The 7th Room
ഭാഗം : 6
C.I
സർ . ഇന്ന് അമാവാസിയല്ലേ ... അമാവാസി ദിവസങ്ങളിൽ വാംപയറുകൾ
അതിശക്തരായിരിക്കും. അത് കൊണ്ട് ഇന്ന് രാത്രി ക്ലിന്റ് നാട്ടിൽ വ്യാപകമായ
ഒരു അക്രമം അഴിച്ച് വിടാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കാണാതായ രണ്ടു
കുട്ടികളിലല്ലേ..
ആ മരിയയും റഫീക്കും ... മഹേഷ് ഇടയ്ക്കു കയറി പറഞ്ഞു.
അതെ
അവർ ഇപ്പോൾ ക്ലിന്റിന്റെ അടിമകളായിക്കാണും... ഋഷി പറഞ്ഞത് കേട്ട് മഹേഷും
മറ്റുള്ളവരും ചോദ്യഭാവത്തിൽ നോക്കി. അവരിപ്പോൾ മരിച്ചു കാണും എന്നാണ്
എല്ലാവരും കരുതിയിരുന്നത്.. അവരുടെ മുഖഭാവം മനസ്സിലാക്കി ഋഷി പറഞ്ഞു..
അവരെ
കൊന്ന് ഹൃദയം എടുത്തു എന്ന് കരുതുന്നില്ല... കാരണം ഈ ഒരു അവസരത്തിൽ
ക്ലിന്റിനു രണ്ടു അടിമകൾ നഷ്ടമായി ജെറിയും ടിറ്റോയും പിന്നെ അയാളുടെ വലം കൈ
ആയിരുന്ന മെഴ്‌സിയും. പിന്നെ ക്ലിന്റിനു ഇപ്പോൾ ഹൃദയങ്ങൾ സൂക്ഷിക്കാനും
ബുദ്ധിമുട്ടാണ്... അപ്പോൾ ഈ സമയത്ത് ക്ലിന്റ് അവരെ കൊല്ലാനും ഹൃദയം
എടുക്കാനും ശവം മറവു ചെയ്യാനും നിൽക്കുന്നതിനു പകരം അടിമകളുടെ എണ്ണം
കൂട്ടി ഒരു ആക്രമണം നടത്താനോ നേരിടാനോ സന്നദ്ധനാവും.
താങ്കൾ
പറഞ്ഞു വരുന്നത് ? മഹേഷ് സംശയഭാവത്തിൽ ചോദിച്ചു. അയാൾക്ക് താൻ പറയുന്നത്
മനസ്സിലായി എന്ന് മനസ്സിലാക്കിയ ഋഷി തുടർന്ന് പറഞ്ഞു..
അതെ
മഹേഷ് സർ ... നിങ്ങൾ കരുതുന്നത് പോലെ തന്നെ... നമ്മൾ സമയം വൈകിച്ചാൽ
ഇനിയും ഈ നാട്ടിലെ പലരും ക്ലിന്റിന്റെ അടിമകൾ ആവാം. അത് കൊണ്ട് നമ്മൾ ഇന്ന്
തന്നെ ക്ലിന്റിനെ ആക്രമിക്കും. നമുക്ക് എത്രയും വേഗം എല്ലാ
സന്നാഹങ്ങളുമായി തിരികെ എത്തണം. ഒരു കാര്യം ശ്രദ്ധിക്കണം നമ്മുടെ രക്ഷകൾ
ഏറെക്കുറെ ഇന്ന് വിഫലമായിരിക്കും. അവയെ ഭേദിക്കാനുള്ള ശക്തി ഇന്ന്
ക്ലിന്റിന് ഉണ്ടായേക്കാം .
പക്ഷേ നമുക്ക് അധികം സമയമില്ല
ഒകെ ഞാൻ പോലീസ് ഫോഴ്‌സിനെ അർജെന്റ് ആയി റെഡി ആക്കാം. മഹേഷ് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. ഋഷി അയാളെ തടഞ്ഞു കൊണ്ട് പറഞ്ഞു.
സർ
.. നിങ്ങളെന്താണ് കാര്യങ്ങൾ മനസ്സിലാകാത്ത പോലെ. നമ്മൾ നേരിടുന്നത് ഒരു
സാധാരണ മനുഷ്യനെയല്ല ... ഒരു രക്തരക്ഷസ്സിനെയാണ് ... ഒരു വാംപയറിനെയാണ്...
