The 7th Room
ഭാഗം : 8
അവർ അവിടെയുള്ള മുറികളിലെല്ലാം പരിശോദിച്ചു. അവിടെ ഒരു മുറിയിൽ ഒരു മേശയും ഡെസ്കും ഉണ്ടായിരുന്നു. മേശയിൽ ചില ശസ്ത്രക്രിയാ ഉപകരണങ്ങൾ ചിതറിക്കിടന്നിരുന്നു. ഡെസ്കിലും ചുവരിലും ചോര വീണ പാടുകൾ.
ഈ മുറിയിൽ വെച്ചാണ് ക്ലിന്റ് ഇരകളുടെ ഹൃദയം തുരന്നെടുത്തത്.. ഋഷി പറഞ്ഞു.
അവർ എല്ലായിടത്തും നോക്കിയെങ്കിലും പക്ഷേ ക്ലിന്റ് അവിടെ ഉണ്ടായിരുന്നില്ല. അവർ ചോദ്യഭാവത്തിൽ തമ്മിൽ തമ്മിൽ നോക്കി. അങ്ങനെ അവർ പള്ളിയുടെ പിറകിലെത്തിയപ്പോൾ അകലെ സെമിത്തേരിയിൽ ഒരു നേരിയ വെളിച്ചം കണ്ടു.
ക്ലിന്റ് അവിടെയുണ്ടാവും എന്ന് കരുതി അവർ ശ്രദ്ധാപൂർവ്വം അങ്ങോട്ട് നീങ്ങി. കാലങ്ങൾക്ക് മുമ്പ് ഉപേക്ഷിക്കപ്പെട്ട ആ സെമിത്തേരിയിൽ ഒരു ഭാഗത്തായി അടുപ്പിച്ച് ദീർഘചതുരാകൃതിയിൽ മൂന്ന് സ്ഥലത്ത് മണ്ണ് ഇളകിക്കിടക്കുന്നുണ്ടായിരുന്നു. ഹൃദയമെടുത്ത ശേഷം ലിഷ യെയും ജെറിയെയും ടിറ്റോയേയും കുഴിച്ച് മൂടിയത് അവിടെയാണ്.
സെമിത്തേരിയിൽ ചെറിയ പള്ളി പോലെ തോന്നുന്ന ഒരു കെട്ടിടം ഉണ്ടായിരുന്നു. അതിനകത്താണ് വെളിച്ചം കാണുന്നത്. അവർ പതിയെ അകത്ത് കയറി. അവിടെയും ശൂന്യമായിരുന്നു. പക്ഷേ അവിടെ തൊട്ടു മുൻപ് വരെ ആരോ ഉണ്ടായിരുന്നതിന്റെ ലക്ഷണം ഉണ്ടായിരുന്നു.
അവൻ രക്ഷപ്പെട്ടല്ലോ... മഹേഷ് നിരാശയോടെ പറഞ്ഞു.
ഇല്ല ... അവൻ ഇവിടെ തന്നെയുണ്ട് ... ആദിത്യൻ കൈയ്യിലെ പ്രത്യേക തരം ഉപകരണം നോക്കി പറഞ്ഞു. അതിന്റെ ഡിസ്പ്ലെയിൽ ചില സിഗ്നലുകൾ തെളിയുന്നുണ്ടായിരുന്നു. ഋഷി അത് നോക്കി നിന്നു. ആ സിഗ്നലുകൾ പെട്ടെന്ന് വർദ്ധിച്ചു. ഋഷിയും ആദിത്യനും വെട്ടിത്തിരിഞ്ഞു. അത് കണ്ട് മറ്റുള്ളവരും അങ്ങോട്ട് നോക്കി.
വാതിൽക്കൽ ക്ലിന്റ് നിൽക്കുന്നു. അത് ക്ലിന്റ് തന്നെയാണെന്ന് മനസ്സിലാക്കാൻ അവർക്ക് രണ്ട് സെക്കന്റ് വേണ്ടി വന്നു. അത്ര ഭീഭത്സമായ രൂപമായിരുന്നു അപ്പോൾ അയാൾക്ക് . കോപം കൊണ്ട് അയാളുടെ മുഖം വലിഞ്ഞ് മുറുകിയിരുന്നു. കണ്ണുകൾ കനൽക്കട്ട പോലെ തിളങ്ങി നിന്നു.
