The 7th Room
ഭാഗം : 4
ഹലോ ലെനിൻ ...ആന്റ് നിവിൻ , ഞാൻ ഋഷി ... ഋഷികേശ് . അയാൾ സ്വയം പരിചയപ്പെടുത്തി.
ഋഷി
ഒരു പാരാസൈക്കോളജിസ്റ്റായിരുന്നു. മാന്ത്രിക കർമ്മങ്ങളിലും ആയുർവേദത്തിലും
കളരിപ്പയറ്റിലുമെല്ലാം പ്രഗത്ഭരായ വലിയ മഠം മനയിലെ ഇളയ കണ്ണിയാണ് അയാൾ.
ലെനിനെയും നിവിനേയും ഇരിക്കാൻ ക്ഷണിച്ചു കൊണ്ട് ഋഷി കാര്യത്തിലേക്ക് കടന്നു.
രാത്രിയുടെ
ദുർമൂർത്തികളായ പിശാചുക്കളെ പറ്റി പണ്ട് മുതലേ മനയിൽ പറഞ്ഞ്
കേട്ടിട്ടുണ്ട്. അന്ന് മുതലേ അത് മനസ്സിലുള്ളത് കൊണ്ടാണ് ഞാൻ പാരാസൈക്കോളജി
തന്നെ തിരഞ്ഞെടുത്തത്. മനയിലെ ഗ്രന്ഥപ്പുരയിൽ സൂക്ഷിച്ചിട്ടുള്ള പ്രാചീന
താളിയോലകളിൽ ചിലതിൽ ഈ ജീവികളെ പറ്റി വിവരണമുണ്ട്. നമ്മൾ വാംപയർ എന്നൊക്കെ
പറയും മലയാളത്തിൽ രക്തരക്ഷസ്സ് എന്ന് പറയാറുണ്ട്. ഇങ്ങനെ ഒരു പിശാച് ഉണ്ട്
എന്ന് പറഞ്ഞാൽ ആധുനിക സമൂഹം പരിഹസിക്കും. പക്ഷേ അതാണ് സത്യം. പ്രാചീന
ഗോത്രങ്ങളിൽ ചിലർ മരണാനന്തര ജീവിതം നേടാൻ ആഭിചാരകർമ്മങ്ങൾ നടത്താറുണ്ട്.
മരണശേഷം അവരുടെ ആത്മാവ് തനിക്ക് ഇണങ്ങുന്ന ശരീരം തേടി അലയും. അങ്ങനെ
ആയിരക്കണക്കിന് വർഷങ്ങളിലൂടെ ശക്തിയാർജ്ജിച്ച് അലയുന്ന ആത്മാവ് അവസാനം
തനിക്ക് ചേരുന്ന ശരീരം കണ്ടെത്തുമ്പോൾ അതിൽ ലയിക്കും. ഇതാണ് വാംപയർ.
ആയിരക്കണക്കിന് വർഷങ്ങൾക്കിടയിൽ ഒരു വാംപയർ ഒക്കെ മാത്രമേ ഭൂമിയിലുണ്ടാവൂ.
ഇതിന് മുമ്പ് ഒരു വാംപയർ ഭൂമിയിൽ എന്നാണ് ഉണ്ടായിരുന്നത് എന്നതിനെ പറ്റി
ഒരു രേഖകളും ഇല്ല . അതിക്രൂരൻമാരായ ഇവർക്ക് ആയുസ് നിലനിർത്താൻ ഇടക്കിടക്ക്
മനുഷ്യന്റെ ഹൃദയം ഭക്ഷിക്കണം. ഇത്രയുമാണ് താളിയോലകളിൽ ഉള്ളത്.
ഋഷി പറയുന്നത് കേട്ട് ലെനിനും നിവിനും ആകാംഷയോടെ ശ്രദ്ധിച്ചിരുന്നു. അവരെ മാറി മാറി നോക്കി ഋഷി തുടർന്നു.
