഞു.
തൽക്കാലം ഇത് സാബു അറിയണ്ട, തനിച്ച് വന്നാൽ മതി. ബാലകൃഷ്ണൻ റിക്വസ്റ്റ് ചെയ്തു.
ഞാൻ ചെന്നൈക്ക് തൽക്കാൽ കിട്ടുമോ എന്ന് നോക്കി. പക്ഷേ അന്ന് ടിക്കറ്റ് ഇല്ലാത്തത് കൊണ്ട് പിറ്റേന്ന് വൈകിട്ടത്തെ ട്രെയിൻ ആണ് കിട്ടിയത്. അങ്ങനെ ഒരു രാത്രി ട്രെയിൻ യാത്ര കഴിഞ്ഞ് പിറ്റേന്ന് രാവിലെ ഞാൻ ബാലകൃഷ്ണന്റെ വീട്ടിലെത്തി. അവിടെ എന്നെ വരവേറ്റത് കോടി മുണ്ട് പുതച്ച് കിടക്കുന്ന ബാലകൃഷ്ണന്റെ മൃതദേഹമായിരുന്നു. ഇന്നലെ രാത്രി പെട്ടെന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു എന്ന് വിജയകുമാറിൽ നിന്നറിഞ്ഞു.
എന്നാലും എന്തായിരിക്കും ബാലകൃഷ്ണൻ പറയാൻ ഭാക്കി വെച്ചത്. അത് മാത്രമായിരുന്നു മടക്കയാത്രയിൽ എന്റെ ചിന്ത. ഒരു പക്ഷേ ഇതൊരു സാധാരണ പ്രതികാര കഥ ആവാം. പക്ഷേ അങ്ങിനെയെങ്കിൽ അവിടെ ഉണ്ടായ ദുരൂഹമായ അനുഭവങ്ങൾക്ക് വ്യക്തമായ മറുപടി വേണം. അത് പറയാനറിയാവുന്ന ആൾ ഇന്ന് ജീവനോടെയില്ല. അയാളോടൊപ്പം ആ രഹസ്യവും മറഞ്ഞു പോയി. ഇനിയുള്ളത് നിഗമനങ്ങളാണ്. അത് പ്രകാരം ഞാനൊരു തിയറി ഉണ്ടാക്കുന്നു.
"ബാലകൃഷ്ണനും ഉണ്ണികൃഷ്ണന്റെ ആത്മാവും ചേർന്നാണ് അവരുടെ പ്രതികാരം നിർവ്വഹിച്ചത് " .. ഇതാണ് എന്റെ തിയറി. പറഞ്ഞാൽ ആരും വിശ്വസിക്കാത്ത, ലോജിക്ക് ഇല്ലാത്ത ഒരു മണ്ടൻ തിയറി.
ഇത് പോലൊരു ട്രെയിൻ യാത്രയിലാണ് ലൂസിയാന്റിയും ഉണ്ണികൃഷ്ണനും ആദ്യം കണ്ടത്, മറ്റൊരു ട്രെയിൻ യാത്രയിലാണ് ഉണ്ണികൃഷ്ണന്റെ ജീവിതം അവസാനിച്ചതും....
ഞാനൊരു അതിബുദ്ധിമാനോ ഡിക്ടക്ടീവോ അല്ല. വെറുമൊരു സാധാരണക്കാരന്റെ സാധാരണ ബുദ്ധിയിൽ തെളിഞ്ഞ കാര്യങ്ങളാണ് ഇതെല്ലാം. ഇനിയും ഇതിന്റെ പുറകെ പോകേണ്ട കാര്യം എനിക്കില്ല. .
ഞാൻ പുറം കാഴ്ചകളിലേക്ക് എന്റെ ശ്രദ്ധ തിരിച്ചു.
......... അവസാനിച്ചു
[ പ്രിയപ്പെട്ട വായനക്കാർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വരാം, സദയം ക്ഷമിക്കുക ]

അഭിപ്രായങ്ങള്‍