നമ്മൾ പറഞ്ഞത് പോലെ ... ഋഷി അത് പറഞ്ഞതും എല്ലാവരും പല ഭാഗങ്ങളിലേക്ക് മാറി. എല്ലാവരും ക്ലിന്റിനെ തന്നെ ശ്രദ്ധിച്ചു. അതേസമയം ആദിത്യനും ഋഷിയും അഗ്രത്ത് നക്ഷത്രചിഹ്നമുള്ള കത്തികൾ കൈയ്യിലെടുത്തു.
ആ നീക്കം കണ്ട് അമ്പരന്ന ക്ലിന്റ് ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്നു . പിന്നെ തന്നെ നേരെ നിന്നിരുന്ന മഹേഷിന് നേരെ കുതിച്ചു.
ആ നിമിഷത്തിൽ ആദിത്യനും ഋഷിയും ബാഗ് തുറന്ന് മുന്നിലേക്ക് കുടഞ്ഞു. എണ്ണമറ്റ ചെറിയ ചെറിയ ലോഹനക്ഷത്രങ്ങൾ അവിടെ ചിതറി വീണു. ക്ലിന്റ് അതിൽ ചവിട്ടിയതും അയാളുടെ കാലുകൾ പൊള്ളിക്കരിയാൻ തുടങ്ങി. അടുത്ത നിമിഷം ക്ലിന്റ് മേൽക്കുരയിലേക്ക് ചാടി തലകീഴായി ഒരു പല്ലിയെപ്പോലെ കൈ കുത്തി നാലു കാലിൽ നിന്നു.
പെട്ടെന്ന് എല്ലാവരും അടുത്ത് വന്ന് പരസ്പരം പുറംതിരിഞ്ഞ് നക്ഷത്രവടികൾ ക്ലിന്റിന് നേരെ ഉയർത്തിപ്പിടിച്ച് നിന്നു . ക്ലിന്റ് മേൽക്കൂരയിൽ തലങ്ങും വിലങ്ങും പല്ലിയെപ്പോലെ ഓടി നടന്നു. രണ്ട് മൂന്ന് സെക്കന്റ് കഴിഞ്ഞ് അയാൾ നിന്നു. പിന്നെ അവരെ നോക്കി കോമ്പല്ലു കാട്ടി സീൽക്കാര ശബ്ദമുണ്ടാക്കിക്കൊണ്ട് താഴേക്ക് ചാടി.
നക്ഷത്രങ്ങളിൽ ചവിട്ടി അയാളുടെ പാദങ്ങൾ ചുട്ടുപഴുത്തുപൊള്ളി. പക്ഷേ അത് കാര്യമാക്കാതെ ക്ലിന്റ് അവർക്ക് നേരെ കുതിച്ചു. ഋഷിയും ആദിത്യനും അയാൾക്ക് നേരെ ചടുലമായി കത്തി വീശി. അയാളുടെ ശരീരത്തിൽ അവരുടെ കത്തികൾ ഇടതടവില്ലാതെ മുറിവുകളുണ്ടാക്കുകയും ആ മുറിവുകൾ ക്ഷണേന കൂടി ചേരുകയും ചെയ്ത് കൊണ്ടിരുന്നു. അതിനിടയിൽ മറ്റുള്ളവർ നക്ഷത്ര വടികൾ ക്ലിന്റിന്റെ ശരീരത്തിലേക്ക് പ്രയോഗിച്ചു കൊണ്ടിരുന്നു. വട്ടം ചുറ്റി യുള്ള അവരുടെ ആക്രമണത്തിനെ അധിക സമയം ക്ലിന്റിന് എതിർത്ത് നിൽക്കാനായില്ല. അയാൾ പെട്ടെന്ന് മേൽക്കൂരയിൽ കയറി അവരുടെ തലക്ക് മുകളിൽക്കൂടി ഓടി വാതിൽ വഴി പുറത്ത് കടന്നു.