ഇനി
പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം. ഞാനീ നാട്ടിൽ വന്നിട്ട് മൂന്ന് ദിവസമായി .
അന്ന് മുതൽ ഞാൻ C വില്ലയിലെ താമസക്കാരെ മുഴുവൻ രഹസ്യമായി
നിരീക്ഷിക്കുന്നുണ്ടായിരുന്നു. നിങ്ങളും ജെറിയും ടിറ്റോയും പ്രജീഷും ഫൈസലും
ഗിരീഷും അജോയും എല്ലാം എന്റെ നിരീക്ഷണത്തിലായിരുന്നു.
ഇതും
പറഞ്ഞ് ഋഷി ഒരു ഫയൽ അവർക്ക് നീട്ടി. അതിൽ അവരുടെയെല്ലാം ഡീറ്റയിൽസ്
ആയിരുന്നു. അതിൽ ലെനിന്റെയും നിവിന്റെയും രഞ്ചുവിന്റെയും ഫോട്ടോ മാത്രം
പച്ച മാർക്കർ കൊണ്ട് വട്ടം വരച്ചിരുന്നു. അവരുടെ വിവരങ്ങൾ കഴിഞ്ഞ് അടുത്ത
പേജ് മെഴ്സിയുടെ ഡീറ്റയിൽസ് ആയിരുന്നു , അടുത്തത് ക്ലിന്റിനെ പറ്റിയും.
അവസാന പേജിൽ എയ്ഞ്ചല എന്ന ഒരു സ്ത്രീയുടെ ഫോട്ടോയും വിവരങ്ങളും ആയിരുന്നു.
അതിൽ അവർ ആറ് വർഷമായി മിസ്സിംഗ് എന്ന് രേഖപ്പെടുത്തിയിരുന്നു.
അവർ ഫയൽ നോക്കി തിരിച്ച് കൊടുത്തു.
പ്രേതവും
പിശാചും ദൈവവും ഒന്നും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതൊക്കെ പോട്ടെ
ഇതിന് ഞങ്ങളെ വിളിച്ചത് എന്തിനാ . ലെനിന്റെ ഉള്ളിലെ യുക്തിവാദി തല പൊക്കി.
പറയാം.
അതിന് മുൻപ് നിവിന് എന്തോ പറയാനില്ലേ . ഋഷിയുടെ ചോദ്യം കേട്ട് നിവിൻ
അത്ഭുതത്തോടെ അയാളെ നോക്കി. അത് മനസ്സിലാക്കിയ ഋഷി കൂട്ടിച്ചേർത്തു.
നിവിന്റെ മുഖഭാവം കണ്ടാലറിയാം പലതും പറയാനും അറിയാനും ഉണ്ടെന്ന്. ഇപ്പോൾ അതിനുള്ള ആൾ മുന്നിൽ വന്നിരിക്കുന്നു.
അതെ
സാർ .. എനിക്ക് ഉറപ്പാണ് ആ ക്ലിന്റ് ഒരു സാധാരണ മനുഷ്യനല്ല. അയാളൊരു
വാംപയറാണെന്ന് കരുതാൻ കാരണങ്ങൾ നിരവധിയുണ്ട്. നിവിൻ തനിക്കുണ്ടായ അനുഭവങ്ങൾ
വിവരിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ശരിക്കും അത്ഭുതപ്പെട്ടത് ലെനിനാണ്.
നിവിൻ പറഞ്ഞതിൽ ചില അനുഭവങ്ങൾ അയാൾക്കും ഉണ്ടായിട്ടുണ്ടായിരുന്നു.