ആൾബലം കൊണ്ട് നമുക്ക് ദോഷമേ ഉണ്ടാവൂ... ക്ലിന്റിനു അടിമകളുടെ എണ്ണം നമ്മൾ
തന്നെ കൂട്ടികൊടുക്കണോ..
മഹേഷിനു കാര്യം മനസ്സിലായി.. ഓഹ് ... സോറി ഋഷി ഞാനത് ഓർത്തില്ല.. പിന്നെ എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്?
നക്ഷത്ര രക്ഷ ധരിച്ചു നമ്മൾ മാത്രം പോകുന്നു. ഋഷി തന്നെയും ആദിത്യനെയും മഹേഷിനെയും ചൂണ്ടി പറഞ്ഞു..
അത് കണ്ട് ലെനിൻ ചാടിക്കയറി പറഞ്ഞു.. ഇല്ല സർ നമ്മൾ അഞ്ചു പേരും പോകുന്നു.
അത് കേട്ട് നിവിനും തലകുലുക്കി... ഋഷി എതിർക്കാൻ നിന്നില്ല.. അയാൾക്കും അത് നല്ലതാണെന്നു തോന്നി..
അവർ ഹോട്ടലിലേക്ക് തിരികെ പോയി. മഹേഷ് സ്റ്റേഷനിലേക്കും.
ഒരു
മണിക്കൂറിനുള്ളിൽ മഹേഷ് യൂണിഫോം മാറ്റി സാധാരണ വേഷം ധരിച്ച്
ഹോട്ടലിലെത്തി. അവിടെ ഋഷിയും സംഘവും ഒരുക്കത്തിലായിരുന്നു. മഹേഷും
അവർക്കൊപ്പം ചേർന്നു. സവിശേഷമായ നക്ഷത്രചിഹ്നം പതിപ്പിച്ച വടികളും അമ്പും
വില്ലും എല്ലാം അവരുടെ കൈവശം ഉണ്ടായിരുന്നു. ആദിത്യൻ ഒരു രക്ഷ മഹേഷിന്
കഴുത്തിലണിയാനും നൽകി.
എല്ലാ
സന്നാഹങ്ങളുമായി അവർ ക്ലിന്റ് ഒളിച്ചിരുന്ന പഴയ പള്ളിയിലേക്ക്
പുറപ്പെട്ടു. അവരവിടെ എത്തുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു. അവർ ചെടികളുടെയും
മരങ്ങളുടെയും മറ പറ്റി പള്ളിയിലേക്ക് നീങ്ങി.
അവർ
പള്ളിയുടെ പ്രധാന വാതിൽ ഒഴിവാക്കി സൈഡിലെ ചെറിയ വാതിൽ വഴി അകത്ത് കയറി.
പള്ളിക്കകത്ത് മെഴുകുതിരികൾ കത്തിച്ച് വെച്ചിരുന്നതിനാൽ നേരിയ വെളിച്ചം
ഉണ്ടായിരുന്നു.
നേരത്തേ
പറഞ്ഞ കാര്യം മനസ്സിൽ വെക്കുക. ഇന്നത്തെ ദിവസം ഈ രക്ഷകൾ ഏറെകുറെ
ഉപയോഗശൂന്യമായിരിക്കും. കുറച്ച് സമയം നമുക്ക് ക്ലിന്റിനെ തടയാൻ
കഴിഞ്ഞേക്കാം എന്ന് മാത്രം. നമ്മുടെ പ്രധാന ലക്ഷ്യം അവന്റെ അടിമകളാണ്. അവരെ
നമുക്ക് നശിപ്പിക്കാനായാൽ ക്ലിന്റ് താൽക്കാലികമായെങ്കിലും ഒറ്റപ്പെടും.
ഋഷി
ഇത് പറഞ്ഞതും പെട്ടെന്ന് എന്തോ കിലുങ്ങുന്ന ശബ്ദം അവിടെ മുഴങ്ങി. ആ
ശബ്ദത്തിൽ കടവാവലുകൾ ചിറകടിച്ചു പറന്നു. എല്ലാവരും ഞെട്ടി മുകളിലേക്ക്
നോക്കി. മുകളിൽ എണ്ണമറ്റ വാവലുകൾ തലങ്ങും വിലങ്ങും പറക്കുന്നു.
പെട്ടെന്ന്
ആ വവ്വാലുകൾക്കിടയിൽ നിന്ന് ഒരു വികൃത രൂപം അവരുടെ മുന്നിലേക്ക് ചാടി
വീണു. അത് അവരെ നോക്കി സീൽക്കാര ശബ്ദം പുറപ്പെടുവിച്ചു.