ഋഷിയും സംഘവും ഓടി പുറത്തെത്തുമ്പോൾ ക്ലിന്റ് ഉടുമ്പിനെപ്പോലെ ആ കെട്ടിടത്തിന്റെ മുകളിലേക്ക് പിടിച്ച് കയറുകയായിരുന്നു. മുകളിലെത്തിയ ക്ലിന്റ് നിവർന്ന് നിന്ന് അവരെ നോക്കി അലറി .
പെട്ടെന്ന് ക്ലിന്റിന്റെ ചുമലിൽ രണ്ട് ചിറകുകൾ മുളച്ച് വന്നു. ഒരു കടവാവലിനെപ്പോലെ അയാൾ മുകളിലേക്ക് പറന്നു.
മഹേഷും ലെനിനും നിവിനും അമ്പരന്ന് നിന്നു, പക്ഷേ ഋഷി അത് പ്രതീക്ഷിച്ചിരുന്നു. പഴയ താളിയോലകളിൽ പിശാചുക്കൾക്ക് പറക്കാനുള്ള കഴിവും പറയുന്നുണ്ടായിരുന്നു. വാംപയറുകൾ അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കുന്ന സിദ്ധി .
ആദിത്യാ ... ഋഷി ഉറക്കെ വിളിച്ചു.
ആദിത്യൻ നക്ഷത്രചിഹ്നം പതിപ്പിച്ച അമ്പ് എടുത്ത് വില്ലിൽ വച്ചു കഴിഞ്ഞിരുന്നു. ഒരു കണ്ണടച്ച് ഉന്നം പിടിച്ച് അയാൾ അമ്പ് തൊടുത്തു.
ആദിത്യന്റെ ഉന്നം തെറ്റിയില്ല. മുകളിലേക്ക് ഉയർന്ന് തുടങ്ങിയ ക്ലിന്റിന്റെ മാറിൽ തന്നെ ആ ശരം ചെന്ന് തറച്ചു. അതിന് പിറകെ ആദിത്യൻ അടുത്ത അമ്പും പായിച്ചു.
ക്ലിന്റിന് അടി പതറി അയാൾ പറക്കാൻ കഴിയാതെ പിടഞ്ഞ് കൊണ്ട് താഴെക്ക് വീഴാൻ തുടങ്ങി. ലിഷയെയും ജെറിയെയും ടിറ്റൊയെയും കുഴിച്ചിട്ട ഭാഗത്ത് വന്ന് ക്ലിന്റ് അടിച്ചു വീണു. ടോർച്ച് ലൈറ്റുകളുടെ വെളിച്ചത്തിൽ ഇളകിക്കിടന്ന മണ്ണ് ഉയർന്ന് പൊങ്ങി.
അതിനിടയിൽ ഋഷിയുടെ ഫോൺ ശബ്ദിച്ചു. അയാൾ ഫോണെടുത്ത് OK എന്ന് പറഞ്ഞ് കട്ട് ചെയ്തു. ആ സമയം താഴെ വീണ ക്ലിന്റ് ചാടിയെഴുന്നേറ്റു. തന്റെ നെഞ്ചിൽ തറച്ച ശരങ്ങൾ പിഴുതു വലിച്ചെറിഞ്ഞു കൊണ്ട് അയാൾ മുന്നോട്ട് കുതിച്ചു. പക്ഷേ വീണ്ടും ആദിത്യന്റെ ശരം അയാളുടെ ഹൃദയം ഭേദിച്ചു. രണ്ട് തവണ കൂടി ക്ലിൻറ് ശരങ്ങൾ പിഴുതെറിഞ്ഞു. തന്റെ കൈയ്യിലെ അമ്പുകൾ തീർന്ന ആദിത്യൻ വില്ല് താഴെയിട്ട് കത്തിയെടുത്തു. ഋഷിയും കത്തി ക്ലിന്റിന് നേരെ നീട്ടി. അടുത്ത നിമിഷം അവരുടെ പിന്നിൽ ഒരു തീഷ്ണ പ്രകാരം തെളിഞ്ഞു.