അതെ
ഞാനും ക്ലിന്റിന് പുറകെയാണ്. ന്യൂസിലന്റിലെ തുടർമരണങ്ങളിൽ ക്ലിന്റിന്റെ
സാന്നിദ്ധ്യം ഞാൻ സംശയിക്കുന്നു. അതിന് മുൻപ് ക്ലിന്റ് കുറച്ച് കാലം
മെക്സിക്കോയിൽ ഉണ്ടായിരുന്നു. ആ സമയത്ത് ആ പ്രദേശത്തെ ചിലർ മിസ്സിംഗ്
ആയതായി അറിയാൻ കഴിഞ്ഞു. ഇപ്പോൾ ഇവിടെ ലിഷ ചാക്കോ എന്ന പെൺകുട്ടി മിസ്സിംഗ്
ആയതിന് പിന്നിലും ക്ലിന്റിന്റെ കൈകൾ തന്നെയാവാം എന്ന് ഞാൻ ഉറച്ച്
വിശ്വസിക്കുന്നു. അങ്ങിനെയെങ്കിൽ അവൾ ഇപ്പോൾ മരണപ്പെട്ടിട്ടുണ്ടാവണം.
ഋഷി പറഞ്ഞത് കേട്ട് അവർ ഞെട്ടി. അദ്ദേഹം തുടർന്നു.
നമ്മൾ
കരുതുന്നത് പോലെ ക്ലിന്റ് ഒരു രക്ഷസ്സാണെങ്കിൽ നിവിൻ കണ്ടതും കേട്ടതും
എല്ലാം സത്യമാണ്. വാംപയറുകൾക്ക് ഘ്രാണശക്തി കൂടുതലാണ്. അന്ന് കോണിപ്പടിയിൽ
നിന്ന നിവിന്റെ ഗന്ധം പിടിച്ചെടുക്കുന്ന ശബ്ദമാവണം നിവിൻ കേട്ടത്. കഴിഞ്ഞ
ദിവസം അയാൾ മണം പിടിക്കുന്നതും താൻ നേരിട്ട് കണ്ടതല്ലേ .
നിവിൻ അത് ശരിവച്ചു തല കുലുക്കി. ഋഷി തുടർന്നു.
അത്
പോലെ ക്ലിന്റിന് പല്ലിയെ പോലെ ചുമരിലോ മറ്റോ പിടിച്ച് കയറാനും കഴിയും.
ക്ലിന്റ് വെന്റിലേറ്റർ വഴി എത്തി നോക്കിയതും മുകളിലേക്ക് കയറി വന്നതും
എല്ലാം ഇങ്ങനെയാണ്. ഒരു പക്ഷേ ന്യൂസിലന്റിൽ നിന്നും ശേഖരിച്ച്
സൂക്ഷിച്ചിരുന്ന മനുഷ്യ ഹൃദയങ്ങൾ കഴിഞ്ഞിരിക്കാം. അപ്പോൾ അയാൾ ഈ നാട്ടിൽ
വേട്ട തുടങ്ങി. അതിന്റെ ആദ്യത്തെ ഇരയാവും ലിഷ .
ഇതൊക്കെ
കേൾക്കുമ്പോൾ എനിക്കും എന്തോ വിശ്വാസം തോന്നുന്നു... ലെനിൻ പറഞ്ഞു... അല്ല
ആ ഫയലിൽ ഞങ്ങൾ മൂന്നുപേരെ മാത്രം മാർക്ക് ചെയ്ത് വെച്ചിരിക്കുന്നത്
എന്തിനാ ?
പറയാം. ഋഷി പറഞ്ഞു തുടങ്ങി.
ഒരു
വാംപയർ അയാൾക്ക് വേണ്ടി ചിലരെ സഹായികളാക്കി കൂടെ നിർത്തും അടിമകളെപ്പോലെ.
അയാളുടെ രക്തം മറ്റുള്ളവരുടെ ശരീരത്തിൽ കുത്തിവെച്ചാണ് അത് സാധിക്കുന്നത്.