ഫൈസൽ ... ലെനിൻ അറിയാതെ പറഞ്ഞു പോയി. നിവിനും ആ വികൃത രൂപത്തിൽ ഫൈസലിനെ കണ്ട് പകച്ചു.
ഫൈസൽ
കോമ്പല്ല് നാവു കൊണ്ട് നുണഞ്ഞു കൊണ്ട് അവർക്ക് നേരെ പാഞ്ഞ് വന്നു.
പെട്ടെന്ന് ഋഷിയും ആദിത്യനും നക്ഷത്രം പതിപ്പിച്ച വടികൾ അവന്റെ
നെഞ്ചിലമർത്തി. ഫൈസൽ തെറിച്ച് വീണു. അവൻ എഴുന്നേൽക്കാനാഞ്ഞു. അതിന് മുമ്പേ
നക്ഷത്ര വടികൾ അവന്റെ നെഞ്ചിലമർന്നിരുന്നു. ഫൈസലിന്റെ ശരീരം പൊള്ളിയാർന്ന്
ചാരമായി. പെട്ടെന്ന് അവർക്ക് പിന്നിലേക്ക് രണ്ട് വികൃത രൂപങ്ങൾ കൂടി ചാടി
വീണു. പ്രജീഷും അജോയും. ഇത്തവണ മഹേഷിന്റെയും ലെനിന്റെയും നിവിന്റേയും
അവസരമായിരുന്നു. അവർ നക്ഷത്രവടികൾ കൊണ്ട് അടിമകളെ നേരിട്ടു. അതിനിടയിൽ
റഫീക്കും ഗിരീഷും പല്ലിയെ പോലെ ചുമരിൽ കൂടി ഇഴഞ്ഞ് വന്ന് അവർക്കിടയിലേക്ക്
ചാടി വീണു. എല്ലാവരും നല്ല ധൈര്യത്തോടെ അടിമകളെ നേരിട്ടു. ഫൈസലിന്റെ
അവസ്ഥ കണ്ടതിനാൽ മറ്റടിമകൾ അവരുടെ ശരീരത്തിൽ നക്ഷത്ര രക്ഷ കൊള്ളാതെ
ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
അതിനിടയിൽ
ലെനിൻ ഗിരീഷിനെ എതിരിട്ട് മറ്റുള്ളവരിൽ നിന്ന് കുറച്ച് അകന്ന് പോയി. അയാൾ
അവസാനം ഗിരീഷിനെ വകവരുത്തി. പെട്ടെന്ന് പിറകിൽ നിന്നുള്ള ഒരു അടിയേറ്റ്
അയാൾ തെറിച്ചു വീണു. അയാളുടെ കൈയ്യിലെ വടി തെറിച്ചു പോയി.
ലെനിൻ
വീണ അതേ കിടപ്പിൽ തിരിഞ്ഞ് നോക്കി. അത് രഞ്ചു ആയിരുന്നു. അയാൾ വേഗം
എഴുന്നേറ്റ് കഴുത്തിലെ രക്ഷ തപ്പി. ലെനിൻ ഞെട്ടിപ്പോയി. ആ രക്ഷ തന്റെ
കഴുത്തിലില്ല. അതെവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു.
പെട്ടെന്ന് രഞ്ചു ഒരലർച്ചയോടെ ലെനിന്റെ നേർക്കു കുതിച്ചു. അടുത്ത നിമിഷം അത് കണ്ട നിവിൻ ലെനിന്റെ മുന്നിൽ വന്ന് മറഞ്ഞ് നിന്നു.
നിവിനെ
കണ്ട രഞ്ചു ബ്രേക്കിട്ട പോലെ നിന്നു . നിവിൻ വിഷമത്തോടെ രഞ്ചുവിന്റെ
കണ്ണുകളിലേക്ക് നോക്കി. രഞ്ചുവും ഒരു നിമിഷം തന്റെ ഉറ്റ സുഹൃത്തിനെ
തിരിച്ചറിഞ്ഞു. അവന്റെ വികൃത രൂപം സാധാരണ നിലയിലായി.
ഇപ്പോൾ
അവരുടെ മുന്നിൽ നിൽക്കുന്നത് ആ പഴയ രഞ്ചു ആയിരുന്നു. അവൻ ദയനീയമായി നിവിനെ
നോക്കി. അത് കണ്ട് നിവിൻ തന്റെ കൈയ്യിലെ നക്ഷത്രവടി താഴെയിട്ട് അവനെ
കെട്ടിപ്പിടിക്കാനായി മുന്നോട്ടാഞ്ഞു. പക്ഷേ അവനെ ലെനിൻ തടഞ്ഞു.