ഇരുട്ടിൽ നിന്ന് പാഞ്ഞ് വന്ന കണ്ടെയ്നർ ട്രെയിലർ അവർക്ക് പിന്നിൽ വന്ന് നിന്നു. അത് ഞൊടിയിടയിൽ വെട്ടിത്തിരിഞ്ഞ് റിവേഴ്സ് വന്നു. ഋഷിയും ആദിത്യനും ക്ലിന്റിന് നേരെ കുതിച്ചു.
ക്ലിന്റിന് എന്തെങ്കിലും ചെയ്യാനാകും മുമ്പേ അവരുടെ കത്തികൾ അയാളുടെ നെഞ്ചിൽ ആഴ്ന്നിറങ്ങിയിരുന്നു. ഒരു നിമിഷം അയാളുടെ ഉരുക്ക് ശരീരം കോച്ചിവലിച്ചു. അടുത്ത നിമിഷം ക്ലിന്റ് അലറിക്കൊണ്ട് കത്തികൾ വലിച്ചൂരാൻ ശ്രമിച്ചു.
അതിന് മുമ്പേ ട്രെയിലർ അയാളുടെ തൊട്ടടുത്തെത്തിയിരുന്നു. ആദിത്യൻ ഓടിച്ചെന്ന് അതിന് പിന്നിലെ വാതിൽ തുറന്നു. ഋഷി ക്ലിന്റ് വലിച്ചൂരാൻ ശ്രമിച്ച കത്തികൾ വീണ്ടും അയാളുടെ ശരീരത്തിലമർത്തിക്കൊണ്ട് ക്ലിന്റിനെ കണ്ടെയ്നറിനകത്തേക്ക് തള്ളി. അതിന്റെ വാതിൽക്കൽ ചെന്ന് വീണ ക്ലിന്റിനെ ആദിത്യനും ഋഷിയും ചേർന്ന് കാലിൽ പിടിച്ചു പൊക്കി മറിച്ചു അകത്തിട്ട് അടച്ചു.
മഹേഷും ലെനിനും നിവിനും ഒന്നും മനസ്സിലാവാതെ നിന്നു. ഋഷിയും ആദിത്യനും അവർക്കടുത്തേക്ക് വന്നു. അപ്പോഴേക്കും ട്രെയിലറിൽ നിന്ന് നിന്ന് ഒരു സുന്ദരനായ മധ്യവയസ്കനും ആജാനുബാഹുവായ ഒരാളും ഇറങ്ങി അങ്ങോട്ട് വന്നിരുന്നു.
ഇത് മിത്രൻ ... എന്റെ ജ്യേഷ്ഠനാണ്. അതായത് വല്യച്ഛന്റെ മകൻ. മിത്രൻ നമ്പൂതിരി എന്ന് നിങ്ങൾ കേട്ട് കാണും .
മറ്റേ മന്ത്രവാദം നടത്തുന്ന ... ലെനിൻ മടിച്ച് മടിച്ച് ചോദിച്ചു.
അത് തന്നെ ... മിത്രൻ ചിരിച്ചു. എല്ലാവർക്കും അദ്ദേഹത്തെ മനസ്സിലായി.
ഇത് എന്റെ സുഹൃത്ത് ജോൺ... കോൺട്രാക്ട് കാരിയേജ് പിന്നെ ക്രെയിൻ സർവ്വീസ് ഒക്കെ നടത്തുന്നു. മിത്രൻ മറ്റെയാളെ പരിചയപ്പെടുത്തി.
പക്ഷേ ... ക്ലിന്റ് .... മഹേഷ് സംശയഭാവത്തിൽ ചോദിച്ചു.