അവർ അയാൾക്ക് വേണ്ടി ഹൃദയമെടുക്കാനുള്ള മനുഷ്യരെ എത്തിക്കുകയും അവരുടെ
മൃതദേഹം നശിപ്പിക്കുകയും മറ്റ് സഹായങ്ങളും ചെയ്യും. C വില്ലയിൽ നിങ്ങൾ
മൂന്ന് പേരൊഴികെ മറ്റുള്ളവരെല്ലാം ക്ലിന്റിന്റെ അടിമകളാണ്. ഞാൻ നിങ്ങളെ
നിരീക്ഷച്ചതിൽ നിന്ന് ഈ കാര്യം മനസ്സിലാക്കിയിരുന്നു. രഞ്ചുവിനെയും
വിളിക്കാൻ ഞാൻ ആദിത്യനെ ഏൽപ്പിച്ചിരുന്നു. ഋഷി അടുത്ത് നിന്ന സഹായിയെ
നോക്കി.
പക്ഷേ രഞ്ചു C വില്ലയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. അവിടെ ഞങ്ങൾ വന്നാൽ ക്ലിന്റിന് സംശയം ഉണ്ടാവും.
ക്ലിന്റ്
ഒരിക്കൽ രാത്രി അകത്ത് വന്നതായി രഞ്ചു സ്വപ്നം കണ്ടിരുന്നു. അത് പോലെ
മുമ്പ് ആരോ കഴുത്തിലും മുടിയിലും പിടിച്ച് വലിച്ചതായി എനിക്കും
തോന്നലുണ്ടായി . ലെനിൻ ചേട്ടനും മുമ്പ് സമാന അവസ്ഥ ഉണ്ടായതായി
പറഞ്ഞിരുന്നു. നിവിൻ ഓർത്തെടുത്ത് പറഞ്ഞു. ലെനിനും അത് തല കുലുക്കി
സമ്മതിച്ചു.
അത് വെറും തോന്നലല്ല അയാൾ നിങ്ങളെ സമീപിച്ചിരുന്നു. അതാണ് സത്യം.
അപ്പോൾ
ക്ലിന്റിന് വേണ്ടി ജെറി ആ പെൺകുട്ടിയെ പ്രേമിച്ച് വശത്താക്കി മറ്റ്
അടിമകളുടെ സഹായത്തോടെ ക്ലിന്റിന് എത്തിച്ച് കൊടുത്തു എന്നാണോ. ലെനിൻ ഇടക്ക്
കയറി ചോദിച്ചു.
അതേ
... പക്ഷേ അവർ എത്ര രഹസ്യമായി ചെയ്തിട്ടും യാദൃശ്ചികമായി അത് ചിലരുടെ
കണ്ണിൽ പെട്ടു. നമ്മൾ പറഞ്ഞത് പോലെ ക്ലിന്റ് വാംപയർ ആണെങ്കിൽ ഇപ്പോൾ
ജെറിയും ടിറ്റോയും ജീവനോടെ ഉണ്ടാവാൻ സാദ്ധ്യതയില്ല.
ഇന്നലെ
അയാൾ എന്നോട് , ഇനിയാ പിള്ളേർ വരില്ല, എന്ന് പറഞ്ഞതിന്റെ അർത്ഥം
എനിക്കിപ്പോൾ മനസ്സിലാകുന്നു. അയാളവരെ കൊന്നു.. ഉറപ്പാണ്. അത് കഴിഞ്ഞ്
മൃതദേഹങ്ങൾ കുഴിച്ചിട്ടു. തലേന്ന് ക്ലിന്റ് പിക്കാസും തൂമ്പയും കൊണ്ട്
വന്നത് നിവിൻ ഓർത്തു.
അയ്യോ രഞ്ചു C വില്ലയിൽ തനിച്ചല്ലേ . അവൻ അപകടത്തിലല്ലേ ... ലെനിൻ പെട്ടെന്ന് പറഞ്ഞു.
ഇല്ല
പകൽ സമയത്ത് പേടിക്കാനില്ല. നിങ്ങൾ വേഗം തന്നെ തിരിച്ച് പോണം. രഞ്ചുവിനെ
കാര്യങ്ങൾ അറിയിക്കണം. അത് മാത്രം പോര ഇനി മുതൽ നിങ്ങൾ ക്ലിന്റിനെ
നിരീക്ഷണം. അയാൾ പുറത്തു പോയാൽ എന്നെ വിവരം അറിയിക്കണം. ഋഷി എഴുന്നേറ്റു.