അടുത്ത
നിമിഷം രഞ്ചു വീണ്ടും വികൃത രൂപമാർന്നു. അവൻ കോമ്പല്ലുകൾ കാട്ടി അലറി .
അവർക്കെന്തെങ്കിലും ചെയ്യാനാകും മുമ്പേ രഞ്ചു അവരുടെ നേരെ കുതിച്ചു.
നിവിനെ തട്ടിത്തെറിപ്പിച്ച് രഞ്ചു ലെനിന്റെ ശരീരത്തിൽ ചാടി വീണു. അവൻ ലെനിന്റെ കഴുത്തിലേക്ക് മുഖം ചായ്ച്ചു .
പെട്ടെന്ന്
രഞ്ചു ഞെട്ടി വിറച്ചു തിരിഞ്ഞ് നോക്കി. തന്റെ പുറത്ത് നക്ഷത്രവടി അമർത്തി
നിൽക്കുന്ന നിവിൻ . ലെനിൻ രഞ്ചുവിനെ തട്ടിത്തെറിപ്പിച്ചു. അവൻ ഒരു
വശത്തേക്ക് മറിഞ്ഞു വീണു. നിവിൻ രഞ്ചുവിന്റെ ഹൃദയത്തിന് മുകളിൽ നക്ഷത്രം
പതിപ്പിച്ച വടി അമർത്തി. പക്ഷേ രഞ്ചു അത് തടയാനോ തട്ടിത്തെറിപ്പിക്കാനോ
ശ്രമിച്ചില്ല. അവൻ പഴയ എല്ലാ സ്നേഹത്തോടെയും നിവിനെ നോക്കി. അവന്റെ ശരീരം
ചുട്ടുപഴുത്ത് തുടങ്ങിയിരുന്നു. അവന്റെ കണ്ണിൽ നിന്ന് ഒഴുകിയ വെള്ളം ആ
ചൂടിൽ നീരാവിയായി. അവസാനം രഞ്ചുവിന്റെ ശരീരം പൊള്ളിയടർന്ന് ചാരമായി. നിവിൻ
വടി താഴെയിട്ട് ആ ചാരത്തിന് മുന്നിൽ മുട്ടുകുത്തി വീണു. അവന്റെ കണ്ണുകൾ
നിറഞ്ഞൊഴുകി. അവൻ അവിടെയിരുന്ന് അലറിക്കരഞ്ഞു.
ലെനിൻ
അടുത്ത് വന്ന് പതുക്കെ നിവിനെ പിടിച്ച് എഴുന്നേൽപ്പിച്ചു. അപ്പോഴേക്കും
മറ്റ് അടിമകളെ നശിപ്പിച്ച് മറ്റുള്ളവരും അവർക്കടുത്തെത്തി.
അവർ
ക്ലിന്റിനെ തേടി അടുത്ത മുറിയിലേക്ക് നടന്നു. പെട്ടെന്ന് മുകളിലെ ജനാലകളിൽ
ശബ്ദം കേട്ട് അവർ അങ്ങോട്ട് നോക്കി. ജനാലകൾക്കപ്പുറം നിഴൽ പോലെ എന്തോ
പാഞ്ഞു നടക്കുന്നു. ഒരു വികൃത ശബ്ദത്തിൽ അത് ചിരിക്കുന്നുമുണ്ട്.
അത് കണ്ട് ഋഷിയും ആദിത്യനും പരസ്പരം നോക്കി.
മരിയ ... ആദിത്യൻ പറഞ്ഞത് കേട്ട് ഋഷി തല കുലുക്കി.
ക്ലിന്റ് തന്റെ ശക്തികൾ അവൾക്ക് പകർന്ന് നൽകിയിരിക്കാൻ സാധ്യതയുണ്ട്. അവളെ നേരിടാൻ നമുക്ക് കൂടുതൽ ബുദ്ധിമുട്ടാവും.
ഋഷി
അത് പറഞ്ഞതും ആ രൂപം മിന്നൽ പോലെ പാഞ്ഞ് വന്ന് അവരെ ഇടിച്ച് തെറിപ്പിച്ച്
പാഞ്ഞ് പോയി. അവർ പല ഭാഗത്തായി തെറിച്ച് വീണു. അവരുടെ കൈയ്യിലെ വടികളും .