ഞാൻ നിങ്ങളോട് പറയാത്ത ചില കാര്യങ്ങളുണ്ട്. ക്ലിന്റിനെ നമുക്ക് ഒരിക്കലും നശിപ്പിക്കാനാവില്ല. അത് കൊണ്ട് ഞാൻ ചേട്ടനെ വിളിച്ച് എല്ലാം. ഏർപ്പാടാക്കിയിരുന്നു. വിശിഷ്ട ലോഹക്കൂട്ട് കൊണ്ട് കവർ ചെയ്ത ഈ കണ്ടെയ്നറിൽ ക്ലിന്റിനെ ബന്ധിക്കാനുള്ള പ്ലാൻ ഞങ്ങൾ തയ്യാറാക്കിയിരുന്നു.
അപ്പോൾ ക്ലിന്റിന് നാശമില്ലേ ? നിവിൻ നിരാശയോടെയും പേടിയോടെയും ചോദിച്ചു.
ഋഷി ചിരിച്ചു കൊണ്ട് നിവിന്റെ തോളിൽ തട്ടി.
പേടിക്കണ്ട നിവിൻ ഹൃദയം ഭക്ഷിക്കാതെ അധികം നാൾ ക്ലിന്റിന് ജീവിക്കാനാവില്ല. കുറച്ചു നാളുകൾ കൊണ്ട് അയാളുടെ ശരീരം പതുക്കെ ക്ഷയിച്ച് നശിച്ചു കൊള്ളും. അത് വരെ അവന്റെ കാര്യം ചേട്ടൻ നോക്കിക്കൊള്ളും. ഋഷി മിത്രനെ നോക്കി ചിരിച്ചു.
മിത്രനും ജോണും യാത്ര പറഞ്ഞ് പോയി. മഹേഷ് മൃതദേഹങ്ങൾ കുഴിച്ചിട്ട ഭാഗത്ത് ചെന്ന് നോക്കിക്കൊണ്ട് ഫോണെടുത്ത് ഉന്നത ഉദ്ദ്യോഗസ്ഥരെ വിളിച്ചു.
കുറച്ച് ദിവസം കഴിഞ്ഞു. ഒരു ദിവസം നിവിൻ വീടിന്റെ ഉമ്മറത്ത് ഒരു ഹൊറർ നോവൽ വായിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ജീപ്പ് ഗേറ്റ് കടന്ന് അകത്ത് വന്നത്.
പരിചിതമായ ആ വാഹനം കണ്ട് അവൻ ഇറങ്ങിച്ചെന്നു. ഋഷിയും ആദിത്യനും ഒപ്പം ലെനിനും ഉണ്ടായിരുന്നു. നിവിൻ അവരെ വീട്ടുകാർക്ക് പരിചയപ്പെടുത്തി. പിന്നെ അവർ തൊട്ടപ്പുറത്തെ വീട്ടിൽ പോയി രഞ്ചുവിന്റെ മാതാപിതാക്കളെയും കണ്ടു.
അവർ തിരിച്ചു പോകുമ്പോൾ അവിടത്തെ പാർട്ടിയിലെ സുഹൃത്തുക്കളെ കാണണം എന്ന് പറഞ്ഞ് ലെനിൻ കയറിയില്ല.
ഋഷിയും ആദിത്യനും യാത്ര പറഞ്ഞിറങ്ങി. നിവിനും ലെനിനും മറ്റുളളവരും കൈ വീശി അവരെ യാത്രയാക്കി.
അവർ ജീപ്പിൽ കയറി സ്റ്റാർട്ട് ചെയ്തു. വണ്ടി ഗേറ്റ് കടന്ന് പുറത്തേക്കിറങ്ങുമ്പോൾ ആദിത്യൻ ഋഷിയെ നോക്കി ചോദിച്ചു.
സർ .. ആ കാര്യം അവരെ അറിയിക്കാത്തതെന്താ ?....
വെറുതെ അവരെ പേടിപ്പിക്കേണ്ട ... അത് കൊണ്ട് തൽക്കാലം അവർ അത് അറിയണ്ട.
ഋഷി അതും പറഞ്ഞ് മുന്നിൽ നീണ്ട് പോകുന്ന വഴിയിലേക്ക് നോക്കി. ജീപ്പ് ഗ്രാമവഴിയിലൂടെ മുന്നോട്ട് കുതിച്ചു.
(അവസാനിച്ചിട്ടില്ല)
Season 2 Coming Soon....

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