സർ ... താമസിക്കാൻ പോയിട്ട് എനിക്കവിടെ പോകാനുള്ള ധൈര്യം കൂടിയില്ല. നിവിൻ പറഞ്ഞു.
പേടിക്കണ്ട ... ഇതും പറഞ്ഞ് ഋഷി ഒരു പെട്ടിയിൽ നിന്ന് മൂന്ന് ലോക്കറ്റുകൾ എടുത്ത് കറുത്ത ചരടിൽ കോർത്ത് അവർക്ക് നീട്ടി.
നിങ്ങളിത്
കഴുത്തിലിടണം. രഞ്ചുവിനും കൊടുക്കണം. ചില പ്രത്യേക ലോഹക്കൂട്ട്
ഉപയോഗിച്ചുണ്ടാക്കിയ ഈ ലോക്കറ്റ് ഒരു രക്ഷയായി പ്രവർത്തിക്കും. ഇത്
ധരിച്ചവരെ തൊടാൻ വാംപയറിനോ അയാളുടെ അടിമകൾക്കോ ആവില്ല .
അവർ ലോക്കറ്റ് വാങ്ങി നോക്കി. നക്ഷത്ര ആകൃതിയിൽ ഉള്ള ലോക്കറ്റിന് ചെറിയ ചൂട് പോലെ തോന്നും.
ആ.. പിന്നെ ഈ മാല ക്ലിന്റ് കാണാതിരിക്കാൻ ശ്രദ്ധിക്കണം. അയാൾക്ക് സംശയം ഉണ്ടാവാതെ നോക്കണം. ഋഷി പ്രത്യേകം ഓർമ്മിപ്പിച്ചു.
അവർ ഇറങ്ങാൻ തുടങ്ങി. പെട്ടെന്ന് എന്തോ ഓർത്ത ലെനിൻ തിരിഞ്ഞു നിന്നു.
അല്ല .. ആ ഫയലിൽ അവസാനമുള്ള എയ്ഞ്ചല ആരാണ്?
ആ ... അത് പറയാൻ മറന്ന് പോയി. എയ്ഞ്ചല ക്ലിന്റിന്റെ ഭാര്യയാണ്. ആറ് വർഷമായി അവർ മിസ്സിംഗ് ആണ്.
ഋഷി പറഞ്ഞത് കേട്ട് ലെനിനും നിവിനും പരസ്പരം നോക്കി. അത് കണ്ട് ഋഷി ചിരിച്ചു കൊണ്ട് പറഞ്ഞു.
നിങ്ങൾക്കറിയാവുന്നത്
ക്ലിന്റിന്റെ ഭാര്യ മേഴ്സിയെ ആണല്ലേ. മേഴ്സി അയാളുടെ ഭാര്യയല്ല.
എയ്ഞ്ചലയുടെയും ക്ലിന്റിന്റെയും മകളാണ്. പകുതി മനുഷ്യനും പകുതി രക്ഷസ്സുമായ
ജന്മം . ക്ലിന്റിന് വേണ്ടി അവൾ നിങ്ങളെ പ്രണയം നടിച്ചോ വിരഹം നടിച്ചോ
വശീകരിക്കാൻ ശ്രമിച്ചേക്കാം.
അതെ
ഒരിക്കൽ അവൾ താഴെ നിന്ന് കരഞ്ഞ് കാണിച്ചിരുന്നു. നിവിൻ ഓർത്തു പറഞ്ഞു.
എന്തായാലും ഋഷി പറഞ്ഞതെല്ലാം അവരെ സംബന്ധിച്ച് അത്ഭുതാവഹമായ
അറിവുകളായിരുന്നു.