പെട്ടെന്നാണ്
നിവിൻ ലെനിന്റെ രക്ഷ നഷ്ടപ്പെട്ട കാര്യം ഓർത്തത്. അവനത് ഉറക്കെ വിളിച്ച്
കൂവി. അത് കേട്ടപ്പോഴാണ് ലെനിനും ആ കാര്യം ഓർത്തത്. അയാൾ വേഗം കുറച്ചപ്പുറം
കിടന്ന വടി യുടെ അടുത്തേക്ക് ഉരുണ്ടു.
പെട്ടെന്ന്
അയാളുടെ മുന്നിൽ മരിയ ചാടി വീണു. ലെനിൻ പേടിച്ച് പിന്നോട്ട് നിരങ്ങി
നീങ്ങി. അപ്പോഴേക്കും ഋഷി വടിയെടുത്ത് ഓടി വന്ന് ലെനിനും മരിയക്കുമിടയിൽ
നിന്നു. അയാൾ വടി അവളുടെ കഴുത്തിന് താഴെ അമർത്തി. അതേസമയം ആദിത്യൻ ഓടി
വന്ന് ഒരു രക്ഷ കെട്ടിയ ചരട് ലെനിന് കൊടുത്തു. പുച്ഛഭാവത്തിൽ ചിരിച്ചു
കൊണ്ട് വടി തട്ടി മാറ്റി. നക്ഷത്രത്തിന്റെ ആകൃതിയിൽ അവളുടെ നെഞ്ചിൽ പതിഞ്ഞ
പൊള്ളൽ പതുക്കെ മാഞ്ഞു . അവൾ അവരെ നോക്കി പല്ലിളിച്ചു.
ഋഷി
വീണ്ടും വടി അവൾക്ക് നേരെ നീട്ടി പക്ഷേ അതിന് മുമ്പേ അവൾ അതിവേഗത്തിൽ
മുകളിലേക്ക് ഉയർന്ന് പൊങ്ങി മറഞ്ഞിരുന്നു. എല്ലാവരും പകച്ച് മുകളിലേക്ക്
നോക്കി. ഇരുട്ടിൽ മുകൾ ഭാഗം അദ്യശ്യമായിരുന്നു.
ഒരു
സെക്കന്റ് കഴിഞ്ഞു ഇരുട്ടിൽ നിന്നും മരിയ ഋഷിയുടെ ശരീരത്തിലേക്ക് ചാടി
വീണു. ആ നീക്കത്തിൽ അയാൾ വീണു പോയി. അവളയാളുടെ നെഞ്ചിൽ കയറിയിരുന്നു .
പക്ഷേ
ഋഷി ഭയപ്പെട്ടില്ല അയാൾ നക്ഷത്രവടി അവളുടെ നെഞ്ചിൽ പ്രയോഗിച്ചു. അതേ സമയം
തന്നെ മറ്റുള്ളവരും അവളുടെ പുറത്ത് വടി അമർത്തി. അത് സഹിക്കാതെ മരിയ ചാടി
മാറി ഒരു മുട്ടുകുത്തി നിന്നു തലയുയർത്തി. ആദിത്യൻ ബാഗിൽ നിന്ന് ഒരു
കത്തിയെടുത്ത് ഋഷിക്ക് കൊടുത്തു. അതിന്റെ മുനയിലും വിശിഷ്ട നക്ഷത്രം
പതിച്ചിരുന്നു. മരിയ വീണ്ടും മുന്നോട്ട് കുതിച്ചു. ഋഷി ഒറ്റച്ചാട്ടത്തിന്
കത്തി അവളുടെ ഹൃദയത്തിലാഴ്ത്തി .
മരിയ ശക്തിയായി ശ്വാസം വലിച്ചു കൊണ്ട് വായ തുറന്നു. അവളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി. ഋഷി അവളെ പിടിച്ച് ആഞ്ഞ് തള്ളി.
പിറകോട്ട്
വീണ മരിയ അവിടെ കിടന്ന് പിടഞ്ഞു കൊണ്ട് പൊള്ളിയാർന്ന് ചാരമായി. അവളുടെ
ചാരത്തിൽ നിന്ന് കത്തിയെടുത്ത് ഋഷി ആദിത്യനെ ഏൽപ്പിച്ചു.
ഇനി ക്ലിന്റ് .... മഹേഷ് ഋഷിയെ നോക്കി പറഞ്ഞു. അത് കേട്ട് ഋഷി തല കുലുക്കി.
(തുടരും)

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