സർ ഒരു സംശയം കൂടിയുണ്ട്. ഞങ്ങളെ മൂന്ന് പേരെയും മാത്രം ക്ലിന്റ് അടിമകളാക്കാത്തത് എന്ത് കൊണ്ടാവും.
അത് എനിക്കും വ്യക്തതയില്ല. ഒരു പക്ഷേ നിങ്ങളുടെ ശരീരത്തിലെ ഏതെങ്കിലും ആന്റിബോഡി യോ ... അല്ലെങ്കിൽ മരുന്ന് കണ്ടന്റോ ....
ഋഷി ആലോചിച്ചു കൊണ്ട് പെട്ടെന്ന് ചോദിച്ചു.. നിങ്ങളെന്തെങ്കിലും മരുന്ന് സ്ഥിരമായി കഴിക്കുന്നുണ്ടോ ...
അങ്ങിനെയില്ല അലർജി ഗുളിക സ്ഥിരം ഉപയോഗിക്കുന്നുണ്ട്. ലെവോസെറ്റ് ടാബ്ലറ്റ്. ലെനിൻ പറഞ്ഞു.
ആ ..ഞാനും അലർജിക്ക് ഗുളിക കഴിക്കുന്നുണ്ട് സെട്രിസിൻ. നിവിനും പറഞ്ഞു.
അതായത് ആന്റി ഹിസ്റ്റാമിൻ ടാബ്ലറ്റുകൾ . രഞ്ചുവോ...
അവന്
സ്ഥിരം ഗുളിക ഒന്നും ഇല്ല. ആ പിന്നെ സെട്രിസിൻ കഴിച്ചാൽ വെള്ളമടിച്ചാലും
പറ്റാവില്ല എന്ന് പറഞ്ഞ് അവൻ എന്റെ ഗുളിക എടുത്ത് ഇടക്ക് കഴിക്കാറുണ്ട്.
അതെ ആന്റി ഹിസ്റ്റാമിൻ ടാബ്ലറ്റിന്റെ കണ്ടന്റ് ആവാം നിങ്ങളെ ക്ലിന്റിൽ നിന്ന് രക്ഷിച്ചത്.
അവർ
യാത്ര പറഞ്ഞിറങ്ങി. തിരികെ വീട്ടിലെത്തിയപ്പോൾ രഞ്ചു അവിടെ
ഉണ്ടായിരുന്നില്ല. നിവിൻ ഫോണിൽ വിളിച്ചെങ്കിലും അത് ഔട്ട് ഓഫ് കവറേജ്
ആയിരുന്നു. മറ്റുള്ളവരുടെ മുറികളും പൂട്ടിക്കിടന്നിരുന്നു. ക്ലിന്റിന്റെ
കാറും ഇല്ലായിരുന്നു. മുറി രഞ്ചു പൂട്ടിയത് കൊണ്ട് നിവിൻ ലെനിന്റെ ഒപ്പം
നിന്നു. അവർ ഒരു കട്ടൻ ചായ വെച്ചു കൊണ്ട് ബാൽക്കണിയിൽ വന്ന് നിന്നു.
ഇത്
വഴിയാണ് അവൻ രാത്രി നമ്മുടെ മുറികളിൽ കയറുന്നത്. ലെനിൻ വാതിലിന് മുകളിലെ
വലിയ വെന്റിലേറ്ററിലേക്ക് ചൂണ്ടി. അവന്റെ കാലിലെ അഴുക്കും പൊടിയുമാണ് ആ
പറ്റിയിരിക്കുന്നത്.
അവർ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ലെനിന്റെ ഫോൺ ബെല്ലടിച്ചു. അയാളുടെ
സുഹൃത്തായ സ്ഥലം S l ആയിരുന്നു വിളിച്ചത്. ഫോണിൽ സംസാരിക്കുമ്പോൾ ലെനിന്റെ
മുഖഭാവം മാറുന്നത് നിവിൻ ശ്രദ്ധിച്ചു.
എടാ .. ക്ലിന്റ് പണി തുടങ്ങി .. ദേ രണ്ട് പിള്ളേര് കൂടി അപ്രത്യക്ഷമായി .. നിങ്ങടെ കോളജിലെ ഒരു ... മരിയയും പിന്നെ റഫീക്കും.
അവർ
അത് പറഞ്ഞ് നിൽക്കുമ്പോൾ പെട്ടെന്ന് രഞ്ചു ഓടിക്കയറി വന്നു. അവൻ ആകെ
വിയർത്ത് കുളിച്ചിരുന്നു. അപ്രതീക്ഷിതമായി നിവിനെയും ലെനിനെയും അവിടെ കണ്ട്
അവൻ ഞെട്ടി.
രഞ്ചുവിനെ
കണ്ട് നിവിൻ കോളജിലെ കുട്ടികൾ മിസ്സ് ആയ കാര്യം പറയാൻ തുടങ്ങി. പക്ഷേ
രഞ്ചു അത് കേൾക്കാൻ നിൽക്കാതെ റൂമിലേക്ക് തിരക്കിട്ട് നടന്നു. നിവിനും
ലെനിനും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി.
ഇനി ക്ലിന്റ് അവരെ തട്ടിയെടുത്തത് രഞ്ചു കണ്ടിട്ടുണ്ടാകുമോ ? ലെനിൻ സംശയം പറഞ്ഞു. എന്തായാലും നീ വാ ..
അവർ
ഓടി മുറിയിലെത്തുമ്പോൾ രഞ്ചു ബാത്ത്റൂമിൽ കയറിയിരുന്നു. അവർ അവൻ
പുറത്തിറങ്ങുന്നതും കാത്ത് നിന്നു. ഏതാണ്ട് അഞ്ച് മിനുട്ടിനുള്ളിൽ രഞ്ചു
കുളി കഴിഞ്ഞ് ജീൻസ് മാത്രം ഇട്ട് പുറത്തിറങ്ങി. അവർ കാര്യം അന്വേഷിച്ചു.
പക്ഷേ രഞ്ചു കൈ മലർത്തി. വെയിലത്ത് നടന്ന് വന്നതിന്റെ ക്ഷീണമാണെന്നാണ് അവൻ
പറഞ്ഞത്.
അതിനിടയിൽ
നിവിൻ പോക്കറ്റിൽ നിന്ന് ലോക്കറ്റ് പുറത്തെടുത്തു , ഇത് പിടിച്ചോ എന്നും
പറഞ്ഞ് രഞ്ചുവിന്റെ കഴുത്തിലേക്ക് ഇട്ടു. രഞ്ചു തടയാൻ ശ്രമിച്ചു പക്ഷേ
അതിന് മുമ്പേ നിവിൻ അത് രഞ്ചുവിന്റെ കഴുത്തിലിട്ടിരുന്നു .
ലോക്കറ്റ് കഴുത്തിൽ വീണതും രഞ്ചു അലറിക്കൊണ്ട് താഴെ വീണു. ആ രക്ഷ ചുട്ടുപഴുത്ത് അവന്റെ നെഞ്ചിൽ ആഴ്ന്നു.
ലെനിനും
നിവിനും നോക്കി നിൽക്കേ രഞ്ചുവിന്റെ ശരീരവും മുഖവും വികൃതമായി. അവന്റെ
കടവായിൽ നിന്ന് രണ്ട് കോമ്പല്ലുകൾ ഇറങ്ങി വന്നു. കണ്ണുകൾ ചെമ്പവിഴം പോലെ
ചുവന്ന് തുടുത്തു.
രഞ്ചു
ലോക്കറ്റ് കെട്ടിയ ചരട് പൊട്ടിച്ച് വലിച്ചെറിഞ്ഞു. അടുത്ത നിമിഷം രഞ്ചു
നിവിന്റെ നേരെ ചാടി വീണു. അവന്റെ കഴുത്ത് കടിച്ച് പറിക്കാനായി രഞ്ചു വായ
തുറന്നു .
(തുടരും )

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